കടുകുപാടങ്ങളുടെ
ഖാൽസാ നിനവുകൾ
ഒറ്റയ്ക്കുള്ള യാത്രയിൽ ഭയം കൂടപ്പിറപ്പായിത്തീരുമെന്ന് പലകുറി അനുഭവപ്പെട്ടിട്ടുണ്ട്. എന്നാൽ, അത്തരം പ്രയാണങ്ങൾക്ക് മറ്റൊരു തലം കൂടിയുണ്ട്. ലോകം നമ്മെ കലവറയില്ലാതെ പിന്തുണയ്ക്കുമെന്നതാണ് അത്. നമ്മുടെ കൂടെ മറ്റൊരാളുണ്ടെങ്കിൽ, ലോകം വിചാരിക്കും, ഇയാൾക്ക് രാപ്പാർപ്പിനും ഭക്ഷണത്തിനും നമ്മുടെ സഹായമൊന്നും ആവശ്യമില്ലെന്ന്. മറിച്ച്, നമ്മൾ ഒറ്റയ്ക്കാണെങ്കിൽ, ലോകത്തിന്റെ സ്നേഹവും സഹായ ഹസ്തവും നമ്മെ ഹൃദയത്തോടു ചേർത്തുപിടിക്കും.
ഹിമാലയത്തിൽ, ‘പൂക്കളുടെ താഴ്‌വര’യിലേക്കുള്ള യാത്രയ്ക്ക് വിഘ്‌നങ്ങളേറെയുണ്ടായിരുന്നു. കനത്ത മഴയും മലയിടിച്ചിലും മൂലം യാത്ര പാതിവഴിക്കു മുമ്പേ നിർത്തേണ്ടിവന്നു. ഗോവിന്ദ്ഘട്ടിലെ ഒരു ചായപ്പീടികയ്ക്കു മുമ്പിൽ ചായയ്ക്ക് ഓർഡർ കൊടുത്ത് ഹതാശനായി ഇരിക്കുമ്പോൾ, മുന്നിലൂടെ കടന്നുപോയത് ഋഷികേശിലേക്കുള്ള അവസാനത്തെ വണ്ടിയാണെന്നറിഞ്ഞില്ല. ആ കണ്ടക്ടർ അക്കാര്യം സൂചിപ്പിച്ചതുമില്ല.
ചിരിയും നൃത്തച്ചുവടുകളുമായി ഒരുകൂട്ടം സിക്കുകാർ അവിടെ ബാക്കിയായി; അവരുടെ രണ്ടുമൂന്നു വാനുകളും. അവരാണ് കാര്യം പറഞ്ഞത്. അവരുമായുള്ള സംഭാഷണത്തിന്റെ ആവേശത്തിൽ എനിക്ക് ആ വണ്ടികളിലൊന്നിൽക്കയറി സഞ്ചരിക്കേണ്ടിവന്നു. അതല്ലാതെ, ബദരിനാഥിലേക്കു വീണ്ടും പോയി, പിറ്റേന്നു രാവിലെ തിരിക്കേണ്ട കാര്യം ആലോചിക്കാനേ വയ്യ. ഗഗറിയക്കപ്പുറത്തുള്ള ഹേംകുണ്ഡ് സന്ദർശിച്ചുവരുന്ന തീർത്ഥാടകരാണ് ഇവർ. സിക്കുജനതയെ സംബന്ധിച്ചിടത്തോളം, അമൃത്‌സർ കഴിഞ്ഞാൽ, പിന്നത്തെ വലിയ തീർത്ഥാടനസ്ഥലി ഹേംകുണ്ഡാണ്.
ഗഢ്‌വാൾ ശ്രീനഗറിലെ ഒരു ഗുരുദ്വാരയിലാണ് അന്ന് രാത്രി തങ്ങിയത്. സ്ത്രീകളും പുരുഷന്മാരും കുഞ്ഞുങ്ങളും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ സഹവർത്തിക്കുന്നു. തികച്ചും അപരിചിതനായിട്ടുപോലും അവർ എന്നെ കൈവെടിഞ്ഞില്ല. അത് ആത്മാവിലെവിടെയോ നനവു പുരട്ടി. പിറ്റേന്ന്, ഋഷികേശിൽവച്ച് പിരിയുമ്പോൾ, അതിനിടെ ഏറ്റവും സൗഹൃദം പങ്കുവച്ച ഗുരുപ്രീത്‌സിംഗും ബൽജീത് സിംഗും പഞ്ചാബിലേക്ക് ക്ഷണിച്ചു. അമൃതസരസ്സിന്റെ തീരത്ത് വൈകാതെ എത്തുമെന്ന് ഞാനും പറഞ്ഞു.
നിരന്തരം കത്തുകളയച്ചും ഫോൺവിളിച്ചും ഞങ്ങളുടെ സൗഹൃദം പല ഋതുക്കുക്കളും കടന്നുപോയി. അവർ എന്നെ ആത്മാവിലേക്ക് ദത്തെടുക്കുകയായിരുന്നുവെന്ന് തുടർന്നുള്ള വർഷങ്ങളിൽ ഞാൻ അറിഞ്ഞു. പത്തുവർഷത്തിനു ശേഷം, ശൈത്യം ഉത്തരേന്ത്യയെ ആവേശപൂർവ്വം ആശ്ലേഷിക്കുന്ന ഡിസംബറിലാണ് ഞാൻ പഞ്ചാബിലെത്തുന്നത്. ആദ്യമായി ഡൽഹി സന്ദർശിച്ച സന്ദർഭത്തിൽ, ഒരു സന്ധ്യാനേരത്ത്, ഷാലിമാർബാഗിനടുത്തുള്ള റയിൽവേ മേൽപ്പാലത്തിൽനിന്ന് തീവണ്ടിപ്പാത നോക്കിനിന്നത് ഓർമ്മവരുന്നു. അപ്പോൾ അതിലൂടെ കടന്നുപോയത് പഞ്ചാബിലേക്കുള്ള വണ്ടിയാണെന്ന് സുഹൃത്ത് പറഞ്ഞു. അതിലേ അങ്ങനെ പല വണ്ടികളും കടന്നുപോകും. എന്നിട്ടും, ‘പഞ്ചാബിലേക്കുള്ള വണ്ടി’ എന്നു കേൾക്കുമ്പോൾ മാത്രം എന്താണിത്ര ആവേശം? ഞാൻ സ്വയം ചോദിച്ചു. ‘ട്രെയിൻ റ്റു പാക്കിസ്താൻ’ എന്ന പേരിൽ ഖുഷ്‌വന്ത് സിംഗിന്റെ ഒരു നോവലുണ്ട്. അല്ലെങ്കിലും, നമ്മൾ കാംക്ഷി ക്കുന്ന മിത്രങ്ങളെ ലഭിക്കുന്നതുപോലെ, നമ്മുടെ ആത്മസത്തയുമായി ഇഴുക്കമുള്ള പുസ്തകങ്ങളല്ലേ നമ്മുടെ കൈകളിലെത്തുക? ഒ വി വിജയന്റെ ‘പ്രവാചകന്റെ വഴി’ എന്ന നോവലും എൻ എസ്. മാധവന്റെ ‘വൻമരങ്ങൾ വീഴുമ്പോൾ’ എന്ന കഥയും സക്രിയമായത് ഈ യാത്രയിലാണ്.
കനത്ത മഞ്ഞിന്റെ ധവളാവരണത്തിൽ മുങ്ങിനിൽക്കുന്ന പഞ്ചാബ്. പരമാവധി താപനില എട്ട് ഡിഗ്രി. രാത്രിയിലത്തെ താപനില അതിലും താഴും. ഫിറോസ് പൂർ കന്റോൺമെന്റ് സ്റ്റേഷനിലാണ് ഇറങ്ങിയത്. ഫിറോസ് പൂർ ജില്ലയിലാണ് എന്റെ സുഹൃത്തുക്കളുടെ ഭവനങ്ങൾ. സിറയിലെ നാനക്‌നഗരിയിൽ ഗുരു പ്രീതും, കോട്ടിസേഖാനിലെ താൽവണ്ടിയിൽ ബൽജീതും. ഡോക്ടർമാരായ ഇവരുടെ ക്ലിനിക്കുകളും പട്ടണത്തിൽത്തന്നെ.
പഞ്ചാബി എത്ര വളർന്നാലും ഒരു ‘കൃഷിക്കാരൻ’ എന്നു പറയുന്നിടത്താണ് അവന്റെ അഭിമാനം വാഴുന്നത്. കൃഷിയെ ജീവിതത്തിൽനിന്നും മാറ്റിനിർത്തിക്കൊണ്ടുള്ള രീതി പഞ്ചാബിക്ക് ചിന്തിക്കുവാനേ സാദ്ധ്യമല്ലെന്ന് ഇവരുടെ ഗോതമ്പുപാടങ്ങളും, അവയ്ക്ക് അതിരിട്ടുനിൽക്കുന്ന കടുകുപാടങ്ങളും കണ്ട പ്പോൾ ബോദ്ധ്യമായി. വിശാലമായ കൃഷിസ്ഥലങ്ങൾ തട്ടിനിരത്തി വീടുവെക്കുന്ന കേരളീയർ പഞ്ചാബികളെ കണ്ടുപഠിക്കണം. കൃഷിയിൽ സ്വയംപര്യാപ്തത നേടിയ പഞ്ചാബിഭവനങ്ങൾ മിക്കതും വിനീതമായിരിക്കും, എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും. അമിതമായ പണം മുടക്കി വീടുവെക്കുകയും ആഢംബരം പ്രദർശിപ്പിക്കുകയും ചെയ്യുന്ന മലയാളിക്ക് നിത്യോപയോഗത്തിനുള്ള അരിയും പരിപ്പും പച്ചക്കറിയുമെല്ലാം അന്യസംസ്ഥാനങ്ങളിൽനിന്നും ഇറക്കുമതി ചെയ്യേണ്ടിവരുന്നുവെന്നതിൽ അത്ഭുതമില്ല. ഈ ദുഃസ്ഥിതിക്ക് അറുതി വരികയുമില്ല.
പുലർച്ചയ്ക്ക് അപായകരമാംവിധം വേഗത്തിൽ പായുന്ന ഒരു സ്‌കൂട്ടറിന്റെ പിൻസീറ്റിലിരുന്ന് മഞ്ഞിലൂടെ യാത്ര ചെയ്യുകയാണ്. വേറൊരു ജീവിതതാളത്തിലേക്കാണ് ഞാൻ പോകുന്നത്. സ്നേഹത്തിന്റെ കരങ്ങളിലേക്കുതന്നെയാണ് ഞാൻ വീഴുന്നത് എന്ന കാര്യത്തിൽ ശങ്കയൊന്നുമില്ലെങ്കിലും, അപരിചിതത്വ ത്തിന്റെ സ്വാഭാവിക ഭയസ്ഥലികൾ എവിടെയോ നാമ്പിടുന്നുണ്ട്.
ശരീരത്തിലും ആത്മാവിലും ആഴത്തിലുള്ള മുറിവുകൾ ഏറ്റതുകൊണ്ടാണ് പഞ്ചാബികൾക്ക് വീര്യം കൂടിയത്. ചരിത്രത്തിൽ ഇത്രമേൽ ആക്രമിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത ജനത വേറെ ഇല്ല. ഇന്ത്യാ-പാക്കിസ്താൻ വിഭജനത്തിൽ ഏറ്റവുമധികം ഭൂമി നഷ്ടപ്പെട്ടതും കുടുംബങ്ങൾ ഭാഗിക്കപ്പെട്ടതും പഞ്ചാബിലാണല്ലോ. ‘ഓപ്പറേഷൻ ബ്ലൂസ്റ്റാറി’ന്റെയും ഇന്ദിരാഗാന്ധിവധത്തിന്റെയും സിക്കുകാരെ വേട്ടയാടിയതിന്റെയും മുറിവുകൾ ഇന്ത്യയുടെ രാഷ്ട്രശരീരത്തിൽ ഇപ്പോഴും ബാക്കിയുണ്ട്. ഗുജറാത്തും രാജസ്ഥാനും കശ്മീറും സന്ദർശിക്കുന്നവർ പഞ്ചാബിന്റെ കാര്യത്തിൽ മടിക്കുന്നതിനും, അഥവാ, അവിടേക്കു പോകേണ്ടിവരുമ്പോൾ ‘അനാവശ്യമായ’ മുൻകരുതലെടുക്കുന്നതിനും ഹേതു ഈ ഭീതിയാണ്.
രണ്ടുമൂന്നു നാൾ ഗുരുപ്രീതിന്റെയും ബൽജീതിന്റെയും ഭവനങ്ങളും പരിസരവും നൽകിയ അപാരമായ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കരുതലിന്റെയും ഊഷ്മളത കൊണ്ടുതന്നെ പഞ്ചാബിനെക്കുറിച്ചുള്ള ഒട്ടേറെ തെറ്റിദ്ധാരണകൾ ശമിച്ചതായാണ് അനുഭവം.
താൽവണ്ടി നൗബാഹറിൽനിന്ന് അമൃത്‌സറിലേക്ക് നൂറ്റിമുപ്പതു കിലോമീറ്റർ ദൂരമുണ്ട്. രണ്ടു മണിക്കൂർകൊണ്ട് അവിടെ എത്താം. തിരക്കേറിയ മോഗാ-അമൃത്‌സർ ഹൈവേയിലൂടെയാണ് വാഹനം നീങ്ങുന്നത്. കാറിലെ സ്റ്റീരിയോയിൽനിന്നും ഒഴുകിവരുന്ന ഉത്തേജകമായ ഭാംഗ്രാസംഗീതം ആവേശിച്ച് സ്റ്റീയറിങ് വീലിൽ കൈകൾ കൊണ്ടു താളമിട്ട് ഗുരുപ്രീത് ആ യാത്രയെ സരളവും സരസവുമാക്കിക്കൊണ്ടിരുന്നു. പോകുന്ന വഴിക്കാണ് ബാഘേൽവാല, മാഘു, ഹരിക്കേ, ചൗധ്രിവാല, ഷേറോൺ, ഛബ്ബ തുടങ്ങിയ പട്ടണപ്രാന്തങ്ങൾ. ഹരിക്കേബണ്ടിലൂടെയാണ് വണ്ടി കടന്നുപോവുക. വലത്തോട്ടു നോക്കി യാൽ, സത്‌ലജും ബിയാസും സംഗമിക്കുന്നതു കാണാം. ഹരിക്കേബാരേജിലെത്തുമ്പോഴേക്കും ഒരു ‘നദി’ എന്തായിരിക്കണമെന്ന് സത്‌ലജ് സ്വന്തം വിസ്തൃതികൊണ്ട് ആവിഷ്കരിച്ചുതുടങ്ങുന്നു.
സിക്കുകാരുടെ ആത്മീയകേന്ദ്രമായ അമൃത്‌സറിലെ ‘ഹർമന്ദിർ’ലേക്കാണ് നാം പദമൂന്നുന്നത്. ‘സുവർണക്ഷേത്രം’ എന്നാണ് അതിന്റെ പൊതുവേയുള്ള ഖ്യാതിനാമം. ഗുരുനാനക്കിന്റെയും മറ്റും വചനങ്ങൾക്ക് ഇവിടം രാഗഛായയുടെ സുവർണമുദ്ര ലഭിക്കുന്നു. അകാലീതഖ്തിന്റെ പ്രൗഢിയാർന്ന മന്ദിരസമുച്ചയത്തിനും ‘ശിഖ’വീര്യത്തി നും ഉടവൊന്നും തട്ടിയിട്ടില്ലെന്ന് സുവർണക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോൾത്തന്നെ ബോദ്ധ്യമാകും. മനുഷ്യന്റെ അദ്ധ്വാനത്തിനും അർപ്പണത്തിനും മറ്റെന്തിനേക്കാളും സ്ഥാനം നൽകുന്ന സിക്കുകാരുടെ ഹൃദയവിശാലത സുവർണക്ഷേത്രത്തിലെ പെരുമയാർന്ന ഊട്ടുപുരയിലും അങ്കണത്തിലും പരിസരത്തും അനുഭവവേദ്യമാകുന്നു.
സിക്ക് ആരാധനയ്ക്ക് സവിശേഷതകളേറെയാണ്. ആരാധനാലയത്തിന്റെ പേര് ‘സുവർണക്ഷേത്രം’ എന്നാണെങ്കിലും, ഇവിടെ ബിംബാരാധനയോ യാഗ-ഹോമാദികളോ ഇല്ല. പകരം, ‘ഗുർഗ്രന്ഥ് സാഹെബ്’ ആണ് ആരാധ്യവസ്തു. കുലീനമായ ഒരു ഗ്രന്ഥാർച്ചന. ബിംബത്തേക്കാളും വലുത് പുസ്തകമാണെന്നത് ഒരർത്ഥം. ഗുരു എന്നത് വചനമാണ് എന്നത് മറ്റൊരർത്ഥം. ബ്രാഹ്‌മമുഹൂർത്തത്തിൽ, ദേവനെ/ദേവിയെ പള്ളിയുണർത്തി, പ്രഭാതത്തിലും പ്രദോഷത്തിലും വിവിധതരം പൂജകൾകൊണ്ടും മന്ത്രോച്ചാരണങ്ങളാലും തോറ്റി, സന്ധ്യ മയങ്ങുന്നേരത്ത് പള്ളിയുറക്കുന്ന രീതി ഇവിടെ ഇല്ല. എന്നാൽ, ഒരു ദിവ്യഗ്രന്ഥത്തെയാണ് അർഹമായ ഉപചാരങ്ങളോടെ വണങ്ങുന്നത്. മറ്റൊരു അറയിൽനിന്ന് പുലർച്ചെ സാദരം എഴുന്നള്ളിച്ചുകൊണ്ടുവരുന്ന ‘ഗുരുഗ്രന്ഥ’ത്തെ ഒരു സംപൂജ്യവ്യക്തിയെ എന്നപോലെ പ്രണമിക്കുന്നു. പട്ടുവസ്ത്രങ്ങളിൽ പൊതിഞ്ഞ ഗ്രന്ഥത്തിന് വിശറികൊണ്ടു പതുക്കെ കാറ്റേൽപ്പിക്കുന്നു. ഹസൂറിറാഗിമാർ എന്നറിയ പ്പെടുന്ന ശ്രേഷ്ഠഗായകരെക്കൊണ്ടു പാടിപ്പിച്ചു പരിലാളനം ചെയ്യുന്നു.
കയ്യൂക്കിലും മനോധൈര്യത്തിലും എക്കാലത്തും പഞ്ചാബ്‌സത്ത ഉയർത്തിപ്പിടിച്ച ഒരു ജനതയപ്പാടേ ഒരു ഗുരുവചനസ്മൃതിരേഖയ്ക്കു മുൻപിൽ വിനമ്രരാകുന്നു എന്നതാണ് സുവർണക്ഷേത്രത്തിലെ ദിവ്യാത്ഭുതം. കായിയബലത്തിന് ആക്കമേകുന്നത് ഗുരുവചനമാണെന്ന യാഥാർത്ഥ്യം സിക്കുമതത്തെ പ്രബലമാക്കുന്നു.
ഗുരുക്കന്മാരുടെ സ്തോത്രങ്ങളും ഉപദേശങ്ങളും ഉൾപ്പെടുന്നതാണ് ‘ഗുർഗ്രന്ഥ് സാഹെബ്’. ഗുരുനാനക് ആണ് സിക്കുകാരുടെ ആദിഗുരു; അന്ത്യഗുരു ഗോബിന്ദ് സിംഗ്. പത്താമത്തെ ഗുരുവായ ഗോബിന്ദ്‌സിംഗിനു ശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരം ‘ആദിഗ്രന്ഥം’ എന്നായിരുന്നു. അങ്ങനെയാണ് ഗുരുവചനസമാഹാരമായ ഒരു പുസ്തകം വ്യക്തികളെ മറികടന്നുകൊണ്ടു മുന്നോട്ടുപോകുന്നത്.
ലളിതജീവിതവും ഉയർന്ന ചിന്തയും സമന്വയിച്ച ശ്രേഷ്ഠനായിരുന്നു ഗുരുനാനക്. പക്ഷേ, ആ പരമ്പര മുഴുവൻ അങ്ങനെയല്ലായിരുന്നു. പഞ്ചാബിന്റെ അന്നത്തെ രാഷ്ട്രീയ-സാമൂഹിക സാഹചര്യവും അതിന് ഇണങ്ങുന്നതായിരുന്നില്ല എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ, ഗുരു അർജുൻന്റെ കാലത്താണ് സിക്കുകാർ ഒരു മതവിഭാഗമെന്ന നിലയിൽ രൂപംകൊണ്ടത്. അദ്ദേഹം ഗ്രന്ഥ് സാഹെബ് ക്രോഡീകരിച്ചു, അമൃത്‌സറിൽ ക്ഷേത്രം സ്ഥാപിച്ചു. ഗുർഗ്രന്ഥ് സാഹെബിലെ രണ്ടായിരത്തിലേറെ ഗീതങ്ങൾ ഇദ്ദേഹത്തിന്റേതാണ്. മുഗൾസാമ്രാ ജ്യത്തെ നിരന്തരം ചെറുക്കേണ്ട സാഹചര്യമുള്ളതിനാൽ പഞ്ചാബിൽ പ്രത്യേകമായ ഒരു സൈനികശക്തി ആവശ്യമാണെന്ന് ഗുരു ഗോബിന്ദ്‌സിംഗിനു തോന്നിയതിന്റെ ഫലമായിട്ടാണ് അദ്ദേഹം സിക്കുകാരുടെ മതസൈന്യം (‘ഖാൽസ’) രൂപീകരിച്ചത്. സിക്കുരാഷ്ട്രം വേണമെന്ന ആവശ്യം 1947-ലെ ഇന്ത്യാവിഭജനം തളർത്തി. പിന്നീടു നടന്ന ബലപരീക്ഷണങ്ങൾ പഞ്ചാബി ജനതയിൽ ഏൽപ്പിച്ചത് ആഴത്തിലുള്ള മുറിവുകളാണ്.
ദൗർഭാഗ്യവശാൽ, സുവർണ ക്ഷേത്രം പോലുള്ള ആധ്യാത്മിക കേന്ദ്രങ്ങൾ അക്കാലത്ത് ആയുധപ്പുരകളായിത്തീർന്നു. ആ മതത്തിന്റെ സൽക്കീർത്തിക്കു കളങ്കംവരുത്താനെന്നോണം ചിലർ ക്ഷേത്രം ഉപയോഗിക്കുകയും ചെയ്തു. ഇത് രാജ്യസുരക്ഷയ്ക്കു അപായമാകുമെന്ന നിലയിലെത്തിയപ്പോൾ സൈന്യം ഇടപെട്ടു. അതിന്റെ രാഷ്ട്രീയകാരണങ്ങൾ പലതാണ്. പക്ഷേ, അത് പഞ്ചാബികളും ഇന്ത്യൻ സർക്കാരും തമ്മിലുള്ള കുടിപ്പക എന്ന തലത്തിലേക്കാണ് നീങ്ങിയത്. അന്നു തകർത്ത ക്ഷേത്രഭാഗങ്ങൾ പലതും സിക്കുകാർ ഭീമമായ തുക ചെലവഴിച്ച് പുതുക്കി പ്പണിതു. എന്നാൽ, അവർ മനഃപൂർവ്വം ചിലത് ബാക്കിവച്ചു. പീരങ്കിഷെല്ലുകൽ പതിച്ച ചില ചുവരുകൾ അതേപടി കാണാം. സുവർണക്ഷേത്രത്തിലെത്തു ന്നവർ മനസ്സാലേ വിതുമ്പിപ്പോകുന്ന കാഴ്ചയാണത്. ആ ദൃശ്യ മാത്രയിൽ ഓരോ സിക്കുകാരന്റെയും രക്തം തിളയ്ക്കും. കാഴ്ചയിലും കേൾവിയിലും സൗഖ്യം നിറയ്ക്കുന്ന സുവർണക്ഷേത്രത്തിൽത്തന്നെ ഇങ്ങനെയൊരു ‘ആർക്കൈവ്‌സ്’ വേണോ എന്ന് ആശങ്കയോടെ ആരായേണ്ടിവരുന്നു.
ഭിന്ദ്രൻവാലയെ അമർച്ച ചെയ്യാൻ സൈന്യം സുവർണക്ഷേത്രം വളയുന്നു. അവിടം രക്തക്കളമാകുന്നു. ഇന്ദിരാഗാന്ധി സിക്കുകാരായ അംഗരക്ഷകരാൽ കൊല്ലപ്പെടുന്നു. അധികം വൈകാതെ, ഡൽഹിയിലെ ത്രിലോക്പുരിയിൽ സിക്കുവിരുദ്ധകലാപം പൊട്ടിപ്പുറപ്പെടുന്നു. നിരപരാധികളായ എത്രയോ സിക്കുകാർ നായാടപ്പെടുന്നു.
ഇന്ത്യൻ മണ്ണിൽ മാത്രമല്ല ഇന്ത്യൻ മനസ്സിലും സിക്കുകാർ നിരന്തരം വിഭജനത്തിന്റെ ആശങ്കയിലാണ്. ഗുരുവചനങ്ങൾക്ക് വികാസപരിണാമങ്ങൾ സംഭവിക്കാതിരിക്കുകയും, അതിന്റെ സ്ഥാനത്ത് ഭൗതികജീവിതത്തിന്റെ ആസക്തി നുഴഞ്ഞുകേറുകയും ചെയ്താൽ ഏതു മതവും അപ്രസക്തമാകും. ആത്മീയത നഷ്ടപ്പെട്ട ഒരു ജനതയ്ക്ക് എന്ത് ഉൾക്കരുത്താണുണ്ടാവുക?
സ്നേഹം വഴിയുന്ന ഒരു പഞ്ചാബിഗൃഹത്തിന്റെ വിനീതമായ അകത്തളത്തിലിരുന്ന് ഞാൻ വൃഥാ ആശങ്കപ്പെട്ടു. അകത്ത്, അടുക്കളയിൽ കടുകെണ്ണയുടെ ഗന്ധമുയരുന്നു. പുറത്ത്, കടുകുപാടങ്ങൾ പൂത്തുലയുന്നു.