കഥയും ഒരു സമരായുധമാണ്
1993 ജൂലൈ 29 നാണ് ചേകന്നൂർ മൗലവിയെ കാണാതാവുന്നത്. മതപ്രസംഗത്തിന് എന്നു പറഞ്ഞ് ഒരു കൂട്ടമാളുകൾ വിളിച്ചു കൊണ്ടുപോവുകയായിരുന്നു. മത വിഷയത്തിൽ ഭൂരിപക്ഷ നിലപാടുകൾക്കെതിരെ സംസാരിക്കുകയും എഴുതുകയും ചെയ്തു എന്നതാണ് മൗലവിയുടെ പേരിൽ ചാർത്തെപ്പെട്ട കുറ്റം. അങ്ങനെ മൗലവി മത ഭീകരവാദത്തിന്റെ വേട്ടമൃഗമായി. സ്വന്തം ആശയങ്ങളുടെ രക്തസാക്ഷിയും.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി അനേകം ജന മുന്നേറ്റങ്ങൾ സംഭവിച്ച നാട്ടിലാണ് രണ്ടു ദശാബ്ദത്തിലേറെക്കാലമായി ഒരാളെ കാണാതാവുന്നത്. എന്നാൽ നമ്മുടെ സാംസ്‌കാരിക നായകരിൽ ഭൂരിപക്ഷവും ‘സോ കാൾഡ്, ചിന്തകരിലേ റെയും മൂകരായിരുന്നപ്പോൾ , ചേകന്നൂരിനു വേണ്ടി നിരന്തരം സംസാരിക്കുകയും എഴുതുകയും ചെയ്ത വ്യക്തിയാണ് എം എൻ കാരശ്ശേരി. തന്റെ ലേഖനങ്ങളിലൂടെ പ്രഭാഷണങ്ങളിലൂടെ ഇന്ത്യൻ പീനൽ കോഡിനെ നഗ്‌നമായ കൊലപാതകം കൊണ്ട് കൊഞ്ഞനം കുത്തുന്നവർ നമുക്കിടയിലൂടെ നെഞ്ചുവിരിച്ചു നടത്തുന്ന സാംസ്കാരിക ദുരന്തത്തെ അദ്ദേഹം തുറന്നു കാട്ടിക്കൊണ്ടിരുന്നു.
കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മൗലവിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇടതു വലതു മുന്നണികൾ മാറി മാറി കേരളം ഭരിച്ചു. അവരൊക്കെ ഈ അതിക്രമത്തെ കണ്ടില്ലെന്നു നടിച്ചു. ഇക്കാലത്ത് വോട്ടുബാങ്കിനെ വിമർശിക്കാൻ ആരെങ്കിലും ധൈര്യപ്പെടുമോ! ഒരു ലേഖനത്തിൽ കാരശ്ശേരി മാഷ് എഴുതി അഭിപ്രായസ്വാതന്ത്ര്യം ഏതു സമൂഹത്തിന്റെയും പുരോഗമനത്തിന്റെ പ്രാണവായുവാണ്. ആ പ്രാണവായു കടന്നുവരുന്ന കിളിവാതിലുകളുടെ വായ പൊത്തിപ്പിടിക്കുമ്പോൾ വീർപ്പുമുട്ടുക അതു പൊത്തിപ്പിടിക്കുന്നവർ തന്നെയാണ് കാരശ്ശേരി മാഷ് ഇതെഴുതിയ കാലത്തേക്കാൾ ഇന്നത് പ്രസക്തമാണ്.
എം.എൻ കാരശ്ശേരി ജനശക്തിയിലെഴുതിയ അപമൃത്യു, എന്ന കഥയാണ് ചേകന്നൂർ മൗലവിയെ ഓർമ്മിപ്പിച്ചത്. റഹീം നാടു വാണിരുന്ന കാലത്ത് വൃദ്ധനായ തങ്ങൾ മരിച്ചു പോയ തന്റെ മകന്റെ മയ്യത്തുമായി കൊട്ടാരത്തിന്റെ ഗോപുര വാതിൽക്കൽ നിൽക്കുന്നിടത്താണ് കഥയാരംഭിക്കുന്നത്. ഇത്തരമൊരപമൃത്യു സംഭവിക്കാനുള്ള കാരണം തേടിയ രാജാവിന് തന്റെ രാജ്യത്ത് അധർമ്മവും അനീതിയും നടക്കുന്നുണ്ടെന്നും അതിനു കാരണക്കാരൻ സി.എൻ. അഹമ്മദ് മൗലവിയാണെന്നും ബോധ്യമാവുന്നു. വിശുദ്ധ ഗ്രന്ഥം പരിഭാഷപ്പെടുത്തിയതും നിസ്‌കാര പ്രശ്‌നവും ശരീയത്തും സ്ത്രീ സ്വാതന്ത്ര്യ വാദവുമൊക്കെയാണ് ചാർത്തെപ്പെട്ട കുറ്റങ്ങൾ. ഹെലിക്കോപ്റ്ററിൽ കയറിയാണ് രാജാവ് കുറ്റാരോപിതനെ അന്വേഷിക്കുന്നത്. ഒടുവിൽ രാജാവിനാൽ മൗലവി വധിക്കപ്പെടുമ്പോൾ തിരുകേശത്തിൽ മുക്കിയ ജലത്തിൽ കിടത്തിയിരുന്ന കുട്ടി ഉറക്കത്തിൽ നിന്നെന്ന പോലെ ഉണർന്നെണീക്കുകയാണ്. അപ്പോൾ കുയിലുകൾ പാടി. മയിലുകൾ ആടി. ചുറ്റും സുഗന്ധവാഹിയായ കാറ്റ് വീശി. ദിക്കുകളും ഹദിക്കുകളും തെളിഞ്ഞു. ആകാശ ലോകത്തു നിന്നും പുഷ്പവൃഷ്ടിയുണ്ടായി എന്നു പറയുമ്പോൾ കഥാകൃത്തിന്റെ പൊട്ടിച്ചിരി എനിക്കു കേൾക്കാനായി.
പൊയ്മുഖം നൽകുന്ന സുരക്ഷിത വലയത്തിൽ നിന്നുകൊണ്ട് ആത്മനിന്ദ ലവലേശമില്ലാതെ ജീവിക്കാൻ പഠിച്ച ഒരു ജനതയുടെ കഥ കൂടിയാണിത്. കഥയും ഒരു സമരായുധമാണ്. എം.എൻ . കാരശ്ശേരി മാഷിന് നന്ദി. ജനശക്തിക്കും.