തിരുവനന്തപുരത്തിന്റെ
പഴയ രോമാഞ്ചത്തെ
മാധ്യമങ്ങൾ അലക്കുമ്പോൾ

ഇപ്പോൾ നാം കാണുന്ന കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് ആയിരുന്നില്ല തമ്പാന്നൂരിൽ എഴുപതുകളുടെ തുടക്കത്തിൽ.ഇപ്പോൾ താലൂക്ക് ആസ്ഥാനങ്ങളിൽ കാണുന്നതരത്തിലുള്ള പത്രാസോ പകിട്ടോ ഒന്നും ഇല്ലാത്ത ഒരു ബസ് സ്റ്റാൻഡ്. പ്രധാന കവാടത്തിൽ ഇപ്പോൾ മൂത്രപ്പുര സ്ഥിതിചെയ്യുന്ന മൂലയിൽ ഒരു പോലീസ് ഔട്പോസ്റ്റ് ഉണ്ടായിരുന്നു.ഒരു ദിവസം ഞാനും ലെനിൻ രാജേന്ദ്രനും രാത്രി മുഴുവൻ എസ് എഫ് ഐ യുടെ ചുമരെഴുത്തും കഴിഞ്ഞു നേരം പരപരാ വെളുക്കുന്ന സമയത്തു വീട്ടിലേക്ക് മടങ്ങാൻ തമ്പാന്നൂർ സ്റ്റാൻഡിൽ എത്തി.ഞങ്ങളുടെ ബസ് പുലർച്ചെ നാലേകാലിനാണ്. അതുവരെ കിടന്ന് നടുനിവർക്കാം എന്ന് കരുതി പോലീസ് ഔട്ട് പോസ്റ്റിനു അരുകുപറ്റി കിടന്നു. സാധാരണ ഞങ്ങൾ രാത്രിയിൽ പണിയെല്ലാം കഴിഞ്ഞു പാളയത്തെ വീതിയുള്ള കടവരാന്തയിൽ കിടന്ന് നേരം വെളുപ്പിക്കുകയായിരുന്നു പതിവ്. (ജയൻ ബാബു മാത്രം പില്കാലത്തെ മേയർ) പാളയത്തെ സ്വന്തം വീട്ടിൽ പോകും.

ഉറക്കത്തിന്റെ മയക്കത്തിൽ ഞങ്ങളുടെ ശരീരം തൊട്ടടുത്ത് കിടന്ന ആളുടെ ശരീരവുമായി മുട്ടിക്കൊണ്ടിരുന്നു.അസ്വാരസ്യം മറച്ചുപിടിച്ചു അദ്ദേഹം അൽപ്പംകൂടി അകന്നുകിടന്നു. അടിയിൽ വിരിച്ചിരുന്ന പത്രക്കടലാസുമായാണ് അദ്ദേഹം നീങ്ങിയത്.

അപ്പുറത്തു കിടക്കുന്നത് വൈക്കം വിശ്വൻ ആണെന്ന് ലെനിൻ തിരിച്ചറിഞ്ഞപ്പോൾ ഞങ്ങൾ ഞെട്ടി. ലെനിൻ സ്ഥലകാലബോധമില്ലാത്ത സംഭാഷണം തുടങ്ങി. മൂവർക്കും അടുത്ത പരിചയവുമുണ്ട് .വിശ്വന് പുലർച്ചെയുള്ള ബസിൽ ഏറ്റുമാനൂർക്ക് പോകാനാണ് എത്തിയത്. ആ ഘട്ടത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റിയിൽ അംഗമായിരുന്നു വിശ്വൻ എന്നാണ് ഓർമ്മ. അക്കാലത്തു ജില്ലാകമ്മിറ്റിയിൽ ഒരു യുവാവ് എത്തുക എന്നുപറഞ്ഞാൽ അത്ഭുതമാണ്.

എന്റെ സ്വപ്നത്തിൽ ഭാവിയിൽ എപ്പോഴോ പാർട്ടിയുടെ സംസ്ഥാനസെക്രട്ടറി പദവിയിൽ എത്താൻ സാധ്യതയുള്ള രണ്ടുപേരിൽ ഒരാൾ വൈക്കം വിശ്വനായിരുന്നു. മറ്റൊരാൾ കണ്ണൂരിലെ പാട്യം ഗോപാലനും. പക്ഷെ ഇരുവരും മുട്ടയിൽ നിന്ന് വിരിഞ്ഞിട്ടേയുള്ളൂ.

യൂണിവേഴ്‌സിറ്റി കോളജ് മുൻ വിദ്യാർത്ഥി എന്ന നിലയിലും തിരുവനന്തപുരത്തെ മുക്കിലും മൂലയിലും പാർട്ടി അണികൾ റാഞ്ചിക്കൊണ്ടു പോയി വേദികളിൽ കയറ്റുന്ന പ്രിയങ്കരനായ പ്രാസംഗികൻ എന്ന നിലയിലും ലക്ഷണമൊത്ത വിപ്ലവകാരിയായിരുന്നു വിശ്വൻ. കമ്മ്യുണിസ്റ്റുകാരുടെ തലസ്ഥാനത്തെ രോമാഞ്ചം എന്നുതന്നെ വിശേഷിപ്പിക്കാം. സിപിഐ താരമായ കണിയാപുരം രാമചന്ദ്രനെയാണ് കോൺഗ്രസ് രംഗത്തിറക്കാറുള്ളതെങ്കിലും അദ്ദേഹം വിശ്വന്റെ വാക്‌ധോരണിയുടെ നാലയലത്തു എത്തുമായിരുന്നില്ല.

സ്റ്റാച്യുവിൽ ആസാദ് ഹോട്ടലിൽ തൊഴിലാളിയായിരുന്ന പാർട്ടി അനുഭാവി സോമൻ നായർ നഗരത്തിലെ നിന്ന് എന്നും എന്റെ ഗ്രാമത്തിലെ വീട്ടിൽ വരുമ്പോൾ പൊടിപ്പും തൊങ്ങലും വെച്ച് കൊണ്ടുവരുന്ന വിവരങ്ങളാണ് കൗമാരത്തിലെ എന്റെ രാഷ്ട്രീയ പാഠപുസ്തകത്തിലെ കൊച്ചു കൊച്ചു ഇതിഹാസങ്ങൾ. വികാരവായ്പ്പോടെ ഞാൻ ആവർത്തിച്ചു കേൾക്കാനാഗ്രഹിക്കുന്നതാണ് വൈക്കം വിശ്വൻ കഥകൾ. വൈകിട്ട് വിശ്വനും പറവൂരുകാരൻ എൻ എ അലിയും(കെ എസ് എഫ് നേതാവ് ) ചേർന്നുള്ള കിഴക്കേ കോട്ടയിലേക്കുള്ള നടത്തവും ആ സമയത്തു സോമൻനായരും മറ്റും ചായക്കടയിൽ സന്ദർശകർക്കുള്ള ഭക്ഷണം നൽകുന്നത് നിർത്തിവെച്ചു ആവേശപൂർവം ആ നടത്തം നോക്കിനിൽക്കുന്നതും മറ്റും വിവരിക്കുമ്പോൾ എന്റെ ഇളം മനസ്സ് ഇളകിപ്പോകാറുണ്ടായിരുന്നു. വിശ്വനും അലിയും തുല്യ ഉയരക്കാരും യൗവ്വനത്തിലെ സാഹസികതയിൽ ഒപ്പത്തിനൊപ്പം നിൽക്കുന്നവരും. ലോകമാകെ അമേരിക്കയുടെ വിയത്നാം യുദ്ധത്തിനെതിരെ പ്രതിഷേധാഗ്നി ഉയർന്നപ്പോൾ തലസ്ഥാനത്തു ഉണ്ടായിരുന്ന അമേരിക്കൻ കൾച്ചറൽ സെന്റർ കത്തിച്ച സംഭവം വിപ്ലവകാരികളെ കോരിത്തരിപ്പിച്ചപ്പോൾ ഏറ്റുമാനൂർകാരൻ വിശ്വൻ എന്ന യുവാവിന്റെ പേര് വിശ്വത്തോളം ഉയർന്നു.

ആ വിശ്വനെയാണ് ഏതോ അളിഞ്ഞ രാസപദാർത്ഥ കച്ചവടത്തിന്റെ പേരിൽ മാധ്യമങ്ങൾ ഇപ്പോൾ അലക്കിക്കൊണ്ടിരിക്കുന്നതെന്ന് എത്രപേർക്കറിയാം. രാജ്യത്തിന് ജീവൻ കൊടുക്കാൻ സന്നദ്ധമായി ജീവിച്ച ഒരാളുടെ മകനോ ബന്ധുവോ ആണെങ്കിലും ഏതെങ്കിലും അവിശുദ്ധ ഇടപാടിൽ കുടുങ്ങിയാൽ എന്തെങ്കിലും ഔദാര്യം കാണിക്കണമെന്ന് ഞാൻ പറയില്ല.അത് ശരിയുമല്ല. പക്ഷെ നമ്മുടെ സമൂഹം അതാണ്. ആ കരി എല്ലാവരുടെയും മേൽ പതിയാതിരിക്കാനുള്ള ജാഗ്രത നമുക്ക് ഉണ്ടാകേണ്ടതാണ്.

ഗാന്ധിജിയുടെ കൊച്ചുമകൾ ഇളാ ഗാന്ധിയുടെ പുത്രി ആഷിഷ് ലതാ രാംഗോബ് സാമ്പത്തിക തട്ടിപ്പ് കേസിൽ ധർബനിലെ കോടതി ഏഴുവർഷം കഠിന തടവിന് ശിക്ഷ അനുഭവിക്കുന്നു എന്നത് നമുക്ക് അഭിമാനിക്കാനാവുന്നതല്ല. അതാണ് ഇന്നത്തെ ലോകം. നമുക്ക് അതിന് എങ്ങിനെ ഗാന്ധിജിയെ പഴിക്കാനാകും?

ഏതെങ്കിലും സ്ഥാനമാനം നേടാൻ ഈ മുൻ എൽ ഡി എഫ് കൺവീനർ എന്നെങ്കിലും എന്തെങ്കിലും ചരടുവലി നടത്തിയതായി അറിയില്ല. വളരെ വൈകി വിവാഹിതനായ വിശ്വൻ ഒരു പക്ഷെ പിജിയുടെ സഹിക്കാനാവാത്ത സമ്മർദ്ദം ഇല്ലായിരുന്നില്ലെങ്കിൽ ഇപ്പോഴും അവിവാഹിതരുടെ പട്ടികയിൽ കാണുമായിരുന്നു എന്നാണ് എന്റെ തോന്നൽ.

പിജിയുടെ അടുത്തസുഹൃത്തു കൂടിയായ കൊച്ചിയിലെ ദേശാഭിമാനി കെട്ടിടം നിർമ്മിച്ച ഗോപാലൻ നായരുടെ മകളുടെ വിവാഹാലോചനയുടെ പരിസമാപ്തിയുടെ സാഫല്യം പിജിയുടെ സ്നേഹവായ്പ്പ് കാരണമായിരുന്നു.വിശ്വത്തിന്റെ വിവാഹം സംബന്ധിച്ചും അക്കാലത്തു രസകരമായ കഥകൾ ഉണ്ടായിരുന്നു. ഏ കെ ആന്റണി മുഖ്യമന്ത്രിയായി കഴക്കൂട്ടം ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച കാലം. ആന്റണിയും വിശ്വനും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. ഭൂമിപോലും ഇളക്കി നിർത്തുന്ന വിശ്വന്റെ പ്രസംഗം കേട്ട് അറബിക്കടൽ .പോലും കോരിത്തരിച്ചിട്ടുണ്ടാകും. സാധാരണ ചുവന്നകൊടി കെട്ടി ഒരു മൈക്ക് വെച്ച് പ്രസംഗിക്കുന്നതുപോലും സ്വപ്നം കാണാൻ കഴിയാത്ത തുറയിലായിരുന്നു നൂറുകണക്കിന് സ്ത്രീകൾ രോഷം അടക്കിപ്പിടിച്ചു നിന്ന് ഈ പ്രസംഗം കേട്ടത്. ആന്റണിയാകട്ടെ ക്രിസ്തുവിന്റെ പ്രതീകമായിരുന്നു സ്ത്രീകൾക്ക്. അറ്റകൈക്ക്‌ സ്ത്രീകൾ കടപ്പുറത്തു ഒരു പ്രയോഗം നടത്തി. അതോടെ അവിടെക്കൂടിയ മുഴുവൻ ആണുങ്ങളും കണ്ണും പൊത്തി ഓടിരക്ഷപ്പെട്ടു. അതോടെ വിവാഹം കഴിക്കാമെന്ന തീരുമാനത്തിൽ വിശ്വൻ എത്തി എന്നായിരുന്നു അക്കാലത്തെ കിംവദന്തി!

വിശ്വന് പാർലമെന്ററി പദവികളോടുള്ള വിരക്തി നേരിട്ട് അനുഭവിക്കുകയും അതുകണ്ടു രോഷം കൊള്ളുകയും ചെയ്തിട്ടുള്ള മാധ്യമപ്രവർത്തകനാണ് ഞാൻ. ഏറ്റുമാനൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായപ്പോൾ രണ്ടാം സ്ഥാനത്തു തന്നെ നില്ക്കാൻ എന്തെല്ലാം കുതന്ത്രങ്ങൾ പ്രയോഗിക്കാം എന്നതിൽ ഗവേഷണം നടത്തുകയായിരുന്നു? പ്രചാരണത്തിന് ഓരോ ദിവസവും വീട്ടിൽ നിന്ന് ഇറങ്ങിയത് പോലും രാവിലെ പത്തുമണിയോടെയായിരുന്നു. കേരളാകോൺഗ്രസിന്റെ നെടും കോട്ടയിൽ അവിടെ ജയം കാണുക എളുപ്പമായിരുന്നില്ല എന്നത് സത്യമായിരുന്നു. മാത്രമല്ല പ്രചാരണ തന്ത്രങ്ങളും പാളം തെറ്റിയിരുന്നു.ഒരു തമാശ പറഞ്ഞാൽ, കർഷകത്തൊഴിലാളികൾ നിബിഡമായ കൂറ്റൻ പൊതുയോഗത്തിൽ പ്രസംഗിക്കവെ ജനക്കൂട്ടത്തിലെ ആരവം കണ്ട് നായനാർ പ്രസംഗം കാടുകയറിയപ്പോൾ ഇവിടെ വിശ്വൻ തോൽക്കാൻ പോകുകയാണെന്ന് തന്നെ പച്ചയ്ക്കു പറയുകയും ചെയ്തു. വൈകിട്ട് രണ്ട് വാട്ടീസുമടിച്ചു അർമാദിച്ചു ഇവിടെ ഇളകിമറിയുന്ന ജനക്കൂട്ടം ബൂത്തിൽ എത്തുമ്പോൾ കുത്തുന്നത് കെ എം മാ ണിയുടെ സ്ഥാനാർഥിക്കു ആയിരിക്കുമെന്ന് സ്വതസിദ്ധശൈലിയിൽ നായനാർപ്രസംഗിച്ചു മുന്നേറിയത് സ്വന്തം അണികളെ കൂടുതൽ ആവേശഭരിതരാക്കാനായിരുന്നു എങ്കിലും അതല്ല സംഭവിച്ചത് . വേദിയിലിരുന്ന് എരിപൊരികൊള്ളുന്ന ജില്ലാ സെക്രട്ടറി കെ എം ഏബ്രഹാമിന്റെയും സ്ഥാനാർഥി വിശ്വന്റെയും വിഷണ്ണമായ മുഖം നായനാർ കണ്ടില്ല. പ്രസംഗം പാളം തെറ്റി എന്ന് മനസ്സിലായ ഞാൻ വേദിയിലേക്ക് വൈദ്യുതി എടുത്തിരുന്ന എതിർവശത്തുള്ള ലൈബ്രറിയിലെ കോവണി കയറി സ്വിച്ച് ബോർഡ് തപ്പിപിടിച്ചു ഫ്യൂസ് ഊരി കീശയിലാക്കി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.അപ്പോഴും ആർത്തലയ്ക്കുന്ന ജനാവലിയോട് ഒന്നും അറിയാത്ത നായനാർ ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു : കറന്റ് പോയതല്ല .ഇത് ആ കള്ള മാണി കട്ട് ചെയ്യപ്പിച്ചതാണെന്ന് .അങ്ങിനെ പാർട്ടി നേതാവിന്റെ പ്രസംഗം പാർട്ടി പത്രക്കാരൻ തന്നെ മുക്കി. അടുത്തയോഗസ്ഥലത്തേക്ക് നീങ്ങുമ്പോൾ നായനാർക്കു .ഇതിൽ എന്തോ ചതിയുണ്ടെന്ന് മനസിലായി. ഞാൻ വായ് പൂട്ടി പ്രതിഷേധിച്ചിരിക്കുകയായിരുന്നു. കുറെ ദൂരം വണ്ടി പോയപ്പോൾ നായനാർ ബോംബ് പൊട്ടുമ്പോലെ ഒരു പൊട്ടിത്തെറി. “എന്റെ തലയിലിരിക്കുന്നത് കമ്പ്യൂട്ടർ ഒന്നുമല്ല. ചിലപ്പോ അങ്ങിനെ ആയിപ്പോകുന്നതാ.”ഞാൻ അതിനും പ്രതികരിച്ചില്ല. ഇഷ്ടമുള്ളത് ചെയ്തോ എന്നമട്ടിൽ ഇരുന്നു. ഒരു ദിവസമേ പിന്നെ വോട്ടെടുപ്പ് നടക്കാൻ അവശേഷിച്ചിരുന്നുള്ളൂ.വിശ്വൻ ആഗ്രഹിച്ചതുപോലെ എട്ടു നിലയ്ക്ക് പൊട്ടി.

All reactions:

50Sajeesh Kuyyanagadan, Vinod Asramam and 48 others