ജ്യോതിബസുവിന് മാനമുണ്ട് പിണറായിക്ക് അതില്ല; അല്ലേ സഖാക്കളേ?
പശ്ചിമ ബംഗാളിലെ മുൻ മുഖ്യന്ത്രി ജ്യോതിബസുവിന്, തന്നെയും തന്റെ മന്ത്രിസഭയെയും അപകീർത്തിപ്പെടുത്തുന്ന വാർത്ത ആരെങ്കിലും പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്‌താൽ അത് ചെയ്യുന്നവർക്കെതിരെ കയ്യോടെ കോടതിയിൽ പോയി അതിന് നഷ്ടപരിഹാരം തേടാമായിരുന്നു. അതിൽ ഒരു തെറ്റുമില്ല. സർക്കാരോ പാർട്ടിയോ അതിന് വിലങ്ങുതടി ആയിട്ടില്ല. എന്നാൽ സ്വർണ്ണക്കള്ളക്കടത്തു കേസിലെ പ്രതി കേരള മുഖ്യമന്ത്രിയെ വായിൽ തോന്നുന്നതെല്ലാം വിളിച്ചുപറഞ്ഞു തെരുവിലിട്ട് അലക്കിയാലും ആയിരം വട്ടം ‘കള്ളാ കള്ളാ’ എന്നുവിളിച്ചാലും മുഖ്യമന്ത്രിക്ക് ഒരു ചേതവുമില്ല.
മുഖ്യമത്രിയുടെ മാനത്തിന് വിമാനത്തിന്റെ പുറംചട്ടയുടെ കടുംകട്ടിയും പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മാനത്തിന് കിഴക്കമ്പലത്തു നിർമ്മിക്കുന്ന കഞ്ഞിക്കലത്തിന്റെ മാത്രം കട്ടിയുമാണെന്നാണ് വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്റെ ഗോവിന്ദഭാഷ്യം!
മുഖ്യമന്ത്രിയെ ആയിരം വട്ടം അവഹേളിച്ചാലും അപകീർത്തിപ്പെടുത്തിയാലും അതിനെതിരെ ഒരു കോടതിയെയും സമീപിക്കില്ലെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി തന്നെ പറയുന്നത്. അതേസമയം അതേ ആരോപണങ്ങൾ തനിക്കെതിരെ ഉന്നയിക്കുന്നവരെ കോടതികയറ്റുമെന്നും അതേ ശ്വാസത്തിൽ സംസ്ഥാന സെക്രട്ടറി വിളിച്ചുപറയുന്നു? എന്തിന്റെ കേടാണ് ഈ സെക്രട്ടറിക്ക്. ഏതു ലോകത്താണ് ഇവർ ജീവിക്കുന്നത്? ഒരു കൂട്ടിക്കൊടുപ്പിന്റെ സ്വരമാണ് ഇവിടെ മുഴങ്ങുന്നതെന്ന് പറയാതിരിക്കാനാകില്ല. ലജ്ജിക്കണം. ഒരു കമ്മ്യുണിസ്റ്റ് പാർട്ടി ഇങ്ങിനെയാകാമോ? പാർട്ടി സെക്രട്ടറി മുഖ്യമന്ത്രിയുടെ അടിമയാകാമോ? സെക്രട്ടറി എന്തിനു മുഖ്യമന്ത്രിയെ ഭയക്കണം? സെക്രട്ടറിയേറ്റും സംസ്ഥാനകമ്മിറ്റിയുമൊക്കെ ചേരുമ്പോൾ അവിടെ ഇരിക്കുന്നത് കമ്മ്യുണിസ്റ്റുകാർ തന്നെയാണോ? അതോ ഗോർബച്ചേവ് കൊണ്ടിരിരുത്തിയിരുന്ന ഏറാൻ
മൂളികളോ? കമ്മ്യുണിസ്റ്റ് പാർട്ടികളുടെ ചരിത്രത്തിൽ സെക്രട്ടറിയുടെ പദവി മഹനീയമാണ് . മുഖ്യമന്ത്രിക്കു മുന്നിൽ മുട്ടിട്ട് ഇഴയലല്ല. സെക്രട്ടറിയുടെ പണി. സെക്രട്ടറിയുടെ കൂട്ടായ നേതൃത്വത്തിന് കീഴ്പ്പെട്ടാണ് പാർട്ടിയും സെക്രട്ടറിയും പ്രവർത്തിക്കേണ്ടത്.
മുഖ്യമന്ത്രി കണ്ണുരുട്ടിയാൽ മൂത്രം പോകുന്ന സെക്രട്ടറി കമ്യുണിസ്റ്റ് പാർട്ടിക്ക് ഭൂഷണമല്ല. അതുവല്ല സലിം മടവൂർ നേതൃത്വം നൽകുന്ന പാർട്ടിയിലെ കാണൂ. മുഖ്യമന്ത്രിക്ക് ആയിരം കൂട്ടം പണിയുണ്ടത്രേ! ചെമ്പ് പാത്രം കഴുകലാണോ ക്ലിഫ് ഹൗസിലെ പണി? .
ജ്യോതിബസുവിന് ആയിരം കൂട്ടം പണിയില്ലാതിരുന്നത് കൊണ്ടാണോ ലോകപ്രശസ്തമായിരുന്ന “സ്റ്റേറ്റ്‌സ്മാൻ” പത്രത്തിനെതിരെ അപകീർത്തിക്കേസുമായി ഇറങ്ങിയത്.?
പശ്ചിമബംഗാളിലെ വോട്ടർമാർ ഒറ്റ സീറ്റിൽ പോലും സിപിഎമ്മിനെ വിജയിപ്പിക്കുന്നില്ല. പക്ഷെ ഒന്നോർക്കണം, 34 വർഷം തുടർച്ചയായി അധികാരത്തിലിരുന്നു തിമിർത്താടിയിട്ടും ഒറ്റ നേതാവ് പോലും ജയിലിൽ ഇല്ല. കേരളത്തിലോ? വൈകാതെ ഉന്നത കമ്മിറ്റികൾ പോലും ജയിലിൽ കൂടേണ്ട അവസ്ഥയാണ്. തിന്നുമുടിക്കുന്നത് സൈബർ ഗൂണ്ടകൾ ആണ്. പിണറായി ഭക്തി വഴിഞ്ഞൊഴുകുന്ന ക്യാപ്സ്യൂൾ സൂക്തത്തിന്റെ മറവിൽ മറിയുന്നത് എത്രകോടിയാണെന്ന് ആരെങ്കിലും മനസിലാക്കുന്നുണ്ടോ? ജ്യോതിബസു കേസ് നൽകിയത് ഇന്ത്യയിലെ പേരുകേട്ട ഇംഗ്ലീഷ് പത്രമായ സ്റ്റേറ്റ്സ്മാന് എതിരേയായിരുന്നു. കൊൽക്കത്തയിലും ദില്ലിയിലും നിന്ന് അന്ന് പ്രസിദ്ധീകരിച്ച പത്രമായിരുന്നു അത്.പ്രശസ്ത അഭിഭാഷകനായ ഉജ്ജ്വൽ ചക്രവർത്തിയായിരുന്നു ബസുവിനു വേണ്ടി ഹാജരായത്.”അടിമുടി അപകീർത്തികരമായ വാർത്ത അച്ചടിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തതിന് പത്രത്തിന്റെ ഒന്നാം പേജിൽ ക്ഷമാപണം നൽകണമെന്നായിരുന്നു ബസു ആവശ്യപ്പെട്ടത്. “അവസാനിക്കാത്ത അക്രമം ” എന്ന തലക്കെട്ടിൽ സ്‌റ്റേറ്സ്മാൻ പ്രസിദ്ധീകരിച്ച മുഖപ്രസംഗം രാഷ്ട്രീയ എതിരാളികളെ പ്രത്യേകിച്ച് തൃണമൂൽ കോൺഗ്രസ്സ് നേതാവ് മമതാ ബാനർജിയെ ആക്രമിക്കുന്നതിനെ ,പ്രോത്സാഹിപ്പിക്കുന്നതാണെന്ന് മുഖപ്രസംഗത്തിൽ ആരോപിച്ചിരുന്നു. മുഖപ്രസംഗം അപകീർത്തിപ്പടുത്തുന്നതിനോ മാനഭംഗപ്പെടുത്തുന്നതിനോ ഉള്ളതല്ലെന്ന് എഡിറ്റർ ഇൻ ചാർജ്ജ് സി ആർ ഇറാനി മറുപടി നൽകി.
1981 ൽ ബിജൻ സേതുവിൽ 18 ആനന്ദ മാർഗികളെ ചുട്ടുകൊന്ന സംഭവത്തിനെ ബസു ന്യായീകരിച്ചതിനെതിരെ എഴുതിയ മുഖപ്രസംഗമാണ് വിവാദത്തിനിടയാക്കിയത്.
സർവ്വകക്ഷിയോഗം വിളിച്ച, ജ്യോതിബസുവിന്റെ നടപടിയെ പത്രം ശ്ലാഘിക്കുകയാണ് ചെയ്തതെന്നും ,പക്ഷെ യോഗം വിളിക്കാതിരുന്നതുകൊണ്ടാണ് വിമർശിച്ചതെന്നും ഇറാനി വ്യക്തമാക്കി.ഒരുവിഭാഗം പത്രങ്ങൾ അന്തരീക്ഷം മലിനപ്പെടുത്തുകയാണെന്ന് ബസു എപ്പോഴും ആരോപിക്കാറുള്ളതാണ്. രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നതിനുള്ള തീരുമാനം അന്ന് സൂചിപ്പിക്കുന്നതിനിടയിൽ , ബസു സ്റ്റേറ്റ്‌സ്മാൻ, ദി ടെലിഗ്രാഫ്,ബർത് മാൻ ,ആനന്ദ ബസാർ പത്രിക തുടങ്ങിയ പത്രങ്ങൾ ബൂർഷാകളുമായി ചേർന്ന് സർക്കാരിനെ എതിർക്കുകയാണെന്നും ബസു പറഞ്ഞു.നിരുത്തരവാദ പത്രപ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കാൻ ആവുന്നില്ലെന്നത് കൊണ്ടാണ് അപകീർത്തിക്കേസുമായി മുന്നോട്ടു പോകാൻ പാർട്ടി ദൃഢ തീരുമാനം എടുത്തിരിക്കുന്നതെന്നും വ്യക്തമാക്കി. ഇത്തരം ഭീഷണി കൊണ്ടൊന്നും നിർഭയമായ പത്രപ്രവർത്തനത്തിൽ നിന്ന് പിന്മാറ്റാനാകില്ലെന്നും സ്റ്റേറ്റ്‌സ്മാൻ തുറന്നടിച്ചു.
യഥാർത്ഥത്തിൽ മലയാള മാധ്യമങ്ങളിൽ സർക്കാരിന് പ്രതികൂലമായി വരുന്ന വാർത്തകളുടെ ഗൗരവത്തിന്റെയും വ്യാപ്തിയുടെയും അളവു വെച്ചുനോക്കിയാൽ മാധ്യമങ്ങൾക്കെതിരെ ഇത്രയേറെ ആക്രമണവും ഒളി ആക്രമണവും നടത്തേണ്ടതുണ്ടോ? എത്രകോടി രൂപയാണ് സർക്കാർ ഇതിനുവേണ്ടി ചെലവിടുന്നത്. കോഴയാണിത്. പല തലങ്ങളിലായാണ് പണം ഒഴുകുന്നത്. ഇത്തരത്തിലുള്ള 10 ഗുണഭോക്താക്കളുടെ പ്രതിമാസ പ്രതിഫലവും ചീഫ് സെക്രട്ടറിക്ക് ഒരു മാസം ലഭിക്കുന്ന ശമ്പളവും തമ്മിൽ താരതമ്യ പഠനത്തിന് എടുത്തുനോക്കണം. ചീഫ് സെക്രട്ടറി ഇളിഭ്യനാകും. കടുംവെട്ടാണ് നടക്കുന്നത്. കടുംവെട്ട്.
മുഖ്യമന്ത്രിയെ വാഴ്ത്താൻ എന്നപേരിൽ സോഷ്യൽ മീഡിയയിൽ അച്ചടിച്ചുവരുന്ന ഓരോ വാക്കിന് പിന്നിലും ദശലക്ഷണങ്ങളുടെ അഴിമതി കറയുണ്ട്
സർക്കാരിനെയോ മുഖ്യമന്ത്രിയെയോ സഹായിക്കാൻ ഫലപ്രദമായി എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും ശ്ലാഘിക്കണം. പക്ഷെ സംഭവിക്കുന്നതോ മറുകുറ്റി പായിക്കലാണ് .കേരളം കണ്ട ഏറ്റവും ക്രൂരനായ ഏകാധിപതിയെന്ന് ചരിത്രം നാളെ രേഖപ്പെടുത്താനിടയുള്ള ഒരു അഴിമതി രാജാവിനെ വെള്ളപൂശാൻ ചെലവിടുന്ന ഓരോ വാക്കിനും നഷ്ടമാകുന്ന പണം എത്രയെന്ന് അറിയണമെങ്കിൽ ഹിറ്റ്ലറുടെ ആത്കഥ ‘മെയ്ൻ കാഫിനെ’ കുറിച്ച് നോർമൻ കസിൻസ് എഴുതിയ നാശനഷ്ടത്തിന്റെ താരതമ്യം വായിക്കണം.