സ്വപ്ന സിപിഎമ്മിന്റെ കഞ്ഞികുടി മുട്ടിക്കും
ജി ശക്തിധരൻ മാർച്ച് 10 2023
സ്വപ്ന സുരേഷ് ഏറ്റവും ഒടുവിൽ പൊട്ടിച്ച ബോംബ് ചീറ്റിയോ ഏശിയോ എന്നത് കാലം തെളിയിക്കുമായിരിക്കാം. ചിലപ്പോൾ പാർട്ടി ശൈലി അനുസരിച്ചു , ഈ ബോംബ് പൊട്ടിക്കുമ്പോൾ ഉണ്ടായിരിക്കുന്നതിനേക്കാൾ കൂടുതൽ സ്വാധീനം സിപിഎമ്മിന് ഇപ്പോൾ ഉണ്ടായിട്ടുണ്ട് എന്നുവേണമെങ്കിലും വാദിക്കാം. അതാണ് അതിന്റെ പതിവ് ശൈലിയും. എന്നാൽ മാധ്യമപ്രവർത്തകർ അടക്കമുള്ളവർ ഈ കുറിപ്പ് ഗൗരവതരമായി പരിശോധിക്കണം. പ്രതികരിക്കണമെന്നില്ല. പഠിച്ചാൽ മതി.
പുതിയ വിവാദത്തിന്റെ ലക്ഷ്യം പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആണെന്നത് വ്യക്തം. അദ്ദേഹം സിപിഎമ്മിലെ താപ്പാനകൾക്ക് ഇപ്പോൾ ചതുർത്ഥിയാണ് .അദ്ദേഹത്തിന്റെ പേര് കരുതിക്കൂട്ടി വലിച്ചിഴച്ചവർക്ക് പോലും ഇപ്പോൾ അബദ്ധം മനസിലായിട്ടുണ്ടാകും. സ്വപ്ന സുരേഷ് ചിത്രീകരിച്ച വിധത്തിലുള്ള നേതാവല്ല എം വി ഗോവിന്ദൻ. ഇപ്പോൾ കൂടുതൽ എഴുതുന്നുമില്ല.
ഈ വിവാദം സിപിഎമ്മിന്റെ സൽപ്പേരിന് വരുത്തിവെച്ചിരിക്കുന്ന കെടുതി പാർട്ടിക്ക് ഗൗരവതരമായി പരിശോധിക്കേണ്ടിവരും. കേരളത്തിലെ സിപിഎം ഇന്ത്യയിലെ ഏതു സംസ്ഥാന ഘടകത്തെക്കാൾ ശക്തരാണെന്ന പ്രതീതി സൃഷ്ടിക്കുന്നത് അതിന്റെ ആർക്കും ഉലയ്ക്കാനാകാത്ത സാമ്പത്തിക അടിത്തറകൊണ്ടാണ് .
ഗൾഫ്‌നാടുകളിൽ പരക്കെയും മറ്റ് ചില യൂറോപ്യൻ രാജ്യങ്ങളിൽ ഒറ്റയ്ക്കും തെറ്റയ്ക്കും വേരോട്ടമുള്ള സിപിഎമ്മിന്റെ സ്വർണ്ണഖനികളെ പിടിച്ചുലച്ചിരിക്കുകയാണ് ഈ വിവാദം. ചില വമ്പൻ സ്രാവുകളുമായുള്ള പാർട്ടിയുടെ ബന്ധത്തിൽ ബോംബിട്ട സ്വപ്നയുടെ അമിട്ട് സാമ്പത്തിക കുറ്റകൃത്യകേസുകളിൽ ഇത്രയും കാലമായി കുടുങ്ങാത്ത സൽപ്പേര് സൂക്ഷിച്ചിരുന്നവരെ കളങ്കിതരുടെ പട്ടികയിലേക്ക് ഒറ്റവെടിക്കു വീഴ്ത്തിയ കുശാഗ്രബുദ്ധിക്കു പിന്നിൽ സ്വപ്ന ഒറ്റയ്ക്കാവില്ല. . പിന്നിൽ രാഷ്ട്രീയ കരുക്കൾ നീക്കുന്നതിൽ അഗ്രഗണ്യരായ ആരുടെയൊക്കെയോ കയ്യുണ്ടെന്ന് വ്യക്തം. ഇനി അവർ
പഴയകാലത്തെപ്പോലെ 50 കോടിയോ 100 കോടിയോ എടുത്ത് അമ്മാനമാടാൻ മുട്ടുവിറയ്ക്കും. തങ്ങളുടെ മുകളിൽ അന്വേഷണ ഏജൻസികളുടെ ഒരു കണ്ണ് ഉണ്ടെന്ന് ഏറ്റവും ഒടുവിലത്തെ ഓപ്പറേഷനിൽ ബോധ്യമാക്കിക്കൊടുത്തു. അതുതന്നെയാണ് മുസ്ലിം വിഭാഗത്തിനെ തളയ്ക്കാൻ മോദി സർക്കാർ അന്വേഷണ ഏജൻസികൾ വഴി ചെയ്തത്.
അനേഷണ ഏജൻസികളുടെ പേരിന്റെ ആദ്യ അക്ഷരം ഉച്ചരിക്കുമ്പോൾ തന്നെ വമ്പൻ സ്രാവുകൾ വിറയ്ക്കും. സിപിഎമ്മിലേക്കുള്ള പണത്തിന്റെ ഒഴുക്കിന്റെ സ്രോതസ്സുകൾ ഇതോട് മന്ദീഭവിക്കുകയാണ്..ഇതാണ് തൊണ്ണൂറുകളിൽ അധികാരക്കുത്തക നഷ്ടപ്പെട്ടപ്പോൾ കോൺഗ്രസിൽ സംഭവിച്ചത്. അന്തർദേശീയ തലത്തിൽ ഉടമ്പടി വെക്കുമ്പോൾ ആയിരമോ രണ്ടായിരമോ കോടികളുടെ വിഹിതമാണ് കോൺഗ്രസിന് അതുവരെ ലഭിച്ചിരുന്നത്. ഇപ്പോൾ അത് മരീചികയായിമാറി. ഇനി വമ്പൻ സ്രാവുകൾ സിപിഎംഎം എന്ന പേരുകേൾക്കുമ്പോൾ തന്നെ ഭയന്നോടും.
പാർട്ടിയുടെ ചട്ടക്കൂട് ആകെ പൊളിച്ചു പണിതത് ഈ കള്ളപ്പണത്തിന്റെ മറവിലാണ്. സിപിഎം പോലെ മൂന്നു പാർട്ടികളെ വേണമെങ്കിലും നയിക്കാൻ വേണ്ട സ്രോതസ് കണ്ടെത്തിയത്. അങ്ങിനെയാണ് പല വിവാദ കരാറുകളുടെയും പങ്ക് എടുത്തു ചില ഘട്ടങ്ങളിൽ അന്യസംസ്ഥാനങ്ങളിലെ പാർട്ടി കെട്ടിപ്പടുക്കാനും കൈമാറിയത്. ഇനി അത് അനായാസം നടക്കില്ല.
ഒരു ലോക്സഭാ തെരഞ്ഞെടുപ്പ് എന്നത് ചെറിയകാര്യമല്ല. രണ്ട് സീറ്റിൽ മാത്രം കഴിഞ്ഞ തവണ മത്സരിച്ച തമിഴ്‌നാട്ടിലെ സിപിഎമ്മിന് ഡി എം കെ ഔദ്യോഗികമായി കൈമാറിയതായി തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കണക്കിൽ പരസ്യപ്പെടുത്തിയിട്ടുള്ളത് 10 കോടിരൂപയാണ്. ഇത് ഒരു ചെറിയ പങ്കാണ്.കുഴൽപ്പണത്തിന്റെ സ്രോതസുമു ണ്ടാകും.
കേരളത്തിൽ 20 സീറ്റിൽ മത്സരിക്കുമ്പോൾ വേണ്ടിവരുന്ന സഹസ്രകോടികൾ എത്രവരും എന്ന് ഊഹിക്കുക.
ആ സഹസ്രകോടികൾ വരുന്ന പാതയാണ് സ്വപ്ന കുഴിബോംബ് വെച്ച് തകർത്തിരിക്കുന്നത് .മാധ്യമങ്ങൾക്ക് ഇതൊന്നും പുറത്തുകൊണ്ടുവരാൻ ആവില്ല.
ഈ വമ്പൻ സ്രാവുകളെ ബാധിയ്ക്കുന്ന ഏതു വിഷയവും അവരുടെ മാധ്യമപ്രവർത്തനത്തിന് പുറത്താണ്.ധാരാളം ചരടുകൾ അവയ്ക്ക് പുറകിലുണ്ട്. ഒറ്റ തെരഞ്ഞെടുപ്പിലെ വരവ് കുറയുന്നതുകൊണ്ടു അതെല്ലാം അടിതെറ്റുമെന്നല്ല . പക്ഷെ അതിന്റെ ആഘാതം ചെറുതല്ല.
കേരളമെമ്പാടും സിപിഎം കെട്ടിപ്പൊക്കിയിട്ടുള്ള പടു കൂറ്റൻ കെട്ടിടങ്ങളിൽ പലതും ഇതുപോലുള്ള അടിത്തറകളിൽ പണിതതാണ് .എകെജി സെന്ററിന് ബദലായി മേലെ തമ്പാന്നൂരിൽ ബിടിആർ ഭവൻ പണിതപ്പോൾ ഉത്‌ഥാടന പ്രസംഗത്തിൽ നായനാർ പരസ്യമായി പ്രകടിപ്പിച്ച ആശങ്കയുണ്ട്.” നിങ്ങൾ അവകാശപ്പെടുന്നത് ജീവനക്കാരുടെ ശമ്പളം കൊണ്ടുമാത്രം പണിതതാണിതെന്നാണ്.അങ്ങിനെയെങ്കിൽ അത്രയും നല്ലത്.”ഈ വാചകം നായനാർ ഒരിക്കൽ കൂടി ആവർത്തിച്ചു പറഞ്ഞത് വേദിയിലുണ്ടായിരുന്ന ഈ ബാലാനന്ദന് നല്ല കുത്തു കൊടുക്കുന്നത് പോലെയായിരുന്നു. അദ്ദേഹമായിരുന്നല്ലോ അതിന്റെ ജീവാത്മാവും പരമാത്മാവും. അതിനർത്ഥം നായനാർ പോലും സംഘാടകരുടെ അവകാശവാദം പൂർണ്ണമായി വിശ്വസിച്ചിരുന്നില്ല എന്നല്ലേ. സത്യത്തിൽ വൈദ്യുതി ജീവനക്കാർ ഉദാരമായി അവരുടെ ശമ്പളം സംഭാവന ചെയ്തു പണിതതാണ് ആ കൂറ്റൻ കെട്ടിടം.
വി എസ് അച്യുതാന്ദൻ എകെജി സെന്റർ പിടിച്ചെടുത്താൽ തൊഴിലാളികൾക്ക് പ്രവർത്തിക്കാൻ ഒരു ബദൽ കേന്ദ്രം വേണമെന്ന പ്രചാരണം സാധാരണത്തൊഴിലാളികളിൽ കുശുകുശുത്ത് പ്രചരിപ്പിച്ചാണ് അന്ന് ആവേശം കയറ്റിയത്. പക്ഷെ പിന്നീട് ഉയർന്നുവന്ന ഒരു കൂറ്റൻ മണിസൗധങ്ങൾക്കും ഈ പകിട്ട് ഇല്ല. അടിത്തട്ട് മുതൽ സരിതമാരും സ്വപ്നമാരും,ചാക്ക് രാധാകൃഷ്ണൻ മാരും ഫാരീസ് അബൂബക്കർമാരും മറ്റും മറ്റും ഉണ്ടാകും. ചിലനേതാക്കളുടെ മണിമന്ദിരം പോലും ആ നോട്ട് കെട്ടിലാണ് ഉയരുന്നത്.
ഒറ്റ ഉദാഹരണം എഴുതിക്കോട്ടെ.
പിണറായി വിജയൻറെ പിണറായിയിലെ രമ്യഹർമ്മ്യത്തെ കുറിച്ച് എന്തൊക്കെ കഥകളാണ് പ്രചരിച്ചത്. ഒരു കാലത്തു ഇത് അത്ര വലിയവീടാണോ എന്ന് മനസ്സിലാക്കാൻ സദുദ്ദേശത്തോടെ അവിടം സന്ദർശിച്ചവർക്ക് പോലും പൊതിരെ തല്ല് കിട്ടിയിട്ടുണ്ട്.
പാർട്ടിയിൽ വിഭാഗീയത നാമ്പിട്ട കാലമായിരുന്നു അത്. മുമ്പ് പിണറായി താമസിച്ചിരുന്ന വീട് ഞാൻ കണ്ടിട്ടുണ്ട് .അത് മുപ്പത്തിയഞ്ച് വർഷത്തോളം മുമ്പ് മരിച്ചീനിക്കാട്ടിലുള്ള വീടാണെന്നാണ് ഓർമ്മ .പരിസരത്ത് ഒരു മുരത്ത കോൺഗ്രസുകാരൻറെ പെട്ടിക്കടയുണ്ട്. നിർഭയം കമ്മ്യുണിസ്റ്റ് വിരുദ്ധത വാതോരാതെ പ്രചരിപ്പിക്കുകയായിരുന്നു ഇയാളുടെ പണി. കാറൽ മാർക്സ് വരെ അടുത്ത പരിചയക്കാരൻ ആണെന്ന് തോന്നിപ്പോകും.
അവിടെയാണ് പുതിയവീട് ഉയർന്നത് .അതിന്റെ പണി തുടങ്ങിയതും ഓർമ്മയുണ്ട്. പാർട്ടി നേതൃത്വത്തിലുള്ള ഒരു സഹകരണസംഘം ആയിരുന്നു അതിന്റെ നിർമ്മാണം തുടങ്ങിയത്. പിണറായിയുടെ മേൽനോട്ടം പോലും ഉണ്ടായിരുന്നില്ല. ധാരാളിത്തമോ ആരുടെയെങ്കിലും ഒരു തരത്തിലുള്ള എതിർപ്പോ ഉണ്ടായിരുന്നില്ല. ഒരു കമ്മ്യുണിസ്റ്റ്കാരന് അഭിമാനിക്കാവുന്ന വീട്. എന്നാൽ ഒരു ദിവസം എല്ലാം തകിടം മറിഞ്ഞു.
കണ്ണൂരിലെ കൂറ്റൻ കോൺട്രാക്റ്ററും വ്യവസായിയുമായ ലക്ഷ്മണൻ ഒരു ലോറി നിറയെ തൊഴിലാളികളുമായി പ്രത്യക്ഷപ്പെട്ട് എല്ലാം അടിച്ചുതകർത്തു. തൊട്ടുപിന്നാലെ തുരുതുരാ വന്ന ലോറികളിൽ മണലും ചല്ലിയും സിമെന്റും മറ്റും മറ്റും പ്രവഹിച്ചു. ജനം അമ്പരന്നു. മാസങ്ങൾ കൊണ്ട് അതൊരു രമ്യഹർമ്യമായി. മരച്ചീനി തലയുയർത്തി നിന്നിടത്തു ലക്ഷ്മണൻ കോൺട്രാക്ടറുടെ വക വലിയ ഔട്ട് ഹൗസും! ഇംഗ്ലീഷ് സിനിമയിൽ കാണുന്ന ദൃശ്യം .ആണ്ടെക്കൊരിക്കൽ സ്വന്തം നാട് സന്ദർശിക്കുന്ന പിണറായിവിജയനു ഒരു നീന്തൽ കുളം കൂടി ലക്ഷ്മണൻ കോൺട്രാക്ടർക്ക് നിർമിച്ചിടാമായിരിരുന്നു .എന്തായാലും ഞങ്ങളുടെ സഖാവിനെ കുളത്തിലിറക്കിയതല്ലേ.ഒരു പിണറായിയുടെ വീടിന്റെ മാത്രം കഥയല്ല.
ഗൾഫ്പണം വന്നുകയറിയപ്പോൾ ലക്ഷ്മണൻ കോൺട്രാക്ടർമാർ റാഞ്ചിക്കൊണ്ട് പോയ കമ്യൂണിസ്റ്റുകാരുടെ വീടുകൾക്ക് സംഭവിച്ച അപചയമാണ്.
പക്ഷെ ഏതോ ഒരു വിരുതൻ ശങ്കു ഏതോ ഒരു പടുകൂറ്റൻ മണിമാളികയുടെ ഫോട്ടോയെടുത്ത് അത് പിണറായി വിജയൻറെ പുതിയ വീടാണെന്ന പച്ചക്കള്ളം എഴുതി അയാളുടെ രോഷം പങ്കിട്ടു.നിഷ്ക്കളങ്കർ അതേറ്റെടുത്ത് ഭൂലോകം മുഴുവൻ പ്രചരിപ്പിച്ചു പകതീർത്തു. ജനശക്തി യഥാർത്ഥ വീടിന്റെ പടം കൊടുത്തെങ്കിലും വിലപ്പോയില്ല. പിണറായിയോട് അത്രയേറെ പ്രതികാരം ആളിക്കത്തി നിൽക്കുന്ന കാലമായിരുന്നു അത്. മികച്ച പി ആർ പ്രവർത്തനം കൊണ്ട് വൻകിട വ്യവസായികൾ അവർക്ക് ഒത്ത പുതിയൊരു പിണറായിയെ വാർത്തെടുത്തത് .കഥയുടെ ക്ലൈമാക്സിലാണ്
ഇപ്പോൾ സ്വപ്ന സുന്ദരി പ്രത്യക്ഷപ്പെട്ട് അതെല്ലാം ഇടിച്ചു തകർക്കുന്നത്.”ചരിത്രം ആവർത്തിക്കപ്പെടുന്നത് ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായുമാണെന്ന് ” കാൾ മാർക്സ് പറഞ്ഞത് വെറുതെ ഒന്ന് ഓർത്തുപോയി.