ഇവിടെയും കാലം സാക്ഷി
ജി ശക്തിധരൻ 08-03- 2023
കമ്യുണിസ്റ്റ് ഭരണം സംശുദ്ധമായിരിക്കുമെന്ന് എക്കാലത്തും കേരളത്തിലെ ജനങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു .രാഷ്ട്രീയ സംശുദ്ധിയുള്ള തീരുമാനങ്ങളേ ആ ഭരണം കൈക്കൊള്ളൂ എന്നും ജനങ്ങൾ വിശ്വസിച്ചിരുന്നു. എന്നാൽ ആ വിശ്വാസം ഇപ്പോഴില്ല എന്ന് പറയുമ്പോൾ ആരും ആദ്യം വിരൽചൂണ്ടുന്നത് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് ആവും. എന്നാൽ അതല്ല സത്യം. അതുക്കും മേലെയാണ്. അതാരും ഇക്കാലത്തു ഓർക്കുന്നു പോലുമുണ്ടാകില്ല. മറവി, രാഷ്ട്രീയത്തിൽ അനുഗ്രഹമാണെന്ന് പറയുന്നത് വെറുതെയല്ല.
അഴിമതി രാജാക്കന്മാർക്ക് കീഴടങ്ങിക്കൊടുക്കുന്നതല്ല കമ്മ്യുണിസ്റ്റ് ഭരണകൂടം എന്ന് കേരളവും അഭിമാനത്തോടെ പറയാറുണ്ട്. എന്നാൽ അങ്ങിനെ അല്ലാത്ത സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടല്ലോ എന്ന് ആരെങ്കിലും പറയുമ്പോഴും ആദ്യം വിരൽചൂണ്ടുന്നത് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന് നേരെയാകും. എന്നാൽ സത്യം അതല്ല. അതുക്കും മേലെയാണ്.
അതുപോലുള്ള കറുത്ത അദ്ധ്യായങ്ങൾ സൗകര്യപൂർവ്വം മറവിയിലേക്ക് തള്ളാൻ ശേഷി ഉണ്ടായാൽ അതും അതിനപ്പുറവും മൂടിവെക്കാം .ഭരണയന്ത്രം ഉപയോഗിച്ച് അഴിമതിയും മയക്കുമരുന്ന് കള്ളക്കടത്തും നടത്തുകയോ അതിന് കൂട്ടുനിൽക്കുകയോ ചെയ്യുന്നവരല്ല കമ്മ്യുണിസ്റ്റുകാർ എന്നത് സുവിദിതമാണ്. എന്നാൽ എല്ലായ്പ്പോഴും ആ നയം മുറുകെപ്പിടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ അതിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് സമ്മതിക്കുന്ന ഏതാളും വിരൽ ചൂണ്ടുക മുഖ്യമന്ത്രി പിണറായി വിജയനെയാണ്. എന്നാൽ അതും സത്യമല്ല .അതുക്കും മേലെയാണ്. ആരുടേയും ഓർമ്മശക്തി കൂടുതൽ പരീക്ഷണത്തിന് വിധേയമാക്കുന്നില്ല.
കേരളത്തിലെ പ്രമുഖ മന്ത്രി വിദേശത്തേക്ക് കള്ളക്കടത്തു നടത്താൻ രഹസ്യമായി ഗുദാമിൽ ദശലക്ഷക്കണക്കിന് രൂപയുടെ ഹഷീഷ് മയക്കുമരുന്ന് എറണാകുളത്തു പള്ളുരുത്തിയിലെ രഹസ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു എന്ന് പറഞ്ഞാൽ ഇന്ന് ആരെങ്കിലും വിശ്വസിക്കുമോ?
അതിനേക്കാൾ വലിയ തിരുട്ടു പണി ചെയ്യാൻ പോന്നവർ ഇപ്പോൾ ജനപ്രതിനിധികളിൽ ഉണ്ടെന്നതും വിസ്മരി ക്കുന്നില്ല.ഹഷീഷ് അക്കാലത്തെ ഏറ്റവും വിലപിടിപ്പുള്ള മയക്കുമരുന്നായിരുന്നു.
ആയിടക്കാണ് കളമശ്ശേരി തോഷിബയിൽ നിന്ന് കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്ന്, ബാറ്ററിക്കുള്ളിൽ വെച്ച് വിദേശത്തേക്ക് വിമാനത്തിൽ കയറ്റി അയച്ചതും ലണ്ടനിൽ പിടിയിലായ സംഭവം പുറത്തുവന്നതും.
കൊച്ചി വെല്ലിങ്ങ്ടൺ ഐലൻഡിലെ ഒരു സുഹൃത്തിൽ നിന്ന് കിട്ടിയ വിവരം വെച്ച് ഹഷീഷ് സങ്കേതം കണ്ടെത്തി ദേശാഭിമാനി അടുത്തദിവസം എക്‌സ്‌ക്‌ളൂസീവ് വാർത്ത കൊടുത്തു. തുടർന്ന് മാധ്യമങ്ങൾക്ക് ചാകരയായി. .ആ ബാഗേജുകളുടെ ദൃശ്യം ഇപ്പോഴും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.
ഏറെ കൗതുകകരം ആ മന്ത്രി മുൻ ജില്ലാ ജഡ്ജിയായിരുന്നു എന്നതാണ് . പലരും ജയിലിലായി. കേന്ദ്ര അന്വേഷണ ഏജൻസികളും രംഗത്തിറങ്ങി. മുഖം രക്ഷിക്കാൻ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. പക്ഷെ ആ റിപ്പോർട്ട് ലഭിച്ചത് നായനാർ മുഖ്യമന്ത്രിയായപ്പോൾ ആയിരുന്നു. മന്ത്രിയുടെ ഭാഗത്തു അഴിമതിയും നിയമരാഹിത്യവും നടന്നു എന്ന് തന്നെയായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. പക്ഷെ സർക്കാർ ആ മന്ത്രിയെ കാരാഗൃഹത്തിൽ അടച്ചില്ല. അക്കാലത്തു ഈ അന്വേഷണ റിപ്പോർട്ട് ഏറെ കോലാഹലം ഉയർത്തിയെങ്കിലും പ്രതിപക്ഷവും ഭരണപക്ഷവും ഒത്തുകളിച്ചു. പുറമെ പറഞ്ഞ പ്രധാനകാരണം മന്ത്രിയുടെ പ്രായാധിക്യം.
ഒരു പത്രപ്രവർത്തകനെന്ന നിലയിൽ സത്യം തുറന്നുപറയാതിരിക്കാനാകില്ല. യഥാർത്ഥ കാരണം കേരളത്തിലെ ഏറ്റവും പ്രബല സമുദായ സംഘടനയുടെ ആറ് വർഷത്തെ തുടർച്ചയായ ഭാരവാഹിയായിരുന്നു മുൻ ജഡ്ജികൂടിയായ ആ മന്ത്രി. സിപിഎം തീരുമാനിച്ചു ജയിലിൽ അടയ്ക്കണ്ട എന്ന്. അങ്ങിനെ എന്റെ എക്സ്ക്ലൂസീവ് റിപ്പോർട്ട് ആവിയായിപ്പോയി.
ഒന്നുകൂടി പറഞ്ഞോട്ടെ എന്റെ പതിറ്റാണ്ടുകൾ നീണ്ട ദേശാഭിമാനി ജീവിതത്തിൽ ഇതിനേക്കാൾ കൊലകൊമ്പന്മാരെ ,കൊലയാളികളെ അടക്കം എന്റെ റിപ്പോർട്ടുകൾ കാരണം ജയിലിൽ അടച്ചിട്ടും എന്റെ വിധിതീർപ്പുകളിൽ ഒരു വാക്കു പോലും എന്റെ പാർട്ടി തിരുത്തണമെന്നു പറഞ്ഞിട്ടില്ല.
അതിനുള്ള അവസരം സൃഷ്ടിച്ചിട്ടില്ല. ഒരു കേസിൽ ഹൃദയവേദനയോടെ ടികെ പറഞ്ഞു: ” ഞാൻ ഒളിവിലായിരുന്ന കാലത്തു ഉടുക്കാൻ തുണിയും പല സമയങ്ങളിലും ഭക്ഷണവും തന്ന ആൾ ആണെന്ന്. ” ടി കെ അർഥോക്തിയിൽ അവിടെ നിർത്തി. പക്ഷെ എന്റെ മനസ്സ് അലിഞ്ഞില്ല . ടികെ അത് ഉദ്ദേശിച്ചിട്ടുമില്ലായിരിക്കാം.
പക്ഷെ ചെയ്യാത്ത വ്യാജരേഖാ നിർമ്മാണത്തിന്റെ പേരിൽ എന്നെ മനോരമ നാല് കേസിൽ ഒന്നാം പ്രതിയാക്കി അവഹേളിച്ച ദിവസത്തെ പകവീട്ടൽ മനസിലുണ്ടാക്കിയ നൊമ്പരം ഹൃദയഭേദകം ആയിരുന്നു. ഇന്നത്തെ മുഖ്യമന്ത്രിയും പഴയ മുഖ്യമന്ത്രിയും ആ പ്രതിപ്പട്ടികയിൽ ഉണ്ടെങ്കിലും മാനഹാനിക്ക് അതൊന്നും പകരമാകില്ലല്ലോ . ഇന്നലെയും ഒട്ടേറെ മാധ്യമ പ്രവർത്തകർ ഏറെ സമ്മർദ്ദം ചെലുത്തി ചോദിച്ചു ആ സത്യം എന്തുകൊണ്ട് ഇനിയും തുറന്ന് പറയുന്നില്ലെന്ന്. ഒരു ഉത്തരമേയുള്ളൂ ,ഈ കേസുകളെല്ലാം കൊടുത്ത മനോരമ പത്രാധിപർ മാത്യുക്കുട്ടിച്ചായൻ അന്ന് പുലർച്ചെ എന്നെ വിളിച്ചു “ഇന്നത്തെ പത്രം കണ്ടോ തനിക്കെതിരെ ഞങ്ങൾ കേസ് കൊടുത്തിട്ടുണ്ടെന്ന്” അറിയിച്ചപ്പോൾ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല. മാത്യുക്കുട്ടിച്ചായൻ അതിനോട് കൂട്ടിച്ചേർത്ത ഒരു വാചകം “താനല്ല ഇത് ചെയ്തതെന്ന് ഞങ്ങൾക്ക് അറിയാം. പക്ഷെ ഇത് കുടുംബ തീരുമാനമാണ്.” എന്നായിരുന്നു. ശരിയാണ്, മാത്യുക്കുട്ടിച്ചായൻ അന്ന് പറഞ്ഞത് അറം പറ്റി . അന്നത് മനോരമ കുടുംബത്തിന്റെ മാത്രം തീരുമാനം തന്നെയായിരുന്നു. പക്ഷെ ഇപ്പോഴത് പിണറായി സഖാവിന്റെയും എന്നു കൂട്ടിച്ചേർക്കണം .
സത്യത്തിൽ, ഞാൻ അന്ന് ഒറ്റയ്ക്ക് താമസിച്ച ഫ്‌ളാറ്റിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കണ്ടത് ഒളിച്ചും പതുങ്ങിയും എന്നെ അവഹേളനത്തോടെ നോക്കുന്ന സ്ത്രീകളെയായിരുന്നു. വ്യാജരേഖ നിർമ്മാതാവായി എന്നെ ആ സ്ത്രീകൾ വിധികൽപ്പിച്ചു കഴിഞ്ഞു എന്ന് തോന്നി . അത്രയ്ക്ക് എട്ടുകോളത്തിലല്ലേ അച്ചായൻ വീശി വർത്ത കൊടുത്തത് . 51 വെട്ടുപോലെ! .
ആ വാർത്ത കൊടുത്തുകൂടെന്ന് ,അന്നത് ചെയ്തുകൂടെന്ന്, പത്രം പ്രിന്റിന് പോകുന്നതിനു തൊട്ടു മുൻപ് വരെ ഉത്തരവാദപ്പെട്ട എല്ലാവരോടും ഫോണിലും നേരിലും പറയുകയും അവസാനം വിയോജിപ്പ് ഫാക്സ് അയച്ചു തലസ്ഥാനത്തെ പാർട്ടി കേന്ദ്രത്തിലും ദേശാഭിമാനിയിലും അറിയിക്കുകയും ചെയ്തതാണ്.
എനിക്ക് കിട്ടിയ മറുപടി ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്. ആ മറുപടി കൈമാറിയ അന്നത്തെ തിരുവന്തപുരത്തെ ചുമതലക്കാരൻ ഇപ്പോഴും ഉണ്ട്. പക്ഷേ അദ്ദേഹവും നിസ്സഹായനായിരുന്നു. എല്ലാ അമിതാധികാര പ്രമത്തതയോടെയും ഭരണഘടനാതീത ശക്തികൾ പാർട്ടി പത്രം പിടിച്ചെടുത്ത കാലം തുടങ്ങിക്കഴിഞ്ഞിരുന്നു. ഞാനടക്കം എത്ര എത്ര സഖാക്കളുടെ രാഷ്ട്രീയ ജീവിതവും പത്രപ്രവർത്തന ജീവിതവുമാണ് ഒറ്റ ഒരുത്തൻ തകർത്തത്. മുഴുവൻ കണ്ണൂർ മയമാക്കി. കണ്ണൂരിൽ അഴിമതി കാട്ടി ഇടയ്ക്കിടെ റേഷൻകട പൂട്ടുമ്പോൾ തുറപ്പിക്കാൻ മന്ത്രിയെക്കാണേണ്ടപത്രാധിപസമിതി അംഗവും അക്കൂട്ടത്തിൽ തലസ്ഥാനത്തെത്തി. എത്ര ദശലക്ഷങ്ങൾ ആണ് ഇവനൊക്കെച്ചേർന്നു റാഞ്ചി എടുത്തത്? ഇപ്പോഴും അവന്റെയൊക്കെ ബാങ്ക് ബാലൻസ്
എം വി ഗോവിന്ദൻ കണ്ടാൽ ഞെട്ടും.
ഞാൻ ദേശാഭിമാനിയിൽ ചേർന്നപ്പോൾ ആദ്യ ശമ്പളം(1976 മാർച്ച്) 150 രൂപയായിരുന്നു. ദേശാഭിമാനിയിൽ ചേരാൻ പോകുന്ന വിവരം പിജിയെ അറിയിക്കാൻ ചെന്നപ്പോൾ വസൂരി രോഗം പിടിച്ചു കിടപ്പിലായിരുന്നു.രാജമ്മ ടീച്ചർ ചോദിച്ചു എത്ര ശമ്പളം എന്ന് ? അപ്പോൾ സത്യം പറഞ്ഞു .അപ്പോൾ ടീച്ചറിന്റെ സന്തോഷത്തോടെയുള്ള പ്രതികരണം: അത്രയുണ്ടോ? എന്ന് . അത് പിജിക്കുള്ള താങ്ങായിരുന്നു എന്ന് എനിക്ക് മനസിലായി. പിജിക്ക് കിട്ടുന്നതിൽ 10 രൂപപോലും വീട്ടിൽ കിട്ടാനിടയില്ല.
കൊച്ചിയിലെ എന്റെ സഹപ്രവർത്തകൻ പിണറായി ഗ്രാമത്തിലെ കെ യു ബാലകൃഷ്‌ണൻ എന്ന സഖാവായിരുന്നു. ,ഞങ്ങൾ ഒരു ധീരതീരുമാനം എടുത്തു. ഒരു നേരത്തെ ഭക്ഷണം നമുക്ക് ഉപേക്ഷിക്കാം. മിക്ക ദിവസവും ഒന്നുകിൽ പ്രാതൽ അല്ലെങ്കിൽ അത്താഴം വേണ്ടെന്നുവെച്ചു. ആ സമയം ഏറണാകുളത്തു രാജേന്ദ്രമൈതാനത്തു കായൽക്കാറ്റേറ്റു രണ്ടുപേരും കൂടിയിരിക്കും. അതായിരുന്നു അക്കാലം. ദാരിദ്ര്യം എന്തെന്ന് ഒരുകാലത്തും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഓരോ ജന്മനാളിലും നൂറുകലത്തിൽ പൊങ്കാല ഇട്ടു ഏക മകന്റെ ജന്മദിനം ആഘോഷിച്ചിരുന്ന എന്റെ അവസ്ഥ!
അമിതാധികാര ശക്തികളുടെ കയ്യിൽ എത്തിയ ശേഷം . പത്രം എന്തുനേടി? പാർട്ടി എന്തുനേടി?