മാർക്സ്,ഏംഗൽസ്,ബിനോയ് വിശ്വം
ജി ശക്തിധരൻ 07 -02 -20 23
ബിനോയ് വിശ്വത്തിന് മാർക്സിസത്തിന്റെ സുഷമ താൻ മാത്രമാണെന്ന് വരുത്തിത്തീർക്കണം.
മാർക്സിസം ലെനിനിസത്തിൽ എം എ ബേബിക്കുള്ള അജ്ഞത പരസ്യമായി തുറന്നുകാട്ടി ഇന്നലെ മാതൃഭൂമി പത്രത്തിൽ ബിനോയ്‌വിശ്വം എഴുതിയ സചിത്ര ലേഖനം മുക്കാൽ നൂറ്റാണ്ട് മുമ്പ് ‘പ്രവദ’യിലോ ‘ഇസ്‌വെസ്റ്റിയ’യിലോ ‘ട്രൂഡ് ‘ ലോ വന്നിട്ടുള്ളതിന്റെ തനിപ്പകർപ്പാണ്. അവർ പോലും ചവറിന്റെ കൂട്ടത്തിൽ തള്ളിയതാണ് ഇദ്ദേഹം ബേബിയുമായി സംവാദത്തിന് എന്ന മേലങ്കി അണിയിച്ചു ഇറക്കിയിരിക്കുന്നവാദമുഖങ്ങൾ . ബേബി എന്തുകൊണ്ട് ബിനോയെപ്പോലെ ഉന്നതനായ കമ്മ്യുണിസ്റ്റ് ആചാര്യനുമായി പരസ്യ വിവാദത്തിന് ഇറങ്ങിവന്ന് മാന്യത കാട്ടുന്നില്ല എന്ന ഹൃദയമലിയിക്കുന്ന ചോദ്യം , മാധ്യമങ്ങളിൽ പേര് വരുത്താൻ പതിറ്റാണ്ടുകളായി കിണഞ്ഞു ശ്രമിക്കാറുള്ള ബിനോയ് യുടെ സ്വന്തം പി ആർ പണി അറിവുള്ളവർ ഓർത്ത് ചിരിക്കും.
മാർക്സിസം അപ്രസക്തമെന്ന് ലോകമെമ്പാടുനിന്ന് അതിശക്തമായ വാദഗതി ഉയരുമ്പോൾ പോലും അതിൽ ഉൾച്ചേർന്നിരിക്കുന്ന നവം നവമായ ചില നല്ലവശങ്ങൾ ലോകമെമ്പാടുമുള്ള ചിന്തകർ തീവ്ര ചർച്ചയ്ക്കു വിഷയമാക്കുന്നുണ്ട്. അതിലേതിന്റെയെങ്കിലും നിഴലിന്റെ നിഴൽ എങ്കിലും ഈ ലേഖനത്തിൽ ഉണ്ടോ? അതെവിടെയെങ്കിലും വായിച്ചതിന്റെയോ കണ്ടതിന്ന്റെയോ സൂചനയെങ്കിലും ഇദ്ദേഹത്തിന്റെ ചിന്താമണ്ഡലത്തിലുണ്ടോ? ജനയുഗത്തിന്റെ പത്രാധിപർ എങ്കിലും ഇതൊന്ന് പരിശോധിക്കാമോ? പാർട്ടി സെക്രട്ടറിയുടെ തിരക്ക് എത്രയെന്ന് അറിയാവുന്നതുകൊണ്ടു മാത്രമാണ് പത്രാധിപരുടെ സഹായം
തേടുന്നത്. ബിനോയ് യെയുടെ അളവുകോൽ മുഖവിലക്കെടുത്താൽ ഇത്രമാത്രം പാപ്പരായോ സിപിഐ എന്ന് ചോദിക്കേണ്ടിവരും? .
താൻ ഒരു ചെറിയ പാർട്ടിക്കാരനെന്ന് ആരെങ്കിലും കരുതി വെച്ചിട്ടുണ്ടെങ്കിൽ ഇതോടെ അത് തിരുത്തിക്കൊള്ളണം എന്ന മട്ടിലാണ് ഈ നേതാവ് സൈദ്ധാന്തിക ഭാഷ്യം ചമയ്ക്കുന്നത്. എന്ത് ഭോഷ്ക്കാണിത്.
ഈ ലേഖനത്തിൽ കാമ്പുണ്ടെന്ന് കണ്ടെത്തി പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രാധിപരുടെ ബൗദ്ധിക നിലവാരവും ചോദ്യം ചെയ്യപ്പെടപ്പെടുമെന്നത് വിസ്മരിക്കരുത്. രാഷ്ട്രീയ സ്വാധീനമുള്ളവർ മാദ്ധ്യമങ്ങളിൽ സമ്മർദ്ദം ചെലുത്തിയും പ്രലോഭിപ്പിച്ചും എങ്ങിനെയും ഇടം നേടി വാർത്താപ്രാധാന്യം നേടാൻ നോക്കും. പലപ്പോഴും പത്രം ഓഫീസ് അതിനു വഴങ്ങേണ്ടിയും വരും.പക്ഷെ ഒരു മികച്ച പത്രവും അതിന്റെ ശ്രീകോവിലിനുള്ളിൽ കയറി കളിയ്ക്കാൻ അനുവദിക്കാറില്ല. ഇവിടെ അതാണ് സംഭവിച്ചത്.
കുട്ടികളുടെ മാർക്സിസം എന്ന ഒരു മാർക്സിസ്റ്റ് ബാലപാഠത്തിൽ പോലും അച്ചടിക്കാൻ കാമ്പില്ലാത്ത ഒരു ലേഖനം മാതൃഭൂമി പോലെ പ്രധാന പത്രത്തിൽ ഇത്രയും പ്രാധാന്യത്തോടെ ആശയ സംവാദത്തിന്റെ മേമ്പൊടി ചേർത്ത് അച്ചടിക്കുന്നുവെങ്കിൽ ആ പത്രം എത്രത്തോളം ക്ഷയിച്ചുകൊണ്ടിരിക്കുന്നു എന്നതിന് മികച്ച ദൃഷ്ടാന്തമാണ്.
എം എ ബേബിയുടെ ഭാഷ്യത്തിന്റെ തെറ്റും ശരിയിലേക്കും ഇടപെടാൻ ഞാൻ ആളല്ല. ബേബിക്കോ ബിനോയ്‌ക്കോ ഉള്ള കണ്ണിന്റെ കേട് കാഴ്ചക്കു നിദാനമായ സൂര്യതേജസിനെ ബാധിക്കുന്നില്ല എന്നത് പൊതുതത്വമാണ്.
മാർക്സിസം ഉണ്ടായകാലം മുതൽ മുട്ടുശാന്തിക്ക് ചില പാണ്ഡിത്യ പടുക്കൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ചില നമ്പർ കളികൾ ഉണ്ട്.”തത്വചിന്തകന്മാർ ലോകത്തെ വ്യാഖ്യാനിച്ചിട്ടേയുള്ളൂ .നമുക്കാകട്ടെ അതിനെ മാറ്റിമറിക്കേണ്ടിയിരിക്കുന്നു” . “കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോയുടെ ജർമ്മൻ പതിപ്പിന്റെ മുഖവുരയിൽ 1872 ൽ ഉൾപ്പെടുത്തിയിട്ടുള്ള പത്തിനപരിപാടിയിൽ അതുവരെ എഴുതിയിരുന്നത് പഴഞ്ചനായിപ്പോയി എന്ന് മാർക്‌സും ഏംഗൽസും തന്നെ കുറ്റസമ്മതം നടത്തിയിരുന്നു” .”തങ്ങൾ എഴുതിയതിൽ കാലോചിതമാറ്റം വേണമെന്ന് ഇരുവർക്കും ബോധ്യമുള്ളതായിരുന്നു” . ഇതൊക്കെ ഏംഗൽസിന്റെ പിൻഗാമിയായി ഭാവിക്കുന്ന ബിനോയ് വിശ്വം കണ്ടെത്തിയതാണോ? എന്ത് അൽപ്പത്തമാണ് ഇത് ?
തെറ്റായാലും ശരിയായാലും അതുതന്നെയല്ലേ ബേബിയുടെ ഭാഷ്യത്തിന്റെയും ആണിക്കല്ല് . “വേദവാക്യംപോലെ വള്ളിപുള്ളി മാറ്റം വരുത്താതെ ” നടപ്പിലാക്കിക്കൊള്ളണമെന്ന് മാർക്സോ ഏംഗൽസോ എങ്ങും പറഞ്ഞിട്ടില്ല എന്നെല്ലാമുള്ള തൊടുന്യായങ്ങൾ മാർക്സിസം ഉണ്ടായ കാലം മുതലേ കേട്ട് തുടങ്ങിയതല്ലേ .അതൊക്കെ ഒന്ന് അടച്ചുവെച്ചു ഗുണപരമായ എന്തെങ്കിലും ചിന്തിക്കൂ നവ ഏംഗൽസേ! അല്ലെങ്കിൽ ഇത് വംശമറ്റുപോകും. അച്ഛനും അമ്മയും ഒരായുസ്സ് മുഴുവൻ കൊണ്ടുനടന്നതല്ലേ? .മകനും പല സ്ഥാനമാനങ്ങളും ഒത്തുകിട്ടിയപ്പോൾ ഇത്രത്തോളമായി . ഇനിയും ഇത് ഈ നാട്ടിൽ വേണ്ടേ? മോദിയുടെ പ്രസംഗം കേട്ട് ഇനിയും കോൾമയിർക്കൊണ്ട് അന്ധാളിക്കാൻ പാർലമണ്ടിൽ ഇനിയും ഒരു കമ്മ്യുണിസ്റ്റ് ആചാര്യനായ ബിനോയ് വിശ്വം(?) വേണ്ടേ|?
നോക്കൂ നവ ഏംഗൽസ് നിഷ്ക്കളങ്കമായി വാദിക്കുന്നത്: “സോവിയറ്റ് യൂണിയന്റെ തകർച്ച പരിശോധിക്കുമ്പോഴും ഈ പാളിച്ചയാണ് വ്യക്തമാകുന്നത്.അത് മാർക്സിസത്തിന്റെ പരാജയമല്ല .അതാതു രാജ്യങ്ങളിൽ പ്രയോഗിച്ചവരുടെ പാളിച്ചയാണ്.” കുറ്റം ജ്യോതിബാസുവിനും ബുദ്ധദേബിനും മണിക് സർക്കാരിനും മറ്റും മറ്റുമാണെന്നർത്ഥം !
എം എ ബേബിക്ക് എന്തുകൊണ്ട് ഇത് മനസിലാകുന്നില്ല എന്നാവാം ഇക്കാര്യത്തിൽ ഒരു “സർവ്വവിജ്ഞാന കോശം” എന്ന് അവകാശപ്പെടുന്ന ബിനോയ് വിശ്വത്തിന്റെ സംശയം.
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സേവകർ ആയിരുന്നു ഇന്ത്യയിലെ കമ്മ്യുണിസ്റ്റുകാർ എന്ന പഴിയാണ് ആരംഭകാലം മുതലേ ഗാന്ധിജിയും മറ്റും ആരോപിക്കുന്നത്? അതിനു എന്തെങ്കിലും ക്യാപ്‌സൂൾ കയ്യിലുണ്ടോ ബിനോയ് വിശ്വമേ? എരിപൊരികൊള്ളുന്ന കേരളം താങ്കളുടെ ചിന്തയുടെ ചക്രവാളത്തിൽ ഇപ്പോഴില്ലേ . ഇവിടെ തേനും പാലും ഒഴുകുകയാണോ? ഏതു കാര്യത്തിലാണ് കേരളത്തിലെ ഇടതുപക്ഷ ഭരണം മറ്റ് ഭരണങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നത് ?
പാരീസ് കമ്മ്യുണിലെ പ്രശ്നങ്ങൾ അടുത്ത മെയ് ദിനം കഴിഞ്ഞു എടുത്താൽ പോരേ ? അത് അവിടത്തെ ജനങ്ങൾ നോക്കിക്കൊള്ളും. തൽക്കാലം ആദ്യം കെ എസ് ആർ ടി സിയിലെ പ്രശ്നങ്ങൾ എടുക്കാം. അതല്ലേ മര്യാദ?
താങ്കളെപ്പോലുള്ളവർ ആണയിടുന്നു : “സോവിയറ്റ് യൂണിയന്റെ തകർച്ച പരിശോധിക്കുമ്പോഴും ഈ പാളിച്ചയാണ് വ്യക്തമാകുന്നത്.അത് മാർക്സിസത്തിന്റെ പരാജയമല്ല .അതാതു രാജ്യങ്ങളിൽ പ്രയോഗിച്ചവരുടെ പാളിച്ചയാണ്. എന്ന് .
“ഭുവനപ്രസിദ്ധ സാഹിത്യകാരനായ ബോറിസ് പാസ്റ്റർനാക്കിന്റെ ഡോ ഷിവാഗോ എന്ന നോവലിന് നോബൽ സമ്മാനം ലഭിച്ചെങ്കിലും അതുപോയി വാങ്ങാനുള്ള അനുമതി സോവിയറ്റ് സർക്കാർ കൊടുത്തില്ലല്ലോ . അത് ഏതു വ്യക്തിയുടെ പാളിച്ചയാണ് . ലോകമെമ്പാടുമുള്ള എഴുത്തുകാർ അക്കാലത്തു സമാന നിരോധനങ്ങൾക്കു ഇരയായായല്ലോ .എത്രയെത്ര നടൻമാർ ശാസ്ത്രജ്ഞർ സിനിമാ സംവിധായകർ എല്ലാം ഇത്തരത്തിൽ നിഗ്രഹിക്കപ്പെട്ടുവല്ലോ .അത് ഏതെങ്കിലും ഒരു ഭരണാധികാരിയുടെ കാലത്തുമാത്രമല്ല. ജോർജ്ജ് ഓർവലിനെപ്പോലുള്ളവരുടെ .സോൾഷെനിറ്റ് സെന്നെപ്പോലുള്ള വരുടെ പുസ്തകങ്ങൾക്ക് മുഴുവൻ നിരോധനം ഉണ്ടായല്ലോ. ഇതൊക്കെ ഏതെങ്കിലും വ്യക്തിയുടെ കൈപ്പിഴ ആയിരുന്നോ? അതോ കമ്മ്യുണിസ്റ്റ് ഭരണത്തിൽ നടമാടിയിരുന്ന നൃശംസതയും നൈഷ്‌ഠൂര്യവും കാരണമായിരുന്നുവോ ? പാസ്റ്റർനാക്കിനോടോ ദസ്തയോവിസ്‌ക്കിയോടോ ജോർജ്ജ് ഓർവലിനെപ്പോലുള്ളവരോടോ .സോൾഷെനിറ്റ് സെന്നെപ്പോലുള്ളവരോടോ വിഖ്യാത ചലച്ചിത്ര സംവിധായകൻ അലക്‌സാൻഡർ അഷ്ക്കോൽഡോവ്വരോടോ ചെയ്തതിന് എന്ത് ന്യായീകരണം? മാർക്സോ ഏംഗൽസോ അതിന് എങ്ങിനെ ഉത്തരവാദിയാകും എന്ന് ചോദിക്കാം. ഒരു കാര്യം മറച്ചുവെക്കാനാകില്ല. അവരിൽനിന്നാണ് ഇത് ഉറവ പൊട്ടിയതെന്ന് പറയുന്നില്ലെങ്കിലും ലോകമാസകലം ഈ അർബുദം പരത്തിയത് മറ്റാരു ആശയവുമല്ലല്ലോ . അതിന്റെ പ്രേതം ഇപ്പോഴും നമുക്കിടയിൽ ജീവിക്കുന്നുവല്ലോ . അതുകൊണ്ടല്ലേ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കു പാസ്റ്റർ നാക്ക് അന്തരിച്ചു അരനൂറ്റാണ്ട് കഴിഞ്ഞിട്ടും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ട ബഹുമതി കമ്മ്യുണിസ്റ്റ് കാരിയായ ശൈലജയും വാങ്ങുന്നത് തടഞ്ഞത് പാസ്റ്റർനാക്ക് നോബൽ സമ്മാനം വാങ്ങുന്നത് തടയുമ്പോൾ കെ കെ ശൈലജ ജനിച്ചിട്ടുപോലുമില്ല. .അപ്പോൾ വ്യക്തികളുടെ വ്യതിയാനം എന്ന് വിശേഷിപ്പിക്കുന്നത് വെറും ഭംഗിവാക്കോ നുണയോ ആണ്. ഇത് പ്രാകൃതമായ ഡോഗ്മയാണ് .
സത്യം എന്താണ്? മാർക്സിസത്തിൽ അതിനു സ്വാതന്ത്ര്യം നൽകില്ല. അതിനു ഒരാശയത്തെ മറയാക്കുന്നു. വേദവാക്യമാക്കുന്നു .അതിനുള്ള ഇടം മാർക്സിസം ലെനിനിനിസത്തിലെവിടെയോ ഉൾച്ചേർന്നിരിക്കുന്നു. അത് സമ്മതിച്ചുകൊടുത്തേ പറ്റൂ. തർക്കിച്ചിട്ടു കാര്യമില്ല. പക്ഷെ മാർക്സിസം ലെനിനിസം എന്നും മുറുകെപ്പിടിച്ചിരുന്ന നൃശംസത ശൈലജമാരുടെ കാലമായിട്ടും അയവില്ലാതെ തുടരുന്നു എന്നത് അതിന്റെ കഠോരത തന്നെയല്ലേ.