കമലയും വീണയുംഇനി ദുർഗ്ഗയോ ?
പ്രിയ സഖാവ് ഇ പി ജയരാജൻ
പഴയ സഹപ്രവർത്തകന്റെ എളിയ വിനയപുരസ്സരമുള്ള അഭ്യർത്ഥനയാണ് . ഒരു വളച്ചുകെട്ടുമില്ലാതെ പറയുകയാണ്. അങ്ങ് രാഷ്ട്രീയത്തിൽ നിന്ന് അടിയന്തിരമായി പിന്മടങ്ങണം . ചിലപ്പോൾ ഏറ്റവും അവസാനത്തെ ഇപ്പോഴത്തെ നീക്കം, അതിന്റെ നാടകീയ പ്രഖ്യാപനത്തിനുള്ള ബുദ്ധിപരമായ തുടക്കമാകാം. അത്രപോലും വേണ്ട. അതിനുള്ള യോഗ്യതപോലും ഇന്ന് അങ്ങേയ്ക്കില്ല. തരംതാഴ്ത്തി പറയുന്നതല്ല പൂർണ്ണ ആദരവോടെ പറയുന്നതാണ്. അങ്ങ് ഈ നാടകം അവസാനിപ്പിക്കണം. കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കണം. ഒരുപാട് നിഷ്‌കളങ്കർ ഉരുൾചക്രത്തിനടിയിൽ പെട്ടുപോയി . അതിൽ ഏറെപ്പേർ കാലപുരിയിലേക്ക് യാത്രയായി. ഇനിയും കുറേപ്പേർ ചതഞ്ഞരഞ്ഞു കിടപ്പുണ്ട്. അതോടെ നമ്മളും ‘സംപൂജ്യ’രാകും.
ഈ ഘട്ടത്തിൽ കുത്തുവാക്കുകൾ ഒന്നും പറയുന്നില്ല.ശരിയുമല്ല.
ഇന്ദിര എന്നാൽ ഇന്ത്യയെന്നും ഇന്ത്യയെന്നാൽ ഇന്ത്യയെന്നും വ്യാഖ്യാനിച്ചു ജനങ്ങളെ കോൾമയിർകൊള്ളിച്ച ഒരു ദേവ കാന്ത് ബറുവ അസമിലെ മലമ്പ്രദേശത്തു ഏതോ ശവക്കല്ലറയിലെ അസ്ഥിപഞ്ജരമായി കിടപ്പുണ്ട്. ഇപി യും അവസാന നിലനിൽപ്പിനായി അത്രത്തോളം പോയിരിക്കുന്നു.
ബറുവയ്ക്കു ഇന്ദിര ദുർഗയായിരുന്നല്ലോ!. ഇനി ഇ പി കമലയ്ക്കും വീണയ്ക്കും എന്ത് പേരിടും?
എന്റെ യൗവ്വനകാലത്തു എസ് എഫ് ഐ പ്രവർത്തനവുമായി ഒരു രാത്രി കയ്യൂരിലൂടെ ടാക്‌സി യിൽ സഖാവിനൊപ്പം സഞ്ചരിക്കുമ്പോൾ എന്നോടൊപ്പം ഇരിക്കുന്നത് നാളത്തെ എകെജി ആയിരിക്കുമെന്ന് വെറുതെ മോഹിച്ചുപോയി. തുടർന്ന് അടുത്തദിവസത്തെ യാത്ര കോടിയേരിയോടൊപ്പം കൂത്തുപ്പറമ്പിലേക്ക് ആയത് യാദൃശ്ചികം. അതാവും നാട്ടുകാരുടെ നർമ്മ കുലപതി ഇ കെ നായനാർ എന്നും അന്ന് സ്വപ്നം കണ്ടിരുന്നു.എന്റെ വലിയ ദൗർബല്യമാണ് ഇങ്ങിനെ സ്വപ്നങ്ങൾ വാരിക്കൂട്ടുക എന്നത് .പലപ്പോഴും അതെല്ലാം ദുസ്വപ്നങ്ങളോ മറുകുറ്റികളോ ആകുകയാണ് പതിവ്. അക്കാലത്തു ഞങ്ങളൊക്കെ എസ് എഫ് ഐ യുടെ സംസ്ഥാന കമ്മിറ്റിയിൽ അംഗങ്ങളായിരിരുന്നു. ദശാബ്ദങ്ങൾ പിന്നിട്ടപ്പോഴും സ്വപ്നങ്ങൾ കൂട്ടിവെച്ചു തന്നെ ജീവിച്ചു.
പെരളശ്ശേരിയിൽ ഏകെജിയുടെ സഹോദരന്റെ പറമ്പിലെ പറങ്കിമാവ് പഴങ്ങളും അതിരാവിലെ മാമ്പഴവുമായി സ്വന്തം വീട്ടിൽ നിന്ന് നടന്നുവരുന്ന എം വി ജയരാജനെ കാണുമ്പോഴും സ്വപ്‌നങ്ങൾ വിരിഞ്ഞിരുന്നു. കണ്ണൂരിൽ നിന്ന് നട്ടുച്ചപ്പടം കാണാനുള്ള ജയരാജന്റെ അന്നത്തെ അമിതമായ ആസക്തിക്കടിയിലും ചുട്ടുപൊള്ളുന്ന വെടിമരുന്ന് ഉണ്ടാവുമെന്ന നേരിയ പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷെ നാവിൽ നിന്ന് ആ ശുംഭൻ ഇറങ്ങി വന്നതോടെ അതിലെ പ്രതീക്ഷയും തെറ്റി. ഇനി അധികം പറയുന്നില്ല.
എകെജി തന്നെയാണ് ഇപി എന്ന് കരുതിക്കോട്ടെ. ഇല്ല. ഇപി, ഏകെജിക്കൊപ്പമില്ല. ഇപി യുടെ ഹൃദയത്തിൽ ഇരുന്ന എകെജി പറന്നു പറന്നു അകന്നു പോയി. ഇപ്പോൾ ജൈക് സി തോമസിന് പരിചിതമായ ഏകെജിയെ ഇ പി ക്കുമുള്ളൂ . ജൈക് സി തോമസായിരിക്കാം ഇപ്പോൾ താരം . പക്ഷെ പഴയ പുൽപ്പുലി ഇ എം ജോർജ്ജിന്റെ അടുത്തെത്തില്ല ജൈക് സി തോമസും . ഇ എം ജോർജ്ജിന്റെ ഒപ്പമെത്താൻ ജൈക് ന് ഇനിയും പുതുപ്പള്ളിയിൽ കുറേദൂരം നടക്കാനുണ്ട്.
ജയരാജനോളം, മരണത്തെ മുഖാമുഖം കണ്ട ത്യാഗങ്ങൾ,വിവാദങ്ങളും കഠിനമായ എതിർപ്പുകളും , അധികമാരും അനുഭവിച്ചിട്ടില്ല. ശ്രീകോവിലിനുള്ളിൽ കയറി ആരുടേയും താങ്ങില്ലാതെ മുഖ്യവിഗ്രഹത്തെ മറിച്ചിട്ട ആ സാഹസികതയും ധീരതയും ഉണ്ടല്ലോ `അത് ഒരു കളരിയിലും നിന്ന് കിട്ടുന്നതല്ല . മനുഷ്യനായി പിറവിയെടുത്ത ഒരു ധീരയോദ്ധാവിൽ മാത്രം ഉൾച്ചേർന്നിട്ടുള്ളതാണ്. അതിന്റെ ശീർഷാസനമായിരിക്കാം വിമാനത്തിൽ കണ്ടത്.
ദില്ലിയിൽ നിന്ന് കണ്ണൂരിലേക്കുള്ള രാജധാനി എക്സ്പ്രസിൽ അവസാനിച്ചു പോകുമായിരുന്ന ആ ധീരന്റെ ജീവിതത്തെ ഏതോ കടങ്കഥപോലെയാണ് ഏതോ അദൃശ്യ ശക്തി കർത്താവിനെപ്പോലെ ഉയിർത്തെഴുന്നേൽപ്പിച്ചത്. അന്ന് ഞാൻ ദില്ലിയിൽ ദേശാഭിമാനി ബ്യുറോ ചീഫ് ആയിരുന്നു. എന്നെ ഇന്ന് ഓർമ്മയുണ്ടോ എന്നറിയില്ല. ഞാൻ എന്റെ ജീവിതത്തിൽ ദേശാഭിമാനിയിൽ പ്രവർത്തിച്ചിരുന്നു എന്ന് എവിടെയെങ്കിലും രേഖപ്പെടുത്തിയിട്ടേയില്ല എന്നത് ജയരാജനടക്കമുള്ളവർ അവിടെനിന്ന് എനിക്ക് നൽകിയ ബഹുമതിയാണ്. സന്തോഷം. പാർലമെന്റിലെ സെന്റർ ഹാളിലും ഇരുസഭകളിലും കേന്ദ്രസർക്കാരിലെ പ്രസ് ഇൻഫർമേഷൻ ബ്യുറോ യിലും ഇതുപോലൊരു പേര് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊരു മായാവി!
എന്തായാലും ജയരാജന് ആപത്തുണ്ടായപ്പോൾ എന്റെ ദില്ലിയിലെ സാന്നിദ്ധ്യം ഒരു കമ്മ്യുണിസ്റ്റ്കാരനെന്ന നിലയിലുള്ള എന്റെ ഉത്തരവാദിത്വം കുറ്റമറ്റ രീതിയിൽ നിർവ്വഹിക്കാൻ അവസരമുണ്ടാക്കി എന്നതിലും എനിക്ക് അഭിമാനമുണ്ട്. ഞാൻ പറയുന്നത് എല്ലാ അർത്ഥത്തിലും മനസ്സിലാക്കും, ഒന്നുകൂടി ആവർത്തിക്കട്ടെ ‘എല്ലാ അർത്ഥത്തിലും’ എന്ന് ഉറപ്പുണ്ട്.
ജയരാജന് നേരെ വധശ്രമം നടക്കുമ്പോൾ യാദൃശ്ചികമായി അതിലെ പല അന്തർനാടകൾക്കും സാക്ഷ്യം വഹിക്കാൻ എനിക്കവസരം ലഭിച്ചു. ദൈവം ഉണ്ടെന്ന് പലരും പറയുന്നത് സത്യമാണെന്ന് തിരിച്ചറിയാൻ ഇ പി യുടെ രണ്ട് മക്കൾക്കും ജീവിതാവസാനം വരെ ബോദ്ധ്യമാകാൻ ഉള്ള അവസരമായിരുന്നു അതിലെ കൊടും ചതി അവശേഷിപ്പിച്ചിട്ട് പോയ തെളിവുകൾ.
അതിലേക്ക് കൂടുതൽ കടന്നാൽ ഒരു പുസ്തകമെഴുതിയാലും അവസാനിക്കില്ല.