കേരളം ശുദ്ധീകരിക്കപ്പെടുമ്പോൾ
ശുഭാന്ത്യ സൂചന തരുന്ന തലക്കെട്ട് തന്നെ ഈ കുറിപ്പിന് ചാർത്തിക്കൊടുക്കണമെന്ന് ആഗ്രഹിച്ചാണ്, ഇങ്ങിനെ എഴുതിത്തുടങ്ങിയത്. കേരളത്തിലെ മാധ്യമങ്ങൾ ഒന്നടങ്കം ഈ നാട് നന്നാക്കിയേ അടങ്ങൂ എന്ന ശാഠ്യത്തിൽ നിൽക്കുമ്പോൾ ഞാൻ അത്രയെങ്കിലും ചെയ്തില്ലെങ്കിൽ അത് രാജ്യത്തോടുള്ള എന്റെ നെറികേടാവില്ലേ ? ഓരോ വൻസ്രാവുകളെ പിടിച്ചു മുഖം നോക്കാതെ കാരാഗൃഹത്തിലടച്ചു കൊണ്ടിരിക്കുമ്പോൾ(!) നാടിനൊത്തു ഞാനും ഓടണ്ടേ ?
കേന്ദ്ര സർവ്വീസിൽ കഴിഞ്ഞ ഏതാനും വർഷമായി കേരളത്തിൽ ജോലി തരപ്പെടുന്നതെല്ലാം വിരുതൻ ശങ്കുമാർക്കാണല്ലോ . ഇംഗ്ലീഷ് അക്ഷരമാല തുറന്നുവെച്ചാണ് ഓരോ വകുപ്പിനും പേരിടുന്നത് പോലും. വകുപ്പുതലവന്മാരാകട്ടെ പഴയ കാലത്തെ സിനിമകളിൽ സ്റ്റണ്ട് രംഗങ്ങളിൽ കസറിയ പ്രകടനക്കാരായിരുന്നുവോ എന്ന് തോന്നിപ്പോകും. സിനിമയിലെ ഡ്യുപ്പ് ഇടിയേ ഇവർക്ക് പരിചയമുള്ളൂ എന്ന് തോന്നിപ്പോകുന്നൂ . ഏറ്റുമാന്നൂർ ക്ഷേത്രത്തിലെ വിഗ്രഹം പൊക്കിയെടുത്ത സ്റ്റീഫന്റെ മേൽ പ്രയോഗിച്ച ഇടി ഇ ഡി ക്കാർക്ക് പരിചിതമല്ല. ഒറ്റയിടിക്കു ഒറ്റ വിഗ്രഹം. അതായിരുന്നു ഡി വൈ എസ് പി
റിഷി കേശൻ നായരുടെ ഇടി യുടെ പൊരുൾ.
ഏറെ കൗതുകകരം ഇ ഡി അന്വേഷണം അവസാനിപ്പിച്ചുകൂടെ എന്ന് സദുദ്ദേശത്തോടെ നാട്ടുകാർ ചോദിക്കുന്ന അവസ്ഥയിലെത്തി. സ്വപ്നയുടെ പഠന സർട്ടിഫിക്കറ്റ് മാത്രമല്ല അനേഷണം ഏറ്റെടുത്തിരിക്കുന്ന ഉന്നതരുടെയും സർട്ടിഫിക്കറ്റ് അസ്സൽ ആണോ എന്നതിൽ പലർക്കും സംശയം തുടങ്ങിയിരിക്കുന്നു.
ഏറ്റവും അവസാനം വലയിലായ സ്രാവാണ് ഇനി ഷോക്കടിപ്പിക്കാൻ ഊഴം കാത്തിരിക്കുന്നത്. അന്വേഷണ സംഘം ഇപ്പോൾ പറയുന്നത് തെളിവ് കിട്ടിയില്ലെങ്കിലും ‘ചാറ്റ് ‘കിട്ടിയാൽ മതിയെന്നാണ്. മതി. പക്ഷെ അതും ശങ്കരാടിയുടെ രേഖപോലെ ആയാലോ?
എന്റെ വായനക്കാർ ഇപ്പോൾ കടുത്ത ആശയകുഴപ്പത്തിലാവും ഇപ്പോൾ. എന്താ ഇയാളും കൂറുമാറിയോ എന്ന്? അതാണ് മാധ്യമങ്ങളുടെ സാമർഥ്യം. ഒരക്ഷരം ഉരിയാടാതെ നിൽക്കുന്നവനെയും വാചാലമായി സംസാരിച്ചവൻ എന്ന് പ്രതീതി സൃഷ്ടിക്കും. അനേഷണം ഏറ്റടുത്തിരിക്കുന്നത് ബ്യുറോ ചീഫുമാരും സ്പെഷലിസ്റ്റുകളും ആണ്. ആരുകൊടുക്കുന്ന വിവരങ്ങൾ എന്നത് ടോപ് രഹസ്യമാണ്. ‘സാഗർ കോട്ടപ്പുറ’ത്തിന്റെ പണിയല്ല ഇ ഡി എന്ന മാന്യൻ എടുക്കേണ്ടത് . ഇവറ്റകൾക്കൊന്നും സ്വന്തം വീട്ടിലും പേരില്ലേ . മാധ്യമങ്ങളിൽ സർവ്വത്ര ഇ ഡി ആണ്.എല്ലാവരും മലാലമാർ എന്ന് പറഞ്ഞപോലെ എല്ലാം ഇ ഡി മാർ. മറ്റേ ടോയ്‌ലറ്റിൽ ആളുണ്ടോ എന്നതിന് പകരം അവിടെയും ഇ ഡി ഉണ്ടോ എന്നാണോ ഭാര്യയും ഭർത്താവും വീട്ടിൽ പോലും സംസാരിക്കുന്നത് .
മേശപ്പുറത്തിരുന്ന ചൂട് സൂപ്പിൽ നിന്ന് ഉയരുന്ന കുഞ്ഞു പുകച്ചുരുളുകൾ കാണുമ്പോൾ പാത്രത്തിൽ ഉണ്ടാകുന്ന ചലനം കൊടുങ്കാറ്റായി തെറ്റിദ്ധരിച്ചു ഏതെങ്കിലും ഇ ഡി വിറച്ചു പോകുന്നെങ്കിൽ അയാളെ വെനീസിലെ കച്ചവടക്കാരനിൽ നിന്ന് ഷേക്സ്പിയർ കടംകൊണ്ടതാകാം. അതുവെച്ചു ഒരു കേസും തെളിയാൻ പോകുന്നില്ല.സൂപ്പ് തണുത്തു കഴിയുമ്പോൾ ചപ്പുചവറുകളുടെ കൂട്ടത്തിൽ തട്ടേണ്ടിവരുമെന്നുമാത്രം.
ഞാനറിയുന്ന ഒരു സി എം രവീന്ദ്രൻ പണ്ട് തലസ്ഥാനത്തു ഉണ്ടായിരുന്നു. സി എം എന്ന ആഢ്യത്വം ഒന്നും ചേർത്തുവിളിച്ചു എനിക്ക് പരിചയമില്ല. ഒരു വെറും രവി.
എസ് എസ് എൽ സി പഠനം പൂർത്തിയായിട്ടുണ്ടാകും എന്നാണ് അറിവ്. ഒരു കഠിനാധ്വാനി. നിയമസഭയിലെ പാർലമെണ്ടറി പ്രവർത്തനത്തിന്റെ വ്യാകരണം എഴുതി ഉണ്ടാക്കിയ ഒരുവൻ. അക്കാലത്തു ഗവേഷണ പടുക്കളേയും ബുദ്ധിജീവികളെയും നിയമസഭയുടെ അകത്തളങ്ങളിൽ കണ്ട പരിചയമെനിക്കില്ല. ഓരോ കെട്ട് നിയമസഭാ ഫയലുകളുമായി അകത്തളങ്ങളിൽ ഓടിക്കൊണ്ടിരുന്ന ഒരു പാർട്ടി യന്ത്രമായിരുന്നു ഈ രവി . നിയമസഭാ ചോദ്യാത്തരങ്ങൾ ഒരു ശാസ്ത്രജ്ഞനെക്കാൾ വിരുതോടെ ചിട്ടപ്പെടുത്തിയിരുന്ന ഒരു രവി. അടുത്ത ദിവസത്തെ അടിയന്തിര പ്രമേയം എന്തായിരിക്കണം ആർക്കായിരിക്കണം അതിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാനുള്ള ചുമതല തുടങ്ങിയ ഊരാക്കുടുക്കുകളിൽ കയ്യടക്കത്തോടെ തീരുമാനങ്ങളിൽ പങ്കാളിയായിരുന്ന ഒരു രവി.. സബ്മിഷനുകൾ സഭയിൽ എങ്ങിനെ ശരവേഗത്തിൽ എത്തിച്ചു കൊടുത്തുകൊണ്ടിരിക്കണം. അഗ്നിപർവ്വതം പോലെ പൊട്ടുന്ന അഴിമതി ബോംബുകൾ എവിടെ കുഴിച്ചിടണം സഭയിൽ എപ്പോൾ പൊട്ടണം എന്നതൊക്കെ ഷെഡ്യുൾ ചെയ്യുന്ന ഒരു ബുദ്ധികേന്ദ്രം.അർദ്ധരാത്രി രണ്ടര,മണിക്കും അടുത്തദിവസം ഇ പി ജയരാജൻ സഭയിൽ സംഭവബഹുലമാക്കേണ്ട തിരുവനന്തപുരം ടൈറ്റാനിയം പ്ലാന്റിന്റെ അഴിമതിയെക്കുറിച്ചുള്ള സംശയത്തിന്റെ നിഴലുകൾ അവസാനിക്കാത്ത ഇ പി ജയരാജന്റെ സംശയ യുക്തികൾക്ക് മറുപടി നല്കാൻ കടപ്പെട്ട രവി.. ഇതെല്ലാം കമ്പ്യൂട്ടർ ഇല്ലാതിരുന്ന കാലത്തെ നിയമസഭയിലെ കമ്പ്യൂട്ടറിന്റെ പൊട്ടപ്പേര് ഒരു സാധാരണ നാട്ടുമ്പുറത്തുകാരന്റെ പേര് ആയിരുന്നു.
രവീന്ദ്രൻ.
ഡിജിപി പദവിയിലിരിക്കുന്ന ജയറാം പടിക്കലിനെ താഴെയിറക്കാനുള്ള വിജിലൻസ് റിപ്പോർട്ട് ദേശാഭിമാനിയിലൂടെ പുറത്തുവിട്ട് സമ്മർദ്ദം മൂലം അയാൾ രാജിവെക്കേണ്ടിവരുമെന്ന് ഉറപ്പായപ്പോൾ എന്നാൽ ഒപ്പം രണ്ടാമൻ ഡിജിപി മധുസൂദനനെ കൂടി താഴെയിറക്കാൻ ആദ്യ റിപ്പോർട്ട് ചോർന്നതിന്റെ പാപഭാരം മധുസൂദനനിൽ ചുമത്തി ദേശാഭിമാനിയിൽ ഒരു റിപ്പോർട്ട് കൂടി വരണമെന്ന് ബുദ്ധി ഉപദേശിച്ച അതിബുദ്ധിമാൻ.അങ്ങിനെ തുരുതുരാ രണ്ട് ഡിജിപിമാരും പുറത്തായപ്പോൾ താനൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ നടന്ന പാവം രവീന്ദ്രൻ!
ആ രവീന്ദ്രന് കരുതിക്കൂട്ടിയല്ലാതെ എന്തെങ്കിലും കൈപ്പിഴ സംഭവിച്ചാലും അമിട്ട് ഷാ കൊടുക്കുന്ന ഭരണഘടന നോക്കിത്തന്നെയാണ് നടപടിയെടുക്കേണ്ടത്. തർക്കമില്ല. തെറ്റ് പറ്റി, എങ്കിലും ഞാൻ പാർട്ടിക്ക് വിധേയനാകേണ്ട ആൾ ആണ് എന്ന് വീർപ്പുമുട്ടി നിന്ന് പറയുന്ന ഒട്ടേറെ മുഖങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അവരുടെ പശ്ചാത്താപത്തിന് ഞാൻ നൽകുന്ന വില അമ്മയുടെ മുലപ്പാലുപോലെ വലുതാണ്. തീർച്ചയായും രവീന്ദ്രനും തിരുത്തലുകൾക്ക് അതീതനല്ല .ശിക്ഷക്ക് ദയയും അർഹിക്കുന്നില്ല. സംശുദ്ധിതന്നെയാണ് വലുത്.
പക്ഷെ
കേരളത്തിലേ നിയമസഭാ പാർട്ടിയെ അടുക്കും ചിട്ടയുമുള്ള സൈനിക മുറയിലുള്ള പാർട്ടിയായി മാറ്റിപ്പണിതതിൽ എസ് എസ് എൽ സി ക്കാരനായ രവീന്ദ്രന്റെ സംഭാവനയെ ആരും എവിടെയും പുകഴ്ത്തി പറഞ്ഞിട്ടില്ലെങ്കിലും എനിക്കത് കാണാതിരിക്കാനാകില്ല.
സിപിഎമ്മിന്റെ മുഖ്യമന്ത്രിമാർ അധികാരത്തിലിരുന്നപ്പോൾ ആകെ ഒന്നോ രണ്ടോ തവണ മാത്രം സെക്രട്ടറിയറ്റിൽ പ്രവേശിച്ചിട്ടുള്ള ഒരു മാധ്യമപ്രവർത്തകനാണ് ഞാൻ. എനിക്ക് പൊരുത്തപ്പെടാനാവുന്നതല്ല. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ആചാരപരമായ അറുവഷളൻ സല്യൂട്ട് . അവിടത്തെ ദാസ്യഭാവങ്ങളും എന്നും എന്നെ മടിപ്പിച്ചിട്ടേയുള്ളൂ അതുകൊണ്ട് അകന്നുനിന്നുള്ള ബന്ധമേ എനിക്കുള്ളൂ ;അതൊരു ബന്ധം എന്നുപോലും വിശേഷിപ്പാക്കാനാകില്ല.
വഴിവിട്ട് അമിതാധികാര ശക്തിയായി മാത്രം പ്രവർത്തിക്കുന്നവർ ഒരു പാർട്ടിയിൽ വളർന്നു പന്തലിച്ചു നിൽക്കുമ്പോൾ പഴയ രവി, സി എം രവീന്ദ്രന്മാർ എന്ന കപടവേഷ ധാരികൾ ആയിട്ടുണ്ടാകും. കാൽനൂറ്റാണ്ടിലേറെ ഇതേ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിട്ടും കണ്ടിട്ടില്ലാത്ത ദുഷ്പ്രവണതകൾ ,അത്തരത്തിൽ ഉണ്ടെങ്കിൽ ,എങ്ങിനെ ഇവരിലേക്ക് അതെല്ലാം കടന്നുകയറി എന്നതും പരിശോധിക്കേണ്ടതാണ്. ഒരേ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരിൽ ഒരു വിഭാഗത്തിൽ ഇത്തരം വൈറസ് കാണപ്പെടുന്നത് എന്തുകൊണ്ടാണ് എന്നതും സ്വയം പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്.
ഞാൻ വിദ്യാർത്ഥിയായിരുന്നപ്പോൾ സെക്രട്ടറിയേറ്റിലെ ഇടതുപക്ഷ ജീവനക്കാരുടെ എണ്ണം നൂറോ ഇരുന്നൂറോ മറ്റോ ആയിരുന്നു. അന്നത്തെ സംഘടനയുടെ രാജകുമാരൻ കുചേലദാസ് ആയിരുന്നു.സർവ്വസമ്മതൻ.
ഇ എൻ മുരളീധരൻ നായർക്ക് ശേഷം എസ് എസ് എൽ സിക്കാരനായ രവിയാണ് ഉന്നത പദവികൾ വഹിച്ചിരുന്ന സിവിൽ സവീസ് ഉദ്യോഗസ്ഥരുമായും മറ്റും, പാർട്ടിയുമായുള്ള പൊക്കിൾക്കൊടി ബന്ധം അലോസരമില്ലാതെ ദശാബ്ദങ്ങൾ മുന്നോട്ടു കൊണ്ടുപോയത്.
ഞാൻ എഴുതിയതിൽ അതിശയോക്തികൾ ഉണ്ടാകാം. വസ്തുതാപരമായ പിശകുകൾ ഉണ്ടാകാം. ഇതിൽ പലതും രവി പോലും ഓർക്കുന്നതായിരിക്കില്ല. വിഭാഗീയത അടിമുടി ഉലച്ചുകളഞ്ഞ പാർട്ടിയിൽ അതിന്റെ ചേരിതിരിവുകൾ വെച്ച് മാത്രം എന്റെ വാക്കുകൾ കാണുന്നവരുണ്ടാകാം. പച്ചയ്ക്ക് പറയട്ടെ എനിക്കത് പുല്ലാണ്.
തലസ്ഥാന നഗരം ഇന്നത്തെ പോലെ കമ്മ്യുണിസ്റ്റുകാർക്കു തല ഉയർത്തി നടക്കാവുന്ന നഗരം ആയതെങ്ങനെയെന്ന് അറിയാത്തവർക്ക് എങ്ങിനെവേണമെങ്കിലും വിലയിരുത്താം. ഒരുകാലത്തു ഓവർബ്രിഡ്ജിലൂടെ ചുവന്ന ഉടുപ്പിട്ട് സഞ്ചരിച്ചാൽ അടി ഉറപ്പായിരുന്നു. പ്രകടനത്തിലല്ലാതെ ഒരു ദളിതൻ സ്വതന്ത്രമായി കയ്യും വീശി സഞ്ചരിച്ചു തുടങ്ങിയിട്ട് എത്രകാലമായി? ഇവിടെ ലൈഫ് മിഷൻ അഴിമതികളെക്കുറിച്ചു വാതോരാതെ പ്രസംഗിക്കുന്നവരുണ്ട്. അഴിമതിക്കെതിരെ പ്രസംഗിച്ചാൽ പോരാ, ആ തെണ്ടികളെ മുക്കാലിൽ കെട്ടി തല്ലണം .എന്നാൽ ഒന്ന് ചോദിച്ചോട്ടെ തലസ്ഥാനത്തെ രാജവീഥികളിൽ ഒരു ദളിതൻ വാസ്തു നോക്കി പണിതിട്ടുള്ള ഒരു വീടെങ്കിലും കാണിച്ചുതരാമോ? ദളിതനെന്തു വാസ്തു?