മുഖ്യമന്ത്രിക്ക്
ഇത്  സ്വയംകൃതാനർത്ഥം

ജി ശക്തിധരൻ

വിശ്വമഹാകവി ഷേക്സ്പിയറുടെ വിഖ്യാത നോവലായ മക്ബത്തിന്റെ സമകാലിക പുനരാവിഷ്ക്കാരം ആണോ  ഇപ്പോൾ  കേരളം കണ്ടുകൊണ്ടിരിക്കുന്ന  “സ്വപ്നപർവ്വം” എന്ന് സംശയിച്ചു പോകുന്നു. കേരളം പലതരം ഇല്ലായ്മകൾ കൊണ്ട്  പൊറുതിമുട്ടുമ്പോൾ  മനസിന്  തെല്ലെങ്കിലും  കുളിർമ്മയും നർമ്മവും   പകരുന്നത്  ഈ ഷേക്സ്പിയർ കഥാപാത്രങ്ങളാണ് .ഇത്  ശുഭാന്ത പര്യവസായിയാണോ അതോ  ദുരന്തപര്യവസായിയാണോ എന്ന് തീരുമാനിക്കുന്നത് “അശ്വത്ഥാമാവിന്റെ”  ആനയായിരിക്കും. തിരശീലയ്ക്കു  പിന്നിൽ നിർത്തിയിരുന്ന  സി എം രവീന്ദ്രന്റെ  പാലും കൊണ്ടുള്ള വരവാണ്  കഥയുടെ ഗതി പൊടുന്നനെ തിരിച്ചുവിട്ടത്. മായപ്പൊന്മാനോട് ഓരോരുത്തരും ആവശ്യപ്പെട്ട ‘സ:ദ്യപരനിർവൃതി’ ചാറ്റിലെ  ചുരുൾ   ഇനിയും  അഴിഞ്ഞാൽ കാരണഭൂതനും കുറ്റി ഊരേണ്ടിവരുമോ ?. അതിലൊക്കെ  സ്വപ്ന പുലർത്തുന്ന  മിതത്വത്തോട്  കേരളം നന്ദിപറയേണ്ടിവരും. അത്തരത്തിലുള്ള  ഉരുൾ പൊട്ടലുകൾക്ക് ഭ്രാന്ത് വന്നാൽ പോലും  സ്വപ്ന വഴങ്ങരുതെന്നാണ്  എളിയ അഭ്യർത്ഥന.

ദുഷ്ടലാക്കോട്‌ കേരളത്തിൽ  കാലുകുത്തിയ സ്വപ്നയും പരിവാരങ്ങളും ഇപ്പോൾ അഭിനയിച്ചു പൊടിപൊടിക്കുകയാണ്. ഇതുവരെ കണ്ടതല്ല  ഇനി കാണാനിരിക്കുന്നത് . അമിട്ട് ഷാ  മർമ്മപ്രധാനമായ ബട്ടണിൽ സ്വിച്ച് അമർത്തുമോ  എന്നതാണ്  മില്യൺ ഡോളർ  ചോദ്യം. ആ സ്വിച്ചിൽ   വിരൽ വെച്ചാൽ  പശ്ചിമ ബംഗാളിൽ പൂജ്യത്തിലെത്തിയെങ്കിൽ കേരളം  ചിലപ്പോൾ ധൂളിയാകും.   ഭൂമിയോട്  ചേർന്ന് കിടക്കുന്ന കബന്ധങ്ങളും   ടൺ കണക്കിന് ചുടു ചോരയുടെ മണമുള്ള  മണ്ണും, അകാലത്തു നിലച്ചുപോയ  നിശ്വാസങ്ങളും സ്വപ്നങ്ങളും വൃഥാവിലാകും. അത് ആലോചിക്കാൻ കഴിയാത്തതാണ് .  

സത്യം മറച്ചു പിടിക്കാതെ പറയട്ടെ   ഇത്രയൊക്കെയായിട്ടും പ്രധാന സംഭവങ്ങൾ ഇപ്പോഴും  തിരശീലയ്ക്ക്  പിന്നിൽ തന്നെയാണ്. വേണമെങ്കിൽ  മണിക്കൂറുകൾ കൊണ്ട്  ഇതിന്റെ തലതൊട്ടപ്പന്മാരെ അവർക്ക്  കാരാഗൃഹത്തിലടപ്പിക്കാം. എന്തുകൊണ്ട്  അത് അവർ വിളിച്ചുപറയാതെ  ഒളിച്ചുകളിക്കുന്നു എന്നതാണ്  ദുരൂഹം.  ഒന്നുകിൽ  ഇതുവഴി  ഒഴുകിയെത്തിയ  എണ്ണമറ്റ കോടികൾ  എവിടെയോ  സുരക്ഷിതം. അതല്ലെങ്കിൽ അമിട്ട് ഷാമാരുടെ  കൽപ്പനയ്ക്കു ഒത്തു തുള്ളുന്നു.

ഒറ്റവാചകത്തിൽ   ഞാനൊന്ന് എഴുതിക്കോട്ടെ  സഖാക്കളെ  , ഈ മുഖ്യമന്ത്രിയുടെ   കുടുംബവും സ്വർണ്ണക്കള്ളക്കടത്തു  കേസിലെ  കുടുംബവും  ഒരേ കുടുംബം  പോലെയാണ്  തിരുവനന്തപുരത്തു   ജീവിച്ചത്. ഒരേ  അടുക്കളയിലെ  പാചകം! ഗൾഫിൽനിന്ന്   എത്തിക്കൊണ്ടിരുന്ന  ടൺ  കണക്കിന് ഈന്തപ്പഴവും   സുഗന്ധ ദ്രവ്യങ്ങളും   എത്ര ബന്ധുഗൃഹങ്ങളിൽ   പങ്കുവെച്ചാലും മതിവരില്ല.

പരികർമ്മിയായി  വാർദ്ധക്യത്തിൽ  ലൈംഗിക   ഭ്രാന്ത് തലയ്ക്കുപിടിച്ച    ‘അശ്വത്ഥാമാ’വും. ആരെയും കണ്ടിട്ടില്ല, കേട്ടിട്ടില്ല,  എന്നെല്ലാമുള്ള ഗ്വാ ഗ്വാ വിളികൾ നിൽക്കക്കള്ളിയില്ലാതയുള്ള  ഭോഷ്ക്കുകൾ മാത്രം.

നെതർലൻഡ്സ്  – സ്വിറ്റ്‌സർലൻഡ്  യൂറോപ്യൻ യാത്രയുടെ   രഹസ്യങ്ങൾ  “അശ്വത്ഥാമാവിന്റെ ” വായിൽ നിന്ന് നാവിലേക്ക്  ഇറങ്ങിവന്നാൽ  അമിട്ട് പൊട്ടും. ഇന്ത്യയിൽ ഏതെങ്കിലും സംസ്ഥാന മുഖ്യമന്ത്രിക്ക്  വിദേശയാത്രയിൽ സ്വകാര്യ കമ്പനിയിൽ നിന്ന്  ലക്ഷക്കണക്കിന്  ഡോളർ ചെലവിട്ട് സുരക്ഷാ ഭടന്മാരെ ഏർപ്പാട് ചെയ്തിട്ടുണ്ടോ ? അതിന്റെ  രഹസ്യം എന്താണ്?  കേരളത്തിൽ ഇതഃപര്യന്തമുള്ള ഏതെങ്കിലും  മുഖ്യമന്ത്രിക്ക്  എന്നെങ്കിലും ഇങ്ങിനെ  സ്വകാര്യ കമ്പനികളിലെ  ‘ഖലാസി’കളെ  ഏർപ്പാട് ചെയ്തിട്ടുണ്ടോ? ഇന്ത്യൻ പ്രസിഡണ്ടിനേക്കാൾ  സുരക്ഷവേണോ   വിദേശത്തു  കേരള മുഖ്യമന്ത്രിക്ക്? കേരളത്തിലെ മുഖ്യമന്ത്രി  നെതർലാൻഡ്സിൽ  എത്തിയാൽ  അവിടത്തെ  രാജാവാണോ? അവിടെ രാജാവിനുപോലും  ഇങ്ങിനെ ഏർപ്പാടുള്ളതായി  കേട്ടിട്ടില്ല. ഈ ഭടന്മാർ മുഖ്യമന്ത്രിയുടെ  എന്ത് രഹസ്യമാണ്  സൂക്ഷിച്ചത്? എന്ത് വില പിടിച്ച സാധനം  കൈമാറ്റം ചെയ്യാനാണ്  ഇവരെ ഏൽപ്പിച്ചത്?

“അശ്വത്ഥാമാവേ” ‘സൂര്യഗായത്രി’യുടെ  സംരക്ഷണ പട്ടം  യൂറോപ്പിൽ ഏറ്റെടുത്ത്  ആ  യാത്രയിൽ   ഓരോ രാജ്യത്തിലും  ഐ ടി കമ്പനികളുടെ  ലിഫ്റ്റുകൾ കയറിയിറങ്ങിയത്  എന്തിനായിരുന്നു? എന്തുകൊണ്ടാണ്  ഈ രക്ഷാഭടന്മാർ ആധുനിക  സന്നാഹങ്ങളോടെ  നിഴൽപോലെ  പിന്തുടർന്നിരുന്നത്? തൽക്കാലം  ഇത്രയും മാത്രം?

എന്തായാലും  ഇതൊന്നും  പുറത്തുവരേണ്ടതില്ലെന്ന് പ്രതിപക്ഷ നിരയിലെ  ഒരു നേതാവും   ആഗ്രഹിക്കുന്നില്ലെന്ന്  വിശ്വസിക്കണോ ? എനിക്ക് തറപ്പിച്ചു പറയാനാകില്ല.തൽക്കാലം  ഇത്രമാത്രം.

നമ്മുടെ മുഖ്യമന്ത്രി   രണ്ട്  ദ്വന്ദങ്ങളുടെ    സംഗമമാണ് . ഒന്ന്  പട്ടിണിയിലും പരിവട്ടത്തിലും  കഴിഞ്ഞുകൂടി ജീവിതത്തിന്റെ    വെള്ളിക്കരണ്ടികൾ    അപ്രാപ്യമായ ഒരു ബാല്യം . പ്ലാവില കോട്ടിയുള്ള   കഞ്ഞിയിലും  വിരൽ തൊട്ടുള്ള  കറിയിലും  മാത്രം കയ്യെത്തുന്ന യൗവ്വനം .  ചുമപ്പിന്റെ വിപ്ലവവീര്യം ആവാഹിച്ചു  മർദ്ദിത ജനവിഭാഗത്തിന്  വേണ്ടി  ജീവൻ  പോലും   വെടിഞ്ഞു പോരാടാൻ    രണഭൂമികളിൽ  ഓടിച്ചാടി നടന്ന അതിയൗവനം .അതിന്റെ  സാഫല്യം   എന്ന നിലയിൽ  നിയമസഭാകവാടത്തിലൂടെ ഒരു പിണറായിവിജയൻ   ഉള്ളിലേക്ക് കടക്കുമ്പോൾ  കണ്ണൂരിലെ  എത്രയോ ആയിരം  ഭവനങ്ങളിലെ  പാവങ്ങൾ  ആവേശം കൊണ്ട് വീർപ്പുമുട്ടിയിട്ടുണ്ട്  . ഒരു  ധീര പടയാളി . സ്റ്റാലിൻ എങ്കിൽ  സ്റ്റാലിൻ. ഏകെജിയും  എ വി  കുഞ്ഞമ്പുവുമൊന്നും   പഠിപ്പിച്ചത്  പാഴാക്കില്ല  എന്ന  ആത്മവിശ്വാസം . പക്ഷെ  ആ ആത്മവീര്യം  ഒരു മാത്യു കുഴൽനാടൻ   പോക്കറ്റടിച്ചെങ്കിലും  സാരമില്ല. ലോകത്തെ ഏറ്റവും വലിയ  കമ്യുണിസ്റ്റ് പാർട്ടിയുടെ  തലപ്പത്തു  എത്രയോ തലകൾ ഉരുണ്ടിട്ടുണ്ട് . കുറ്റങ്ങളുടെ  കയങ്ങളിൽ മുങ്ങിയ എത്രയോ  കമ്മ്യുണിസ്റ്റ്  നേതാക്കൾ  തെറ്റ് തിരുത്തി   മടങ്ങിവന്നിട്ടുണ്ട്.  പക്ഷെ തിരുത്തലുകൾക്കു അതീതമായ  ബ്രാൻഡ് ആണ് തന്റെ  കമ്മ്യുണിസം എന്ന് ശഠിച്ചാൽ ചിലപ്പോൾ ചരിത്രത്തിലേ   ഉണ്ടാകില്ല.

ഒരു കോളജ് വിദ്യാർത്ഥിയായിരുന്ന  ഞാൻ  നിയമസഭയിലെ പിണറായി വിജയൻ   എന്ന ഈറ്റപ്പുലിയെ ആരാധനയോടെ  ഉറ്റുനോക്കിയിട്ടുണ്ട്. ഉച്ചയുറക്കം പതിവുള്ളതായി  കണ്ടിട്ടില്ലെങ്കിലും ,എം എൽ എ   ക്വാ ർട്ടേഴ്‌സിലെ  പാർലമെണ്ടറി പാർട്ടി ഓഫീസിൽ   നീണ്ട ചാരു   കസേരയിൽ  ചിന്തയിൽ  നിമഗ്നനായ  കിടന്ന ആ കമ്മ്യുണിസ്റ്റിന്റെ  മുഖം  ഇപ്പോഴും ഓർമ്മയുണ്ട്.  ചിരിക്ക്  പിശുക്ക് ഉണ്ടായിരുന്നെങ്കിലും രൗദ്രതയുടെ   വടു   ആ  മുഖത്ത്  എത്തിനോക്കിയിരുന്നില്ല. എന്തും  തുറന്ന് സംസാരിക്കാവുന്ന മനസ് . 

നിയമസഭയിൽ  പ്രസംഗിക്കേണ്ട  വിഷയത്തിലെ  പോയിന്റുകൾ   ഒരാവർത്തി മാത്രം  കേട്ടാൽ  പതിയുന്ന  തെളിഞ്ഞ മനസ്. അടിയന്തിര പ്രമേയത്തിലെ  വിഷയമാണ്   ബ്രീഫ് ചെയ്തു കൊടുക്കുന്നതെങ്കിൽ   അത് കഴിഞ്ഞു  പ്രസ് ഗാലറിയിൽ  ഞാൻ പോയിരിക്കുമ്പോൾ  കേൾക്കുന്നത്  ഒരു സ്വനഗ്രാഹി യന്ത്രം  തുറന്ന് വെച്ചപോലെയാണ്. ക്ലിനിക്കൽ ശൈലിയിൽ പ്രതിപക്ഷത്തെ  ശസ്ത്രക്രിയാ  ടേബിളിൽ  കിടത്തിയുള്ള  ദണ്ഡനമോ  സുഖ ചികിത്സയോ?  അതാണ്  ആ ശൈലി .  ബ്രീഫ് ചെയ്തുകൊടുക്കുമ്പോൾ  കേട്ടതെല്ലാം  ആ നാവിൽ നിന്ന്  ഇറങ്ങിവരുമ്പോൾ  ഒരു മൊട്ട് സൂചിവീണാൽ  കേൾക്കുന്നത്ര  നിശ്ശബ്ദതയാവും   സഭയിൽ. ഇന്നത്തെ പോലെ  കുടുംബ അത്യാർത്തികൾക്ക്  വേണ്ടി   പെരും നുണ  വിളിച്ചുപറയേണ്ട  കാര്യം അന്നില്ലല്ലോ .വേതാളങ്ങൾ ഉപദേഷ്ടാക്കളുടെ  വേഷംകെട്ടി  കുളത്തിലിറക്കി  കൊണ്ടിരുന്ന കാലമല്ലല്ലോ .

പക്ഷെ  ഇപ്പോൾ  പിണറായിവിജയൻ  ചെന്നുപെട്ടത് പ്രാഞ്ചിയേട്ടന്മാരുടെയും  മണിച്ചന്മാരുടെയും   നിറ തട്ടകങ്ങളിലായിപ്പോയി.  അവർ  റാഞ്ചിക്കൊണ്ട്  പോയത്   മുതലാളിത്തത്തിന്റെ കണ്ണഞ്ചിക്കുന്ന   കോട്ടകളിലാണ്  . എന്താണ്  ആധുനിക  പണമിടപാട്  രഹസ്യങ്ങൾ?  . പണം ഇരട്ടിപ്പിക്കുന്ന  ഗ്ലോബൽ ഇടപാടുകൾ എങ്ങിനെ? , വൻകിട വ്യവസായികളുമായി  എങ്ങിനെ  ചങ്ങാത്തം കൂടാം ,എന്തിനു ചങ്ങാത്തം  കൂടണം. മക്കളെ എവിടെ എന്തിന് പഠിപ്പിക്കണം ,അവർ എന്തിന്  ബാലൻസ് ഷീറ്റുകളുമായി   നടന്ന്  ടെലിവിഷൻ ചോദ്യത്തിന്  ഉത്തരം കൊടുത്ത് ആളാകണം . ‘അമ്മയെ  എങ്ങിനെ മദാമ്മയെപ്പോലെ   വേഷവിധാനം  ചെയത്   ലോകത്തെ കാഴ്ച വസ്തു ആക്കണം ? ഭൂമുഖത്തു  ഏറ്റവും  വിലകൂടിയ  ഭക്ഷണം  ഏത്  നൗകയിൽ  നിന്ന് കഴിക്കണം?, സ്വർഗ്ഗതുല്യമായ  നക്ഷത്ര ഹോട്ടലുകളിലെ  സുഖതാമസം എങ്ങിനെ പതിവാക്കണം ?   ഇതെല്ലാം  മുണ്ടയിൽ  കോരന്റെ  മകനെ  പഠിപ്പിച്ചത്  പറ്റിക്കൂടിയ  ചില വേതാളങ്ങളാണ്.

ഒരു കാലത്തു  ഏതു കമ്മ്യുണിസ്റ്റ് കാരനെയും പോലെ  ഇതെല്ലം  പിണറായിവിജയനും  അപ്രാപ്യമായിരുന്നു. മാറ്റത്തിന്റെ .  ഡ്രസ് റിഹേഴ്‌സൽ  നടത്തിയതും   അമേരിക്കൻ ചാരസംഘടനയായ   സി ഐ എ  തന്നെയാണ്.    ഖ്യാതിയുടെ  കൊടിമുടിയിൽ നിൽക്കുന്ന  ഒരു സാധാരണക്കാരൻ  മുഖ്യമന്ത്രിയായപ്പോൾ  സവർണ്ണ  സിങ്കങ്ങൾക്ക്  ദഹിക്കുന്നില്ല എന്നത് കൊണ്ടാകും കണ്ണൂരിൽ  ഒരു എസ്  പി  തോക്കെടുത്തപ്പോൾ  പിണറായി രണ്ടിന്  പോയി  എന്ന കടങ്കഥയുമായി  ഒരു ഗവർണ്ണർ ഇറങ്ങിയത്. ഏത് മണ്ണിലെ സംഭവമാണ്,   ഈ ഗവർണ്ണർ  പറയുന്നതെന്ന്   എനിക്ക് ബോദ്ധ്യമാവുന്നില്ല. ഇതാണ്  ഗീബൽസ് ശൈലി.  .ഇങ്ങിനെ ഒരു കഥ  സംഘപരിവാർ വേദിയിലെ പ്രസംഗത്തിന്  പറ്റും . പഴയ തലമുറയിലെ  ഒരു കമ്മ്യുണിസ്റ്റുകാരനെക്കുറിച്ചു  അങ്ങിനെ കേൾക്കുന്നത് അതു വെറും വ്യാമോഹം മാത്രം. അങ്ങിനെ രണ്ടിന് പോകുന്നവർ  ആയിരുന്നു  കേരളത്തിലെ കമ്മ്യുണിസ്റ്റുകാർ   എങ്കിൽ  ഇടപ്പള്ളി പോലീസ് സ്റ്റേഷനിൽ  പോലീസുകാരെ  വെടിവെച്ചിട്ടപ്പോൾ,    തടങ്കലിൽ കഴിയുന്ന  അച്ഛൻ എൻ കെ മാധവനെ  കാണാൻ   രണ്ടു വയസുള്ള  ഒരു ബാലൻ ഒരു  എൻ എം  പിയേഴ്‌സൺ എന്ന അമ്മയുടെ  ഒക്കത്തിരുന്ന് സ്റ്റേഷനിൽ  പോയി  കാണേണ്ടിവരുമായിരുന്നോ?   കയ്യൂരിലെയും കരിവെള്ളൂരിലെയും മുനയൻ  കുന്നിലെയും ഒഞ്ചിയത്തേയും സേലത്തെയും      രക്തസാക്ഷികൾ  ഉണ്ടാകുമായിരുന്നോ? ഏന്തിനേറെ   രക്തസാക്ഷിയായി  ഒരു നിയമസാഭംഗം കുഞ്ഞാലി ഉണ്ടാകുമായിരുന്നോ?  ജീവിച്ചിരുന്ന  കമ്മ്യുണിസ്റ്റ് നേതാക്കളെ  സ്റ്റാലിനോട്  ഉപമിക്കുകയും  അതേസമയം തോക്ക് കണ്ടാൽ  രണ്ടിന് പോകുന്നവരാണെന്ന്   ഭാഷ്യം ചമയ്ക്കുകയും ചെയ്യുന്നത്  വിരോധാഭാസം അല്ലേ ?

ഒരുകാര്യം ഓർമ്മയിൽ വെക്കുന്നത്  നല്ലതാണ്  .കടം വാങ്ങിയ  തൂവലുകൾ കൊണ്ട്   ചുമരായ ചുമരെല്ലാം അലങ്കരിച്ചു വെച്ച്  സംസ്ഥാനത്തെ ഏറ്റവും വലിയ പദവി  നേടിയശേഷം  ആ സ്ഥാനം നേടിക്കൊടുത്ത  ചിത്രത്തെ  നിലത്തിട്ട്  ചവിട്ടിയാൽ ജനം പൊറുക്കില്ല. അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സൂര്യതേജസ് എന്ന് പത്രഭാഷയിൽ   വിശേഷിപ്പിക്കാറുള്ള  മഹാമേരുവിനൊപ്പമുളള   ചിത്രങ്ങൾ   സ്വയം മോടിപിടിപ്പിച്ച്‌  ചുമരുകൾ  തോറും  പതിച്ചു നേടിയ  മുഖ്യമന്ത്രിപട്ടം  സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന  ജാള്യം, കൃതാനർത്ഥം തന്നെയാണ്.ഷേക്സ്പിയർ  പൊട്ട  കൃതികൾ  എഴുതി   ഇല്ലാത്ത പ്രശസ്തി   നേടി കബളിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന്  അസൂയാലുക്കൾ  പറഞ്ഞുപരത്തിയിരുന്നു .പക്ഷെ  യഥാർത്ഥ  ഷേക്സ്പിയറെ  ജനം തിരിച്ചറിഞ്ഞപ്പോൾ  സത്യത്തിന്റെ മുഖം പുറത്തായി.  അത് തന്നെയാണ്  ശംഖുമുഖത്ത്   കപട ഉപമ  സൃഷ്ട്ടിച്ചു   കൊടുത്ത്   അന്നത്തെ മുഖ്യമന്ത്രിയെ   ഇരുത്തിക്കളയാമെന്ന്  കരുതിയ സൂഫി പണ്ഡിതനായ  മിസ്റ്റർ  എം നും അദ്ദേഹത്തിന് വേണ്ടി വിടുവില ചെയ്ത  കെ ടി ജലീലിനും സംഭവിച്ചത്. കാലം  ഓരോന്ന് കരുതിവെച്ചിട്ടുണ്ട് . പക്ഷെ കേരളത്തിൽ   സ്വപ്നയുടെ  അരക്കില്ലം ,  സത്യത്തെ ചതിച്ചു കൊല്ലാനായി  അമിട്ട് ഷാ  തീർപ്പിച്ചതാണെങ്കിൽ   അത്  മറുകുറ്റി  പായിച്ചുകൂടെന്നില്ല. 

ഫേസ്ബുക് ൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ