ഫൂ ……

‘പഴയ വിജയൻ ആയിരുന്നെങ്കിൽ ഇതിനൊക്കെ പണ്ടേ മറുപടി പറഞ്ഞിട്ടുണ്ടാകും. അക്കാര്യം സുധാകരനോട് ചോദിച്ചാൽ മതി’…  പോലീസ് നരനായാട്ട് നടത്തുന്നതായി ആരോപിച്ചു കോൺഗ്രസ്സ് നിയമസഭയിൽ ഉന്നയിച്ച ആരോപണം പുച്ഛിച്ചു തള്ളി, കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾക്ക് മുഖ്യമന്ത്രി നൽകിയ ചുള്ളൻ മറുപടി സമ്മിശ്രപ്രതികരണമാകാം സൃഷ്ടിച്ചത്. എന്തായാലും അടുത്ത മാസവും ക്ഷേമപെൻഷനുകൾ ഒന്നും കിട്ടിയില്ലെങ്കിലും സിപിഎം അണികൾക്ക് ഈ മറുപടി വയറ് നിറച്ചിട്ടുണ്ടാകും. ഈ മുഖ്യ മന്ത്രിക്ക് വെട്ടും കുത്തും ചട്ടമ്പിത്തരവും അല്ലാതെ മറ്റൊന്നും ജനങ്ങളോട് പറയാനില്ലേ? ഇത് സഭയുടെ നിലവാരത്തകർച്ചയോ മുഖ്യമന്ത്രിയുടേയോ? സഭയെ എങ്കിലും മാനിക്കേണ്ടേ? 

ആരാ കെ സുധാകരൻ? മുഖ്യമന്ത്രിക്ക് സമനോ? ലജ്ജാകരം! ഒരു മുഖ്യമന്ത്രി നിയമസഭയിൽ പ്രതിപക്ഷത്തെ നോക്കി വിടുവായത്തം പറയുമ്പോൾ പഞ്ചപുച്ഛമടക്കി അത് കേട്ടിരിക്കാനുള്ള സഭാംഗങ്ങളുടെ ക്ഷമാശീലത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല എന്ന് കരുതുന്നവരുമുണ്ടാകും. 

ഈ വിജയൻ പണ്ട് എന്തുണ്ടാക്കിയെന്നാ പറയുന്നത് എന്ന് ആരെങ്കിലും ചോദിച്ചാലോ? അന്നും കണ്ണൂർ കേരളത്തിന്റെ ഭാഗംതന്നെയായിരുന്നില്ലേ? മലയാളികൾ തന്നെ ആയിരുന്നില്ലേ അവിടെ വസിച്ചിരുന്നത്? അതോ അത്രയും മണ്ണ് മറ്റേതെങ്കിലും ഗോളത്തിലായിരുന്നോ? 

 വീരാംഗനകളും ആണത്തമുള്ളവരും വസിക്കുന്ന നാടല്ലേ കേരളം? ഒരു മുഖ്യമന്ത്രിയുടെ വങ്കത്തം കാണുമ്പോൾ മലയാളിയുടെ തല കുമ്പിട്ടുപോകുന്നു. ജനങ്ങൾ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രി ജനങ്ങളെയും മാനിക്കുന്ന കേരളം ഇനി നമുക്ക് വേണ്ടേ?

 പല ചോദ്യങ്ങളും അന്തരീക്ഷത്തിലേക്ക് എയ്തുവിട്ടു പുകമറ സൃഷ്ടിച്ചു തടിതപ്പുന്നതിൽ ഒരു വിരുതൻ ശങ്കു തന്നെയാണ് നമ്മുടെ മുഖ്യമന്ത്രി.

 ‘കമലയുടെ പേരിൽ കമലാ ഇന്റർനാഷണൽ എന്ന സ്ഥാപനം ഉണ്ടെന്ന് നിങ്ങൾ വിളിച്ചു പറഞ്ഞില്ലേ’ എന്നാണ് അദ്ദേഹം ക്ഷോഭത്തോടെ ആവർത്തിച്ചു ചോദിക്കുന്നത്. ശരിയാണ്. അങ്ങനെ ഒരു സ്ഥാപനം ആരും കണ്ടെത്തിയിട്ടില്ല. ഇന്ന് എന്ത് കമല? ഏത് കമല? 1996 ലെ കമല എവിടെ 2023 ലെ കമല എവിടെ? എത്ര വെള്ളം ലണ്ടനിലെ തെംസ് നദിയിലൂടെ അതിനുശേഷം ഒഴുകി. കമല അതിനുശേഷം എത്ര തവണ ഭൂഗോളം ചുറ്റി? സഹ്യപർവ്വതത്തിന് സമാനമായ അഴിമതിയുടെ മഹാ വിഴുപ്പുഭാണ്ഡം തലയിലുള്ളപ്പോൾ ഇനി പെറ്റി കേസിനുപോലും വകുപ്പില്ലാത്ത ‘കമല ഇന്റർനാഷണലിനെ’ തേടി ആരെങ്കിലും പോകുമോ? ഗോവിന്ദച്ചാമിപോലും തൊടില്ല. 

മുഖ്യമന്ത്രീ, കേരളം മുഴുവൻ ചർച്ചചെയ്യുന്ന ഈ മെന്റർ കമലയേക്കാൾ വലുതല്ലേ? മടിയിൽ കനമില്ലാത്ത കമലയോ നൂറുകോടി പോലും തികയാത്ത വീണയോ വലുത് മുഖ്യമന്ത്രീ? അതോ അബുദാബി സാമ്രാജ്യം അടക്കിവാഴുന്ന പുലിക്കുട്ടി രാജകുമാരനോ? 

കമലയെ കൊണ്ടുവാ എന്ന് സമനില വിട്ടതുപോലെ പുച്ഛിക്കുമ്പോൾ എം ശിവശങ്കർ, മുറയിൽ മുഖ്യമന്ത്രിക്ക് ആരായി വരും? എം ശിവശങ്കറിന്റെ ലോക്കറിൽ കിടക്കുന്നത് ആർക്കെല്ലാം ഉള്ളതാണ് ? തൊട്ടടുത്ത മുറിയിൽ കൂട്ടുകിടക്കേണ്ട സി എം രവീന്ദ്രനെ കണ്ട ഭാവം മുഖ്യമന്ത്രി നടിക്കുന്നില്ലല്ലോ? പഴയ മുഖ്യമന്ത്രി ഇങ്ങനെ ആയിരുന്നില്ലല്ലോ?

മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ സഹപ്രവർത്തകർക്കും നേരെ ആരുടെയും തൊലി ഉരിഞ്ഞുപോകുന്ന അഴിമതി ആരോപണങ്ങൾ, കുംഭകോണങ്ങൾ. നടുറോഡിൽ നിന്ന് പച്ചയ്ക്ക് ഒരു സ്ത്രീ വിളിച്ചുപറഞ്ഞിട്ടും ഒരു നിയമനടപടിയും ഇല്ലല്ലോ ?.പിന്നെയും ചോദ്യം ‘കമല ഇന്റർനാഷണൽ എവിടെ എന്നാണ്?’

 ആ ഇന്റർനാഷണൽ വീണയുടെ നിക്ഷേപങ്ങളിൽ ഉണ്ട് സർ! വിവേക് കിരണിന്റെ അബുദാബിയിലെ നിക്ഷേപങ്ങളിലുമുണ്ട്! സി എം രവീന്ദ്രന്റെ ബുൾഡോസറിൽ ഉണ്ട്? അല്ലാതെ അധ്വാനശീലനും നിഷ്‌ക്കളങ്കനുമായ മുണ്ടയിൽ കോരന്റെ നിധികുംഭമല്ല അതിൽ. അതായിരുന്നെങ്കിൽ അത് ജനങ്ങളുടെ സ്വത്തായി എന്നേ മുണ്ടയിൽ കോരൻ ഒസ്യത്ത് എഴുതിവെക്കുമായിരുന്നു. 

 തൊണ്ണൂറുകളുടെ മധ്യത്തിൽ പൊട്ടിമുളച്ചു എന്ന് പറയുന്ന കമലാ ഇന്റർനാഷണലിനെ 2023 ൽ പോയി തപ്പിയാൽ എവിടെ കാണാൻ? അത് വളർന്നു. സഹ്യനോളം വളർന്നു. അതിന് പലരൂപഭേദങ്ങൾ ഉണ്ടാകുക സ്വാഭാവികം. ലാവ്‌ലിൻ ആയും പ്രൈസ് വാട്ടർ കൂപ്പർ ആയും എക്‌സാലോജിക് ആയും ലൈഫ് മിഷൻ നിക്ഷേപം ആയും യു എ ഇ യിലെ കൂറ്റൻ ബാങ്ക് നിക്ഷേപമായും വളർന്നിട്ടുണ്ടാകും. കമലാ ഇന്റർനാഷണൽ പാട്ടിന് പോയി. ഇപ്പോളും കപ്പലണ്ടിയും കൊറിച്ചു നടക്കുന്നവർക്കിടയിൽ കമലയെ തെരഞ്ഞാൽ പൂടപോലും കാണില്ല. 

രാഷ്ട്രീയത്തിലെ കാളക്കൂറ്റന്മാരുടെ തിണ്ണമിടുക്ക് മനസിലാക്കിവേണം നമ്മൾ സാധാരണക്കാർ അവർക്കുനേരെ വിരൽചൂണ്ടാൻ. ഒന്നും കാണാതെ അവർ ഒന്നും ചെയ്യില്ല. ഓർമ്മയുണ്ടോ 2010 ഫെബ്രുവരി 13ന് തലശ്ശേരി അന്നോളവും അതിനുശേഷം ഇന്നോളവും കണ്ടിട്ടില്ലാത്ത ഒരു വിവാഹമാമാങ്കം നടന്നത്. വരൻ വിവേക് വിജയനും വധു യു എ ഇ ലെ ഫാഷൻ ഡിസൈനർ ദീപയും. പിണറായിയിലെ മുണ്ടയിൽ കോരൻ സ്വർഗത്തിലിരുന്നു. എത്ര സ്വപ്നം കണ്ടാലും മതിവരാത്ത വിവാഹം. ഇങ്ങനെ വേണം കമ്മ്യൂണിസ്റ്റ് ആയാൽ. കേരളത്തിലെ കോടീശ്വരന്മാരിലോ സഹസ്ര കോടീശ്വരന്മാരിലോ ഒരാളും ചലച്ചിത്ര താരങ്ങളിൽ ഒരാളും മലയാളികളായ ലോകത്തെ അതിസമ്പന്നരിൽ ഒരാളും അന്ന് ഭൂഗോളത്തിൽ മറ്റൊരിടത്തും പെട്ടുപോയില്ല. ഭൂമിയിലെ സ്വർഗ്ഗം തലശ്ശേരിയിൽ വിരിഞ്ഞു നിന്ന ഒരു ദിനം. പുഷ്പക വിമാനങ്ങൾ തലശ്ശേരിയിലേക്ക് പറന്നിറങ്ങിയ ദിനം. എല്ലാ റോഡുകളും തലശ്ശേരിയിലേക്കെന്ന് വാചാലമായി പറഞ്ഞുകേട്ട ദിനം. എന്നിട്ടും ചോദിക്കുകയാണ് എവിടെയാടോ കമല ഇന്റർനാഷണൽ എന്ന്?

കേരളത്തിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിയും ബിഹാറിലെ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവും ദേശീയ പ്രാധാന്യമുള്ള രണ്ട് കുംഭകോണങ്ങളിൽ കാൽ നൂറ്റാണ്ടായി വിവാദ നായകരാണ്. പിണറായി വിജയൻ ലാവ്‌ലിൻ കുംഭകോണത്തിലും ലാലുപ്രസാദ് യാദവ് കാലിത്തീറ്റ കുംഭകോണ കേസിലും. മിനിയാന്നും ദില്ലിയിലെ റയിൽവെ ബോർഡ് ലാലുവിനും കുടുംബത്തിനുമെതിരെ മൂന്ന് കേസുകൾ കൂടി ഐആർടിസി രജിസ്റ്റർ ചെയ്തു. കാൽനൂറ്റാണ്ടിനുള്ളിൽ മന്ത്രി പദത്തിലിരുന്ന കാലമൊഴികെ മിക്കവാറും ലാലു ജയിലിൽ ആണ്.  ജയിലിനു പുറത്തുള്ളകാലം കുറവാണ്.  ജയിൽ! ജയിൽ! ജയിൽ!

2025 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിഹാറിനെ ബിജെപി മുക്ത സംസ്ഥാനമാക്കുമെന്ന് പ്രഖ്യാപിച്ചത് കൊണ്ടല്ലേ ലാലുപ്രസാദ് യാദവ് മിനിയാന്നും പുതിയ കേസിൽ വേട്ടയാടപ്പെടുന്നത്. എത്ര എത്ര റെയിൽവേ കുംഭകോണ കേസുകളിലാണ് ലാലുവിനെ കുടുക്കിയിരിക്കുന്നത്. ലാലു മരണംവരെ ജയിലിൽ വേണം എന്നാണ് അമിട്ട് ഷായുടെ തീരുമാനം. കന്നുകാലിത്തീറ്റ കുംഭകോണ കേസ് ലാലു അധികാരത്തിൽ വരും മുൻപേ ഉള്ളതാണ്. ഓരോ അഞ്ചുവർഷം കൂടുമ്പോഴും ഏതെങ്കിലും കേസിൽ കുടുക്കി ലാലുവിനെ ജയിലിൽ ഇടുന്നു. രണ്ടരപതിറ്റാണ്ടിൽ ജയിലിന് പുറത്തു ലാലു ഉള്ള കാലം കുറവാണ്. പിണറായി തിരിച്ചും. പിണറായിയുടെ കേസ് ദേശീയ ശ്രദ്ധ ആകർഷിച്ചതെങ്കിലും തുടർച്ചയായി 34 തവണയാണ് മാറ്റിവെച്ചത്. പിണറായി വിജയന് ജയിലിന്റെ നിഴൽപോലും അടിച്ചുകൂടാ!

 1990 ഒക്ടോബർ 23 നു അന്നത്തെ ബിജെപി പ്രസിഡന്റ് എൽ കെ അദ്വാനിയെ പുലർച്ചെ രഥയാത്രയ്ക്കിടയിൽ സമസ്തിപൂരിൽ നിന്ന് പൊക്കി ജയിലിലിട്ടതിന്റെ പക ദശാബ്ദങ്ങളായി തീർക്കുകയാകാം ബിജെപി. പക്ഷെ, ഈ രാജകുമാരൻ എഴുപത്തിനാലാം വയസിലും കീഴടങ്ങുന്നില്ല. ബിജെപിയെ തുടച്ചുനീക്കാൻ ഇനിയും ഒരു ആയുസ്സ് ബാക്കിയുണ്ടെന്ന് ഈ ഗുസ്തിക്കാരൻ വെല്ലുവിളിക്കുന്നു. 

 എത്രയോവട്ടം കേന്ദ്ര കാബിനറ്റ് മന്ത്രിയായിരുന്ന, വിഖ്യാത നിയമജ്ഞനായ പി ചിദംബരത്തെ രാത്രിക്കു രാത്രി ഔദ്യോഗിക വസതിയുടെ മതിലുചാടി അയാളെ പൊക്കിയെടുത്ത് ജീപ്പിലിട്ട് പാഠം പഠിപ്പിച്ചു കാണിച്ചു കൊടുത്തു അമിട്ട് ഷാ. അതാണ് ഭരണം കയ്യിലുണ്ടെങ്കിൽ അമിട്ട് ഷായുടെ വീമ്പ്.പക്ഷെ ആ വീമ്പു പിണറായി വിജയന് നേരെ അമിട്ട് ഷാ കാട്ടില്ല. അമിട്ട് ഷായ്ക്കെതിരെ കമാ എന്നൊരു അക്ഷരം മുഖ്യ മന്ത്രിയുടെ നാവിൽ നിന്ന് വീഴില്ല. അമിട്ട് ഷായുടെ മുമ്പിൽ മുട്ടിട്ട് ഇടിക്കുന്നയാളുടെ, വീരസ്യം കേൾക്കാൻ എന്ത് ചേലാ? ആഭ്യന്തരമന്ത്രി അമിട്ട് ഷാ എവിടെ ഒളിച്ചിരിപ്പുണ്ടോ അവിടെപ്പോയി ഉമ്മകൊടുത്ത് പ്രീതിപ്പെടുത്തുന്നു! പിണറായി വിജയന് വേണ്ടി നിയമത്തെപ്പോലും പിടിച്ചു കെട്ടിവെക്കുന്നു! എന്തൊരു വൈപരീത്യം? 

 അരനൂറ്റാണ്ട് മുമ്പ് ഒരു ലോകോത്തര സിനിമ എം ടി വാസുദേവൻ നായർ മലയാളത്തിൽ കാഴ്ചവെച്ചിരുന്നു. ഇതു പോലൊരു ഫെബ്രുവരിയിലാണെന്നാണ് ഓർമ്മ. അതാണ് ‘നിർമ്മാല്യം’. മലയാള സിനിമയിലെ ജനിതകമാറ്റം ആയിരുന്നു അത്. മലയാള സിനിമയിൽ നടി കെ ആർ വിജയയുടെ ആദ്യ ഓട്ട പൊക്കിൾ പ്രദർശനത്തിലൂടെ ശ്രദ്ധേയമായ ‘അനാർക്കലി’ പുറത്തുവന്ന് ഏഴു വർഷം കഴിഞ്ഞപ്പോഴാണ് സവ്യസാചിയായ എം ടി വാസുദേവൻ നായർ ‘നിർമ്മാല്യ’ത്തിലൂടെ മലയാളത്തെ ലോകോത്തരമാക്കിയത്. അതിലെ ദൃശ്യാവിഷ്‌ക്കാര പരിസമാപ്തി ആണ് ഓരോ മലയാളിയും ഇപ്പോൾ സ്വയം ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പറയാം. 

 സാമൂഹ്യ ജീർണ്ണതയ്‌ക്കെതിരെ അതിലെ വെളിച്ചപ്പാടെന്ന കഥാപാത്രം (പി ജെ ആന്റണി) ദാരിദ്ര്യത്തിന്റെ നെറുകയിൽ, അതിന്റെ പ്രതീകമായ വിഗ്രഹത്തിനു നേരെ സധൈര്യം കാർക്കിച്ചു തുപ്പുന്ന ഒരു രംഗമുണ്ട്. ഇപ്പോൾ നമ്മൾ ചെയ്യേണ്ടത് അതേ വിഗ്രഹത്തിന് നേരെ അതേ ഊക്കോടെ അതിശക്തമായി തുപ്പുക എന്നതാണ.് പി ജെ ആന്റണി തുപ്പിയപ്പോൾ ആകാശം ഇടിഞ്ഞു വീണില്ലല്ലോ. ഇപ്പോഴും ഒന്നും സംഭവിക്കില്ല. എങ്ങി നെ തുപ്പണം? . ഇതാ ഇങ്ങിനെ ഫൂ ……..;..