വഴിപോക്കന്‍റെ വാക്കുകള്‍
പി കെ ഗോപി
ചരിത്രത്തെ താങ്ങി നിര്‍ത്തിയ
ചോരക്കല്ലുകള്‍
ഭീരുവിന്‍റെ പണിയായുധങ്ങള്‍
ഇളക്കിമാറ്റുന്നു.
കള്ളപ്പുസ്തകങ്ങള്‍
ഇരുട്ടിന്‍റെ മൂടുപടമിട്ട്
ഇരയെ വിഴുങ്ങിയ
പെരുമ്പാമ്പിനെപ്പോലെ
നടവഴിയില്‍ കിടക്കുന്നു.
ശില്പവേലകൊണ്ടു മനോഹരമാക്കിയ
പുരാതനശിലകളില്‍
ജന്മങ്ങളെ ബലി കഴിച്ച
ദുഃഖക്കറ
ഇടിവെട്ടിപ്പെയ്ത പെരുമഴമാത്രം
കഴുകിക്കളയുന്നു.
വൃക്ഷശാഖയില്‍ ജീവനൊടുക്കിയ
അനാഥരുടെ ഗദ്ഗദങ്ങള്‍
പക്ഷികള്‍ മാത്രം ഏറ്റുപാടുന്നു.
നിബിഡവനത്തിന്‍റെ ഏകാന്തതയില്‍
പ്രണയക്കൂടു നിര്‍മ്മിച്ച്
ധീരമായി ഇരതേടിയത്
മരണത്തെ ഭയക്കാത്ത
വേഴാമ്പല്‍ മാത്രമാണ്.
എന്നിട്ടും നിങ്ങള്‍ പറയുന്നു,
ഞങ്ങള്‍ക്ക് ഒന്നുമറിയില്ലെന്ന് !
ആലിലകളുടെ ചലനം
അവസാനിക്കുവോളം
വേരുകളുടെ മൗനം
നിലനില്‍ക്കുവോളം
പാദമുദ്ര പതിയാന്‍
ഭൂമി ഇടം നല്‍കുവോളം
സാഗരത്തിന്‍റെ തിരക്കൈകള്‍
കരയെ മാടിവിളിക്കുവോളം,
പ്രതികാരദാഹികളുടെ സത്രത്തില്‍
അന്തിയുറങ്ങുകയില്ലെന്ന്
വഴിപോക്കന്‍ പ്രതിജ്ഞ ചെയ്യുന്നു !!