തകര്‍ക്കരുത് കരകയറുന്ന കേരളത്തെ

പ്രൊഫ. കെ അരവിന്ദാക്ഷന്‍

ഇപ്പോള്‍ നാം ലക്ഷ്യമിടുന്നതായി എല്‍ ഡി എഫ് സര്‍ക്കാര്‍ അവകാശപ്പെടുന്നത് ഒരു നവകേരളം സൃഷ്ടിക്കണമെന്നാണല്ലോ. നല്ല കാര്യം. പുതിയതായൊരു ലക്ഷ്യത്തിലേക്കു നീങ്ങുന്നതിനു മുമ്പ് പഴയതിലേക്കൊരു തിരിഞ്ഞുനോട്ടം നടത്തേണ്ടതല്ലേ? മാര്‍ക്സിയന്‍ വിശകലന രീതിയും മറ്റൊന്നല്ല. പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്‍റെ ഭരണപരിഷ്കാരങ്ങളെല്ലാം തുടക്കത്തില്‍ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പലവട്ടം തിരുത്തലുകള്‍ക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ തന്നേയും സാമ്പത്തിക വികസനത്തിന്‍റെ മറവില്‍ സമൂഹത്തിന്‍റെ അടിത്തട്ടിലുള്ളവരേയും, ദളിത്, ആദിവാസി വിഭാഗങ്ങളുടെയും, സ്വന്തം കൃഷിയിടങ്ങളില്‍ നിന്നും ആവാസ സ്ഥാനങ്ങളില്‍ നിന്നും നിര്‍ബന്ധിച്ച് കുടിയിറക്കുകയോ, കുടിയിറക്കപ്പെട്ടവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന മിനിമം പുനരധിവാസം പോലും നിഷേധിക്കപ്പെടുകയോ ചെയ്ത അനുഭവമുണ്ടായിട്ടില്ല.
പശ്ചിമ ബംഗാളില്‍ മൂന്നരപതിറ്റാണ്ടോളം അധികാരത്തിലിരുന്ന ഇടതുപക്ഷ ഭരണത്തിന് തകര്‍ച്ച നേരിടേണ്ടി വന്നത് സിംഗൂരിലേയും നന്ദിഗ്രാമിലേയും തല തിരിഞ്ഞ വികസ കാഴ്ചപ്പാടുകളുടെ പരിണിതഫലമാണെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്. നമ്മുടെ സംസ്ഥാനത്ത് ഒന്നരപതിറ്റാണ്ടുകള്‍ക്കു മുമ്പ് ഐസി ടി ടി എന്ന സ്വപ്ന പദ്ധതിക്കായി കുടിയിറക്കപ്പെട്ടവര്‍ക്കുള്ള മൂലമ്പിള്ളി പാക്കേജിന്‍റെ ഗതി എന്തെന്ന് ഒരുവട്ടമെങ്കിലും ഓര്‍ക്കേണ്ടതല്ലേ!

പൊക്കാളി കൃഷി

കേരളത്തിന്‍റെ സാമ്പത്തിക വികസനത്തിന്, വിശിഷ്യാ വ്യവസായ വികസനത്തിന്, ജപ്പാന്‍റെ സഹായം തേടിയ സിപിഐ യിലെ വ്യവസായ മന്ത്രി ടിവി തോമസിനേയും, അരിക്ഷാമം നേരിടാന്‍ ആന്ധ്രയില്‍ നിന്നും അരി ഇറക്കുമതി ചെയ്യാന്‍ ഭക്ഷ്യമന്ത്രിയായിരുന്ന കെ സി ജോര്‍ജ്ജും നടത്തിയ പരിശ്രമങ്ങളെ അഴിമതിക്കുള്ള കുറുക്കു വഴികളാണെന്ന് വിശേഷിപ്പിച്ച് അന്നത്തെ സിപിഐ (എം) നേതൃത്വം ഇപ്പോള്‍ ഇതില്‍ നിന്നെല്ലാം വ്യതിചലിക്കുകയും, ഇത്തരം സഹായ നടപടികള്‍ തേടി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ ഒരു സംഘവും ചീഫ് സെക്രട്ടറി അടക്കമുള്ള ഒരു ഉദ്യോഗസ്ഥസംഘവും ഒരാഴ്ചയിലേറെ യുകെ, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച കഥ നമുക്കറിയാം. മുഖ്യമന്ത്രി പിണറായിക്കു പുറമെ, ആരോഗ്യന്ത്രി വീണാ ജോര്‍ജ്ജ്, വ്യവസായ മന്ത്രി. പി രാജീവ്, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദു റഹ്മാന്‍ തുടങ്ങിയവരും, അവരില്‍ മുഖ്യമന്ത്രിയടക്കം പലരുടേയും കുടുംബാംഗങ്ങളും സന്ദര്‍ശകരുടെ സംഘത്തിലുണ്ടായിരുന്നു. ഈ സന്ദര്‍ശനത്തിനെ തുടര്‍ന്ന് എന്തെല്ലാം കോട്ടങ്ങളുണ്ടായി എന്ന് കൃത്യമായി വെളിപ്പെടുത്താന്‍ ഒരു മന്ത്രിയും ഇതുവരെ തയ്യാറായിട്ടില്ല. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് മുഖ്യമന്ത്രിയും, സംഘവും നടത്തിയ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനത്തില്‍ നിന്നും പഠിച്ച ‘റൂം ഫോര്‍ റിവര്‍’ എന്ന നദി സംരക്ഷണ പദ്ധതിയുടെ ഗതി ഇന്നെവിടെ എത്തി നില്ക്കുന്നു എന്ന് ആര്‍ക്കും ഒരു പിടിയുമില്ല. ഇതിനിടെ ലഭ്യമായ റൂം പോലും നദികള്‍ക്കു നിഷേധിക്കാമെന്നുറപ്പുള്ള കെ റയില്‍ – സില്‍വര്‍ലൈന്‍ താല്ക്കാലികമായി മരവിപ്പിലാണെങ്കിലും പദ്ധതി നടത്തിപ്പുമായി വരുന്ന പദ്ധതിക്കാലയളവില്‍ മുന്നോട്ടു പോകാന്‍ ലക്ഷ്യമിട്ട 1,64,000 കോടി രൂപക്കു പകരം, 3,50,000 കോടി രൂപ പുതുക്കി വകയിരുത്തിയിരിക്കുകയാണത്രെ.

കൃഷിഭൂമിയും, തെങ്ങിന്‍തോപ്പുകളും, പച്ചക്കറി തോട്ടങ്ങളും, റിയല്‍ എസ്റ്റേറ്റ് ലോബിക്ക് വേണ്ടി തരം പോലെ മാറ്റം വരുത്തിയാണ് ലഭ്യമാക്കി വരുന്നതെന്ന വ്യാപകമായ ആക്ഷേപമുണ്ട്. പൊക്കാളി കൃഷിയിടങ്ങള്‍ മൊത്തത്തില്‍ ചെമ്മീന്‍ ലോബിക്കായി അനുവദിക്കുന്ന വിജ്ഞാപനം ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാന്‍ കൃഷി മന്ത്രി സിപിഐ ലെ പി പ്രസാദിന്‍റെ അറിവോടെയല്ലെന്നാണ് അണിയറ സംസാരം. ഈ നിയമ ഭേദഗതി നടപ്പാക്കാന്‍ തയ്യാറായ സര്‍ക്കാര്‍ തന്നെയാണ് ഭക്ഷ്യ മന്ത്രിഅഡ്വ. ജി ആര്‍ അനിലിന്‍റെ നേരിട്ടുള്ള ഔദ്യോഗിക ക്ഷണമനുസരിച്ച് ആന്ധ്രാ കൃഷി മന്ത്രി കെ വി നടേശ്വര റാവു തലസ്ഥാനത്ത് നേരിട്ടെത്തുകയും, ഭക്ഷ്യധാന്യങ്ങള്‍ക്ക് കടുത്ത ദൗര്‍ബല്യം നേരിടുന്ന സാഹചര്യം കണക്കിലെടുത്ത് ജയ അരിക്കു പുറമെ കടല, വന്‍പയര്‍, മല്ലി, വറ്റല്‍മുളക്, പിരിയന്‍ മുളക് എന്നിവ ആന്ധ്രയില്‍ നിന്നും എത്തിക്കാന്‍ മാത്രമല്ല, കേരളത്തിന് വന്‍ ഡിമാന്‍റുള്ള ജയ അരി തുടര്‍ച്ചയായി ഉറപ്പാക്കാന്‍ ആന്ധ്രയില്‍ ജയ അരിയുടെ പ്രത്യേക കൃഷി നടത്താനും ധാരണായിയിട്ടുണ്ടെന്നാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നോക്കണേ നമ്മുടെ ഗതികേട്? ഇവിടത്തെ കൃഷി യോഗ്യമായ കൃഷിയിടങ്ങള്‍ ഒന്നുകില്‍ വെറുതെ ഇടുകയോ അല്ലെങ്കില്‍ റിയല്‍ എസ്റ്റേറ്റുകള്‍ക്കു വിട്ടുകൊടുക്കുകയോ അതുമല്ലെങ്കില്‍ കൂടുതല്‍ ലാഭകരവും, ശക്തമായ ലോബിയിങ്ങും വശമുള്ള ചെമ്മീന്‍ കര്‍ഷകര്‍ക്കനുകൂലമായ ഉത്തരവിറക്കുകയോ ചെയ്യുന്ന ഇടതുപക്ഷ സര്‍ക്കാരിന്‍റെ ചിത്രമാണ് നമുക്കു മുന്നില്‍ തെളിഞ്ഞു കാണാന്‍ കഴിയുന്നത്.

യുവതലമുറയില്‍പ്പെട്ട കമ്മ്യൂണിസ്റ്റുകാര്‍ക്ക്, വിശേഷിച്ച് സിപിഐ യോട് കൂറു പുലര്‍ത്തുന്നവര്‍ക്ക് ഇന്നും ആവേശമായി തുടരുന്ന പരേതനായ സി കെ ചന്ദ്രപ്പന്‍ മുന്നോട്ടു വെച്ച ‘ഒരു നെല്ല്, ഒരു മീന്‍’ എന്ന മുദ്രാവാക്യത്തിന് ഇപ്പോള്‍ എന്തു സംഭവിച്ചു എന്ന് ചന്ദ്രപ്പന്‍റെ പഴയ മണ്ഡലമായ ചേര്‍ത്തലയെ പ്രതിനിധീകരിക്കുന്ന കൃഷി മന്ത്രി പി പ്രസാദിനെങ്കിലും ഒന്ന് ചിന്തിച്ചുകൂടേ? നാലുദശകങ്ങള്‍ക്കുമുമ്പാണ് ഇതുപോലൊരു മുദ്രാവാക്യം ഉയര്‍ന്നത.് ചെറുകിടക്കാര്‍ക്കും വന്‍തോതിലുള്ള ആശ്വാസമാണ് പകര്‍ന്നു അത് നല്കിയിരുന്നത്. പിന്നീട് ലോകസഭാംഗവും, പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന ചന്ദ്രപ്പന്‍ പ്രായോഗികമാക്കാന്‍ ആഗ്രഹിച്ചിരിക്കുന്ന ഈ ലക്ഷ്യം കേരളത്തിലെ ആലപ്പുഴ ജില്ലയില്‍പ്പെടുന്ന ചേര്‍ത്തല, കുട്ടനാട് തുടങ്ങിയ താലൂക്കുകളിലെയും, എറണാകുളം ജില്ലയിലെ ചെല്ലാനം, കുമ്പളങ്ങി, കണ്ണമാലി, പെരുമ്പടപ്പ്, കണയന്നൂര്‍, പറവൂര്‍ തുടങ്ങിയ താലൂക്കുകളിലേയും, തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചേര്‍പ്പ്, മാള, അഷ്ടമിച്ചിറ തുടങ്ങിയ പ്രദേശങ്ങളിലേയും, തീരദേശ ജനതക്കെങ്കിലും ഏറെ സഹായമാകുമായിരുന്നു. ഈ മേഖലകളിലെല്ലാം പൊതുവായി പൊക്കാളിക്കൃഷിയും ഒന്നിടവിട്ട രീതിയില്‍ ജീവനോപാധികള്‍ക്കായി തദ്ദേശീയരായ ജനങ്ങള്‍ ആശ്രയിക്കുമായിരുന്നു. പൊക്കാളി കൃഷി വ്യാപകമായി നിലവിലിരുന്ന എറണാകുളം ജില്ലയിലെ ചേരാനെല്ലൂര്‍, തെക്കന്‍ചിറ്റൂര്‍, ഇടയക്കുന്നം, മുളവുകാട്, ചേന്നൂര്‍, പിഴല തുടങ്ങിയ പ്രദേശങ്ങള്‍ക്കു പുറമെ അങ്കമാലി, കാലടി തുടങ്ങിയ പ്രദേശങ്ങളിലും ഇന്ന് ഒരു മണിനെല്ലുപോലും ഉല്പാദിപ്പിക്കപ്പെടുന്നില്ല, ചെമ്മീന്‍ കെട്ടുകള്‍ ഒരെണ്ണം പോലും മഷിയിട്ടു നോക്കിയാല്‍ പോലും കാണാന്‍ സാദ്ധ്യല്ല.

2018 ലെ വെള്ളപ്പൊക്ക ദുരന്തത്തിന് ആദ്യഘട്ടത്തില്‍ തന്നെ ഇരയായ ചേരാനെല്ലൂര്‍ പ്രദേശത്തെ ആസ്റ്റര്‍ മെഡിസിറ്റി എന്ന അത്യാധുനിക ആഡംബര ആശുപത്രി ശൃംഖല പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത് 60 ഏക്കറോളം പൊക്കാളി-വിരിപ്പ് കൃഷിയിടങ്ങളും, ചെമ്മീന്‍ കെട്ടുകളും മണ്ണും, ഗ്രാവലും അടിച്ച് നിരത്തിയ ഫലഭൂയിഷ്ടമായ ഭൂപ്രദേശത്താണെന്ന്, ലേഖകന് നേരിട്ട് തന്നെ സാക്ഷ്യപ്പെടുത്താന്‍ കഴിയും. ‘ഒരു നെല്ലും, ഒരു മീനും’ എന്ന ആശയം ഇരട്ട വിളവെടുപ്പിലൂടെ വിജയകരമാക്കുന്നവിധം ആ നാട്ടിലാണ് ജനിച്ചു വളര്‍ന്ന ഒരാള്‍ എന്ന നിലയില്‍ ഇതെല്ലാം നേരിട്ട് അനുഭവിച്ചറിയാനും എനിക്കു കഴിഞ്ഞിട്ടുണ്ട്.

മന്ത്രി പി പ്രസാദ്

ഇരട്ട വിളവെടുപ്പിന്‍റെ സവിശേഷത എന്താണെന്നോ? ഇതിലേക്കായി രാസവളത്തിന്‍റെയോ, കീടനാശിനികളുടേയോ, ജലസേചനത്തിന്‍റെയോ കളപറിക്കലിന്‍റെയോ, ബഹുദേശീയ കണക്കുകള്‍ നിര്‍മ്മിക്കുന്ന വിത്തിനങ്ങളുടേയോ, മത്സ്യക്കുഞ്ഞുങ്ങളുടേയോ, ആവശ്യം തന്നെ ഇല്ലായിരുന്നു എന്നതാണ്. ഓരോ വര്‍ഷവും, ജൂണ്‍-ഒക്ടോബര്‍ കാലയളവില്‍ ലഭ്യമായിരുന്ന സുലഭമായ മഴവെള്ളം, കൃഷിയിടങ്ങള്‍ ഒരുക്കുന്നതിനും കര്‍ഷകതൊഴിലാളികള്‍ക്ക് സ്വന്തം ശാരീരികാദ്ധ്വാനം കൊണ്ട് നിഷ്പ്രയാസം കഴിയുമായിരുന്നു. യന്ത്രവല്ക്കരണത്തിനുള്ള ആവശ്യകതയോ, സാദ്ധ്യതയോ ഇതിനൊന്നും വേണ്ടിയിരുന്നുമില്ല. നൂറു ശതമാനം തദ്ദേശീയമായ കൃഷിരീതികളും, ഓര്‍ഗാനിക്ക് സ്വഭാവും, പൊക്കാളി-ചെമ്മീന്‍ ഡബിള്‍ ക്രോപ്പിങ്ങ് മാതൃക, ഐക്യരാഷ്ട്രസഭയുടെ ഭൂമിശാസ്ത്രപരമായ സൂചികയുടെ ടാഗ്-അനുബന്ധം- ജിഐ ടാഗ് ‘ എന്നതിലൂടെ പ്രത്യേക അംഗീകാരത്തിന് അര്‍ഹമാവുകയും ചെയ്തിരുന്നു. കൃഷിഭൂമി സംരക്ഷണത്തിനുമാത്രം യുഎന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നൊരു അംഗീകാരവുമാണിത്.

വ്യവസായം, ടൂറിസം വിദ്യാഭ്യാസം, ആരോഗ്യം, സാഹിത്യം തുടങ്ങിയ സമസ്ത മേഖലകളും ആഗോളീകരണത്തിന്‍റേയും, നവലിബറലിസത്തിന്‍റേയും പ്രത്യയ ശാസ്ത്ര തടവറയിലായതോടെ കേരള സംസ്ഥാനത്തിന്‍റെ പരമ്പരാഗത കൃഷി-മത്സ്യബന്ധന മേഖലകളും ഈ ശൃംഖലയുമായി വിളക്കിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു എന്നതാണ് നാം തിരിച്ചറിയേണ്ട ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം .തീര്‍ത്തും പ്രാദേശിക സ്വഭാവം പുലര്‍ത്തുന്ന ഈ വിളവെടുപ്പു മാതൃകയിലൂടെ ഉപ്പുരസത്തിന്‍റെ അതിപ്രസരം തടഞ്ഞു നിര്‍ത്തുക മാത്രമല്ലാ, വെള്ളപ്പൊക്കക്കെടുതിക്കെതിരെ വലിയൊരു അളവില്‍ പ്രതിരോധമുയര്‍ത്താനും. ‘സലൈന്‍ അക്വാ കള്‍ച്ചര്‍ ലോബി’ യുടെ കടന്നാക്രമണത്തിനും, ആധിപത്യത്തിനും തടയിടാനും ചന്ദ്രപ്പന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുകയായിരുന്നു എന്നുകൂടി ചിന്തിക്കാന്‍ ഈ അവസരം ലേഖകന്‍ വിനിയോഗിക്കുകയാണ്.
അധികാരത്തിലിരിക്കുന്നത് സിപിഐ (എം), സിപിഐ എന്നീ പാര്‍ട്ടികള്‍ക്ക് ആധിപത്യമുള്ളൊരു ഭരണകൂടമാണെന്നിരിക്കെ ജന്മിത്വത്തിനും നിര്‍ബന്ധിത കുടിയിറക്കലിനും എതിരായി കുടകിടപ്പുകാരേയും, കര്‍ഷകരേയും, കര്‍ഷക തൊഴിലാളികളേയും സംഘടിപ്പിച്ച് പോരാട്ടം നടത്തിയ പാരമ്പര്യത്തിന്‍റെ പേരിലാണല്ലോ, വിമോചന സമരത്തിനുശേഷം നാമാവശേഷമായി നിന്ന് ബുര്‍ഷ്വാസി വിശ്വസിച്ചിരുന്ന മണ്ണില്‍ തന്നെ പില്ക്കാലത്ത് സഖാക്കള്‍ സി അച്ചുതമേനോന്‍റെയും, പി കെ വിയുടേയും, ഇ കെ നായനാരുടെയും, പി എസ് അച്ചുതാനന്ദന്‍റെയും, പിന്നിട്ട ആറു വര്‍ഷക്കാലമായി സിപിഐ (എം) നേതാവ് പിണറായി വിജയന്‍റെയും നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള ഭരണകൂടങ്ങള്‍, ഇഎംഎസ് ന്‍റെ പ്രഥമ കേരള സര്‍ക്കാരിനുശേഷം അധികാരത്തിലെത്തിയത്. സ്വാമിനാഥനെയും ഡോ. വര്‍ഗ്ഗീസ് കൂര്യനേയും പോലുള്ളവരുടെ വിദഗ്ധാഭിപ്രായങ്ങള്‍ കണക്കിലെടുത്താണല്ലോ രണ്ടു കന്നുകാലി സമ്പത്ത് സംരക്ഷണ പരിപാടികളുടേയും കലണ്ടര്‍ തയ്യാറാക്കിയത്. ഇതനുസരിച്ച് കാര്‍ഷിക മേഖലയില്‍ ഓരോ വര്‍ഷവും ഏപ്രില്‍ 15 മുതല്‍ നവംബര്‍ 14 വരെയുള്ള കാലയളവില്‍ പൊക്കാളി കൃഷിക്കും ശേഷിക്കുന്ന നവംബര്‍ 15 മുതല്‍ 14 ഏപ്രില്‍ വരെയുള്ള കാലയളവില്‍ മണ്‍സൂണ്‍ സജീവമല്ലെന്ന സാഹചര്യത്തില്‍, വെള്ളത്തില്‍ ഉപ്പുരസം ഏറിയിരിക്കുമെന്നതുകൂടി കണക്കിലെടുത്ത്, മത്സ്യകൃഷിക്കും വിനിയോഗിക്കപ്പെടുമായിരുന്നു. പൊക്കാളികൃഷിയിറക്കുന്നതിനു മുമ്പ് കൃഷിയിടം സജ്ജമാക്കാനും ഉപ്പുവെള്ളം ഒഴുകി എത്തുന്നത് തടയാന്‍ ബണ്ടുകള്‍ കെട്ടാനും, ഭൂമി ഉഴുതു മറിക്കാനും കാലവര്‍ഷാരംഭത്തിനുമുമ്പ് വേണ്ടത്ര സമയം ലഭിക്കുകയും ചെയ്യുമായിരുന്നു. അവശേഷിക്കുന്ന നെല്‍കൃഷിയുടെ അവശിഷ്ടങ്ങള്‍ കന്നുകാലികള്‍ക്ക് തീറ്റിയായി വിനിയോഗിക്കാനോ, ചെമ്മീന്‍ കുഞ്ഞുങ്ങള്‍ക്കുള്ള ആഹാരമായി വിനിയോഗിക്കാനോ, ഉപകരിക്കുകയും ചെയ്തിരുന്നു. പൊക്കാളികൃഷിയുടെ അവശിഷ്ടങ്ങള്‍ ചീഞ്ഞ് അഴുകിയ ഓര്‍ഗാനിക്ക് വളമെന്ന നിലയില്‍ അടുത്ത വിളവെടുപ്പിന് ഉപകരിക്കുകയും ചെയ്യുമല്ലോ. യാതൊരുവിധ അല്ലലുമില്ലാതെ, വളരെ സുഗമമായും ഫലപ്രദമായും ദീര്‍ഘകാലമായി പ്രയോഗത്തിലിരുന്ന ഈ ഇരട്ട വിളവെടുപ്പ് കലണ്ടറാണ് സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ഫിഷറീസ് വകുപ്പിന്‍റെ പുതിയൊരു ഉത്തരവിലൂടെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ഉപ്പുവെള്ള ചെമ്മീന്‍ കൃഷിയിടങ്ങള്‍ക്കായി സംസ്ഥാനത്ത് നിലവിലുള്ള മുഴുവന്‍ കൃഷിഭൂമിയേയും ചെമ്മീന്‍ലോബിയുടെ സാമ്പത്തിക സ്വാധീനത്തിന് വഴങ്ങി ‘തരം മാറ്റി’ ഫിഷറീസ് ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും കഴിഞ്ഞ ഒക്ടോബര്‍ 26 , 2022 ല്‍ പത്തനംതിട്ട ജില്ലാകളക്ടര്‍ക്കായി ഒരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേരള ഇന്‍ലന്‍റ് ഫിഷറീസ് ആന്‍റ് അക്വാ കള്‍ച്ചര്‍ (ഭേദഗതി) നിയമം 2021 ന്‍റെ ഭാഗമായ പൊക്കാളി പാടശേഖരങ്ങളിലെ അക്വാ കള്‍ച്ചര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള രജിസ്ട്രേഷനും, ലൈസന്‍സും അനുവദിക്കുന്നത് സംബന്ധിച്ചുള്ളതാണിത്. 2021 ലെ വിജ്ഞാനപ്രകാരം സര്‍ക്കാരിന് ഗസറ്റ് വിജ്ഞാപനം വഴി ഒരു വിള നെല്‍കൃഷിയെങ്കിലും ചെയ്യാന്‍ അനുയോജ്യമായ ഏതൊരുപാടത്തും നെല്‍ക്കൃഷി കാലയളവില്‍ അക്വാ കള്‍ച്ചറല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നത് നിരോധിക്കാവുന്നതാണ്. എന്നാല്‍ നെല്‍ക്കൃഷിക്ക് അനുയോജ്യമല്ലെന്ന് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തുന്ന പാടങ്ങള്‍ക്ക് ഈ നിരോധനം ബാധകമല്ല.

2021 ലെ ആക്ടില്‍ മേല്‍പ്പറഞ്ഞ നിരോധനം നിലവിലില്ലാത്തതിനാല്‍ അക്വാ കള്‍ച്ചര്‍ ലൈസന്‍സ് അനുവദിച്ച് നല്‍കുന്നതിന് നിലവില്‍ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ആയതിനാല്‍ ഇതുവരെ ലഭ്യമായ തൃപ്തികരമായ എല്ലാ അപേക്ഷകളിലും അക്വാകള്‍ച്ചര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ ലൈസന്‍സ് എന്നിവ അനുവദിക്കേണ്ടതാണെന്ന് ഇതിനാല്‍ നിര്‍ദ്ദേശിച്ചു കൊള്ളുന്നു. അക്വകള്‍ച്ചറിനെ ബ്ലാങ്കറ്റ് അനുമതി ഇതോടെ ലഭ്യമാണെന്ന അവസ്ഥാവിശേഷമാണ് നിലവില്‍ വന്നിരിക്കുന്നത് എന്ന് വ്യക്തമല്ലേ? ഇതോടെ ‘മത്സ്യകൃഷി 28.10.2022 നകം ലൈസന്‍സ് അനുവദിച്ച് റിപ്പോര്‍ട്ട് നല്കണമെന്ന് ഫിഷറീസ് മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്കിയിരിക്കുന്നു എന്ന പുതുക്കിയ വിജ്ഞാപനത്തിലെ അവസാന വചാകത്തോടെ, ഓര്‍ഡര്‍ ഇറക്കിയിരിക്കുന്നത് കൃഷിഭൂമിയുടെ വിനിയോഗവും, ആവശ്യമെങ്കില്‍ അതിന്‍റെ ‘തരം മാറ്റവും അനുവദിക്കാന്‍ ചുമതലപ്പെട്ട കൃഷിമന്ത്രിയുടെ ഓഫീസിന് എന്തു റോള്‍ ആണ് ഉള്ളതെന്ന് ഏതു മന്ദബുദ്ധിയുള്ളവനും മനസ്സിലാക്കാവുന്നതേയുള്ളൂ. ഹാ കഷ്ടം അല്ലാതെന്തുപറയാന്‍!

സി കെ ചന്ദ്രപ്പൻ

ഇത്തരമൊരു പുതുക്കിയ വിജ്ഞാപനം ഇറക്കിയത് കൃഷിവകുപ്പിന്‍റെ കൂടി അറിവോടെയും അംഗീകാരത്തോടെയുമാണ് എന്ന നിഗമനം ശരിവെക്കുന്നൊരു പ്രതികരണമാണ് ഈ വിഷയത്തില്‍ കൃഷിമന്ത്രി പി പ്രസാദില്‍ നിന്നും പുറത്തു വന്നിരിക്കുന്നത്. ‘ദി ഹിന്ദു’ ദിനപത്രത്തിന്‍റെ കൊച്ചി ന്യൂസ് ബ്യൂറോക്ക് നല്കിയിരിക്കുന്ന പ്രതികരണം ഇതിനു തെളിവാണ്. (നവംബര്‍ 12, 2022). പൊക്കാളികൃഷിയും മത്സ്യകൃഷിയും ഒന്നിടവിട്ട് വിളയിറക്കുന്നത് ഫലപ്രദവും, പ്രായോഗികവുമാണെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ, ഫിഷറീസ് ഡയറക്ടറേറ്റിന്‍റെ ഒക്ടോബര്‍ 26 ലെ വിജ്ഞാപനം ആശയക്കുഴപ്പത്തിനടയാക്കിയിട്ടുണ്ടെന്നും, ഈ വിഷയത്തില്‍ നിരവധി കോടതിവ്യവഹാരങ്ങള്‍ നിലവിളുള്ളതിനാല്‍, തല്ക്കാലം ഇതെപ്പറ്റി നിശ്ശബ്ദത പാലിക്കുകയാണെന്നും, പ്രശ്നം പരിഹാരത്തിനായി യോഗം വിളിച്ചു ചേര്‍ക്കാനുദ്ദേശിക്കുന്നുവെന്നും കൃഷിമന്ത്രി തുടര്‍ന്നു പറയുന്നുമുണ്ട്. ഒന്നാം പിണറായി സര്‍ക്കാരില്‍ സിപിഐ (എം) ലെ ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കു പകരം, കോണ്‍ഗ്രസ്സില്‍ നിന്നും കൂറുമാറിവന്ന സ്വതന്ത്ര വേഷധാരിയായ മന്ത്രി വി. അബ്ദുള്‍ റഹ്മാനും ചെയ്തിരിക്കുന്നു എന്നേയുളളൂ. അന്ന് മത്സ്യത്തൊഴിലാളി ദ്രോഹമായിരുന്നു പദ്ധതിക്കുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഈ ഓര്‍ഡര്‍ കര്‍ഷകരെക്കൂടി ബാധിക്കുമെന്നുമാത്രം.

ഏതായാലും ഒരു കാര്യം ഇതിനകം വ്യക്തമായിരിക്കുന്നു. പൊക്കാളി നിലങ്ങളില്‍, നെല്‍കൃഷി പൂര്‍ണ്ണമായും ഒഴിവാക്കി വര്‍ഷം മുഴുവന്‍ മത്സ്യകൃഷി നടത്താന്‍ അനുമതി നല്കിയ ഫിഷറീസ് വകുപ്പിന്‍റെ ഉത്തരവിനെതിരായി നിയമജ്ഞരുടേയും, കൃഷിശാസ്ത്രജ്ഞരുടേയും, പൊതു പ്രവര്‍ത്തകരുടേയും കത്ത് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജക്ക് ആര്‍എസ് പി നേതാവ് റെജികുമാര്‍ നേരിട്ട് ന്യൂഡല്‍ഹിയില്‍ വെച്ച് കൈമാറുകയും ചെയ്തിരുന്നു. ഇതില്‍ ഒപ്പിട്ടവരില്‍ പ്രമുഖര്‍ ജസ്റ്റിസ് കെ. സുകുമാരന്‍ ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ എന്നീ നിയമവിദഗ്ദ്ധര്‍ക്കു പുറെ, നെല്‍കൃഷി ഗവേഷണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. കെ ജി പത്മകുമാര്‍, ഡോ വി ശ്രീകുമാരന്‍, ഡോ, എന്‍.കെ. ശശിധരന്‍, കുഫോസിലെ മുന്‍വൈസ് ചാന്‍സലര്‍ ഡോ. മധുസൂദനക്കുറുപ്പ് എന്നിവരുടെ, പൊതുപ്രവര്‍ത്തകനായ പ്രൊഫ. കെ അരവിന്ദാക്ഷനും ഉള്‍പ്പെടുന്നു.

കോവിഡ് കാല ദുരന്തങ്ങളില്‍ നിന്നും ഒരുവിധം കരകയറി വരുകയായിരുന്ന കര്‍ഷക സമൂഹത്തിന് സംസ്ഥാന സര്‍ക്കാരില്‍ നിന്നെങ്കിലും തുണ കിട്ടാത്തൊരു സ്ഥിതി വന്നാലത്തെ ഗതികേടൊന്ന് ആലോചിച്ചു നോക്കൂ. തോട്ടം വിളകളായ ഏലം, കാപ്പി, ക്ഷീര ഉല്പന്നങ്ങള്‍ തുടങ്ങിയവയെ ജീവന്‍രക്ഷാര്‍ത്ഥം ആശ്രയിച്ചിരുന്നവരെല്ലാം അതിവേഗം, കളംമാറി ചവിട്ടുകയോ, രംഗം തന്നെ ഉപേക്ഷിക്കുകയോ ചെയ്തു വരുകയല്ലേ? കേര കര്‍ഷകരുടെ കാര്യം പിന്നെ പറയേണ്ടതുമില്ല. എല്‍ഡി.എഫില്‍ പുതുതായി വന്ന ജോസ്.കെ.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്സ് കേരകര്‍ഷക താല്പര്യ സംരക്ഷണാര്‍ത്ഥം സമരരംഗത്തെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയുമാണ്. ഒരു വശത്ത് കുത്തനെയുള്ള ഉല്പാദന ചെലവു വര്‍ദ്ധനവ്, മറുവശത്താണെങ്കില്‍ പ്രവചനാതീതമായ കാലാവസ്ഥാ വ്യതിയാനങ്ങളും, വിപണിവല്ക്കരണ സൗകര്യങ്ങളുടെ അഭാവമോ, അപര്യാപ്തതയോ പെരുകി വരുകയും ചെയ്യുന്നു. വാണിജ്യ വിളകളുടേയും ഡിമാന്‍റും കുത്തനെ ഇടിയുന്നതിനാല്‍ കിട്ടുന്ന വിലക്ക് ഉല്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഡിസ്കൗണ്ട് സെയില്‍ – കര്‍ഷകര്‍ നിര്‍ബന്ധിതരാവുകയാണ്. ഉല്പാദന ചെലവെങ്കിലും ലഭ്യമല്ലാത്തൊരു സ്ഥിതി വിശേഷം നിലവിലിരിക്കെ, കര്‍ഷക ആത്മഹത്യകള്‍ നിത്യ സംഭവങ്ങളാകുന്ന കാലം വിദൂരമല്ല. ഒന്നു രണ്ടു ഉദാഹരണങ്ങള്‍ മാത്രം നോക്കാം. നാലുവര്‍ഷങ്ങള്‍ക്കു മുമ്പാണെന്നു തോന്നുന്നു ഒരു കിലോ ഏലത്തിന്‍റെ വിപണി വില 4,000 രൂപ വരെ എത്തിയപ്പോള്‍ നിരവധി പേര്‍ ഈ രംഗത്തേക്ക് ശ്രദ്ധ തിരിച്ചു വിട്ടത്. എന്നാല്‍ ഇപ്പോള്‍ ഏലത്തിന്‍റെ വില കിലോയ്ക്ക് 950 രൂപയിലേക്ക് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.
കൃഷിവകുപ്പ് നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും, അവയിലേറെയും കടലാസ്സില്‍ അവശേഷിക്കുകയാണ്. പാലിന്‍റെ വില ഉടനെ ഉയര്‍ത്തുമെന്നാണ് മില്‍മാ അധികൃതര്‍ പറയുന്നത്. ലിറ്ററിനു ഇതിനു മുമ്പ് 4 രൂപ ഉയര്‍ത്തിയപ്പോള്‍ കര്‍ഷകന് കിട്ടിയത് വെറും 3.35 രൂപ മാത്രമായിരുന്നു വീണ്ടും വില ഉയര്‍ത്തിയാലും, മറ്റ് അത്ഭുതങ്ങളൊന്നും സംഭവിക്കില്ല. സ്ഥിരമായി ദുരന്തം പേറേണ്ടി വരുന്നത് ഉല്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കുമായിരിക്കും. ഇത്തരം താല്ക്കാലിക ആശ്വാസ നടപടികള്‍കൊണ്ട് കാര്യമില്ല. കൃഷിയോഗ്യമായ ഭൂമി, അത് കുട്ടനാട് പാടശേഖരമായാലും, സംസ്ഥാനത്തിന്‍റെ മറ്റു ജില്ലകളിലെ കൃഷിയിടങ്ങളായാലും അതെല്ലാം ഭക്ഷ്യോല്പാദന വര്‍ദ്ധനവിനായി പരമാവധി കാര്‍ഷിക വിളവര്‍ദ്ധനവിലേക്കു വിനിയോഗിക്കപ്പെടുക തന്നെ വേണം. അതും കേരളത്തിന്‍റെ മണ്ണില്‍ തന്നെ. ജയ അരി കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി ആന്ധ്രയിലെ കര്‍ഷകര്‍ കൃഷിചെയ്യുന്നതുപോലെ, പൊക്കാളി കൃഷിയും, തോട്ടം വിളകളും, നാളികേരവും കൃഷിയിറക്കുന്നത്, തമിഴാനാട്ടിലോ, ശ്രീലങ്കയിലോ ആകാമെന്നൊ മറ്റൊ സംസ്ഥാന എല്‍ഡിഎഫ്, സര്‍ക്കാര്‍ തുനിഞ്ഞാലും അതില്‍ അത്ഭുതപ്പെടേണ്ടതില്ല, എന്നാല്‍, അതിനു മുമ്പ് അടിയന്തിരമായി ചെയ്യാനുള്ളതു കുട്ടനാട്ടിലും, തൃശൂരും, പാലക്കാട്ടും മറ്റും വിളവെടുപ്പു കഴിഞ്ഞതിനുശേഷം ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാര്‍ മില്ലുകളുടെ ചൂഷണത്തിന് വിട്ടുകൊടുക്കാതെയും, മഴയിലും, വെള്ളപ്പൊക്കത്തിലും പെട്ട് നശിച്ചു പോകാതെയും ഏറ്റെടുക്കാന്‍ സപ്ലൈക്കോ കൃത്യസമയത്ത് ഇടപെടാതെ സാദ്ധ്യമല്ല. ഇന്നത്തെ സ്ഥിതി ഇതല്ല എന്നാണ് ദൃശ്യമാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തുവരുന്നത്.

നിരവധി കേന്ദ്രങ്ങളില്‍ തുറന്നു കുട്ടിയിട്ടും സ്ഥലത്ത് ലഭ്യമായ സ്റ്റോറേജ് സംവിധാനങ്ങളിലും മറ്റ് സൂക്ഷിപ്പ് കേന്ദ്രങ്ങളിലുമായി ആയിരക്കണക്കിന് ചാക്കു നെല്ലാണ് സപ്ലൈകോവിന്‍റെ വരവും കാത്ത് കിടക്കുന്നത്. കര്‍ഷക സംഘടനകള്‍ അധികൃതരെ സമീപിക്കുമ്പോള്‍ അവര്‍ക്കു കിട്ടുന്ന മറുപടി എന്തെന്നോ? കേരള ബാങ്കില്‍ നിന്നും 2300 കോടി വയ്പയ്ക്കായി അപേക്ഷിച്ചിട്ടുണ്ടെന്നും, അത് കിട്ടുന്ന മുറക്ക് നെല്ല് ഏറ്റെടുത്തുകൊളളാമെന്നുമാണുത്രെ പാവപ്പെട്ട കര്‍ഷകരുടെ നിസ്സാഹായാവസ്ഥയെപ്പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ. അടുത്ത കൃഷിയിറക്കലിനുള്ള സമയമായിട്ടും അടുത്ത വിളവെടുപ്പിലെ ധാന്യങ്ങള്‍ വിറ്റഴിക്കപ്പെടാതെ മുടക്കിയ പണം തിരികെ കിട്ടിയിട്ടില്ലെന്നതിനും പുറമെ കടക്കെണിയിലകപ്പെടുമോ എന്ന ഭയപ്പാടില്‍ കൂടിയാണ് കര്‍ഷകര്‍ ജീവിതം തള്ളി നീക്കിക്കൊണ്ടിരിക്കുന്നത്. കേരകര്‍ഷകരുടെ സ്ഥിതിയും വ്യത്യസ്തമല്ല, ഉണക്കത്തേങ്ങ സംഭരിക്കാന്‍ കേരാഫെഡ് രംഗത്തു വരാതിരിക്കുന്ന സാഹചര്യത്തില്‍, തുറസ്സായ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന ആയിരക്കണക്കിനു നാളികേരം വെയിലും, മഴയും കൊണ്ട് മുളച്ച് ഉപയോഗശൂന്യമായി മാറിക്കൊണ്ടിരിക്കുകയുമാണ്.

മൽസ്യ കൃഷി

ഇതുപോലുള്ള അടിയന്തിരസ്വഭാവമുള്ള ഈ സമയബന്ധിതമായി സഹായം ലഭ്യമാക്കേണ്ടതുമായ ആവശ്യങ്ങള്‍ക്ക് പണം ലഭ്യമാക്കാനിരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സാധാരണ ജനങ്ങളുടെ നിത്യജീവിതത്തെ നേരിട്ട് ബാധിക്കാത്ത ഗവര്‍ണ്ണറുമായുള്ള പോരിന്‍റെ ഭാഗമായുള്ള നിയമയുദ്ധത്തിന് 50 ലക്ഷം രൂപവരെ മുടക്കാന്‍ യാതൊരു വിധ മടിയും പ്രകടിപ്പിക്കുന്നുമില്ല. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്തും, രണ്ടാം സര്‍ക്കാരിന്‍റെ കാലത്തും ഇതുവരെയായും, ഹൈക്കോടതിയില്‍ വാദിച്ചു ജയിക്കാന്‍ സംസ്ഥാനത്തു നിന്നും പുറത്തുള്ള അഭിഭാഷകര്‍ക്കായി ചെലവാക്കിയിരിക്കുന്നത് 7.72 കോടി രൂപയാണത്രെ. ഇതിനു പുറമെയാണ് സവര്‍ണ്ണര്‍ക്കെതിരായും, സ്വര്‍ണ്ണക്കള്ളക്കടത്തുകേസു മായി ബന്ധപ്പെട്ടും, ലൈഫ് മിഷന്‍ ഫ്ളാറ്റ് നിര്‍മ്മാണക്കേസില്‍ സിബിഐ ക്കെതിരായ കേസും വാദിക്കാന്‍ സുപ്രീംകോടതിയില്‍ ചെലവിടുന്നത് നിരവധി കോടിരൂപ പുറമെയുമുണ്ട്. ഇത് ജനജീവിതം വഴിമുട്ടിക്കുന്ന വിധം അതിരൂക്ഷമായ വിലക്കയറ്റമാണ് ഉപ്പുതൊട്ട് കര്‍പ്പൂം വരെ എല്ലാ നിത്യോപയോഗ ഉല്പന്നങ്ങളുടേയും വില കുതിച്ചുയര്‍ന്നു വരുന്നത്. അരി (ജയ, മട്ട തുടങ്ങിയവയടക്കം) ക്കും, പച്ചക്കറികള്‍ക്കും, പലവ്യഞ്ജനങ്ങള്‍ക്കും മൂന്നര ഇരട്ടി വിലവര്‍ദ്ധനവാണ് അനുഭവപ്പെടുന്നത്. ഇത്തരമൊരു പശ്ചാത്തലത്തില്‍ വിചിത്രമായി തോന്നുന്ന ഒരു കാര്യം എല്‍ ഡി എഫ് സര്‍ക്കാരിന് നേതൃത്വം നല്കുന്ന സിപിഐ (എം) ന്‍റേയും, മുഖ്യഘടക കക്ഷിയായ സിപിഐ യുടേയും എറ്റവുമൊടുവില്‍ ഇതാ കേരള കോണ്‍ഗ്രസ്സ് മാണിവിഭാഗത്തിന്‍റെയും സംസ്ഥാന നേതാക്കളും, പോഷക സംഘടനകളും കര്‍ഷകരോടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ക്രൂരതക്കെതിരെ സജീവമായ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുകയുമാണ് എന്നതല്ലേ?

ഇത്തരമൊരു ഇരട്ടത്താപ്പ് നയസമീപനം എത്രനാള്‍ തുടരാന്‍ കഴിയും? തരിശായി കിടക്കുന്ന കൃഷിക്ക് ഉപയുക്തമായ ഭുമി പരമാവധി വിനിയോഗിക്കുന്നതിനു പകരം നിലവിലുള്ള കൃഷിഭൂമി പോലും മത്സ്യകൃഷിക്കായി നീക്കി വെക്കുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍, 2018 ലെ വെള്ളപ്പൊക്കത്തില്‍ നിന്നും ഇനിയും പാഠം പഠിച്ചിട്ടില്ലെന്നു കരുതാമോ? വിശാല കൊച്ചിയുടെ മര്‍മ്മമായി കരുതിവരുന്ന, പടിഞ്ഞാറന്‍ കൊച്ചിയുടെ ചങ്കായ ഇടക്കൊച്ചി പ്രദേശം കണ്ടല്‍ക്കാടുകള്‍ ഉള്ളതുകൊണ്ടു മാത്രമാണ് പ്രസ്തുത വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇപ്പോള്‍ ഇതാ അവിടെയും ഒരു ക്രിക്കറ്റ് സ്റ്റേഡിയം ആരംഭിക്കുന്നതിനുള്ള സജീവമായ നീക്കം അണിയറയില്‍ നടന്നു വരുന്നതായി ഭയപ്പെടുന്നു. നാളെ മരട് ഭാഗത്തെ കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ച് ഹാരിസ് അബുബക്കര്‍മാര്‍ അവിടെ റിയല്‍ എസ്റ്റേറ്റ് ആധിപത്യസ്ഥാപനലക്ഷ്യവുമായി രംഗത്തു വരുമോ എന്നും ഭയപ്പെടേണ്ടിയിരിക്കുന്നു. പിഎന്‍സി മേനോനു പകരം മറ്റേതെങ്കിലും ഒരു മേനോന്‍ റിയല്‍ എസ്റ്റേറ്റ് പങ്കാളിയായി വരുമോ എന്ന ആശങ്കയുമുണ്ട്. കോണ്‍ക്രീറ്റ് വനങ്ങള്‍ തിങ്ങിനിറയുന്നതോടെ നവകേരള സൃഷ്ടിയും, വിശാല കൊച്ചിയുടെ ആവാസ വ്യവസ്ഥയും തകര്‍ന്നു പോകുമെന്നത് ഉറപ്പാക്കാം, തല്ക്കാലം നിര്‍ത്തുന്നു.