ചന്ദനക്കുറിയും മിസൈലും
പി എന്‍ ശ്രീകുമാര്‍
“ആ ചന്ദനക്കുറി അണിഞ്ഞ് തീക്ഷ്ണമായ കണ്ണുകളോടെ ചെറു പുഞ്ചിരിയുമായി നില്‍ക്കുന്ന വനിതാ രത്നത്തെ കണ്ടോ? ഇവരുടെ പേര് കേട്ടാല്‍ 141 കോടി ചൈനാക്കാര്‍ പേടിച്ചു വിറയ്ക്കും. പേര് ഡോക്ടര്‍ ടെസ്സി തോമസ്…’ മുകളില്‍ കാണിച്ച ചിത്രവുമായി വാട്സാപ്പില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റാണ്. ഹിന്ദുത്വ പോരാളികളാണ് ഇത് പ്രചരിപ്പിക്കുന്നതെന്നു വ്യക്തം. ചന്ദനക്കുറിയും ഹിന്ദുവായ ഭര്‍ത്താവും തേജസ് എന്ന പേരുള്ള മകനും ഒക്കെയാണ് പോസ്റ്റിന്‍റെ ഹൈ ലൈറ്റ്സ്.
മലയാളിയായ ഡോക്ടര്‍ ടെസി തോമസ്, ഡിആര്‍ ഡി ഓ യില്‍ എയ്റോ നോട്ടിക്കല്‍ സിസ്റ്റത്തിന്‍റെ ഡയറക്ടര്‍ ജനറലാണ്. ‘ ഇന്ത്യയുടെ മിസൈല്‍ വനിത’ എന്നാണ് അവര്‍ അറിയപ്പെടുന്നത്. രാഷ്ട്രീയോദ്ദേശ്യം ഒളിപ്പിച്ചു വെച്ചാണ് ഈ പോസ്റ്റ് പ്രചരിക്കുന്നതെങ്കിലും അതില്‍ കൂടുതലായ ചില അര്‍ത്ഥതലങ്ങള്‍ ഇതിനുണ്ട്.
കഴിഞ്ഞ കുറെ ദശകങ്ങളായി ശാസ്ത്ര രംഗത്ത് സ്ത്രീ പ്രാതിനിധ്യം കുറവാണെന്ന കാര്യത്തെക്കുറിച്ച് ഉത്കണ്ഠ നിലനില്‍ക്കുന്നുണ്ട് . പ്രാതിനിധ്യം ഉറപ്പാക്കാന്‍ സ്ത്രീകള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ഒപ്പം ജോലി സാധ്യതകളിലും മുന്‍തൂക്കം ആവശ്യപ്പെട്ടു തുടങ്ങിയിരുന്നു. തല്‍ഫലമായി, ശാസ്ത്ര പഠനത്തില്‍ കുടുതല്‍ സ്ത്രീകളുടെ എന്‍റോള്‍മെന്‍റ്പ്രകടമായി. എന്‍ജിനീയറിങ് രംഗത്ത് 14. 5 എന്നതാണ് സ്ത്രീ പ്രാതിനിധ്യം. 2030 തോടെ 30 % ആണ് ലക്ഷ്യം. എന്നാല്‍ ഇന്നത്തെ കാതലായ പ്രശ്നം, സാങ്കേതികവിദ്യയുടെ വികസനത്തിലേയും സംരംഭത്വത്തിലെയും നേതൃനിരയിലെ സ്ത്രീകളുടെ പ്രാതിനിധ്യക്കുറവാണ്. ഉദാഹരണത്തിന് ഐ എസ് ആര്‍ ഓ യ്ക്ക് .എത്ര വനിതാ ചെയര്‍ പേര്‍സണ്‍ ഉണ്ടായിട്ടുണ്ട് ?ആരും തന്നെയില്ല, ഗ്ലാസ് മറകള്‍ തകര്‍ത്തു പോകുക അത്ര എളുപ്പമല്ല എന്നതല്ലേ ഇതിന്‍റെ സൂചന? ഇതിനൊരു അപവാദമാണ് ഡോ. ടെസി തോമസ് . അവര്‍ തികയും അനുകരണീയമായ ഒരു മാതൃക തന്നെ. .
ഇന്നും ശാസ്ത്ര രംഗത്തു നിന്ന് drop out ആയി പുറത്ത്പോകുന്നതിലധികവും വനിതകള്‍ തന്നെ എന്നതും ഓര്‍ക്കണം. കുടുബവും ജോലിയും തമ്മിലുള്ള സംഘര്‍ഷത്തില്‍ കുടുംബം തെരെഞ്ഞെടുക്കാന്‍ വനിതകള്‍ നിര്‍ബ്ബന്ധിതരാക്കുന്നു എന്നതാവാം കാരണങ്ങളില്‍ മുഖ്യം.
ഇതോടൊപ്പം ഉന്നയിക്കപ്പെടുന്ന ഒരു സൈദ്ധാന്തിക പ്രശ്നം ഒരു ഫെമിനിസ്റ്റ് വീക്ഷണം ശാസ്ത്രസാങ്കേതിക മേഖലയില്‍ ഉരുത്തിരിഞ്ഞു വരുമോ എന്നു കൂടിയാണ്. 1990 കളില്‍ രൂപം കൊണ്ട ‘സൈബര്‍ ഫെമിനിസം’ സൈബര്‍ഇടത്തേയും ഇന്‍റര്‍നെറ്റിനെയും പുതിയ മാധ്യമ സാങ്കേതിക വിദ്യയേയും പുനര്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുന്നു.
ഇന്ന് ആര്‍ട്ടിഫിഷ്യന്‍ ഇന്‍റലിജെന്‍റിന്‍റെ (Ai )രംഗത്തും ജീവശാസ്ത്ര രംഗത്തും(biological sciences) സ്ത്രീ സാന്നിധ്യം ശ്രദ്ധേയം തന്നെയാണ്. എന്നാല്‍, സ്ത്രീകളുടെ പ്രാതിനിധ്യക്കുറവിനെ സംബന്ധിച്ച് സാമൂഹ്യരാഷ്ടീയമായ ഒരു അനലിറ്റിക്കല്‍ ഫ്രയിംവര്‍ക്കില്‍ ( contextualizing intersectionality ) പഠിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. അത്തരം അപഗ്രഥത്തിലൂടെ മാത്രമേ ഈ പ്രശ്നത്തിന്‍റെ കാര്യകാരണങ്ങള്‍ മനസ്സിലാക്കാനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും കഴിയൂ. ആ ദിശയില്‍ പഠനങ്ങള്‍ തികച്ചും അനിവാര്യം. ലിംഗ സമത്വം വെറും അധരവ്യായാമം മാത്രമായി ഒതുങ്ങാതിരിക്കുവാന്‍ അത് അനിവാര്യമാണ്. സ്ത്രീ സംഘടനകള്‍ കൂട്ടായി ഇത്തരം പഠനങ്ങള്‍ ആവശ്യപ്പെടണം . അവയില്‍ നിന്നും ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ നിരന്തര ജാഗ്രതയും വേണം. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍റെ പതിമൂന്നാം സമ്മേളനം തിരുവനന്തപുരത്ത് നടക്കുമ്പോള്‍ ഇത്തരമൊരു അജണ്ടക്ക് പ്രസക്തിയുണ്ട്.
അഡ്വ: പി എന്‍ ശ്രീകുമാര്‍ ഐ.ആര്‍ എസ്.
ശ്രീ, CRA 36, പൂജപ്പുര പി.ഓ,.തിരുവനന്തപുരം 12
Mob 9446540748.pa