ബ്രാഹ്മണര്‍ സസ്യാഹാരികളായതെങ്ങനെ?

റജിമോന്‍ കുട്ടപ്പന്‍

ഈയിടെ നടന്ന കേരള കലോത്സവത്തില്‍ സസ്യാഹാരത്തെപ്പറ്റിയും സസ്യേതരാഹാരത്തപ്പറ്റിയുമുള്ള വ്യാജ നവോത്ഥാനസംവാദങ്ങള്‍ ചൂടുപിടിച്ചപ്പോള്‍ തൊട്ടുകൂടായ്മയുടെയും അനുബന്ധകാര്യങ്ങളുടെയും ചരിത്രമറിയാവുന്ന ഒരാളെന്ന നിലയില്‍ എനിക്ക് ഒട്ടും അത്ഭുതം തോന്നിയില്ല.

ഏതായാലും അത് വിദ്യാലയവും ഭക്ഷണവുമായി ബന്ധപ്പെട്ടതായപ്പോള്‍ 2018 ല്‍ ഇന്‍ഡ്യ മുഴുവന്‍ ചര്‍ച്ച ചെയ്ത ബംഗ്ളൂരിലെ ഇസ്കോണ്‍ ഭക്ഷണവിവാദമാണ് എന്‍റെ ഓര്‍മ്മയില്‍ വന്നത്. 2018 ല്‍, ഇസ്കോണ്‍ എന്ന ഹരേ കൃഷ്ണ പ്രസ്ഥാനം ഇന്‍ഡ്യയിലെ 20 ലക്ഷം സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സൗജന്യ ഉച്ചഭക്ഷണത്തില്‍ മുട്ടയും വെളുത്തുള്ളിയും ഉള്ളിയും ചേര്‍ക്കാന്‍ വിസമ്മതിച്ചു. ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തണമെന്ന് പോഷകാഹാരവിദഗ്ദ്ധര്‍ ആവശ്യപ്പെട്ടിട്ടും മുട്ടയും ഉള്ളിയും വെളുത്തുള്ളിയും അവരുടെ സാത്വിക ഭക്ഷണത്തിനെതിരാണ് എന്ന നിലപാടാണ് ഇസ്കോണ്‍ സ്വീകരിച്ചത്.

ഈ വിവാദം കെട്ടടങ്ങുകയോ പരിഹാരം ഉണ്ടാവുകയോ ചെയ്തില്ല. ഒടുവില്‍ മറ്റൊരു ഏജന്‍സി മുട്ട സപ്ലൈ ചെയ്യാമെന്നുള്ള ധാരണയില്‍ ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്താനുള്ള ഫോര്‍മുലയുമായി സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുവന്നിരുന്നു. ഇന്‍ഡ്യയില്‍ സസ്യഭക്ഷണവും സസ്യേതരഭക്ഷണവും തമ്മിലുള്ള പോര് വൈദികകാലം മുതലേ തുടങ്ങിയതാണ്.ബ്രാഹ്മണര്‍ പശുക്കളെ ബലിയര്‍പ്പിക്കുകയും അവയുടെ മാംസം ഭക്ഷിക്കുകയും ചെയ്തിരുന്നു. ക്ഷത്രിയര്‍ മറ്റുമാംസഭക്ഷണവും മത്സ്യവും കഴിച്ചിരുന്നു. അതിനാല്‍ സസ്യഭക്ഷണത്തെയും സസ്യേതര ഭക്ഷണത്തെയും പറ്റിയുള്ള വിവാദം ചൂടുപിടിക്കുമ്പോഴൊക്കെ അത് ഗോമാംസം തിന്നുന്നവരുമായും സസ്യാഹാരികളുമായി ബന്ധപ്പെട്ടിരുന്നു.

ബ്രാഹ്മണര്‍ ഗോക്കളെ ബലിയര്‍പ്പിക്കുന്നത് ഉപേക്ഷിക്കുകയും സസ്യാഹാരികളായിത്തീരുകയും ചെയ്തത് അവര്‍ക്ക് ബുദ്ധമതത്തിനുമേല്‍ അധീശത്വം നേടുന്നതിനുവേണ്ടിയായിരുന്നു.400 വര്‍ഷം നീണ്ട ബ്രാഹ്മണിസവും ബുദ്ധമതവും തമ്മിലുള്ള വൈരം ഇന്‍ഡ്യാ ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട വസ്തുതയാണ്. ബി ആര്‍ അംബദ്കര്‍ 1948 ല്‍ രചിച്ച തൊട്ടുകൂടാത്തവര്‍ (അസ്പൃശ്യര്‍) എന്ന കൃതിയില്‍ അവര്‍ ആരായിരുന്നു എന്നും അവര്‍ എങ്ങിനെ തൊട്ടുകൂടാത്തരാക്കപ്പെട്ടു എന്നതിനെപ്പറ്റിയും ഇന്‍ഡ്യയിലെ ഹിന്ദുക്കളുടെ ഗോഹത്യയും മാംസഭക്ഷണവും തൊട്ടുകൂടായ്മയുമായി ബന്ധപ്പെട്ടിരിക്കുന്നതിനെപ്പറ്റിയും റിഗ്വേദവും മനുസ്മൃതിയും മറ്റുപുണ്യഗ്രന്ഥങ്ങളും ഉദ്ധരിച്ച് വിവരിക്കുന്നുണ്ട്.

ബുദ്ധമതത്തിന്‍റെ വ്യാപനത്തിന്‍റെ ഫലമായി ബ്രാഹ്മണിസത്തിന് രാജസദസ്സുകളിലും ജനങ്ങള്‍ക്കിടയിലുമുള്ള അധികാരവും അന്തസ്സും നഷ്ടപ്പെട്ട് അത് ക്ഷീണിതമാവുകയോ പ്രതിരോധത്തിലാവുകയോ ചെയ്തിരുന്നു.
അധികാരവും അന്തസ്സും നഷ്ടപ്പെട്ടതിന്‍റെ വേദനയില്‍ കഴിഞ്ഞിരുന്ന ബ്രാഹ്മണമതം അത് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ബുദ്ധന്‍റെ നിര്‍വാണത്തിനുശേഷം അദ്ദേഹത്തിന്‍റെ അനുയായികള്‍ ബുദ്ധന്‍റെ പ്രതിച്ഛായകള്‍ സൃഷ്ടിക്കാനും സ്തൂപങ്ങള്‍ സ്ഥാപിക്കാനും തുടങ്ങിയിരുന്നു.
ഇതിനുബദലായി ബ്രാഹ്മണര്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാനും അവയില്‍ വിഷ്ണു, കൃഷ്ണന്‍, രാമന്‍ മുതലായവരുടെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കാനും തുടങ്ങി. ഇതിന്‍റെയെല്ലാം ഉദ്ദേശം ബുദ്ധവിഗ്രഹാരാധനയില്‍ ആകൃഷ്ടരായ ജനങ്ങളെ തിരിച്ചുപിടിക്കാന്‍ വേണ്ടിയായിരുന്നു. ബ്രാഹ്മണിസത്തില്‍ ഒരു സ്ഥാനവുമില്ലാതിരുന്ന ക്ഷേത്രങ്ങളും വിഗ്രഹാരാധനയും ഹിന്ദുസ്ഥാനില്‍ നിലവില്‍വന്നത് ഈ സാഹചര്യത്തിലാണ്.
മൃഗങ്ങളെയും പ്രത്യേകിച്ച് പശുക്കളെയും ബലി കൊടുത്തിരുന്ന യാഗങ്ങള്‍ നടത്തിയിരുന്ന ബ്രാഹ്മണിസത്തെ ബുദ്ധമതം അംഗീകരിച്ചിരുന്നില്ല. പശുക്കളുടെ ഘാതകര്‍ എന്ന നിലയില്‍ ബ്രാഹ്മണര്‍ വെറുക്കപ്പെട്ടവരാവുകയും ചെയ്തു.
ബുദ്ധമതത്തിനെതിരായ അവരുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ ബ്രാഹ്മണര്‍ക്ക് യാഗവും പശുബലിയും നടത്തുന്ന ആരാധനാരീതി ഉപേക്ഷിക്കുകയല്ലാതെ ഗത്യന്തരമില്ലായിരുന്നു. ബുദ്ധമതത്തോട് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാന്‍ ബ്രാഹ്മണര്‍ക്ക് സസ്യാഹാരികളാവാതെ വേറെ നിവൃത്തിയില്ലായിരുന്നു.
ബുദ്ധമതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പൊതുജനമദ്ധ്യേ ബ്രാഹ്മണിസത്തിന് ബഹുമാന്യതയും ആരാധനയും നഷ്ടപ്പെട്ടതിന്‍റെ പ്രധാനകാരണം ബ്രാഹ്മണിസത്തിന്‍റെ സാരാംശമായിരുന്ന മൃഗബലിയായിരുന്നു! ബുദ്ധമതം അതിനോട് മൗലികമായിതന്നെ എതിരുമായിരുന്നു.

ബി ആര്‍ അംബദ്കര്‍

പശുക്കളും കാളകളും ഉള്‍പ്പെടെയുള്ള മൃഗങ്ങളെ കശാപ്പുചെയ്യുന്ന ബ്രാഹ്മണിസത്തോട് വെറുപ്പും അങ്ങിനെ ചെയ്യാത്ത ബുദ്ധമതത്തോട് പ്രതിപത്തിയും ഒരു കാര്‍ഷികജനതക്ക് തോന്നുന്നത് സ്വാഭാവികമായിരുന്നു.
ഈ സാഹചര്യത്തില്‍ നഷ്ടപ്പെട്ടവ വീണ്ടെടുക്കാന്‍ ബ്രാഹ്മണിസത്തിന് ചെയ്യാന്‍ കഴിയുന്ന കാര്യം ബുദ്ധമതത്തെക്കാള്‍ മെച്ചപ്പെടുക എന്നതായിരുന്നു. അതായത് മൃഗബലി ഉപേക്ഷിക്കുകയും മാംസാഹാരം വര്‍ജ്ജിച്ച് ബുദ്ധഭിക്ഷുക്കളെപ്പോലെ സസ്യാഹാരികളാവുകയും ചെയ്യുക. അതാണ് അവര്‍ ചെയ്തത്. ബ്രാഹ്മണര്‍ സസ്യാഹാരികളായതിന്‍റെ പശ്ചാത്തലം മേല്‍വിവരിച്ചതാണ.്