സംസ്ഥാന യുവജനോത്സവം:
സൂചനകള്‍, ദുസ്സൂചനകള്‍

വളരെക്കാലത്തിനിടയിലാണ് ഒരു സംസ്ഥാന യുവജനോത്സവം ഇവിടെ കോഴിക്കോട്ടു ഞങ്ങളുടെ തിരുമുറ്റത്തു അരങ്ങേറിയത്. കോഴിക്കോട്ടുകാര്‍ അത് തങ്ങളുടെ മതേതര ഉത്സവം പോലെ അഞ്ചുദിവസവും മനംനിറഞ്ഞു കൊണ്ടാടുകയും ചെയ്തു. ഓരോ വേദിയിലും നിറഞ്ഞ സദസ്സിനു മുമ്പിലാണ് കുട്ടികള്‍ പരിപാടികള്‍ അവതരിപ്പിച്ചത്. മത്സരത്തിലെ ഓരോ ജേതാക്കളെയും സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും നന്നായി പ്രകടനം നടത്തിയവരെയും ജനങ്ങള്‍ അകമഴിഞ്ഞു അഭിനന്ദിക്കുന്നതും കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നതും സന്തോഷം നല്‍കുന്ന കാഴ്ചയായിരുന്നു. ഒരു സാംസ്കാരിക പരിപാടിയെ എങ്ങനെ ജനകീയ ഉത്സവമാക്കി മാറ്റാം, ജനകീയ ഐക്യത്തിന്‍റെ ഉജ്വല നിദര്‍ശനമാക്കി മാറ്റാം എന്നതിന് അടുത്ത കാലത്തൊന്നും ഇത്രയും നല്ല മറ്റൊരു ഉദാഹരണം ചൂണ്ടിക്കാട്ടാനില്ല.

ഇത്തവണ കലോത്സവം പൊടിപൊടിച്ചു എന്ന് പറയുന്നത് ഒരു കോഴിക്കോട്ടുകാരന്‍ എന്നതിലുള്ള സ്വകാര്യ അഹങ്കാരം കൊണ്ടല്ല എന്ന് ആദ്യമേ പറയട്ടെ. മൂന്നു പതിറ്റാണ്ടുകാലം പത്രപ്രവര്‍ത്തനം നടത്തിയ ഈയുള്ളവനെ സംബന്ധിച്ച് കഴിഞ്ഞുപോയ വര്‍ഷങ്ങളിലെ പ്രധാന മാധ്യമ ചുമതലകളില്‍ ഒന്ന് വിവിധ പ്രദേശങ്ങളില്‍ അരങ്ങേറിയ യുവജനോത്സവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക എന്നതായിരുന്നു.

എമ്പതുകളുടെ മധ്യം മുതല്‍ പതിറ്റാണ്ടുകള്‍ കാലം ഇത്തരം യുവജനോത്സവങ്ങളും സര്‍വകലാശാലാ ഉത്സവങ്ങളും നിരന്തരമായി വീക്ഷിച്ചിട്ടുള്ള ഒരാളാണ് ഇതെഴുതുന്നത്. അതിനു മുമ്പ് എഴുപതുകളുടെ അവസാനം അടിയന്തിരാവസ്ഥ കഴിഞ്ഞ ശേഷമുള്ള കാലം മുതല്‍ കോഴിക്കോട് സര്‍വകലാശാലാ ഉത്സവങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ഒരു പ്രധാന പങ്കും എനിക്ക് ഉണ്ടായിരുന്നു. ഒരു ജനാധിപത്യ സംസ്കാരത്തെ നമ്മുടെ വിദ്യാര്‍ഥിസമൂഹത്തില്‍ പ്രസരിപ്പിക്കുന്നതില്‍ ഈ കലോത്സവങ്ങള്‍ വഹിച്ച പങ്കു ചെറുതല്ല. സുരേഷ് കുറുപ്പ് കേരളാ സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ അക്കാര്യത്തില്‍ അന്ന് നിര്‍വഹിച്ച പങ്ക് ഇന്നും ഓര്‍മിക്കപ്പെടുന്നതാണ്. 197980 വര്‍ഷത്തില്‍ തൃശ്ശൂരില്‍ നടന്ന കാലിക്കറ്റ് സര്‍വ്വകലാശാലാ യുവജനോത്സവത്തിന്‍റെ പ്രധാന സംഘടകന്മാരില്‍ ഒരാള്‍ അന്നത്തെ സര്‍വ്വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ഈയുള്ളവന്‍ തന്നെയായിരുന്നു. കെ പി രാജേന്ദ്രനും പി എസ് ഇഖ്ബാലും ചെറിയാന്‍ ജോസഫും ടി എല്‍ സന്തോഷും അടക്കം എസ്എഫ്ഐയിലെയും സഹോദര സംഘടനകളിലെയും നിരവധി സഖാക്കളാണ് അതിനെ വിജയിപ്പിക്കാന്‍ കിണഞ്ഞു ശ്രമിച്ചത്. അതിനാല്‍ സംഘാടനമികവെന്നതു ഒരു കലോത്സവ വിജയത്തില്‍ എത്രമാത്രം പ്രധാനമാണ് എന്നെനിക്കറിയാം.

മന്ത്രി മുഹമ്മദ് റിയാസ്

അതുകൊണ്ടാണ് ഇത്തവണ കോഴിക്കോട്ടു നടന്ന കലോത്സവം സംഘാടന മികവില്‍ മുന്‍കാല കലോത്സവങ്ങളെ കടത്തിവെട്ടി എന്ന് ഉറപ്പിച്ചു പറയാന്‍ എനിക്ക് മടിയില്ലാത്തത്. സംഘാടക സമിതിയുടെ ചെയര്‍മാനായിരുന്ന കോഴിക്കോട്ടുകാരന്‍ മന്ത്രി മുഹമ്മദ് റിയാസും എസ്എഫ്ഐ പ്രവര്‍ത്തനകാലത്തു ഞങ്ങളുടെയൊക്കെ നേതാവായിരുന്ന വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും കൈരളി ചാനലില്‍ എന്‍റെ സഹപ്രവര്‍ത്തക ആയിരുന്ന ആരോഗ്യമന്ത്രി വീണാജോര്‍ജും കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പും മുന്‍ എംഎല്‍എ പ്രദീപ്കുമാറും ഇപ്പോഴത്തെ എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രനും പേരറിയുന്നവരും അല്ലാത്തവരുമായ നിരവധി മനുഷ്യരും അതില്‍ കയ്യും മെയ്യും മറന്നു സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരില്‍ പലരും ഇടതുപക്ഷ രാഷ്ട്രീയത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ ആവണം. എന്നാല്‍ അങ്ങനെയല്ലാത്ത നിരവധി പേരും കലോത്സവത്തിന്‍റെ വിജയത്തിനായി ഉത്സാഹിക്കുകയുണ്ടായി. ഭക്ഷണശാലയിലും വേദികളിലും വേദികള്‍ക്കിടയിലും നിറഞ്ഞുനിന്ന അധ്യാപകരും സംഘടനാനേതാക്കളും പോലീസുകാരും ശുചീകരണ തൊഴിലാളികളും ഡ്രൈവര്‍മാരും മാധ്യമ പ്രവര്‍ത്തകരും എന്നല്ല എത്രയെത്ര മനുഷ്യരാണ് ഈ പരിപാടിയുടെ വിജയത്തിനായി രാപ്പകല്‍ പ്രയത്നിക്കാതിരുന്നത്!
അതൊക്കെ ഉയര്‍ത്തിക്കാണിക്കുന്ന കാര്യം കേരളത്തില്‍ ഇന്നും നിലനില്‍ക്കുന്ന, കക്ഷിരാഷ്ട്രീയത്തിനു അതീതമായ ഒരു പൊതുമണ്ഡലത്തിന്‍റെ അസാധാരണ ചൈതന്യമാണ്. അതൊരു മഹത്തായ മലയാളി സാംസ്കാരിക പാരമ്പര്യത്തിന്‍റെ ഭാഗവുമാണ്. അതില്‍ ഇന്നുവരെ ജാതീയമോ മതപരമോ സാമ്പത്തികമോ ആയ ഭിന്നതകളും ഉച്ചനീചത്വങ്ങളും ഒരിക്കലും നിഴല്‍ വീശിയിരുന്നില്ല. അതിനുള്ള ശ്രമങ്ങളെ ജനങ്ങള്‍ എന്നും ചെറുത്തുതോല്പിക്കുകയും ചെയ്തു. അതാണ് സത്യത്തില്‍ ഇന്നും കേരളത്തെ മതേതരമായ ഒരു സാമൂഹിക ജീവിതത്തിന്‍റെ ഒന്നാന്തരം ഇന്ത്യന്‍ മാതൃകയായി നിലനിര്‍ത്തുന്നത്. അതില്‍ ഒരിക്കലും കക്ഷിതാല്‍പര്യങ്ങള്‍ നിഴല്‍ വീഴ്ത്തിയിരുന്നില്ല. കമ്മ്യൂണിസ്റ്റ്കക്ഷികള്‍ മാത്രമല്ല, കോണ്‍ഗ്രസും ലീഗും ബിജെപിയും പോലും അത്തരമൊരു പൊതുവേദിയില്‍ സമൂഹ താല്പര്യങ്ങള്‍ മുന്നില്‍ നിര്‍ത്തിയാണ് ഇവിടെ പ്രവര്‍ത്തിച്ചിട്ടുള്ളത്. മറിച്ചൊരു നിലപാടിന് ജനസമ്മതി കിട്ടുകയില്ല എന്ന ബോധ്യം എല്ലാവര്‍ക്കും ഉണ്ടായിരുന്നു.

അതിന്‍റെ പ്രാധാന്യം വലുതാണെന്നു രാജ്യത്തെ ഇന്നത്തെ വിഷമയമായ അനുഭവങ്ങളില്‍ നിന്ന് നമുക്ക് അറിയാന്‍ കഴിയുന്നുണ്ട്. വികലമായ താല്പര്യങ്ങള്‍ മൂലം മനസ്സുകളെ ഭിന്നിപ്പിക്കാന്‍ എളുപ്പമാണ്. അതിന്‍റെ ഭയാനകമായ പ്രത്യാഘാതങ്ങള്‍ എന്താവും എന്നു ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും വര്‍ഗീയ വിഭജനത്തിന്‍റെ അനുഭവങ്ങള്‍ നമ്മോടു പറയുന്നുണ്ട്. ഏഷ്യയില്‍ ഇന്നു

ഏറ്റവും മികച്ച കലോത്സവമായി നമ്മുടെ സ്കൂള്‍ യുവജനോത്സവം മാറിയിട്ടുണ്ടെങ്കില്‍ അതിനു കാരണം മലയാളിസമൂഹം കൈവരിച്ച ബഹുസംസ്കൃതി സാംസ്കാരത്തിന്‍റെ ഈടുവയ്പായ ഈയൊരു പൊതുമണ്ഡലത്തിന്‍റെ സാന്നിധ്യമാണ്.

കേരളത്തിലെ ഇടതുപക്ഷ കക്ഷികള്‍ക്ക് അത്തരമൊരു പൊതുമണ്ഡല നിര്‍മാണത്തില്‍ അഭിമാനാവഹമായ പങ്കാളിത്തമുണ്ട്. അതേസമയം മറ്റു ചിന്താഗതിക്കാരും രാഷ്ട്രീയനിലപാടുകാരും അതില്‍ വലിയ പങ്കാളിത്തം വഹിച്ചവര്‍ തന്നെയാണ്.

കേരളത്തിന്‍റെ ഈ സവിശേഷത അക്കാദമികമായിത്തന്നെ പഠനവിധേയമാക്കപ്പെട്ട കാര്യമാണ്. തൊണ്ണൂറുകളില്‍ ഇന്ത്യയില്‍ വര്‍ഗീയകലാപങ്ങള്‍ രൂക്ഷമായ കാലത്തു പ്രശസ്ത രാഷ്ട്രീയചിന്തകനായ ഡോ. അശുതോഷ് വാര്‍ഷ്ണേയ് അലിഗറിനെയും കോഴിക്കോടിനെയും താരതമ്യം ചെയ്തു കൊണ്ട് വര്‍ഗീയതയെ ചെറുക്കുന്നതില്‍ പൊതുമണ്ഡല പ്രസ്ഥാനങ്ങളുടെ പ്രാധാന്യം സംബന്ധിച്ച ഒരു പഠനം നടത്തുകയുണ്ടായി. തുടര്‍ന്ന് അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകം ആഗോളതലത്തില്‍ തന്നെ വലിയ ശ്രദ്ധയും ചര്‍ച്ചകളും ഉയര്‍ത്തിയിട്ടുള്ളതാണ്. അന്ന് കോഴിക്കോട് കളക്ടര്‍ ആയിരുന്ന അമിതാഭ് കാന്ത് ഡല്‍ഹി ജെഎന്‍യുവില്‍ അദ്ദേഹത്തിന്‍റെ സഹപാഠി ആയിരുന്നതിനാല്‍ വാര്‍ഷ്ണേയിയുടെ കോഴിക്കോട്ടെ ഗവേഷണ കാലത്തു അദ്ദേഹത്തെ സഹായിക്കാന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ ആ പഠനത്തില്‍ കോഴിക്കോട് ഇന്ത്യന്‍ പൊതുമണ്ഡല സമൂഹത്തില്‍ കാഴ്ച വെക്കുന്ന സവിശേഷ മാതൃകയെ സംബന്ധിച്ച അദ്ദേഹത്തിന്‍റെ നിരീക്ഷണങ്ങള്‍ രൂപപ്പെട്ടു വന്ന അക്കാദമിക പ്രക്രിയയ്ക്കു ഞാന്‍ ദൃക്സാക്ഷിയാണ്.

കെ സുരേഷ് കുറുപ്പ്

പറഞ്ഞുവരുന്നത് ഇതാണ്. കോഴിക്കോടു നല്‍കിയ ഉദാത്തമായ പൊതുമണ്ഡല മാതൃക ഇന്ത്യക്കും ലോകത്തിനും പോലും പ്രധാനമാണ് എന്ന് ലോകമറിയുന്ന അക്കാദമിക പണ്ഡിതന്മാര്‍ പോലും പാടിപ്പുകഴ്ത്തുന്ന ഒരു കാലത്തു അത്തരമൊരു പൊതുമണ്ഡല മുന്നേറ്റത്തിന്‍റെ ഏറ്റവും വിശിഷ്ട മാതൃകയായി നമ്മള്‍ വികസിപ്പിച്ചെടുത്ത കലോത്സവത്തെ എങ്ങനെയാണു ചില കുബുദ്ധികള്‍ ഗുപ്തമായ ദുഷ്ടലാക്കോടെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചത് എന്നാലോചിക്കുക. വളരെ നല്ലനിലയില്‍ നടന്ന ഒരു കലോത്സവത്തിന്‍റെ മികവിനെ പൂര്‍ണമായും കാണാമറയത്തു തള്ളിക്കൊണ്ടാണ് കലോത്സവത്തിന്‍റെ അടുക്കളയില്‍ കോഴിക്കറി കിട്ടിയില്ല എന്ന് പറഞ്ഞു ചില കൂട്ടര്‍ ചാടിയിറങ്ങിയത്. അതിന്‍റെ പിന്നിലെ പ്രധാന ശക്തികള്‍ ഇടതുപക്ഷം എന്ന പേരില്‍ അറിയപ്പെടുന്ന ചിലര്‍ തന്നെയാണ് എന്നറിയുമ്പോള്‍ ആരും മൂക്കത്തു വിരല്‍ വെച്ചുപോകും. എന്താവാം അത്തരമൊരു അനാവശ്യ വിവാദം കുത്തിയിളക്കി കലോത്സവത്തെ ആകെ അട്ടിമറിക്കാനും അതിന്‍റെ അടുക്കളയില്‍ തന്നെ പരസ്പരമുള്ള അവിശ്വാസത്തിന്‍റെ വിഷവിത്തുകള്‍ വാരിവിതറാനും അവരെ പ്രേരിപ്പിച്ചിട്ടുണ്ടാവുക?

അതൊന്നും അത്ര ലാഘവമുള്ള ഒന്നല്ല എന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും തിരിച്ചറിയാനാകും. ഞാന്‍ നേരത്തെ പറഞ്ഞപോലെ ഇത്തരം ഒരു കലോത്സവം പരാതിയില്ലാതെ നടത്തുകയെന്നത് ഭഗീരഥപ്രയത്നം തന്നെയാണ്. മുന്‍കാലങ്ങളില്‍ പുലര്‍ച്ചെ വരെ കുട്ടികള്‍ വേദികളില്‍ തങ്ങളുടെ അവസരത്തിനായി കാത്തിരിക്കുന്ന കാലമുണ്ടായിരുന്നു. ജഡ്ജിമാരെക്കുറിച്ചുള്ള പരാതികള്‍ ഉയര്‍ന്ന കാലമുണ്ടായിരുന്നു. ഭക്ഷണം കിട്ടാന്‍ മണിക്കൂറുകള്‍ കാത്തുനില്‍കേണ്ട സന്ദര്‍ഭങ്ങളും ഉണ്ടായിരുന്നു. എന്നാല്‍

ഇത്തവണ ആയിരക്കണക്കിനു മാധ്യമപ്രവര്‍ത്തകര്‍ രാപ്പകല്‍ കണ്ണില്‍ എണ്ണയും ഒഴിച്ച് കാത്തിരുന്നിട്ടും അത്തരം ഒരു പരാതി പോലും ഉയരുകയുണ്ടായില്ല. ആകെയുണ്ടായത് സ്വാഗതഗാനത്തിന്‍റെ ദൃശ്യാവിഷ്കാരത്തില്‍ വന്ന ഒരു പാകപ്പിഴയാണ്.

അത് സംഘാടക സമിതിയുടെ ഒരു കൈപ്പിഴയായി മാത്രമേ കാണാനാവുകയുള്ളൂ. ‘എല്ലാ മുസ്ലിംകളും ഭീകരരല്ല; എന്നാല്‍ എല്ലാ ഭീകരരും മുസ്ലിംകളാണ്’ എന്നൊരു സമവാക്യം സാമ്രാജ്യത്വ സൃഷ്ടിയാണ്. അത്തരമൊരു ആശയലോകത്തു നിന്നാണ് വേദിയിലെ തലേക്കെട്ടുകാരന്‍ ഭീകരന്‍ വരുന്നത്. അത് തെറ്റായിപ്പോയി, അന്വേഷിക്കണം എന്ന് സംഘാടകസമിതി ചെയര്‍മാന്‍ തന്നെ പറഞ്ഞിട്ടുമുണ്ട്. അതിനാല്‍ അതൊരു ഭാവിയിലേക്കുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് എടുക്കേണ്ടത്. ഭാവിയില്‍ അത്തരം സ്ഖലിതങ്ങള്‍ വരാതെ നോക്കുകയും വേണം.

എന്നാല്‍ ഭക്ഷണവിവാദം അത്ര എളുപ്പത്തില്‍ കെട്ടടങ്ങും എന്ന് കരുതാനാവില്ല. അതിന്‍റെ പിന്നിലെ ദുഷ്ടലാക്ക് വലുതാണ്. പതിനായിരങ്ങള്‍ ദിനേന ഭക്ഷണം കഴിക്കുന്ന ഒരു വേദിയില്‍ എങ്ങനെആപത്തില്ലാത്ത വിധം നോണ്‍ വെജിറ്റേറിയന്‍ ഇനങ്ങള്‍ കൊടുക്കാനാവും എന്നാലോചിക്കുന്നത് നല്ലതാണ്. കോഴിയായാലും മറ്റേതെങ്കിലും ഇറച്ചി ആയാലും ഇത്രയേറെ പേര്‍ക്കുള്ള വിഭവങ്ങള്‍ എങ്ങനെ സംഭരിക്കും? കേടുവരാതെ എവിടെ സൂക്ഷിക്കും? അസാധ്യം എന്നുമാത്രമേ അതേക്കുറിച്ചു ആരും പറയുകയുള്ളൂ. ഭക്ഷ്യവിഷബാധ ഇന്നല്ലെങ്കില്‍ നാളെ ഉറപ്പാണ്.
ഒരു കാര്യം മാത്രം ആലോചിക്കുക. എവിടെനിന്നാണ് ഇത്തരം വിഭവങ്ങള്‍ വരുന്നത്? ആരെയാണ് ഈ കച്ചവടം സഹായിക്കുക? ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നിത്യേനയെന്നോണം ഭക്ഷ്യവിഷബാധ സംബന്ധിച്ച കേസുകള്‍ വരുന്നുണ്ട്. എന്തുകൊണ്ട് അവയൊന്നും തടയാന്‍ നമുക്ക് കഴിയുന്നില്ല? ഈയവസ്ഥയില്‍ ഇന്നുവരെയില്ലാത്ത ഒരു ആവശ്യം ഉന്നയിച്ചു കുളംകലക്കുന്നത് ശരിയോ?

വേറൊരു നൈതികപ്രശ്നവും ഇതില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. ഇന്ന് ലോകമെങ്ങും ഭക്ഷണത്തിന്‍റെ നൈതികത ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണ്. ജീവികളെ കൊന്നു തിന്നുന്നത് വിവേകശീലമുള്ള മനുഷ്യരെ സംബന്ധിച്ച് ചില നൈതിക പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട് എന്ന് പല ചിന്തകരും പറയുന്നുണ്ട്. ഗാന്ധിജിയും അങ്ങനെ പറഞ്ഞിട്ടുണ്ട്. ഇന്നത്തെ പല പരിസ്ഥിതി ചിന്തകരും അതുയര്‍ത്തുന്നുണ്ട്. അതൊരു സാമുദായിക പ്രശ്നമല്ല, പരിസ്ഥിതികവും നൈതികവുമായ പ്രശ്നമാണ്. ബീഫ് ഫെസ്റ്റിവല്‍ കാലത്തു ‘ബീഫ് തിന്നല്‍ ഒരു രാഷ്ട്രീയമാണ് ‘ എന്നൊക്കെപ്പറഞ്ഞു ന്യൂനപക്ഷങ്ങളെ ഇളക്കിവിടാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് പോലും അന്നൊരു സമകാല പ്രസക്തി ഉണ്ടായിരുന്നു. എന്നാല്‍ ഭക്ഷണമേശയിലും നൈതികത ചിന്താവിഷയമാകുന്ന ഇക്കാലത്തു കുട്ടികളുടെ ഒരു സാംസ്കാരികോത്സവത്തില്‍ മിണ്ടാപ്രാണികളുടെ ജീവനെടുത്തുള്ള ആഘോഷം നമുക്ക് വേണമോ എന്നും ആലോചിക്കേണ്ടതല്ലേ? പരിപാടിയില്‍ എത്തിയ ഒരു കുട്ടി പോലും ഇറച്ചിയോ മീനോ കിട്ടാത്തതില്‍ ഇന്നുവരെ ഒരു പരാതിയും പറഞ്ഞിട്ടില്ല. ഇനി പറയാനും പോകുന്നില്ല. കാരണം അവര്‍ വരുന്നത് ഒരു സാംസ്കാരികോത്സവത്തില്‍ പങ്കാളികളാകാനാണ്; അതില്‍ നിറഞ്ഞുനില്‍ക്കുന്ന നീതിയുടെയും മാനവ സമൂഹസങ്കല്പങ്ങളുടെയും ഭാഗമായി നില്‍ക്കാനാണ്. അതൊരു മഹത്തായ സാംസ്കാരിക ദൗത്യമാണ്. അതില്‍ ചോരയുടെ മണം, വര്‍ഗീയതയുടെ നാറ്റം അവര്‍ ആഗ്രഹിക്കുന്നില്ല.

ഡോ: അശുതോഷ് വാർഷ്ണേയ്

അതിനാലാവണം കേരളത്തില്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ കാലം ഇത്തരം കലോത്സവങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച മുസ്ലിംലീഗിന്‍റെ നേതാക്കള്‍ കെ പി എ മജീദും കെ എം ഷാജിയും ഇത്തരമൊരു നീക്കത്തിന്‍റെ ഗൂഢാര്‍ത്ഥങ്ങള്‍ മനസ്സിലാക്കി അതിനെ മുളയിലേ നുള്ളിക്കളയാന്‍ തീരുമാനിച്ചത്. അഞ്ചുദിവസം മീനോ ഇറച്ചിയോ കഴിക്കാന്‍ കിട്ടിയില്ലെങ്കില്‍ ഒരു കുട്ടിക്കും ഒരു പ്രശ്നവുമില്ല എന്നാണ് ഇരു നേതാക്കളും ചൂണ്ടിക്കാട്ടിയത്. ഇത്തരം വ്യാജ വിവാദങ്ങള്‍ കെട്ടിപ്പൊക്കി കേരളത്തില്‍ സംഘപരിവാരത്തിനു ചാഞ്ഞും ചരിഞ്ഞും നിന്ന് വേദിയൊരുക്കുന്ന ഇടതുസംസ്കാരിക പ്രമാണിമാരെ ഷാജി കണക്കിന് കളിയാക്കുകയും ചെയ്തു. ‘സഖാക്കളേ, കേരളത്തെ നിങ്ങള്‍ എങ്ങോട്ടാണ് നയിക്കുന്നത്’ എന്നാണ് അദ്ദേഹം ചോദിച്ചത്.

സംഘപരിവാര അജണ്ടകള്‍ പ്രച്ഛന്നമായ നിലയില്‍ എന്തുകൊണ്ട് ഇടതുവേദികളില്‍ നിന്നും ഇടതുപക്ഷം എന്നപേരില്‍ അറിയപ്പെടുന്ന ചിലരുടെ വായില്‍ നിന്നും ഇങ്ങനെ നിരന്തരം പൊട്ടിയൊലിക്കുന്നു എന്ന ചോദ്യം പ്രസക്തമാണ്. പഴയിടം നമ്പൂതിരിയെ ജാതിപറഞ്ഞു അധിക്ഷേപിച്ചു അപമാനിച്ചു പറഞ്ഞയച്ചവര്‍ ആര്‍ക്കു വേണ്ടിയാണു കുഴലൂതുന്നത്? വിഷയത്തില്‍ ഇപ്പോള്‍ പിറകിലിരുന്നു ചരടുവലിക്കാന്‍ സംഘപരിവാര സാംസ്കാരിക നേതാക്കള്‍ക്കും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്കും സന്ദര്‍ഭം ഒരുക്കിക്കൊടുത്തത് ആരാണ്? എന്താണ് അവര്‍ക്കു കിട്ടിയ വെള്ളിക്കാശുകള്‍?

njh`ഇതൊന്നും അത്ര നിഷ്കളങ്കമായ ഇടപാടല്ല എന്നറിയാന്‍ പാഴൂര്‍പടി വരെ പോകേണ്ട കാര്യമില്ല. നമ്മുടെ മുന്നില്‍ ഈ പ്രച്ഛന്നവേഷങ്ങള്‍ അഴിഞ്ഞാടുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട്ടു മുജാഹിദുകളുടെ സംസ്ഥാന സമ്മേളനത്തിലും ഇത്തരം ചില വായ്ത്താരികള്‍ കേള്‍ക്കുകയുണ്ടായി. സുപ്രീംകോടതി തീര്‍പ്പാക്കിയതും ഉത്തര്‍ പ്രദേശിലെ സുന്നി വഖ്ഫ് ബോര്‍ഡ് പൂര്‍ണമായും അംഗീകരിച്ചതുമായ അയോധയിലെ രാമക്ഷേത്ര നിര്‍മാണം അകാലത്തില്‍ വീണ്ടും കുത്തിയിളക്കി മുസ്ലിംകളുടെ കയ്യടി നേടാനും വീണ്ടുമൊരു ഹിന്ദുമുസ്ലിം സംഘര്‍ഷം ഉണ്ടാക്കിയെടുക്കാനും ഒരു ഇടതു കഥാപാത്രം നടത്തിയ ശ്രമം പൊളിഞ്ഞു പാളീസാവുന്നത് കാണാന്‍ രസമായിരുന്നു. വമ്പന്‍ കയ്യടി പ്രതീക്ഷിച്ചു നേതാവ് ചുറ്റും നോക്കിയപ്പോള്‍ ആരും അനങ്ങുന്നില്ല! കോഴിക്കോട്ടങ്ങാടിയില്‍ എന്തേ ഇത്തരം വേലത്തരങ്ങള്‍ ഇപ്പോള്‍ ചെലവാകാത്തത് എന്ന് സഖാക്കള്‍ ആലോചിക്കുന്നത് നല്ലതാണ്. കാരണം തങ്ങളുടെ യാഥാര്‍ഥ്യ താല്പര്യങ്ങള്‍ എന്ത് എന്ന് തിരിച്ചറിഞ്ഞു രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ ഇന്ന് മുസ്ലിംകള്‍ക്ക് അറിയാം. വൈകാരിക വിഷയങ്ങള്‍ സ്ഥാനത്തും അസ്ഥാനത്തും കുത്തിയിളക്കി നേട്ടമുണ്ടാകാനുള്ള ശൃഗാലതന്ത്രങ്ങള്‍ എളുപ്പത്തില്‍ വേവുകയില്ല. ഇത്തരം കുബുദ്ധികള്‍ക്കു മാര്‍ഗദര്‍ശകമായി പഴയ ഒരു സാരോപദേശ കഥ ഇവിടെയുണ്ട്. രണ്ടു മുട്ടനാടുകളെ വ്യാജം പറഞ്ഞു തമ്മിലടിപ്പിച്ചു അവരുടെ നെറ്റിയില്‍ നിന്നും ഉതിരുന്ന ചോര കുടിക്കാന്‍ കാത്തിരുന്ന ഒരു കുറുനരിയുടെ കഥയാണത്. മുട്ടനാടുകള്‍ക്കു ബുദ്ധി വന്നു; പക്ഷേ കുറുനരി ഇപ്പോഴും പഴയ അജണ്ടയുമായി കാത്തിരിക്കുകയാണ്.