പാളയോടൊപ്പം കുഞ്ഞിനെക്കൂടി എറിയരുതേ!
കളങ്കിത രാഷ്ട്രീയത്തിന് ഒരു മുഖവുര എന്ന് ഞങ്ങള്‍ ഈ മുഖപ്രസംഗത്തിന് എളിമയോടെ പേര് ചാര്‍ത്തിക്കോട്ടെ. ഞങ്ങളുടെ ഈ വാക്കുകള്‍ ഏതെങ്കിലും രാഷ്ട്രീയ നേതാക്കളെ ഇകഴ്ത്താനോ വാഴ്ത്താനോ അല്ല. ഇത് സമകാലീന രാഷ്ട്രീയത്തിന് നേര്‍ക്ക് പിടിച്ച നിഴല്‍ കണ്ണാടിയാണ്. ഇതിലാരുടെയെങ്കിലും നിഴലുകള്‍ തെളിയുന്നുണ്ടെങ്കില്‍ അത് അപരാധമായി കാണാതിരുന്നാലും. ഞങ്ങള്‍ക്കും തെറ്റുപറ്റാം. ഞങ്ങളും തെറ്റുകള്‍ക്ക് അതീതരല്ല. പലപ്പോഴായി പലരും ഇതിന്‍റെ അന്തസത്ത മുമ്പും ജനങ്ങള്‍ക്ക് മുമ്പില്‍ എത്തിച്ചിട്ടുണ്ടെന്നറിയാം. എന്നിട്ടും നാട് നന്നാവുന്നില്ല!
ഇടതുപക്ഷത്തിന്‍റെ ജീര്‍ണ്ണത ഏതെങ്കിലും ഒരറ്റത്തല്ല, ആപാദചൂഡം അളിഞ്ഞു കഴിഞ്ഞ അവസ്ഥ.അധഃപതനത്തിനിടയില്‍ കേരളത്തിലെ കമ്മ്യുണിസം, പാളയോടൊപ്പം കുഞ്ഞിനെക്കൂടി എറിഞ്ഞുകളയുമോ എന്നാണ് ഭയം. വായന നിലച്ചതുകൊണ്ടാവാം രാഷ്ട്രീയ സംവാദങ്ങള്‍ പലപ്പോഴും കുതിര്‍ന്ന പടക്കത്തിന്‍റെ അവസ്ഥയിലാണ്.
കേരളരാഷ്ട്രീയം അധഃപതനത്തിന്‍റെ നാറാണക്കല്ലുതൊട്ട ഇതുപോലൊരു ദുര്‍ഘടം സമീപകാലത്തൊന്നും ഉണ്ടായിട്ടുണ്ടാവില്ല. എല്ലാ പാര്‍ട്ടികളിലും ഒരേ പോലെ ഉരുള്‍പൊട്ടല്‍. രാഷ്ട്രീയം മുമ്പെന്നത്തേക്കാള്‍ ഏറ്റവും വരിശുള്ള ബിസിനസ്സ് ആയതു കൊണ്ടാണോ ഇത് ? തട്ടകം അറേബ്യന്‍ നാടുകളില്‍ ആണെങ്കില്‍ കേരളത്തില്‍ നിന്ന് കൊയ്തെടുക്കുന്ന കള്ളപ്പണം ഭദ്രമായി അവിടെ ഒളിപ്പിച്ചുവെക്കാമല്ലോ!പെട്ടി മറന്നുപോയാലും കിങ്കരന്മാര്‍ എത്തേണ്ടിടത്തു എത്തിക്കും.
അറബിനാടുകളും കേരളവും തമ്മിലുള്ള സ്വര്‍ണ്ണവ്യാപാരത്തിന്‍റെ ചെറിയ രഹസ്യകവാടം തുറന്നപ്പോള്‍ തന്നെ എത്രയെത്ര മുഖംമൂടികള്‍ ആണ് തെറിച്ചത്? പക്ഷെ അതുകൊണ്ട് ഒരു നഷ്ടവുമില്ല. ഇന്നുവരെ ആരെങ്കിലും ദേഹത്ത് ഒന്ന് തൊട്ടോ? തൊടില്ല.എല്ലാം കഴിഞ്ഞു. ശുഭം.
സ്വര്‍ണ്ണ വ്യാപാരത്തിന്‍റെ മുഖ്യസ്രോതസ്സ് ഗള്‍ഫില്‍ സുരക്ഷിതനായി കഴിയുന്നതുപോലെ തന്നെയാണ് കേരളത്തില്‍ ഔദ്യോഗിക ലാവണത്തില്‍ ഒരു വമ്പന്‍ സ്രാവ് സുരക്ഷിതനായി താക്കോല്‍സ്ഥാനത്തുള്ള ത്? കേരളത്തിന്‍റെ ഭരണചക്രം തിരിക്കുന്ന ഏതെങ്കിലും ഉന്നതന്‍ എന്തെങ്കിലും ഒരു വാക്ക് ഈ വമ്പന്‍ സ്രാവിനെക്കുറിച്ചു ഇതേവരെ പറഞ്ഞിട്ടുണ്ടോ. ജീവിച്ചിരിപ്പുണ്ട് എന്നെങ്കിലും?
സ്വര്‍ണ്ണവും ഡോളറും കയ്യില്‍ എത്തുന്നത് വരെ തേനേ പാലേ എന്നുവിളിച്ചു നിലത്തുവെക്കാതെ കൊണ്ട് നടന്നതല്ലേ? ഇത് കണ്ട അണികള്‍ തേവിടിശ്ശികളുടെ അടുത്ത് എങ്ങിനെ പോകാതിരിക്കും?. മയക്കുമരുന്ന് ലോറികള്‍ എങ്ങിനെ കൈക്കലാക്കാതിരിക്കും? മോന്തായം വളഞ്ഞാല്‍ 64 ഉം വളയും എന്നല്ലേ പ്രമാണം! ഡസന്‍ കണക്കിന് മങ്കമാരുടെ അശ്ലീല ചിത്രങ്ങള്‍ ഏരിയാ നേതാവ് എ പി സോണയുടെ ശേഖരത്തില്‍ നിന്ന് കണ്ടെടുത്തു എന്നാണല്ലോ പാര്‍ട്ടി തന്നെ പറയുന്നത് ! മോന്തായം 64 വളയുമ്പോള്‍ …… ………എന്നാണല്ലോ പ്രമാണം!
ഈ വമ്പന്‍ സ്രാവിനെ സെക്രട്ടറിയറ്റില്‍ താക്കോല്‍സ്ഥാനത്തു പിടിച്ചു വെച്ചിരിക്കുന്നത് ആരാ? മാധവരായര്‍ വിചാരിച്ചാല്‍ ഇതുവല്ലതും നടക്കുമോ?കാക്കയെ കൊണ്ട് തലയില്‍ തൂറി വെപ്പിക്കാം.അത്രമാത്രം.നുണകള്‍ എങ്ങിനെ ഇത്രവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നു? കൊടിയേറ്റത്തിലെ കഥാപാത്രം ഗോപി പണ്ട് പറഞ്ഞത് പോലെ എന്തൊരു സ്പീഡ്. എന്നിട്ട് ജനങ്ങളെ വിഡ്ഢിയാക്കാന്‍ ഒരു ചോദ്യം. കടത്തിക്കൊണ്ടുവന്ന സ്വര്‍ണ്ണം എവിടെ? കൊണ്ടുവന്നത് ആര്‍ക്കുവേണ്ടി? ഇത് രണ്ടും ചെയ്തത് ആരാണെന്ന് മലയാളികള്‍ക്കറിയാം.എത്ര നിഷ്ക്കളങ്കര്‍ ആണെന്ന് ഈ ചോദ്യം കേട്ടാല്‍ തോന്നിപ്പോകും. ആരുമില്ലല്ലോ ചോദിയ്ക്കാന്‍ ഇവിടെ ? ഒരു പ്രതിപക്ഷവും ഇല്ല? എന്തുകൊണ്ടാണ് അവരും ഇങ്ങിനെ പുഷ്പ്പ വൃഷ്ടി നടത്തിക്കൊണ്ടിരിക്കുന്നത്? രാഷ്ട്രീയക്കാരുടെ കാപട്യത്തിന്‍റെ ആഴം ഓരോ ദിവസവും കണ്ടുകൊണ്ടിരിക്കുന്നു. കമ്മ്യുണിസ്റ്റുകാര്‍ അധികമൊന്നും ചെന്ന് പെടാത്ത കുറ്റങ്ങളിലാണ് അവര്‍ ചെന്നുപെട്ടുകൊണ്ടിരിക്കുന്നത്.
ലോകം ഒരു വിപ്ലവം കണ്ടിട്ട് എത്രകാലമായി? അന്വേഷണങ്ങള്‍ എന്നപേരില്‍ ഏറ്റവും കൂടുതല്‍ വഴിതെറ്റിക്കല്‍ നടക്കുന്നത് കമ്മ്യുണിസത്തിലാണ്. കമ്മ്യുണിസ്റ്റുകാര്‍ക്ക് ഇന്ന് പഴയപോലെ ശത്രുക്കളില്ല.അതുകൊണ്ടല്ലേ വിപ്ലവമില്ലെങ്കിലും ഗീബല്‍സ് ശത്രുക്കളെ നിരന്തരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. എന്തെന്നാല്‍ സ്വന്തം നിലനില്‍പ്പിന് ശത്രുക്കള്‍ വേണം. ആ ജോലി ഗീബല്സിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. പക്ഷെ നമുക്ക് കാണേണ്ട യഥാര്‍ത്ഥ കേരളത്തിന്‍റെ വാതിലുകള്‍ അവര്‍ തുറന്നിടില്ല. അതിന്‍റെ മൂടിക്കുള്ളിലാണ് യഥാര്‍ത്ഥ കേരളം.ആ ദൃശ്യം ബീഭത്സമാണ്. ഒരു ദിവസത്തെ മലയാളമനോരമയോ മാതൃഭൂമിയോ വായിച്ചാല്‍ നമുക്ക് കിട്ടുന്നത് ഒരു കഷ്ണം മാത്രം. രാഷ്ട്രീയത്തില്‍ ഇത്രയേറെ നുണകള്‍ എങ്ങിനെ വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നറിയണമെങ്കില്‍ ഈപത്രങ്ങള്‍ വായിക്കണം. കാപട്യത്തിന്‍റെ ആഴം ഓരോ ദിവസവും നാം അതിലൂടെ കണ്ടുകൊണ്ടിരിക്കുന്നു.
കേരളം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു.വിവാഹ മാര്‍ക്കറ്റിലെ മാറ്റമാണ് പുതിയ ദിശാസൂചി. പല രാഷ്ട്രീയക്കാരുടെയും മിശ്രവിവാഹങ്ങളില്‍ ഈ മാറ്റത്തിന്‍റെ സൂചനകാണാം. കേരളത്തില്‍ ഐ എ എസുകാരെയും,ഐ പി എസ് കാരെയും മരുമക്കളായി കിട്ടാന്‍ രാഷ്ട്രീയ നേതാക്കള്‍ ആക്രാന്തം കാട്ടിയിരുന്ന കാലമുണ്ടായിരുന്നു. കഷ്ടിച്ചു ബിരുദത്തിനടുത്ത വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികളെയാണ് സിവില്‍ സര്‍വീസുകാരനെ കിട്ടണമെന്ന മോഹത്തില്‍ വിവാഹ കമ്പോളത്തില്‍ ഇറക്കി നിര്‍ത്തുന്നത്. പഴയ ശൈലി മാറ്റി. രാഷ്ട്രീയത്തിലും വ്യവസായത്തിലും മാറിമാറി കളിക്കാന്‍ കഴിയുന്നവര്‍ക്കാണ് ഇപ്പോള്‍ ഡിമാന്‍ഡ്. ദീര്‍ഘ ദൃഷ്ടിയോടെയാണ് ജോഡികളെ തപ്പിയെടുക്കുന്നത്?
പല ചെയ്തികളും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ അന്തസ്സിനും വിപ്ലവശൈലിക്കും ചേര്‍ന്നതല്ലെന്ന അതിശക്തമായ വിമര്‍ശനം വിളിച്ചുപറയുന്നത് പാര്‍ട്ടിതന്നെയാണ്. രാഷ്ട്രീയത്തോട് പരക്കെ കടുത്ത അവമതിപ്പുണ്ടാക്കുന്ന കെട്ടകാലം.ജനങ്ങള്‍ അന്തംവിട്ട് നിന്നുപോകുന്നു. കമ്യുണിസ്റ്റ് സ്ഥാപനങ്ങള്‍ തുടര്‍ഭരണത്തിന്‍റെ തിമിര്‍പ്പില്‍ ക്രിമിനല്‍ സ്ഥാപനങ്ങളായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥ മറച്ചുപിടിക്കാന്‍ ദുസ്തര്‍ക്കങ്ങള്‍ ഉന്നയിക്കുകയാണ്. കമ്മ്യുണിസ്റ്റ് പുറം ചായം പുരട്ടിയാല്‍ ആരെയും എന്തും ചെയ്യാമെന്ന അവസ്ഥ.
എവിടെയാണ് കേരളത്തിലെ കമ്മ്യുണിസ്റ്റുകാര്‍ക്ക് പിഴച്ചത്? ഏതെങ്കിലും ഒരു വ്യക്തിക്കാണോ അതോ പാര്‍ട്ടിക്കാകെ തന്നെയോ? നിലവിലെ സംസ്ഥാന സെക്രട്ടറി വിരല്‍ ചൂണ്ടുന്നത് പാര്‍ട്ടിയുടെ സര്‍വ്വവ്യാപിയായ അണികളെയാണ്. അതേ സമയം, ഭംഗിവാക്കെന്നോണം പറയുന്നത്, എത്ര ഉന്നതനെയാണെങ്കിലും തെറ്റ് കണ്ടാല്‍ വിടില്ല എന്നാണ്? തെറ്റുകളുടെ ദീര്‍ഘ യാത്രയിലൂടെ സഞ്ചരിച്ചിട്ടും ഏത് ഉന്നതനെയാണ് വീഴ്ത്തിയത്. ആദ്യത്തേക്കാള്‍ വലിയ തെറ്റുകള്‍ ആവര്‍ത്തിക്കവെയും ഈ പല്ലവി നേതൃത്വത്തില്‍ നിന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ആത്മാര്‍ത്ഥതയില്‍ സംശയം തോന്നുക സ്വാഭാവികമല്ലേ? തൊഴിലാളികളുടെ പേരില്‍ സാര്‍വ്വത്രികമായിരിക്കുന്ന അക്രമങ്ങള്‍ ഏറിക്കൊണ്ടിരിക്കുമ്പോള്‍ പാര്‍ട്ടി നോക്കുകുത്തിയായി മാറികൊണ്ടിരിക്കുമ്പോള്‍, ജനങ്ങളില്‍ അസംതൃപ്തി വളരുക സ്വാഭാവികം. ഈ അക്രമങ്ങളില്‍ നടപടിയെടുത്താല്‍ പാര്‍ട്ടിക്ക് പ്രകടനത്തിനും മറ്റും ആളെക്കിട്ടാത്ത അവസ്ഥ വരും എന്ന തൊടുന്യായമാണ് ഉന്നയിക്കപ്പെടുന്നത്.
ചിലയിടങ്ങളിലെങ്കിലും പാര്‍ട്ടി ഈ അക്രമങ്ങളെ തള്ളിപ്പറയുകയോ അതില്‍ നിന്ന് മാറി നില്‍ക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നുണ്ടെങ്കിലും അതിന് ശക്തി പോരാ എന്നതാണ് വസ്തുത. എന്തിനും പോന്ന അക്രമികള്‍ പാര്‍ട്ടിയെ വരിഞ്ഞു മുറുക്കുകയാണ്.കയ്യൂക്കിന്‍റെ ആധിപത്യത്തില്‍ സംഘടനയെ അമര്‍ത്തി ചവിട്ടി വെച്ചിരിക്കുന്നത്, പല പ്രദേശങ്ങളിലും പാര്‍ട്ടിയുടെ നാശത്തിലേക്ക് തള്ളിവിടുകയാണോ എന്ന സംശയം ജനിപ്പിക്കുന്നു. ഈ തെറ്റുകള്‍ തിരുത്താന്‍ കടുത്ത നടപടികള്‍ വേണ്ടിടത്തു അതിന് ധൈര്യം കാണിക്കാതെ, സ്ഥിരം കുറ്റവാളികളെ, അതില്‍ നിന്ന് പിന്തിരിപ്പിക്കാതെ അവരോട് മൃദുസമീപനമാണ് നിസ്സഹായാവസ്ഥയിലാകുന്ന പ്രാദേശിക നേതൃത്വങ്ങള്‍ കൈക്കൊള്ളുന്നത്.
പശ്ചിമ ബംഗാളിലും അവസാന ഘട്ടം ഈ പതനത്തിലാണ് കലാശിച്ചത്. ജനങ്ങള്‍ പടിപടിയായി പാര്‍ട്ടിയില്‍ നിന്നു അകലുകയും ആ എതിര്‍പ്പ് അവസാനം കൊടുങ്കാറ്റുപോലെ പാര്‍ട്ടിയെ കടപുഴക്കുകയും ചെയ്തു. ഒപ്പം അവശേഷിച്ച ജനങ്ങളിലെ ശബ്ദ ഘോഷങ്ങളിലും ഉരുക്ക് മുഷ്ടികളിലും ഉണ്ടായിരുന്ന അമിത ആവേശത്തിന്‍റെ പര്‍വ്വതീകരിച്ച കണക്കുകളില്‍ പാര്‍ട്ടി സുഖസുഷുപ്തിയില്‍ ആയിരുന്നപ്പോള്‍ ബംഗാളിലെ വിപ്ലവമണ്ണില്‍ കമ്യുണിസ്റ്റ് ഭീകരതയുടെ ഉരുള്‍ച്ചക്രം തിരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
ഇന്നും കേരളത്തിലെ കമ്യുണിസ്റ്റുകാര്‍ക്കു ബംഗാളിലെ കഥാകൃത്തുക്കളും ചലച്ചിത്ര സംവിധായകരും നോവലിസ്റ്റുകളും ശാസ്ത്രജ്ഞരും അന്ന് ഹൃദയം പൊട്ടി പറഞ്ഞതിന്‍റെ പൊരുള്‍ മനസിലായിട്ടില്ല. സ്ത്രീകളെ വീടിനകത്തു നിന്ന് ബലം പ്രയോഗിച്ചു പുറത്തേക്ക് പിടിച്ചിറക്കി മാംസദാഹം തീര്‍ത്ത സംഭവങ്ങള്‍ക്ക് നേരെ ബംഗാളിലെ എഴുത്തുകാര്‍ സിംഹത്തെ പോലെ ഗര്‍ജ്ജിച്ചപ്പോള്‍ പാര്‍ട്ടി അതിന്‍റെ ഗൗരവം കണ്ടില്ല. കേരളത്തിലും സമാന സംഭവങ്ങളുടെ ഘോഷയാത്ര ആരംഭിച്ചിട്ടുണ്ടെങ്കിലും പുരോഗമന സാഹിത്യകാരന്മാര്‍ ഭരണകൂടത്തില്‍ നിന്ന് പ്രതിമാസം ലഭിക്കുന്ന ലക്ഷങ്ങളുടെ നോട്ടുകെട്ടും കൈക്കലാക്കി സുഖത്തിലാണ്.
സര്‍ക്കാരിന് കൂട്ടിക്കൊടുപ്പ് ജോലി ചെയ്തു വര്‍ണ്ണപ്പകിട്ടോടെ ബ്യുട്ടി പാര്‍ലറുകളില്‍ നിന്ന് ഒഴുകുന്ന വിപ്ലവ സിംഹണികള്‍ ഭരണം ഒന്ന് മാറിയാല്‍ എന്ത് അവസ്ഥയിലാകുമെന്ന് ചിന്തിച്ചു നോക്കൂ! ഓരോ വര്‍ഷവും ഖജനാവില്‍ നിന്ന് അപഹരിച്ചെടുക്കുന്ന കോടികള്‍ ഈ ഭരണത്തിന് എന്ത് ചെയ്തു കൊടുത്തിട്ടാണ് ഇങ്ങിനെ തിമിര്‍ക്കുന്നത്?