രാജസ്ഥാനിൽ പൈലറ്റ് തിരിച്ചെത്തി ബിജെപി തന്ത്രങ്ങൾക്ക് തിരിച്ചടി

ജയ്പൂർ: വിമത കോൺഗ്രസ്സ് നേതാവ് സച്ചിൻ പൈലറ്റും 18 നിയമസഭാ അംഗങ്ങളും കോൺഗ്രസ് ക്യാമ്പിൽ തിരിച്ചെത്തിയതോടെ പൊളിഞ്ഞു പോയത് ബിജെപി ഇതര സർക്കാരുകളെ അട്ടിമറിക്കാനായി അമിത്ഷായുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന പദ്ധതി. വെള്ളിയാഴ്ച നിയമസഭ ചേരുമ്പോൾ മുഖ്യമന്ത്രി വിശ്വാസ പ്രമേയം അവതരിപ്പിച്ചു പിന്തുണ തെളിയിക്കുന്നതിന് അരങ്ങൊരുങ്ങി

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രിയും പ്രദേശ് കോൺഗ്രസ്സ് അധ്യക്ഷനുമായ സച്ചിൻ പൈലറ്റും തമ്മിൽ നിലനിന്ന ഭിന്നതകളാണ് രാജസ്ഥാനിൽ പ്രതിസന്ധിക്കു കാരണമായത്.  ഒരുമാസമായി സംസ്ഥാനത്തു കോൺഗ്രസ്സ് മന്ത്രിസഭ തകർച്ചയുടെ വക്കത്തായിരുന്നു. സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തിന് ഗവർണർ കൽരാജ് മിശ്ര ഒത്താശ ചെയ്തത് വലിയ വിമർശനം ക്ഷണിച്ചു വരുത്തി . രാജസ്ഥാൻ ഹൈക്കോടതി സ്പീക്കറുടെ ചില നടപടികളിൽ ഇടപെട്ടതും ശക്തമായ വിമര്ശനത്തിന് ഇടയാക്കി. എന്നാൽ ബിജെപിയുമായി യോജിച്ചു ഗെഹ്‌ലോട്ട് മന്ത്രിസഭയെ വീഴ്ത്താനുള്ള നീക്കം പാളിയത് ബിജെപിയിൽ തന്നെ പാളയത്തിൽ പട തുടങ്ങിയതോടെയാണ് .ബിജെപി സീനിയർ നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ സിന്ധ്യ അമിത്ഷായുടെ നീക്കങ്ങളൊടുള്ള എതിർപ്പ് പരസ്യമായിത്തന്നെ പ്രകടിപ്പിച്ചു. മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം നൽകി സച്ചിനെ കൊണ്ടുവരുന്നതിലാണ് അവർ വിയോജിപ്പ് പ്രകടിപ്പിച്ചത്. രാജസ്ഥാനിൽ ബിജെപി പിന്തുണയോടെ പുതിയ മന്ത്രിസഭക്കു നീക്കം നടത്തിയാൽ മുഖ്യമന്ത്രി താൻ തന്നെ എന്നാണ് അവർ നേതൃത്വത്തെ അറിയിച്ചത്

പാർട്ടി അതു അംഗീകരിക്കാൻ തയ്യാറല്ലെങ്കിൽ സിന്ധ്യയും അനുയായികളും പാർട്ടി വിടും എന്ന ഭീഷണിയാണ് ബിജെപി കേന്ദ്ര നേതൃത്വം നേരിട്ടത്. സിന്ധ്യയെ വെല്ലുവിളിക്കാൻ കരുത്തുള്ള ഒരു നേതാവ് ബിജെപിക്ക്‌ രാജസ്ഥാനിൽ ഇല്ല. മറുഭാഗത്തു ബിജെപി സഖ്യത്തിൽ പോയാലും തന്റെ നില ഭദ്രമല്ല എന്ന് പൈലറ്റും തിരിച്ചറിഞ്ഞു. വിമത എംഎൽഎമാരിലും അതു ഭീതി ഉയർത്തി. ഈ സാഹചര്യത്തിലാണ്  മുൻ എ ഐ സി സി അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധിയുമായും ചർച്ചക്കു സച്ചിൻ തയ്യാറായത്. സച്ചിന്റെ വിമത നീക്കങ്ങളെ കർശനമായാണ് കോൺഗ്രസ്സ് ഹൈകമാണ്ട്  നേരിട്ടത്. അതേസമയം ചർച്ചക്കും സമവായത്തിനും വാതിൽ തുറന്നിടുകയും ചെയ്തു. സച്ചിൻ തിരിച്ചുവരുന്നതോടെ അദ്ദേഹം നേരത്തെ വഹിച്ചുവന്ന  പദവികൾ വീണ്ടും അദ്ദേഹത്തിനു ലഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ പറയുന്നത്

സച്ചിനെ അനുനയിപ്പിക്കാനുള്ള തീരുമാനത്തുതിന് മറ്റൊരു പ്രധാന പ്രേരണ ഉത്തരേന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ഗുജ്ജർ സമുദായത്തിൽ അദ്ദേഹത്തിനുള്ള സ്വാധീനമാണെന്ന് ഹിന്ദുസ്ഥാൻ ടൈംസ് അഭിപ്രായപ്പെട്ടു. ഉത്തർ പ്രദേശ്,രാജസ്ഥാൻ, ഡൽഹി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ അവർ നിർണായക ശക്തിയാണ്. അവർക്കിടയിലെ ഒരു പ്രമുഖ നേതാവിനെ ബിജെപി  പക്ഷത്തേക്ക് തള്ളിവിടുന്നത് ആത്മഹത്യാപരമാണെന്ന് പല നേതാക്കളും അഭിപ്രായപ്പെടുകയുണ്ടായി.

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *