ആദര്‍ശധീരരും സാഹസികരുമായ ആദ്യകാല മലയാള
മാധ്യമ കുലപതികള്‍
മുറുകെപ്പിടിച്ച പത്രധര്‍മ്മ പാഠങ്ങള്‍ വിസ്മരിച്ച് നമ്മുടെ മാധ്യമലോകം വാണിജ്യ
താല്പര്യങ്ങള്ക്ക് സ്വയമേവ വശംവദമായിത്തീര്‍ന്ന സന്ദര്‍ഭത്തിലാണ്
സാമൂഹിക പരിവര്‍ത്തനത്തിന്റെ സമരായുധമായി
1940 കളില്‍
പ്രസിദ്ധീകരിച്ചിരുന്ന ‘ജനശക്തി 2006-ല്‍ ഞങ്ങള്‍ വീണ്ടും പ്രസിദ്ധീകരിച്ചു
തുടങ്ങിയത്.
‘ഭയകൗടില്യ ലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ’എന്ന
ദൃഢപ്രത്യയമായിരുന്നു
ആ സാഹസിക സമാരംഭത്തിന്റെ പ്രഥമ പ്രേരണ.
ജനപക്ഷ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ജനിച്ച പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും പോലും
ജനവിരുദ്ധവും കമ്പോളാനുകൂലവുമായ നയങ്ങളിലേക്കും നടപടികളിലേക്കും
വ്യതിചലിക്കുന്നതില്‍ ആധിയും ആശങ്കയും പൂണ്ട വിചാരശീലരും ആദര്‍ശ
പ്രണയികളുമായ കേരളീയവായനാസമൂഹം പുതിയ ‘ജനശക്തി’യെ
ആഹ്ലാദാവേശങ്ങളോടെ സ്വീകരിച്ചു, അകമഴിഞ്ഞു സഹായിച്ചു.രൂക്ഷമായ
എതിര്‍പ്പുകള്‍ നേരിട്ടും തീക്ഷ്ണമായ ഞെരുക്കങ്ങള്‍ തരണം ചെയ്തും
പ്രഖ്യാപിത ധര്‍മ്മങ്ങളില്‍ നിന്നും പ്രതിബദ്ധ ലക്ഷ്യങ്ങളില്‍ നിന്നും
വ്യതിചലിക്കാതെ ‘ജനശക്തി’ അതിന്റെ യാത്ര തുടരുന്നു.
അച്ചടി മാധ്യമങ്ങള്‍ പലരീതിയിലുള്ള വെല്ലുവിളികള്‍ നേരിടുന്ന
ഈ കാലഘട്ടത്തില്‍, ആ പ്രതിസന്ധി അതിജീവിക്കുന്നതിന് ഒരു ഓണ്‍ലൈന്‍
എഡിഷന് അനിവാര്യമാണെന്ന തിരിച്ചറിവ് മാനിച്ചാണ്, സാഹസികമെങ്കിലും
അര്‍ത്ഥപൂര്‍ണ്ണമായ ഈ സംരംഭത്തിന് ഞങ്ങള്‍ ഇവിടെ തുടക്കം കുറിക്കുന്നത്.
വസ്തുനിഷ്ഠമായ വാര്‍ത്തകള്‍,
സത്യസന്ധമായ വിശകലനങ്ങള്‍,
നിര്‍ഭയമായ
വിമര്‍ശനങ്ങള്‍ അതാണ് ‘ജനശക്തി’യുടെ വിട്ടുവീഴ്ചയില്ലാത്ത നയപ്രതിജ്ഞ.
അത് ഇന്നോളം തുടര്‍ന്നു.ഇനിയും തുടരും. നിലനില്‍ക്കുന്നിടത്തോളം.