അതിരപ്പിള്ളി : സര്‍ക്കാര്‍ പിന്മാറണം: ശാസ്ത്രസാഹിത്യ പരിഷത്ത്
ജനങ്ങളുടെ വ്യാപകമായ എതിർപ്പിനെത്തുടർന്ന് നടപ്പിലാക്കേണ്ടതില്ലെന്ന സര്‍ക്കാറിന്റെ മുന്‍ തീരുമാനത്തിനെതിരായി അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കു വേണ്ടി വീണ്ടും നീക്കം നടത്തുന്നത് ജനവിരുദ്ധമാണ്.എന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
കുറ്റപ്പെടുത്തി. ജൈവവൈവിധ്യ സംരക്ഷണത്തിനായി ലോകമെങ്ങും നിലകൊള്ളുമ്പോള്‍ അതിനെതിരായ ഈ അശാസ്ത്രീയ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുകയും ബദല്‍ സാധ്യതകള്‍ ആലോചിക്കുകയുമാണ് വേണ്ടത്.
ആഗോളതാപനത്തിന്റെ ഭാഗമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് വനസംരക്ഷണം അനിവാര്യമാണെന്നിരിക്കേ ജൈവവൈവിധ്യ സമ്പന്നമായ 22 ഹെക്ടര്‍ പുഴയോരക്കാടുകള്‍ അടക്കം 138 ഹെക്ടര്‍ വനം ഇല്ലാതാക്കുന്ന ഈ പദ്ധതി എങ്ങനെയാണ് അനിവാര്യം ആവുന്നത്? പുഴയോരക്കാടുകളില്‍ മാത്രം കാണുന്ന അപൂര്‍വ്വവും വംശനാശഭീഷണി നേരിടുന്നതുമായ അനേകം ജന്തു-സസ്യ-മത്സ്യ വൈവിധ്യ സമ്പത്ത് എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ.
പകരം പരിസ്ഥിതി ആഘാതങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കിയുള്ള ബദൽ സാദ്ധ്യതകളെ കുറിച്ചുള്ള അന്വേഷണമാണു വേണ്ടത്. സൗരോര്‍ജമടക്കമുള്ള പാരമ്പര്യേതര ഊര്‍ജ്ജോത്പ്പാദനത്തിന്റെ മേഖലയില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായിട്ടുള്ള സാഹചര്യത്തില്‍ ചെലവു കുറഞ്ഞതും കാലതാമസമില്ലാത്തതുമായ വൈദ്യുത പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. ഇതു പോലുള്ള ബദലുകളാണ് സമവായം എന്ന നിലയിൽ സർക്കാർ പരിഗണിക്കേണ്ടത്.
ലോകത്തിലെ ജൈവ വൈവിധ്യ ഹോട്ട്സ്പോട്ടുകളില്‍ ഒന്നായ പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യത്തേയും ഭൂപ്രകൃതിയേയും ജലസ്രോതസ്സുകളേയും ബാധിക്കുന്ന ഒരു പദ്ധതിയും ഇനി നമുക്കു താങ്ങാനാവില്ല. രണ്ടു പ്രളയങ്ങൾ തന്ന മുന്നറിയിപ്പുകൾ കണക്കിലെടുത്തെങ്കിലും പശ്ചിമഘട്ടത്തെ ബാധിക്കുന്ന പദ്ധതികൾ വേണ്ട എന്ന നയപരമായ തീരുമാനം സർക്കാർ എടുക്കേണ്ടതുണ്ട്.
ഈ സാഹചര്യത്തില്‍ അതിരപ്പിള്ളി പദ്ധതിക്കു വേണ്ടി ഇപ്പോള്‍ കെ.എസ്.ഇ.ബി മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദ്ദേശം പുനഃപരിശോധിക്കണമെന്നും നിലവിലുള്ള പദ്ധതി നിര്‍ദ്ദേശത്തില്‍ നിന്ന് പിന്മാറി ബദല്‍ സാധ്യതകള്‍ ആലോചിക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. അതേസമയം അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് വീണ്ടും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടാൻ വൈദ്യുതി ബോർഡിനെ അനുവദിച്ച വിഷയം എൽഡിഎഫ് ചർച്ച ചെയ്യേണ്ട കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പദ്ധതിക്കു പാരിസ്ഥതിക അനുമതിക്ക് വീണ്ടും കേന്ദ്രത്തെ സമീപിക്കുന്നതിനെ സിപിഐ അടക്കമുള്ള കക്ഷികൾ എതിർക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്തി നിലപാട് വ്യക്തമാക്കിയത്. ഇത് നേരത്തെ നടപ്പിലാക്കാൻ തീരുമാനിച്ച വിഷയമാണ്. എതിർപ്പു വന്നപ്പോൾ തത്കാലം നിർത്തിവെക്കാൻ തീരുമാനിച്ചു എന്നുമാത്രം. കേന്ദ്രാനുമതി തേടാൻ അനുവദിക്കണമെന്ന വൈദ്യുതി വകുപ്പിന്റെ ഫയലിൽ ഏപ്രിൽ 18നു തന്നെ മുഖ്യമന്ത്രി ഒപ്പിട്ടിരുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, പദ്ധതിയെ എതിർക്കുന്ന നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ നേതാക്കൾ ആവർത്തിച്ചു. അങ്ങേയറ്റം പാരിസ്ഥിതിക പ്രാധാന്യമുള്ള അതിരപ്പിള്ളിയിൽ പദ്ധതി നടപ്പാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ഇന്ന് പുറത്തിറക്കിയപ്രസ്താവനയിൽ പറഞ്ഞു.