വംശീയത: പ്രതിമകൾക്കെതിരെ പ്രക്ഷോഭം വ്യാപിക്കുന്നു

ലണ്ടൻ: ബ്രിസ്റ്റോൾ നഗരത്തിൽ അടിമക്കച്ചവടക്കാരൻ എഡ്‌വേഡ്‌ കോൾസ്റ്റന്‍റെ പ്രതിമ കഴിഞ്ഞ ദിവസം ജനങ്ങൾ തകർത്തതോടെ  ബ്രിട്ടനിലും അമേരിക്കയിലും പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച പ്രതിമകൾ സംബന്ധിച്ച പുനപ്പരിശോധന വേണമെന്ന ആവശ്യം ശക്തമായി.

പല നഗരങ്ങളിലും സ്ഥാപിക്കപ്പെട്ട പ്രതിമകളിൽ  കൊണ്ടാടപ്പെടുന്നത് ചരിത്രതിൽ പല ഹീനകൃത്യങ്ങൾക്കും കാരണക്കാരായ വ്യക്തികളാണെന്നും അവർ സമൂഹത്തിന്‍റെ  ബഹുമതി അർഹിക്കുന്നുണ്ടോ എന്ന കാര്യത്തിൽ പരിശോധന ആവശ്യമാണെന്നുമാണ് ഇത് സംബന്ധിച്ച ഒരു ഓൺലൈൻ കാമ്പയ്ൻ സംഘം വാദിക്കുന്നത്. ബ്രിട്ടനിൽ എഴുപതോളം വ്യക്തികളുടെ പ്രതിമകൾ സംബന്ധിച്ച പരാതികൾ  അവർ തയ്യാറാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട നഗരസഭകളോട് അവ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒപ്പുശേഖരണവും നടക്കുന്നു.

വിർശനത്തിനു വിധേയമായ പ്രതിമകളിൽ പ്രധാനം ഓക്സ്ഫോർഡ് സർവകലാശാലയിലെ ഓറിയോൾ കോളേജിന് മുന്നിൽ സ്ഥാപിച്ച സെസിൽ റോഡ്സ് പ്രതിമയാണ്. സെസിൽ റോഡ്സ് ആഫ്രിക്കയെ കീഴടക്കിയ ബ്രിട്ടീഷ് സൈനികനാണ്. ദക്ഷിണാഫ്രിക്കയിൽ വർണവെറിയൻ നയങ്ങളുടെ ഉപജ്ഞാതാവും അദ്ദേഹം തന്നെ. നേരത്തെ റൊഡേഷ്യ എന്ന പേരിൽ അറിയപ്പെട്ട ദക്ഷിണ ആഫ്രിക്കയിലെ പ്രദേശം ഇന്ന് സിംബാബ്‌വെ എന്നാണ് അറിയപ്പെടുന്നത്. ഏതാനും വർഷം മുമ്പ് തന്നെ പ്രതിമ നീക്കം  ചെയ്യണമെന്ന് സർവ്വകലാശാലയിലെ വിദ്യാർഥികളും അധ്യാപകരും ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ പ്രാദേശിക നഗരസഭയിലും പ്രതിമ നീക്കം ചെയ്യണമെന്ന അഭിപ്രായം ശക്തമാണ്. വിഷയം   പരിശോധിക്കുകയാണെന്നു സർവകലാശാലാ അധികൃതർ പറഞ്ഞു.

ലണ്ടനിലെ പാർലമെണ്ട്  സ്ട്രീറ്റിലുള്ള മുൻപ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്‍റെ പ്രതിമയിൽ “ഇദ്ദേഹം വർണവെറിയനാണ്” എന്ന് കഴിഞ്ഞ ദിവസം പ്രക്ഷോഭകർ എഴുതിവച്ചു. ബ്രിട്ടനിൽ പ്രധാനമന്ത്രിയായിരുന്ന കാലത്തു ഇന്ത്യയിൽ ദശലക്ഷക്കണക്കിനു ആളുകളുടെ മരണത്തിനു ഇടയാക്കിയ ക്ഷാമങ്ങൾക്കു കാരണം ചർച്ചിലിന്‍റെ നയങ്ങളാണെന്നു വിമർശകർ പറയുന്നു. അതേപോലെ  പതിനെട്ടാം  നൂറ്റാണ്ടിൽ ബംഗാൾ നവാബ് സിറാജ് ഉദ് ദൗളയെ തോൽപ്പിച്ച് ഇന്ത്യയെ കീഴടക്കിയ റോബർട്ട് ക്ലൈവ്, പതിനാറാം നൂറ്റാണ്ടിൽ സ്പാനിഷ് പടയെ തോൽപിച്ച ബ്രിട്ടീഷ് നാവിക സേനാധിപൻ സർ ഫ്രാൻസിസ് ഡ്രെയ്ക് തുടങ്ങിയ നിരവധി ചരിത്രപുരുഷന്മാരുടെ പ്രതിമകളും നീക്കണമെന്ന ആവശ്യം ശക്തമാണ്. കൊളോണിയൽ ദുർഭരണവും അടിമക്കച്ചവടം അടക്കമുള്ള നടപടികളുമാണ് വിമർശകർ ഉന്നയിക്കുന്ന കാരണങ്ങൾ.

അതേസമയം, വംശീയ വിരുദ്ധ പ്രക്ഷോഭം ശക്തമായ അമേരിക്കയിൽ ആഭ്യന്തര  യുദ്ധകാലത്തു അടിമത്തത്തെ അനുകൂലിച്ച തെക്കൻ സംസ്ഥാനങ്ങളുടെ  നേതാക്കളുടെയും സേനാനായകരുടെയും പേരുകൾ വഹിക്കുന്ന സൈനിക കേന്ദ്രങ്ങൾ പുനർനാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമായി. കറുത്തവർഗ്ഗക്കാരുടെ സംഘടനകൾ ഉന്നയിച്ച ആവശ്യം പരിഗണിക്കാമെന്ന് സൈനിക ആസ്ഥാനമായ പെന്‍റെഗൺ അധികൃതർ നേരത്തെ സമ്മതിച്ചിരുന്നു.   എന്നാൽ  സൈനിക കേന്ദ്രങ്ങളുടെ പേരുമാറ്റം  സാധ്യമല്ലെന്നു പ്രസിഡണ്ട് ട്രംപ് ഇന്നലെ പ്രസ്താവിച്ചു. അടിമത്തത്തെ അനുകൂലിച്ച പ്രമുഖരുടെ പ്രതിമകൾ നീക്കണമെന്ന ആവശ്യം അമേരിക്കയിലും ശക്തമാണ്. കഴിഞ്ഞ ആഴ്ച വിർജീനിയയിലെ റിച്ച്മണ്ട് നഗരത്തിലെ ചത്വരത്തിൽ നിന്നും തെക്കൻ സംസ്ഥാനങ്ങളുടെ സേനാനായകൻ റോബർട്ട് ഇ ലീയുടെ പ്രതിമ നീക്കം ചെയ്തതു ജനകീയ പ്രതിഷേധങ്ങളെ തുടർന്നാണ്. മറ്റു പല നഗരങ്ങളിലും കറുത്ത വർഗ്ഗക്കാരുടെ എതിർപ്പിനു ഇടയായ പ്രതിമകൾ നീക്കുന്ന കാര്യം അധികൃതരുടെ പരിഗണനയിലാണ്. 

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply