കൂടുവിട്ടു കൂടുമാറി വെൽഫേർ പാർട്ടി; യുഡിഎഫിനെ വിട്ടു ഇടതുപക്ഷത്തു ചേക്കേറാൻ ശ്രമം

പ്രത്യേക പ്രതിനിധി 

കോഴിക്കോട്: കഴിഞ്ഞ മാസം നടന്ന  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫുമായി കൂട്ടുകെട്ടുണ്ടാക്കിയ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫേർ പാർട്ടി ഇനി അവരുമായി ഒരു ബന്ധവുമില്ല എന്ന് പ്രഖ്യാപിച്ചു. കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ  രൂക്ഷമായ വിമർശനങ്ങൾ  തൊടുത്തുവിട്ട വെൽഫേർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഒരു കാരണവശാലും അവരുമായി ഇനി തങ്ങൾ ബന്ധപ്പെടുന്ന പ്രശ്നമില്ലെന്നും പ്രഖ്യാപിച്ചു.

2015ലെ തദ്ദേശതിരഞ്ഞെടുപ്പിലും പിറ്റേവർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎം നിയന്ത്രണത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പിന്തുണ നൽകിയ പാർട്ടിയാണ് വെൽഫേർ പാർട്ടി. എന്നാൽ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ സംസ്ഥാനത്തു മുസ്ലിം ജനസാമാന്യത്തിൽ യുഡിഎഫിന് അനുകൂലമായ ഒരു തരംഗം പ്രത്യക്ഷപ്പെട്ടതോടെ  വെൽഫേർ പാർട്ടിയും അതനുസരിച്ചുള്ള നിലപാട് പ്രഖ്യാപിച്ചു. ആ തിരഞ്ഞെടുപ്പിൽ അവർ യുഡിഫിനെയാണ് പിന്തുണച്ചത്. വെൽഫേർ പാർട്ടി രൂപീകരണത്തിനു മുമ്പ് ജമാഅത്തെ ഇസ്ലാമി തങ്ങളുടെ വോട്ട് മൂല്യാധിഷ്ഠിത രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നവർക്കു നൽകും എന്ന സമീപനമാണ് സ്വീകരിച്ചരുന്നത്. പൊതുവിൽ  എൽഡിഎഫ് സ്ഥാനാർത്ഥികൾക്കും ചില മുസ്ലിംലീഗ് സ്ഥാനാർത്ഥികൾക്കും അവർ ആ അവസരത്തിൽ പിന്തുണ നൽകുകയുണ്ടായി.

എന്നാൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അനുകൂല നിലപാട് പരസ്യമായി സ്വീകരിച്ചതോടെ സിപിഎമ്മും  ഇടതുപക്ഷവും അവരോടു കർശനമായ സമീപനമാണ് സ്വീകരിച്ചുവന്നത്. ജമാഅത്തെ  ഇസ്ലാമിയും അനുബന്ധ സംഘടനകളും പൗരത്വവിഷയം അടക്കമുള്ള കാര്യങ്ങളിൽ സംഘടിപ്പിച്ച പൊതുപരിപാടികളിൽ നിന്നും അവർ വിട്ടുനിന്നു. അതേസമയം മുസ്ലിംസമുദായത്തിൽ സുന്നികളിലെ ഇരുവിഭാഗവും മറ്റു പ്രസ്ഥാനങ്ങളും നടത്തിയ പ്രക്ഷോഭങ്ങളോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്‌തു. സുന്നി സമസ്തയുടെ പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പങ്കെടുത്തു. അതേസമയം,മലപ്പുറത്തും കോഴിക്കോട്ടും പൗരത്വവിഷയത്തിൽ ജമാഅത്തെ ഇസ്ലാമി  സംഘടിപ്പിച്ച പ്രധാന സമ്മേളനങ്ങളിൽ മുസ്ലിംലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും അടക്കമുള്ള ലീഗ് നേതാക്കൾ പങ്കെടുത്തിരുന്നു. സംവരണവുമായി ബന്ധപ്പെട്ടു ജമാഅത്ത് അനുകൂല യുവജന പ്രസ്ഥാനമായ സോളിഡാരിറ്റി നടത്തിയ പരിപാടികളിലും ലീഗ് നേതാക്കളുടെ സാന്നിധ്യമുണ്ടായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ഇത്തവണ  തദ്ദേശതിരഞ്ഞെടുപ്പിനു മുമ്പ് ലീഗ് ജനറൽസെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥതയിൽ യുഡിഎഫ് നേതൃത്വം ജമാഅത്ത്-വെൽഫേർ പാർട്ടി നേതാക്കളുമായി ബന്ധം സ്ഥാപിച്ചത്. കോഴിക്കോട്ടു എത്തിയ യുഡിഎഫ് ചെയർമാൻ എം എം ഹസ്സൻ ജമാഅത്തെ ഇസ്ലാമി കേരളാ അമീർ എംഐ അബ്ദുൽ അസ്സീസുമായി   കൂടിക്കാഴ്ച്ച നടത്തുകയും ചെയ്‌തു.

തിരഞ്ഞെടുപ്പിൽ കോഴിക്കോട്, മലപ്പുറം, കണ്ണൂർ  ജില്ലകളിൽ ചില  സീറ്റുകളിൽ വിജയം നേടാൻ വെൽഫേർ ബന്ധം യുഡിഎഫിന് പ്രയോജനകരമായി. എന്നാൽ യുഡിഎഫ് വർഗീയകക്ഷികളുമായി സഹകരിക്കുന്നു എന്നും കേരളം ഇനി ഹസ്സനും കുഞ്ഞാലിയും  അമീറും ചേർന്ന് ഭരിക്കും എന്നുമുള്ള സിപിഎം പ്രചാരണം യുഡിഎഫിൽ പ്രശ്നങ്ങൾ  ഉയർത്തി.അതിനെ ശക്തമായി ചെറുക്കുന്നതിനു പകരം വെൽഫേർ – ജമാഅത്ത് ബന്ധത്തിന്റെ പേരിൽ കോൺഗ്രസ്സ് നേതാക്കൾ തമ്മിലടിച്ചു. കെപിസിസി  അധ്യക്ഷൻ മുല്ലപ്പള്ളിയും വടകര എംപിയും മുൻ കെപിസിസി അധ്യക്ഷനുമായ കെ മുരളീധരനും തമ്മിൽ വിഷയത്തിൽ പരസ്യമായ ഏറ്റുമുട്ടൽ നടന്നു. 

നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണിക്ക് പുറത്തെ ഇത്തരം  കക്ഷികളുമായി ബന്ധം ഒഴിവാക്കണം എന്ന സമീപനത്തിനാണ് കോൺഗ്രസിലും യുഡിഎഫിലും ഇപ്പോൾ മേൽകൈ ലഭിച്ചിരിക്കുന്നത്. വെൽഫേർ പാർട്ടിയുടെ പിന്തുണ പരസ്യമായി സ്വാഗതം ചെയ്യേണ്ട എന്നാണ് തീരുമാനം. ഭൂരിപക്ഷ സമുദായവോട്ടുകൾ യുഡിഎഫിനു എതിരായി മാറുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പിൽ വെൽഫേർ ബന്ധം കാര്യമായി ഗുണം ചെയ്യില്ല എന്ന വിലയിരുത്തലാണ് ലീഗിലും നിലനിൽക്കുന്നത്.

അതിനാൽ വീണ്ടും എൽഡിഎഫും സിപിഎമ്മുമായി  നേരത്തേയുണ്ടായിരുന്ന ബന്ധങ്ങൾ തിരിച്ചുപിടിക്കാനാണ് ജമാഅത്ത്-വെൽഫേർ നേതൃത്വം ശ്രമിക്കുന്നത്. അതിനു പ്രധാന തടസ്സം  തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മുമായി പ്രാദേശികമായി സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടി ഓഫ് ഇന്ത്യ (എസ്‌ഡിപിഐ) ഇതിനകം ഉണ്ടാക്കിയെടുത്ത ബന്ധങ്ങളാണ്. മിക്ക പ്രദേശങ്ങളിലും വെൽഫേർ പാർട്ടിയുടെ ഇരട്ടിയിലധികം പിന്തുണ എസ്‌ഡിപിഐയ്ക്കു നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു മുതൽ വ്യക്തമാണ്.  ഇത്തവണ എസ്‌ഡിപിഐ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ബന്ധം നന്നായി മുതലാക്കുകയും ചെയ്‌തു. തന്ത്രപരമായ വോട്ടുമറികളിലൂടെ ഇത്തവണ അവർ സീറ്റുകൾ  2015 ലെ അമ്പതിൽ നിന്ന് നൂറിലേറെയാക്കി വർധിപ്പിച്ചു. യുഡിഎഫിൽ വെൽഫേർ ബന്ധം വലിയ വിവാദമായപ്പോൾ എൽഡിഎഫിൽ എസ്‌ഡിപിഐ സഖ്യം രഹസ്യമായി നിലനിർത്തുന്നതിൽ ഇരുപക്ഷവും വിജയിക്കുകയും ചെയ്‌തു. അതിനാൽ ഇത്തവണ എൽഡിഎഫുമായി വീണ്ടും ബന്ധം സ്ഥാപിക്കാനുള്ള വെൽഫേർ നീക്കം അവർക്കു കാര്യമായ ഗുണം ചെയ്യുമെന്ന പ്രതീക്ഷ നേതാക്കൾക്ക് തന്നെയില്ല. പക്ഷേ  ഇടതുബന്ധം പുനഃസ്ഥാപിക്കുകയല്ലാതെ മറ്റു മാർഗ്ഗമൊന്നും അവരുടെ മുമ്പിൽ ഇപ്പോൾ തുറന്നുകിടക്കുന്നുമില്ല.

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *