അമേരിക്കൻപ്രതിരോധ സെക്രട്ടറിയെ പിരിച്ചു വിട്ടു

വാഷിംഗ്ടൺ ഡിസി:  അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പെരിനെ തൽസ്ഥാനത്തുനിന്നു നീക്കം ചെയ്തതായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇന്നലെ ട്വിറ്ററിലൂടെ അറിയിച്ചു. അമേരിക്കൻ  പ്രതിരോധ വകുപ്പിന്റെ ചുമതലയുള്ള എസ്‌പെരുമായി ട്രംപിന് സമീപകാലത്തു കടുത്ത ഭിന്നതകൾ ഉണ്ടായിരുന്നു. അമേരിക്കയിലെ  നഗരങ്ങളിൽ പ്രക്ഷോഭകരെ നേരിടുന്നതിനു സായുധ സൈനികരെ വിനിയോഗിക്കണം എന്ന ട്രമ്പിന്റെ ആവശ്യം പ്രതിരോധ സെക്രട്ടറി തള്ളിയതാണ് വിരോധത്തിനു കാരണം എന്നു സിഎൻഎൻ ചാനൽ ഒരു കുറിപ്പിൽ ചൂണ്ടിക്കാട്ടി.

നവംബർ മൂന്നിനു നടന്ന തിരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെട്ടു എന്നു വ്യക്തമായ ശേഷം അദ്ദേഹത്തിന്റെ ആദ്യത്തെ ഭരണനടപടിയാണ് പ്രതിരോധ സെക്രട്ടറിയെ പിരിച്ചുവിടൽ. ട്രംപ് ഭരണത്തിൽ നേരത്തെ മൂന്നു തവണ  പ്രതിരോധ സെക്രട്ടറിമാരെ മാറ്റുകയോ അവർ രാജി വെക്കുകയോ ഉണ്ടായിട്ടുണ്ട്.

ട്രംപിന് ജനവരി 20 വരെ കാലാവധിയുണ്ട്. അതിനാൽ  ഇനിയും ഇത്തരം  കടുത്ത നടപടികൾ ഉണ്ടാകുമെന്നു നിരീക്ഷകർ പറയുന്നു. എഫ്ബിഐയുടെ തലവൻ ക്രിസ്റ്റഫർ റേ ആയിരിക്കും അടുത്ത ഇര എന്നാണ് മാധ്യമങ്ങൾ പറയുന്നത്. തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ പാർട്ടി എതിരാളി ജോ ബൈഡന്റെ മകൻ  ഹണ്ടർ ബൈഡനെതിരെ ഉക്രെയ്‌നിലെ അദ്ദേഹത്തിന്റെ ഒരു ബിസിനസ്സ് സ്ഥാപനത്തിന്റെ പേരിൽ കേസെടുക്കാൻ ട്രംപ് നിർബന്ധിച്ചുവെങ്കിലും എഫ്ബിഐ അതിന് തയ്യാറായിരുന്നല്ല.  ബൈഡനെതിരെ അവസാന നിമിഷം കേസെടുത്താൽ അതു തൻറെ വിജയത്തിനു സഹായിക്കും എന്ന കണക്കുകൂട്ടൽ ട്രംപിനു ഉണ്ടായിരുന്നു.

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *