ബ്രെക്സിറ്റ് ചർച്ചകൾ വഴിമുട്ടി; ഒറ്റക്കുനിൽക്കുമെന്ന് ബ്രിട്ടൻ

ലണ്ടൻ: യൂറോപ്യൻ  യൂണിയനിൽ നിന്ന് വിട്ടുപോരാനുള്ള ബ്രിട്ടന്‍റെ  നടപടികൾ   അന്തിമ ഘട്ടത്തിലേക്കു പ്രവേശിക്കുമ്പോൾ ബ്രിട്ടനും ഇ.യു രാജ്യങ്ങളും തമ്മിൽ  പുതിയ വ്യാപാര ഉടമ്പടിക്കുള്ള സാധ്യത മങ്ങുകയാണ്. ഈ മാസം ഇരുകൂട്ടരും തമ്മിൽ യോജിപ്പിനുള്ള സാദ്ധ്യതകൾ ഉരുത്തിരിഞ്ഞു വരുന്നില്ലെങ്കിൽ ചർച്ചകൾ അവസാനിപ്പിക്കുമെന്നും ബ്രിട്ടൻ   സ്വന്തം നിലയ്ക്കു മുന്നോട്ടു പോകുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി.

നിലവിൽ ഇരുകൂട്ടരും തമ്മിലുള്ള കരാർ പ്രകാരം ഈ വർഷം ഡിസംബർ 31 കഴിയുന്നതോടെ ബ്രിട്ടനും ഇ.യു രാജ്യങ്ങളും തമ്മിൽ നേരത്തെ നിലനിന്ന എല്ലാ വ്യാപാര, അതിർത്തി സംബന്ധമായ കരാറുകളും റദ്ദാവും. ഇ.യു രാജ്യങ്ങൾക്കെല്ലാം ബാധകമായ നിയമങ്ങളാണ് വ്യാപാരത്തിലും യാത്രയിലും അടക്കമുള്ള കാര്യങ്ങളിൽ ബ്രിട്ടനിൽ ഇപ്പോൾ ബാധകമാവുന്നത് .എന്നാൽ 2016ലെ ജനഹിത പരിശോധനയിലും കഴിഞ്ഞ വർഷം നടന്ന പൊതുതിരഞ്ഞെടുപ്പിലും ഭൂരിപക്ഷം ജനങ്ങളും ബ്രിട്ടൻ ഇ.യു സഖ്യത്തിൽ നിന്ന് വിടണം എന്ന നിലപാടാണ്  അംഗീകരിച്ചത്. ബ്രെക്സിറ്റിനു വേണ്ടി തുടക്കം മുതൽ വാദിച്ച ബോറിസ് ജോൺസൻ വൻ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ വർഷം നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ വിജയിച്ചത്. അതേത്തുടർന്ന് ഇരുകൂട്ടരും നടത്തിയ ചർച്ചയിൽ ഈ വർഷം അവസാനം ബ്രെക്സിറ്റ്‌ പ്രക്രിയ പൂർത്തിയാക്കാനും ഭാവിബന്ധങ്ങളെ സംബന്ധിച്ച് ചർച്ചകൾ വഴി കരാറുകളിലെത്താനും തീരുമാനിക്കുകയായിരുന്നു. അതുവരെ നിലവിലുള്ള സംവിധാനം തുടരും.

എന്നാൽ ബ്രിട്ടനും ഇ യു രാജ്യങ്ങളുടെ സംഘടനയും തമ്മിൽ നടക്കുന്ന ചർച്ചകളിൽ പുരോഗതിയില്ലെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. വ്യാപാര ചർച്ചകളിൽ ഇ യുവിനെ നയിക്കുന്ന മൈക്കൽ ബർനിയേർ കടുംപിടുത്തമാണ് കാണിക്കുന്നതെന്നും ഇനിയും പുരോഗതിയില്ലെങ്കിൽ കരാറില്ലാതെ ബ്രിട്ടൻ പുറത്തുപോകുമെന്നും ബ്രിട്ടീഷ് അധികൃതർ പറയുന്നു.

ബ്രിട്ടൻ പുറത്തുപോയാലും ഇ.യു നിലപാടുകളിൽ അയവു വരുത്തേണ്ടതില്ല എന്നാണ് ഫ്രാൻസ്, ജർമനി, ഇറ്റലി തുടങ്ങിയ മറ്റു പ്രമുഖ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള യൂറോപ്യൻ യൂണിയന്‍റെ  തീരുമാനം. വ്യാപാര ചർച്ചകളിൽ ബർനിയരുടെ  കടുത്ത നിലപാടുകൾക്ക് ഒരു കാരണം അതാണെന്നും പറയപ്പെടുന്നു. ജപ്പാന് ഇ.യു അംഗീകരിച്ചു കൊടുത്ത ഒരു ആനുകൂല്യം പോലും ബ്രിട്ടന് അനുവദിച്ചു കൊടുക്കാൻ ബെർണിയർ സമ്മതിക്കുന്നില്ല എന്നാണ്  ബ്രിട്ടീഷ് മാധ്യമങ്ങൾ ആരോപിക്കുന്നത്. ഇത് ബോധപൂർവമായ നീക്കമായാണ് ബ്രിട്ടന്റെ വിലയിരുത്തൽ.

ഡിസംബർ 31നു പുതിയ കരാർ ഇല്ലാതെ ബ്രിട്ടൻ ഇ.യു സഖ്യം വിടുകയാണെങ്കിൽ ബ്രിട്ടീഷ്  കമ്പനികൾക്ക് അത് തത്കാലം വലിയ തിരിച്ചടിയാകുമെന്നു വ്യാപാര വൃത്തങ്ങൾ വിലയിരുത്തുന്നു. ബ്രിട്ടനിലെ  പ്രധാന ഉല്പാദന രംഗങ്ങളിലും കൃഷി, റീട്ടയിൽ വ്യാപാരം, സേവനങ്ങൾ തുടങ്ങിയ മേഖലകളിലും പ്രവർത്തിക്കുന്ന കമ്പനികളും സ്ഥാപനങ്ങളും അതിൽ അതീവ ഉത്കണയുള്ളവരാണ്. ഉദാഹണത്തിനു ബ്രിട്ടനിലെ കാർ നിർമാണ മേഖലയിലെ നിസ്സാൻ, ഫോക്സ് വാഗൺ  തുടങ്ങിയ പ്രധാന കമ്പനികൾ  പറയുന്നത് തങ്ങളുടെ  വിപണി ഇ.യു രാജ്യങ്ങളാണെന്നും അവിടെ വിൽക്കുന്ന ബ്രിട്ടീഷ് ഇറക്കുമതി കാറുകൾക്ക് ഇനി 10 ശതമാനം നികുതി വന്നാൽ തങ്ങൾ വിപണിയിൽ നിന്ന് പുറത്താകുമെന്നുമാണ്. വിമാനനിർമാണ കമ്പനിയായ എയർബസും സമാനമായ ഭീതിയാണ് പകടിപ്പിച്ചത്.

 നിർമാണ മേഖലയിലേക്കാൾ ഗുരുതരമായ പ്രശ്നങ്ങളാണ് കാർഷിക രംഗത്തുണ്ടാവുക. പ്രധാന ഉത്പന്നങ്ങൾക്ക് പലതും 40 ശതമാനം വരെയാണ് നികുതി വരിക. അതേസമയംബ്രിട്ടീഷ് കാർഷിക ഉല്പന്നങ്ങളുടെ പ്രധാന വിപണി ഇ.യു രാജ്യങ്ങളിലാണ്. ഇതേ പ്രശനം തന്നെയാണ് മറ്റു മേഖലകളിലും  ബ്രിട്ടൻ നേരിടുന്നത്. അതിനു പരിഹാരമായി ഇ.യുവിനു പുറത്തുള്ള  രാജ്യങ്ങളോട് നേരിട്ട് ചർച്ച നടത്തി പുതിയ വ്യാപാര ഉടമ്പടികളിൽ എത്താനാണ് ബ്രിട്ടന്‍റെ നീക്കം. ഇ.യു സഖ്യം വിട്ടുവന്നാൽ ബ്രിട്ടനുമായി  വളരെ ആകർഷകമായ വ്യവസ്ഥകളോടെ വ്യാപാര കരാറിൽ എത്തുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നുവെങ്കിലും ചർച്ചകൾ ഇനിയും മുന്നേറിയിട്ടില്ല. അതിനാൽ ബ്രിട്ടനെ സംബന്ധിച്ച് അടുത്ത അഞ്ചു മാസങ്ങൾ അങ്ങേയറ്റം പ്രധാനമാണ്. ഒരു ഭാഗത്തു കൊറോണയും മറുഭാഗത്തു ബ്രെക്സിറ്റുമായി ബോറിസ് ജോൺസൻ  കരകാണാക്കടലിലാണ് എന്ന് ചില മാധ്യമങ്ങൾ പറയുന്നു. 

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply