കൊറോണ: രോഗവർധനക്കിടയിൽ ഒരു വെള്ളി രേഖ

ന്യൂദൽഹി: മൂന്നുമാസമായി കൊറോണ  രോഗത്തോട് പൊരുതുന്ന ഇന്ത്യയിൽ പുതിയ കേസുകൾ ക്രമാതീതമായി  വർധിക്കുന്നതിനിടയിലും  ഇന്ന് പുറത്തിറക്കിയ കണക്കുകൾ ആശ്വാസകരമായ ചില വിവരങ്ങളും നൽകുന്നു. രോഗബാധ തുടങ്ങിയ ശേഷം ആദ്യമായി മൊത്തം രോഗികളുടെ എണ്ണത്തെക്കാൾ രോഗം മാറിയവരുടെ സംഖ്യ ഉയർന്നതായി  ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി.

കഴിഞ്ഞ 24 മണിക്കൂറിൽ 9985 രോഗികൾ കൂടി രാജ്യത്തുണ്ടായതായി  കണക്കുകൾ പറയുന്നു.  കഴിഞ്ഞ എട്ടു ദിവസമായി 9000 ത്തിൽ അധികം രോഗികളാണ് പുതുതായി ഓരോ ദിവസവും രാജ്യത്തു റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇപ്പോൾ മൊത്തം രോഗബാധിതരുടെ സംഖ്യ  2,76,583 ആണ്.  ചികിത്സയിലുള്ളത് 1.33 ലക്ഷം ആളുകളാണ്. ഇതിനകം രോഗം മാറിയവറുടെ എണ്ണം 1,35,206 ആണെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ആദ്യമായാണ് രാജ്യത്തു രോഗവിമുക്തരുടെ എണ്ണം രോഗികളുടെ എണ്ണത്തെ  മറികടക്കുന്നത്.

രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയും തമിഴ്നാടും ഡൽഹിയുമാണ് മുന്നിൽ നിൽക്കുന്നത്. നിലവിലുള്ള അവസ്ഥയിൽ എല്ലായിടത്തും ആശുപത്രി സൗകര്യങ്ങൾ അധികം വൈകാതെ അപര്യാപ്തമാകുമെന്നു അധികൃതർ  കരുതുന്നു. സെപ്റ്റംബർ മാസം വരെയെങ്കിലും  സ്ഥിതിഗതികൾ ഇതേ മട്ടിൽ ഗുരുതരമായി തുടരുമെന്നാണ് ഈയിടെ പുറത്തുവിട്ട ഒരു പഠനത്തിൽ പറയുന്നത്.

കോവിഡിന് ഫലപദമായ ഔഷധങ്ങൾ ഇതുവരെ കണ്ടുപിടിക്കാത്ത  സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കലും മുഖാവരണം ധരിക്കലും അണുനാശനവും അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ മാത്രമാണ് മുന്നിലുള്ള പ്രധാനമാർഗമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ മുന്നറിയിപ്പ് നൽകി.  കൂടുതൽ വ്യാപാര, സാമൂഹിക മേഖലകൾ തുറക്കുമ്പോഴും ജനങ്ങൾ അങ്ങേയറ്റം ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply