ട്രംപിന്‍റെ ജനസമ്മതി കുറയുന്നു; തിരഞ്ഞെടുപ്പിൽ വിജയം അസാധ്യമെന്നു വിശകലനം

വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപിന്‍റെ ജനസമ്മതിയിൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ കനത്ത ഇടിവുണ്ടായതായി സിഎൻഎൻ ചാനൽ നടത്തിയ സർവ്വേ പറയുന്നു. തിരഞ്ഞെടുപ്പിനു വെറും അഞ്ചു മാസം മാത്രം ബാക്കി നിൽക്കുന്ന സമയത്തു പ്രസിഡണ്ടിന്‍റെ അദ്ദേഹത്തിന്‍റെ പ്രതിയോഗി ഡെമോക്രാറ്റിക്‌ പാർട്ടിയുടെ സ്ഥാനാർഥി ജോ ബൈഡനു പിന്നിലാണെന്ന് സിഎൻഎൻ ഇന്ന് പുറത്തിറക്കിയ സർവേ റിപ്പോർട്ടിൽ പറയുന്നു.

 മുൻ മാസത്തേക്കാൾ ഏഴു ശതമാനം ഇടിവാണ് ട്രംപിന്‍റെ ജനപിന്തുണയിൽ മെയ് മാസത്തിൽ സംഭവിച്ചത്. ഇതിനു പ്രധാന കാരണം രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കും കറുത്ത വർഗക്കാർക്കും എതിരേയുണ്ടായ പോലീസ് നടപടികളിൽ പ്രസിഡണ്ട് സ്വീകരിച്ച ഏകപക്ഷീയമായ സമീപനമാണെന്നു സിഎൻഎൻ രാഷ്‌ടീയ ലേഖകൻ സ്റ്റീഫൻ കോളിൻസൺ എഴുതുന്നു.  ട്രംപിന്‍റെ ഇപ്പോഴത്തെ ജനപിന്തുണ നേരത്തെ രണ്ടാം തവണയും തിരഞ്ഞെടുപ്പിൽ മത്സരിച്ച മുൻ പ്രസിഡണ്ടുമാരായ ജിമ്മി കാർട്ടറുടെയും ജോർജ്‌ ബുഷ് സീനിയറിന്‍റെയും ഇതേ അവസരത്തിലുള്ള ജനപിന്തുണയ്ക്കു തുല്യമാണ്. രണ്ടു പേരും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ട്രംപും സമാനമായ അവസ്ഥ നേരിടാനുള്ള  സാധ്യതയാണ് നിലനിൽക്കുന്നതെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

 മെയ് മാസത്തിൽ ട്രംപിന്‍റെ ജനപിന്തുണയിലുണ്ടായ ഇടിവിനു കാരണം മിനിസോട്ടയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡിനെ പോലീസ് പരസ്യമായി കൊന്നതിനു ശേഷം അമേരിക്കയിൽ ഉയർന്ന ജനകീയ പ്രക്ഷോഭത്തെ കടുത്ത ഭാഷയിൽ വിമർശിക്കുകയും പ്രക്ഷോഭകർക്കെതിരെ പട്ടാളത്തെ അയക്കാനുള്ള അദ്ദേഹത്തിന്‍റെ തീരുമാനവുമാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. പോലിസിന്‍റെ അക്രമ നയങ്ങൾക്കെതിരെ പൊതുവിൽ അമേരിക്കൻ ജനങ്ങൾ ഒന്നിച്ചു തെരുവിൽ ഇറങ്ങിയതാണ് രണ്ടാഴ്ചയായി നാട്ടിലെങ്ങും കാണുന്നത്. എന്നാൽ ജനവികാരം മാനിക്കാത്ത സമീപനമാണ് പ്രസിഡണ്ട് കൈക്കൊണ്ടത്. ഇത് പ്രശ്നമായതായി അദ്ദേഹത്തിന്‍റെ ടീമിലെ അംഗങ്ങളും സമ്മതിക്കുന്നു. അതിനാൽ ഇതുവരെയുള്ള  നിലപാട് തിരുത്തി ജനങ്ങളുടെ ഐക്യത്തിൽ ഊന്നിയ ഒരു പ്രസംഗത്തിന് പ്രസിഡണ്ട് തയ്യാറെടുക്കുകയാണെന്ന് അടുപ്പമുളളവർ പറയുന്നു. എന്നാൽ അത് എത്രമാത്രം ജനങ്ങൾക്കിടയിൽ സ്വീകാര്യമാകും എന്ന കാര്യത്തിൽ സംശയമുണ്ട്.

ഇതിനിടയിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രമുഖർ പലരും ഇത്തവണ തങ്ങൾ ട്രംപിനെ പിന്തുണക്കുകയില്ല എന്ന് വ്യക്തമാക്കിക്കഴിഞ്ഞു. മുൻ പ്രസിഡണ്ട് ജോർജ്‌ ഡബ്ലിയു ബുഷ്, ട്രംപിന്റെ തന്നെ മുൻ പ്രതിരോധ സെക്രട്ടറി ജനറൽ ജിം മാറ്റിസ്‌, മുൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവൽ, റിപ്പബ്ലിക്കൻ സെനറ്റർമാരായ മിറ്റ് റോംനി, ലിസ മർക്കോവ്ക്സ്കി തുടങ്ങിയവർ ട്രംപിനെ എതിർക്കുമെന്ന് പ്രസ്താവിച്ചു കഴിഞ്ഞു. കോളിൻ പവൽ ഇത്തവണ തന്‍റെ പിന്തുണ ബൈഡനു ആയിരിക്കുമെന്നും ഇന്നലെ സിഎൻഎൻ അഭിമുഖത്തിൽ  വ്യക്തമാക്കി .

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply