അക്രമം നടത്തിയ പോലീസ് സേന പിരിച്ചു വിടുന്നു; പ്രതിമകൾക്കു നേരെയും പ്രതിഷേധം

ന്യൂയോർക്ക്: മിനിയപോളിസിൽ കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയിഡിനെ പരസ്യമായി കഴുത്തിന് ചവുട്ടിക്കൊന്ന പോലീസ്  നടപടിക്കെതിരെ ലോകമെങ്ങും അലയടിക്കുന്ന പ്രതിഷേധം രണ്ടാഴ്ചയായിട്ടും തുടരുന്നതിനിടയിൽ നഗരത്തിലെ പോലീസ് സംവിധാനം അഴിച്ചു പണിയുന്നതിന്‍റെ ഭാഗമായി നിലവിലുള്ള സേനയെ പിരിച്ചുവിടാൻ  തീരുമാനിച്ചു.

മിനിയപോളിസ് നഗരസഭാ യോഗത്തിൽ പങ്കെടുത്ത 13 അംഗങ്ങളിൽ ഒമ്പതു പേരും നിലവിലുള്ള പോലീസ്  സംവിധാനത്തെ പൂർണമായും ഒഴിവാക്കുന്നതിനു അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇപ്പോഴുള്ള പോലീസ് സംവിധാനത്തെ നേരെയാക്കാൻ യാതൊരു വഴിയുമില്ലെന്നും അതിനാൽ ഇനി ബദൽ മാര്‍ഗ്ഗങ്ങള്‍ സംബന്ധിച്ച ആലോചനകൾ നടക്കുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു.

അതേസമയം, വംശീയവിരുദ്ധ പ്രക്ഷോഭം മറ്റു രാജ്യങ്ങളിലേക്കും നഗരങ്ങളിലേക്കും പടർന്നു പിടിക്കുകയാണ്. വംശീയതയും സാമൂഹികമായ അസമത്വങ്ങളുമാണ് പക്ഷോഭകരുടെ കടുത്ത എതിർപ്പിനു കാരണമായിരിക്കുന്നത്. പല നഗരങ്ങളിലും സ്ഥാപിച്ച  വംശീയവാദികളായ ചരിത്രപുരുഷന്മാരുടെ പ്രതിമകൾക്കു നേരെയും പ്രതിഷേധക്കാർ തിരിഞ്ഞു. ഇന്നലെ ബ്രിട്ടനിലെ ബ്രിസ്റ്റൾ നഗരത്തിൽ പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് അടിമക്കച്ചവടക്കാരനായ  എഡ്‌വേഡ്‌ കോൾസ്റ്റന്റെ പ്രതിമ പ്രക്ഷോഭകർ നഗരചത്വരത്തിൽ നിന്ന്പറിച്ചുമാറ്റി പുഴയിൽ തള്ളി. ആഫ്രിക്കയിൽ നിന്ന് അമേരിക്കയിലേക്ക് സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടക്കം 80,000 ആളുകളെ  അടിമകളായി പിടിച്ചുകൊണ്ടു പോയ ആളാണ് കോൾസ്റ്റൻ. അടിമകച്ചവടത്തിന് കുപ്രസിദ്ധമായ റോയൽ ആഫ്രിക്കൻ കമ്പനിയുടെ ഉടമകളിൽ ഒരാളായിരുന്നു ബ്രിസ്റ്റോൾ സ്വദേശിയായ ഇദ്ദേഹം.  നഗരത്തിലുള്ള ഇയാളുടെ പ്രതിമ മാറ്റണമെന്ന് പൗരാവകാശ പ്രവർത്തകരും മനുഷ്യാവകാശ സംഘടനകളും നേരത്തെ  ആവശ്യപ്പെട്ടു വന്നിരുന്നു. നഗരസഭ അത് അംഗീകരിക്കാത്തതിനെ  തുടർന്നാണ് ഇന്നലെ ആയിരക്കണക്കിന് പ്രക്ഷോഭകർ സംഘടിതരായി  എത്തി  പ്രതിമയുടെ  കഴുത്തിൽ കയറിട്ടു വലിച്ചിറക്കി ആർപ്പുവിളികളോടെ തെരുവിലൂടെ വലിച്ചു കൊണ്ടുപോയി  പുഴയിൽ തള്ളിയത്.

അമേരിക്കയിലും മുൻകാല അക്രമികളുടെ പ്രതിമകൾക്കെതിരെ പ്രക്ഷോഭകർ ശബ്ദമുയർത്തി. അമേരിക്കൻ ആഭ്യന്തര യുദ്ധത്തിൽ അടിമകച്ചവടത്തെ അനുകൂലിച്ച തെക്കൻ സംസ്ഥാനങ്ങളുടെ സേനാനായകൻ റോബർട്ട് ഇ. ലീയുടെ പ്രതിമ വിർജീനിയ നഗരസഭ കഴിഞ്ഞദിവസം എടുത്തു മാറ്റി.  ലീയുടെ പ്രതിമനഗരത്തിൽ നിലനിൽക്കുന്നതിൽ നേരത്തെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. തീവ്ര വലതുപക്ഷക്കാർ പലപ്പോഴും ലീയുടെ പ്രതിമയുടെ സമീപത്തിൽ സംഘടിച്ചു വംശീയ അധിക്ഷേപങ്ങൾക്കും ആക്രമണങ്ങൾക്കും നേതൃത്വം നൽകിയിരുന്നു. കറുത്തവർഗ്ഗക്കാരുടെ നേരെയാണ് ഇത്തരം  കടന്നാക്രമണങ്ങൾ  സ്ഥിരമായി നടന്നു വന്നത്. പോലീസ്  . ഇത്തരം അവസരങ്ങളിൽ നീതി പാലിക്കുന്നില്ല എന്ന ആരോപണവും ഉയർന്നിരുന്നു.

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply