വാർത്താമുറികളിൽ കലാപം; പ്രമുഖ പത്രങ്ങളിൽ കൂട്ടരാജി

ന്യൂയോർക്ക്: അമേരിക്കയിൽ പടർന്നു പിടിക്കുന്ന  വംശീയ  വിരുദ്ധ പ്രക്ഷോഭങ്ങളിൽ പ്രമുഖ പത്രങ്ങളിൽ പലതും സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ  വൻ പ്രതിഷേധം. ന്യൂയോർക്ക് ടൈംസ് പത്രം കഴിഞ്ഞ ബുധനാഴ്ച എഡിറ്റോറിയൽ പേജിൽ പോലീസ്-സേനാ അതിക്രമങ്ങളെ ന്യായീകരിച്ചു റിപ്പബ്ലിക്കൻ പാർട്ടിയുടെ ഒരു സെനറ്റർ എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചതിന് എതിരെ പത്രത്തിലെ നൂറു കണക്കിനു  മാധ്യമപ്രവർത്തകർ പ്രതിഷേധം ഉയർത്തി. പലരും വ്യാഴാഴ്ച മുതൽ ജോലിക്കു ഹാജരായില്ല. കനത്ത പ്രതിഷേധത്തെ തുടർന്ന് പത്രത്തിന്റെ എഡിറ്റോറിയൽ പേജ് ചുമതലയുള്ള സീനിയർ എഡിറ്റർ ജെയിംസ് ബെന്നറ്റ്‌ ഇന്നലെ രാജി  വെച്ചു.

അമേരിക്കയിലെ   മറ്റൊരു  പ്രമുഖ പത്രമായ വാഷിംഗ്ടൺ പോസ്റ്റിലും വംശീയ അതിക്രമങ്ങളെ ന്യായീകരിക്കുന്ന റിപ്പോർട്ടുകൾക്കും ലേഖനങ്ങൾക്കും എതിരെ  ജീവനക്കാരും മാധ്യമ പ്രവർത്തകരും പ്രതിഷേധം ഉയർത്തി. 

ഫിലാഡൽഫിയയിലെ മുഖ്യപത്രമായ ഫിലാഡെഫിയ എൻക്വിററിൽ പ്രധാനഎഡിറ്റർമാരിലൊരാളായ സ്റ്റാൻ വിസ്കോവ്സ്കിയും കഴിഞ്ഞ ദിവസം പുറത്തുപോയി. പ്രക്ഷോഭകർ  അതിക്രമങ്ങൾ നടത്തുകയാണ്എന്ന് ആരോപിക്കുന്ന തരത്തിൽ പത്രം പ്രസിദ്ധീകരിച്ച ലേഖനത്തോടുള്ള പ്രതിഷേധം കനത്തതോടെയാണ് അദ്ദേഹം രാജി വെച്ചത്.

ന്യൂയോർക്ടൈംസിൽ അർകാൻസസ് സെനറ്റർ ടോം കോൾട്ടൻ എഴുതിയ ലേഖനമാണ്  വിമർശനങ്ങൾക്കു കാരണമായത്. അമേരിക്കയിലെ വിവിധ നഗരങ്ങളിൽ പോലീസിന്റെ വംശീയ അതിക്രമങ്ങളിൽ പ്രതിഷേധിച്ചു  സമരം നടത്തുന്ന പ്രക്ഷോഭകർക്കെതിരെ സൈന്യത്തെ അയക്കണംഎന്നാണ് അതിന്‍റെ തലക്കെട്ടിൽ തന്നെ ആവശ്യപ്പെട്ടത്. അതിൽ ന്യൂസ്റൂമിൽ തന്നെ കടുത്ത എതിര്‍പ്പ് ഉയർന്നെങ്കിലും തുടക്കത്തിൽ മാനേജ്മെന്റ്പത്രാധിപരെ പിന്തുണച്ചു. പിന്നീട് വിഷയത്തിൽ പുനഃപരിശോധന നടക്കുകയാണെന്നും ലേഖനം വേണ്ടവിധം  ശ്രദ്ധിക്കാതെയാണ്  പ്രസിദ്ധീകരിച്ചതെന്നും പത്രം കുറിപ്പിറക്കി .  എഡിറ്റോറിയൽ ഡെസ്കിൽ പ്രസിദ്ധീകരണത്തിനു തയ്യാറാക്കിയ ലേഖനം പ്രസിദ്ധീകരിക്കുന്നതിന് മുൻപ് താൻ വായിച്ചിരുന്നില്ലെന്നും  പിഴവുകളിൽ ഉത്തരവാദിത്വം എടുത്തു രാജി വെക്കുകയാണെന്നും ജെയിംസ് ബെന്നറ്റ് രാജിക്കത്തിൽ പറയുന്നു.

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply