ആരാധനാലയങ്ങൾ തുറക്കൽ : ഭക്തർക്കിടയിലും എതിർപ്പ്

കോഴിക്കോട്: ഇന്നു മുതൽ ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തു വർധിച്ചു വരുന്ന കോവിഡ് രോഗബാധയുടെ  പശ്ചാത്തലത്തിൽ അതിനോടുള്ള എതിർപ്പ് ഭക്തർക്കിടയിലും  വിവിധ മത സംഘടനകൾക്കിടയിലും ഉയരാൻ തുടങ്ങി.

മലബാറിൽ  മിക്ക ജില്ലകളിലും പ്രധാന മുസ്ലിം പള്ളികൾ ഒന്നും പെട്ടെന്ന് തുറക്കാനിടയില്ല. വിവിധ മുസ്ലിം സംഘടനകളും മഹല്ലു കമ്മിറ്റികളും സ്ഥിതിഗതികൾ വിലയിരുത്തി മാത്രമേ പള്ളികൾ തുറക്കാനുള്ള തീരുമാനം എടുക്കുകയുള്ളൂ എന്ന് ഇന്നലെയും ഇന്നുമായി പ്രസ്താവനകൾ ഇറക്കി. മലബാറിലെ ഏറ്റവും ശക്തമായ സുന്നികളിലെ ഇരു വിഭാഗവും ഇപ്പോൾ പള്ളികൾ തുറക്കുന്നതിൽ പ്രായോഗികമായ വിഷമതകൾ ഉള്ളതായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.  നേരത്തെ ആരാധനാലയങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന സുന്നി നേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാരും പള്ളികൾ  തുറക്കുമ്പോൾ കർശനമായ വ്യവസ്ഥകൾ പാലിക്കുന്നതായി പൂർണമായും ഉറപ്പു വരുത്തണമെന്നു അനുയായികളോട് ആവശ്യപ്പെട്ടു.  ഏതെങ്കിലും പള്ളിയിൽ നിന്ന് രോഗബാധ വന്നതായി റിപ്പോർട്ട് വന്നാൽ അത് വലിയ സാമൂഹിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും നേരത്തെ ഡൽഹിയിൽ നടന്ന തബ്‌ലീഗി  സമ്മേളനത്തിന്‍റെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, മലപ്പുറം ജില്ലയിൽ അടക്കം പ്രധാന മുസ്ലിം കേന്ദങ്ങളിൽ  പള്ളികൾ ഇപ്പോൾ അടിയന്തിരമായി തുറക്കേണ്ടതില്ല എന്ന തീരുമാനമാണ് വിവിധ മഹല്ല് കമ്മറ്റികളും  മത, സമുദായ നേതൃത്വങ്ങളും എടുത്തിരിക്കുന്നത്.  കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലും പൊതുവിൽ ഇതാണ് സ്ഥിതി.

ഹിന്ദു ക്ഷേത്രങ്ങൾ ഭക്തർക്കായി തുറന്നിടുന്നത് സംബന്ധിച്ചും അഭിപായ  വ്യത്യാസങ്ങൾ രൂക്ഷമാണ്. ഇന്നത്തെ അവസ്ഥയിൽ  ഭക്തർക്ക് പ്രസാദമോ തീർത്ഥമോ പൂജ നടത്തിയ ശേഷമുള്ള  ദ്രവ്യങ്ങളോ സ്വീകരിക്കുന്നതിനു സാധ്യമല്ല. സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള ആരാധനയും മിക്ക ക്ഷേതങ്ങളിലും അസാധ്യമാണ്. അതിനാൽ ഇന്നത്തെ സാഹചര്യത്തിൽ ക്ഷേത്രങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരണമെന്നും അവ ഭക്തർക്കായി തുറക്കുന്നത് മാറ്റിവെക്കണമെന്നും അഖില കേരള തന്ത്രി സമാജം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ ദേവസ്വം ബോർഡുകളും ക്ഷേത്രങ്ങൾ  ഉടൻ തുറക്കുന്ന കാര്യത്തിൽ ഉത്കണ്ഠയുളളവരാണ്‌ .

മലബാർ പ്രദേശത്തെ ക്രിസ്ത്യൻ പള്ളികളിൽ നിയന്ത്രണങ്ങൾ പാലിച്ചു മാത്രം ആരാധന നടത്തുന്നതിൽ  ശ്രദ്ധിക്കണമെന്ന് കോഴിക്കോട് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ  പറഞ്ഞു. അത്തരം നിയന്ത്രണങ്ങൾ സാധ്യമല്ലാത്ത പള്ളികൾ തുറക്കുന്നതു  നീട്ടിവെക്കണം. തൃശൂർ,അങ്കമാലി, എറണാകുളം തുടങ്ങിയ പ്രധാന ക്രൈസ്തവ മേഖലകളിലും പള്ളികൾ പലതും ഉടൻ തുറക്കേണ്ടതില്ല എന്ന  തീരുമാനമാണ് മത നേതൃത്വവും വിശ്വാസി സമൂഹവും എടുത്തിരിക്കുന്നത്. 

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply