ആരാധനാലയങ്ങൾ തുറക്കുന്നത് നാളെ; പലതും അടഞ്ഞുകിടക്കും

കോഴിക്കോട്: നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ ചൊവ്വാഴ്ച മുതൽ തുറക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നൽകിയിട്ടുണ്ടെങ്കിലും നഗരങ്ങളിലെ പല ആരാധനാലയങ്ങളും നിലവിലുള്ള അവസ്ഥ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.

കോഴിക്കോട് നഗരത്തിലെ ഏറ്റവും തിരക്കുള്ള പാളയം മുഹ്‌യുദ്ധീൻ പള്ളി, മാനാഞ്ചിറ പട്ടാള പള്ളി എന്നിവ തൽകാലം തുറക്കേണ്ടതില്ലെന്നാണ് ബന്ധപ്പെട്ട മഹല്ല് കമ്മിറ്റികൾ തീരുമാനിച്ചിരിക്കുന്നത്.  വെളിയാഴ്‌ചയും മറ്റും നൂറുകണക്കിന് ആളുകൾ ഒന്നിച്ചുവരുന്ന പള്ളികളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ പാലിച്ചും കോവിഡ് പ്രോട്ടോകോൾ ഉറപ്പുവരുത്തിയും പള്ളികൾ  തുറക്കുന്നതു പ്രായോഗികമല്ലെന്നു പള്ളി ഭാരവാഹികൾ അറിയിച്ചു. കേരളാ നദ്‌വത്തുൽ മുജഹിദീൻ (കെഎൻഎം)  നിയന്ത്രണത്തിലുള്ളതാണ് ഇരു പള്ളികളും. മുജാഹിദ്ദീൻ നേതൃത്വത്തിലെ രണ്ടു വിഭാഗങ്ങളെ നയിക്കുന്ന ഡോ.ഹുസൈൻ  മടവൂരും കെ എം അബ്ദുല്ലക്കോയ മദനിയും പള്ളികൾ ഇന്നത്തെ സാഹചര്യത്തിൽ തുറക്കുന്നതിനോട് വിയോജിച്ചു കൊണ്ട് കഴിഞ്ഞ ദിവസം പ്രസ്താവനകൾ  ഇറക്കിയിരുന്നു. വീടുകളിലെ പ്രാർത്ഥനയാണ് ഇന്നത്തെ സാഹചര്യതിൽ അഭികാമ്യം എന്ന് ഇരുവിഭാഗം നേതാക്കളും ചൂണ്ടിക്കാട്ടി. 

മലബാറിലെ ഏറ്റവും പ്രമുഖമായ സമസ്തകേരള ജംഇയ്യത്തുൽ ഉലമയുടെ നിയന്ത്രണത്തിലുള്ള പള്ളികൾ തുറക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട കമ്മിറ്റികളും മഹല്ല് കമ്മിറ്റികളും ആലോചിച്ചു വരികയാണെന്ന് കോഴിക്കോട് ഖാസി സയ്ദ് ജമാലുല്ലാഹി തങ്ങൾ അറിയിച്ചു. കണ്ണൂർ, മലപ്പുറം ജില്ലകളിലും ഏതൊക്കെ പള്ളികൾ തുറക്കണം എന്നത് സംബന്ധിച്ച് വിവിധ കമ്മിറ്റികൾ പരിശോധിച്ച്  വരികയാണ്. നഗര പ്രദേശങ്ങളിൽ ആരാധനാലയങ്ങൾ തുറക്കുന്നതിനോട് പൊതുവിൽ വിശ്വാസികൾക്കിടയിൽ പോലും വിയോജിപ്പാണ് കാണുന്നത്.

ക്രിസ്ത്യൻ, ഹിന്ദു ആരാധനാലയങ്ങൾ ചൊവ്വാഴ്ച മുതൽ  തുറക്കാൻ നടപടികൾ നടന്നു വരുന്നുണ്ട്. ക്ഷേത്രങ്ങളിൽ ആരാധനക്ക്  ഒന്നിച്ചു ആളുകൾ ഒത്തുകൂടുന്നതു ഉത്സവസമയങ്ങളിൽ പൊതുവിൽ കുറവാണ്. ക്രിസ്ത്യൻ പള്ളികളിൽ കൂടുതൽ കുര്‍ബാനകൾ ഏർപ്പെടുത്തി തിരക്ക് നിയന്ത്രിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. 

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply