വന്ദേ ഭാരത് ഫ്ളൈറ്റുകൾ ഈയാഴ്ച വീണ്ടും; പകുതിയോളം വരുന്നത് കേരളത്തിലേക്ക്

കോഴിക്കോട്: ഗൾഫ് നാടുകളിൽ നിന്നും ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിൽ നിന്നും പ്രവാസി ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരുന്ന വന്ദേ ഭാരത് ഫ്ലൈറ്റുകൾ എയർ ഇന്ത്യാ എക്സ്പ്രസ്സ് ബുധനാഴ്ച മുതൽ പുനരാരംഭിക്കും. ജൂൺ 23 വരെയുള്ള മൂന്നാം ഘട്ടത്തിൽ ആകെയുള്ള 107 ഫ്ലൈറ്റുകളിൽ 42എണ്ണവും കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ യാത്രക്കാരുമായി എത്തിച്ചേരും.

കോവിഡ് പ്രതിരോധ കാര്യത്തിൽ കേരളം തുടക്കത്തിൽ നിലനിർത്തിയ മുൻകൈ കഴിഞ്ഞ ദിവസങ്ങളിൽ നഷ്ടമായ അവസ്ഥയാണ് കാണുന്നത്. രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും നിരന്തരമായ വർധനവാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ പുറത്തു നിന്നും വിദേശങ്ങളിൽ നിന്നും മലയാളികൾ കൂട്ടത്തോടെ നാട്ടിലേക്കു തിരിച്ചെത്താൻ തുടങ്ങിയതോടെയാണ് കേസുകളിൽ അസാധാരണമായ വർദ്ധനവ് പ്രത്യക്ഷപ്പെട്ടത്. വരും ദിവസങ്ങളിൽ ലക്ഷക്കണക്കിന് പ്രവാസികൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും എത്തിച്ചേരുന്നതോടെ ആരോഗ്യവകുപ്പും അനുബന്ധ സംവിധാനങ്ങളും വലിയ വെല്ലുവിളിയാണ് നേരിടുക.

ജൂൺ 8 മുതൽ ആരാധനാലയങ്ങളും മാളുകളും അടക്കം തുറന്നു പ്രവർത്തിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതും സർക്കാരിന് വെല്ലുവിളിയാണ്. സാമൂഹിക അകലം പാലിച്ചും കോവിഡ് പ്രോട്ടോകോൾ നടപ്പിലാക്കിയും രോഗവ്യാപനം തടയാനുള്ള നീക്കങ്ങൾക്കു പുതിയ ഇളവുകൾ വലിയ പ്രതിസന്ധിയാണ്‌ സൃഷ്ടിക്കുന്നത്.

അതേസമയം, അടച്ചിടൽ  കർശനമായി ഇനിയും മുന്നോട്ടുകൊണ്ടുപോകുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും സർക്കാർ തിരിച്ചറിയുന്നുണ്ട്. സാമ്പത്തിക രംഗത്തെ തകർച്ചയും വ്യാപകമായ തൊഴിൽനഷ്ടവും കഴിഞ്ഞ രണ്ടു മാസമായി ജനജീവിതം അങ്ങേയറ്റം പ്രതിസന്ധിയിൽ  എത്തിച്ചിരിക്കുകയാണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഇപ്പോൾ കാണുന്നപോലെ ജനങ്ങളുടെ അസംതൃപ്തി പൊട്ടിത്തെറിയായി മാറുകയും തെരുവുകൾ പ്രക്ഷുബ്ധമാവുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കാൻ ഇളവുകൾ അനുവദിക്കുകയല്ലാതെ മാർഗമില്ല.

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply