മഹാമാരി മഹാമൗനം

പുസ്തകം 14 | ലക്കം 84 | 2020 ജൂൺ 16-30 | 1195 മിഥുനം 02-16

അന്യരാജ്യങ്ങളില്‍   മാസങ്ങളായി  കുടുങ്ങിക്കിടക്കുന്ന  നമ്മുടെ  കൂടെപ്പിറപ്പുകളായ പ്രവാസി മലയാളികള്‍ കേരളത്തിന് അധികപ്പറ്റാണെന്ന്  പറഞ്ഞു പഴിക്കുന്ന ഒരു കാലം സ്വന്തം    ജന്മനാടായ കേരളത്തില്‍  ഉണ്ടാകുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ? ഗള്‍ഫ് നാടുകള്‍ മഹാമാരിയില്‍ പിടിച്ചുലക്കപ്പെട്ട്, അവിടത്തെ മലയാളിസമൂഹം ഭയചകിതരായി നില്‍ക്കുമ്പോള്‍, മരണത്തിന്‍റെ  താണ്ഡവം മലയാളികളുടെ ആവാസ കേന്ദ്രങ്ങളില്‍ മിന്നല്‍പോലെ പാഞ്ഞു കയറി വിലപ്പെട്ട മനുഷ്യ ജീവന്‍ കൂട്ടത്തോടെ  നിര്‍ദയം റാഞ്ചിക്കൊണ്ടു പോകുമ്പോള്‍,  നമുക്കെങ്ങനെ നിസ്സംഗരായി കയ്യും കെട്ടി നോക്കി നില്‍ക്കാനാകുന്നു? ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ ഇരുന്നൂറ്റി അമ്പതിലേറെ മലയാളികള്‍ അവിടെ നിസ്സഹായരായി മരിച്ചു വീണു എന്നറിഞ്ഞിട്ടും  നമുക്ക്  എങ്ങിനെ മൗനം പൂണ്ടിരിക്കാന്‍ കഴിയുന്നു?. ഇനിയും മരണനിരക്ക് ഉയരാനാണല്ലോ സാധ്യത.

സത്യത്തില്‍, നമ്മള്‍ ഒന്ന് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെകില്‍ ഈ മരണപരമ്പര ഇത്ര   ഭീകരമാകുമായിരുന്നോ?  ഇത്രയേറെ പ്രവാസികളെ  മരണം തട്ടിയെടുക്കുമ്പോള്‍ ഇനി ഒരു മലയാളി അന്യരാജ്യത്തു  ഇതുപോലെ മരിച്ചു വീഴാന്‍ അനുവദിക്കുകയില്ലെന്ന് പറയാന്‍    ഏതെങ്കിലും ഭരണകര്‍ത്താവിന്‍റെ നാവ് പൊന്തിയോ? നമ്മുടെ കൂടെപ്പിറപ്പുകളെയല്ലേ അന്യരാജ്യങ്ങളില്‍ കുഴിച്ചുമൂടികൊണ്ടിരിക്കുന്നത്. ഇതുകണ്ട് നമുക്ക് എങ്ങിനെ മൗനം ഭജിക്കാനാകും. 

അടിക്കടിയുള്ള ഗള്‍ഫ് സന്ദര്‍ശനവേളകളിലെല്ലാം ഇന്നത്തെയും ഇന്നെലകളിലെയും  മന്ത്രി പുംഗവന്മാര്‍ക്കു  ആലവട്ടവും വെഞ്ചാമരവും വീശി നിന്നു  ആതിഥ്യമരുളിയ നിഷ്ക്കളങ്കരായ ഒരു പറ്റം മനുഷ്യരെ മഹാമാരി വിഴുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഇവര്‍ക്കൊന്നും അറിയാത്തതല്ലല്ലോ.         ഗള്‍ഫ് മലയാളികള്‍  ഒരുക്കിയ വിഭവസമൃദ്ധമായ വിരുന്നിന്‍റെ സ്വാദ് രുചിച്ച്  ആനന്ദാതിരേകത്താല്‍  ആതിഥ്യത്തിനു  നന്ദി പ്രകാശിപ്പിച്ചപ്പോള്‍, ഈ നേതാക്കളുടെ ചുമലില്‍ വെച്ച് ഓമനിച്ച കരങ്ങളാണ് ഇന്ന് ആ മണ്‍കൂനകള്‍ക്കടിയില്‍ ചിതലുകള്‍ ആഹാരമാക്കാന്‍ പോകുന്നത്. ആ രംഗങ്ങള്‍ ഓര്‍ക്കുമ്പോള്‍ നെഞ്ച്  നുറുങ്ങിപ്പോകുന്നു സഖാക്കളെ.  

അവര്‍ക്ക് ഒരാപത്തു വന്നപ്പോള്‍,  ഈ നേതാക്കളാരുടെയും  മനസ്സിനെ അത്  തെല്ലും  ഉലയ്ക്കുന്നില്ലല്ലോ. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ക്ക് ഏറെ കടപ്പാടുള്ള അണികളാണ്    ആഴത്തില്‍  കുഴിച്ച ഈ കുഴിമാടങ്ങളില്‍  അന്ത്യവിശ്രമം കൊള്ളുന്നത്.അവരോട് കാട്ടിയ നന്ദികേട്  മാപ്പര്‍ഹിക്കുന്നതല്ല. അവര്‍ക്ക് വേണമെങ്കില്‍ ജീവിതം ഇനിയും നീട്ടിക്കൊണ്ട് പോകാമായിരുന്നു. വിമാനത്തില്‍ ഒരു സീറ്റ് തരപ്പെടുത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍.ഭരണനേതൃത്വങ്ങള്‍ വഴിമുടക്കിയിരുന്നില്ലെങ്കില്‍. “സര്‍ക്കാര്‍ ഒപ്പമുണ്ട്” എന്ന മധുര വാക്കുകളാല്‍ കബളിപ്പിക്കപ്പെട്ടിരുന്നില്ലെങ്കില്‍. അതേസമയം ഉന്നതങ്ങളില്‍ പിടിപാടുള്ളവര്‍ ലോക് ഡൗണ്‍ പ്രഖ്യാപന ദിവസം തന്നെ പരപരാ വെളുക്കും മുമ്പ് സ്വന്തക്കാരെ നിസ്സങ്കോചം കേരളത്തില്‍ എത്തിച്ചു. എത്ര മന്ത്രിമാരുടെ ബന്ധുക്കള്‍ക്കാണ് ഇങ്ങിനെ ലോട്ടറി അടിച്ചത്. 

ഈ മരണകൊയ്ത്തിനു ഇരയായവരുടെ അന്ത്യാഭിലാഷം ഒന്നേ ഒന്ന് മാത്രമായിരുന്നു. അന്ത്യയാത്ര അത് പെറ്റനാടിന്‍റെ മണ്ണില്‍  നിന്ന്  ആവണം. ആ ആഗ്രഹം മാത്രം സഫലമായില്ല.നമുക്ക് പ്രിയങ്കരര്‍  എന്ന് വിശ്വസിച്ച,നമ്മുടെ ഭരണാധികാരികള്‍ അതുമാത്രം അനുവദിച്ചില്ല. ലക്ഷക്കണക്കിന് പ്രവാസികള്‍ ഭരണാധിപന്മാരുടെ മനസ് അലിയുമെന്ന പ്രതീക്ഷയില്‍ ഇപ്പോഴും ആ വാതിലുകള്‍ മുട്ടിക്കൊണ്ടിരിക്കുന്നു. വീണ്ടുംവീണ്ടും അവര്‍ മുട്ടിക്കൊണ്ടിരിക്കുന്നു. ഈ കാഴ്ച കണ്ട് നമ്മുടെ ഭരണാധിപന്മാര്‍ ഉള്ളാലെ ചിരിക്കുന്നുണ്ടാകും.

മനുഷ്യത്വത്തിന്‍റെ കണികയെങ്കിലും മനസ്സില്‍ അവശേഷിക്കുന്നവര്‍ ഒരു നിമിഷം വൈകാതെ ഉറക്കെ ശബ്ദിക്കേണ്ടത് ഈ നിരാലംബര്‍ക്ക്  വേണ്ടിയാണ്. അവര്‍ക്ക് വേണ്ടി ഉറക്കെ ഉറക്കെ ശബ്ദിക്കുമെന്നു പ്രതീക്ഷിച്ചവര്‍ പുറംതിരിഞ്ഞു നില്ക്കുകയാണ്.  ഈ പ്രതിസന്ധിയൊന്നും അറിയാതെ  അച്ഛന്‍ എത്തുന്ന വിമാനത്തിന്‍റെ ഇരമ്പലും കാത്തു പതിനായിരക്കണക്കിനു കുഞ്ഞുങ്ങള്‍  അവരുടെ വീട്ടുമുറ്റങ്ങളില്‍ തുള്ളിച്ചാടുകയല്ലേ. അവരുടെ ദൈന്യതയെങ്കിലും  നാം ഓര്‍ക്കേണ്ടതല്ലേ. ഇനിയെങ്കിലും, മാപ്പര്‍ഹിക്കാത്ത നമ്മുടെ മഹാമൗനത്തിന്‍റെ വാല്മീകത്തില്‍ നിന്ന് എത്രയും വേഗം പുറത്തുവരേണ്ടേ.

പ്രവാസികളില്‍ നിന്ന്  പിരിവെടുത്ത കോടികള്‍  പ്രതിഫലമായി നല്‍കി നൃത്തവും സംഗീതവും കലാപ്രകടനങ്ങളും  കാഴ്ചവെക്കാന്‍  ഗള്‍ഫില്‍   തുടരെ തുടരെ വേദിയൊരുക്കിയവരുടെ   ഇന്നത്തെ  ദുരവസ്ഥക്ക്  ആ ഗുണഭോക്താക്കളില്‍ നിന്ന്   ഒരു സഹതാപവാക്ക് പോലും  ഉയരുന്നില്ലല്ലോ.

അവര്‍ക്കെല്ലാം ഭരണാധികാരികളിലുള്ള സ്വാധീനത്തിന്‍റെ ശക്തി നോക്കുമ്പോള്‍ ഇനിയും ഗള്‍ഫില്‍  അവശേഷിക്കുന്നവരില്‍ ഏതാനും ലക്ഷങ്ങളെയെങ്കിലും ഈ രാവണന്‍ കോട്ടയില്‍നിന്നു  രക്ഷിക്കാന്‍ സമ്മര്‍ദം  ചെലുത്താന്‍ സാധിക്കും. പക്ഷെ അവരെല്ലാം നീണ്ട മൗനവൃതത്തിലാണ്.അവര്‍ക്കും ആവശ്യമുള്ള  മിക്കവരെയും പല സ്വാധീനങ്ങള്‍ ഉപയോഗിച്ച് നാട്ടിലെത്തിച്ചു കഴിഞ്ഞല്ലോ.

സാഹിത്യകാരന്മാര്‍, കവികള്‍, ശില്‍പ്പികള്‍, ചിത്രകാരന്മാര്‍, ഗായകര്‍ തുടങ്ങിയവര്‍ക്കെല്ലാം ഈ   ഭൂമിയിലെ പറുദീസ പങ്കിട്ടുകൊടുത്തവരുടെ  ഇന്നത്തെ ദൈന്യത കണ്ടു  രണ്ട് വാക്കെങ്കിലും  അവര്‍ക്ക് വേണ്ടി സംസാരിക്കണമെന്ന് തോന്നുന്നില്ലേ. മണലാരണ്യങ്ങളില്‍  ആഴത്തില്‍ കുഴിച്ചു മൂടിയിരിക്കുന്ന ഈ ഹതഭാഗ്യരെക്കുറിച്ചു  സംസാരിക്കാനോ എഴുതാനോ അവരുടെ ഔദാര്യങ്ങള്‍ ഏറെ സ്വീകരിച്ച ഈ സാംസ്കാരിക  നായകരുടെ സര്‍ഗശക്തിയുടെ കൂമ്പടഞ്ഞു പോയോ.  അതോ നനവുള്ളിടം  മാത്രം നോക്കി കുഴിക്കുന്നവരാണോ ഈ ‘മനുഷ്യകഥാനുഗായികള്‍’.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ. രാഷ്ട്രീയക്കാരേക്കാള്‍  കൗശലക്കാരല്ലേ മാധ്യമ മുതലാളികള്‍.  അവരുടെ ലാഭം കുന്നുകൂട്ടാന്‍ ഈ പത്ര ഉടമകള്‍ക്ക് ഗള്‍ഫ് നാടുകളില്‍ നിര്‍ലോപം സഹായം ചെയ്തത്  ഈ പാവം പ്രവാസികളാണ്. ഗള്‍ഫ് നാടുകളില്‍  അധിവസിക്കുന്ന 25 ലക്ഷത്തോളം മലയാളികളുടെ കേരളത്തിലെ കുടുംബങ്ങള്‍  ഈ മാധ്യമങ്ങള്‍ക്കു അക്ഷയപാത്രമാണ്. മഹാമാരി കാരണം ഈ പ്രവാസികളുടെ  ജീവിതം വഴിമുട്ടിനില്‍ക്കുമ്പോള്‍ അവര്‍ക്കുവേണ്ടി ശബ്ദിക്കാന്‍  എന്തുകൊണ്ടാണ് ഈ മാധ്യമങ്ങള്‍ അറച്ചു നില്‍ക്കുന്നത്? അച്ചടിമാധ്യങ്ങളിലൂടെയും രോഗം പകരാം എന്ന കാരണത്താല്‍ പത്രങ്ങള്‍ വിവിധരാജ്യങ്ങള്‍ അടച്ചുപൂട്ടുമ്പോഴും അതിനെ  വെല്ലുവിളിച്ച്  അത് വിലകൊടുത്തു വാങ്ങുന്ന മലയാളികളോടാണ്  ഈ നന്ദികേട്, മാധ്യമ കുലപതികളെ.   ഈ പ്രതിസന്ധി കാലത്ത്  ഈ പാവങ്ങളെ ജന്മനാട്ടിലെത്തിക്കാന്‍ സ്വന്തം ജിഹ്വ വഴി എന്തെങ്കിലും  ചെയ്യണമെന്ന് മാധ്യമ മുതലാളിമാര്‍ക്കും തോന്നിയില്ല. ഗള്‍ഫിലെ കൊവിഡ് മരണത്തിന്‍റെയോ ഇപ്പോള്‍  ജന്മനാട്ടിലേക്കുള്ള മടക്കയാത്രാ തടസ്സത്തിന്‍റെയോ  പേരില്‍ ഉയര്‍ന്നുവന്ന നിരവധി വിവാദങ്ങളില്‍ ഒരെണ്ണം പോലും മാധ്യമങ്ങള്‍ ചര്‍ച്ചക്ക് എടുത്തില്ല. കരുതിക്കൂട്ടി തമസ്ക്കരിച്ചു എന്ന് തന്നെ പറയണം. അതിന് പിന്നില്‍ ഒരു രാഷ്ട്രീയമുണ്ട്. 

പത്രങ്ങളുടെ മുഖപ്രസംഗങ്ങളെ സിംഹഗര്‍ജ്ജനമായാണ്  പൊങ്ങച്ചം പറയുന്നത്. എന്തേ മഹാമാരി വന്നതോടെ സിംഹം  കൂട്ടില്‍ നിന്ന് തൂലികയും കൊണ്ട്  മുങ്ങിയോ? ഇത്ര കൗശലക്കാരനായ ഒരു സിംഹം  നമുക്ക് ഇല്ലാതിരിക്കുകയാണ് നല്ലത്. ആ കൂട്ടില്‍ ഇനി ഒരു പൂച്ചക്കുട്ടിയെ  പിടിച്ചിടുകയല്ലേ നാടിന് നല്ലത്.

ഗള്‍ഫ് എന്നാല്‍ കൊറോണ എന്നൊരു സമവാക്യം കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ മെനെഞ്ഞെടുത്തിരിക്കുന്നു. കേരളത്തിന് പുറത്തു കഴിയുന്ന മലയാളികളെ ജന്മനാട്ടിലേക്ക്  പ്രവേശിപ്പിക്കാതിരിക്കാനുള്ള  ഗൂഡതന്ത്രമാണത്. ഇവരെ പ്രവേശിപ്പിച്ചാല്‍ കേരളം മുഴുവന്‍ രോഗം വ്യാപിക്കുമത്രേ. അവരെല്ലാം രോഗബാധിതര്‍ ആണെന്ന് എങ്ങിനെ തിരിച്ചറിഞ്ഞു?ഒരു വേള അങ്ങിനെയാണെന്ന് തന്നെ ഇരിക്കട്ടെ, അവരെ ചികിത്സിക്കാനുള്ള സംവിധാനം ഉണ്ടാക്കാനും ജന്മനാട്ടിലെത്തിക്കാനുമുള്ള ഉത്തരവാദിത്വം ആര്‍ക്കാണ്? ഇത്തരം സന്ദര്‍ഭങ്ങളില്‍  മാതൃകാപരമായി  പ്രവര്‍ത്തിക്കാനായില്ലെങ്കില്‍ പിന്നെ എന്തിനാണ് കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണകൂടങ്ങള്‍. ഭരണാധികാരികള്‍ തന്നെ ലോക് ഡൗണില്‍ ആയ അവസ്ഥയിലാണ് ഇന്ത്യ. 

ഒരു ജനതയെ വഞ്ചിക്കണമെന്ന ദുഷ്ട ഉദ്ദേശങ്ങളുള്ള   ഭരണാധികാരികള്‍ ഉണ്ടാകുമ്പോഴേ ഗള്‍ഫ് മലയാളികള്‍ ഇപ്പോള്‍ നേരിടുന്ന വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉയര്‍ന്നുവരൂ. രാഷ്ട്രീയക്കാരുടെ മലക്കം മറിച്ചിലുകള്‍ നമുക്ക്  പതിവ് കാഴ്ചയാണ്.യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ വേണ്ടതിനേക്കാള്‍  ജാഗ്രതയും കരുതലും വേണ്ടത് വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ എത്രയും വേഗം  നാട്ടിലെത്തിക്കുന്നതിലാണ്. മരണവുമായി മുഖാമുഖം കണ്ട് കഴിയുന്നവരാണ് അതില്‍ ആയിരങ്ങള്‍.

കൊവിഡ് രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിമാനക്കൂലി ഇതെല്ലാം പാലിച്ചാലെ മലയാളിക്ക് ജന്മനാട്ടില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കൂ എന്നാണ് മുഖ്യമന്ത്രിയുടെ പിടിവാശി.എങ്ങിനെയും  വിമാനം മുടക്കുക എന്ന ഗൂഢോദ്ദേശമേ  ഇതിനു  പിന്നിലുള്ളൂ എന്ന്  ആരെങ്കിലും ആരോപിച്ചാല്‍  എന്ത് മറുപടിയാണ്   പറയാനുള്ളത്.  മാസ വാടകയ്ക്ക്  എടുക്കുന്ന  സ്വന്തം വിമാനത്തിന്  അമിത വാടക നല്‍കുന്നതിനെ  കണ്ണടച്ച്   ന്യായീകരിക്കുന്ന മുഖ്യമന്ത്രിയാണ്  ഗള്‍ഫ് മലയാളികള്‍ സ്വന്തം കീശയിലെ പണം  കൊടുത്ത് എടുക്കുന്ന ടിക്കറ്റിന് മുഖ്യമന്ത്രി നിരക്ക് നിശ്ചയിക്കുന്നത്. ഇതെന്ത് വിരോധാഭാസം!മുഖ്യമന്ത്രിയുടെ കുടുംബാംഗവും മറ്റു മന്ത്രിമാരുടെ  ബന്ധുക്കളും ഗള്‍ഫില്‍ നിന്നും കേരളത്തില്‍ എത്തിയത് ഈ പറഞ്ഞ നിബന്ധന ഒന്നെങ്കിലും പാലിച്ചാണോ? തിരുവായ്ക്ക് എതിര്‍വായ് ഇല്ലല്ലോ

അയച്ചാലേ കേരളത്തില്‍ ഇറങ്ങാന്‍ അനുവാദം നല്‍കൂ എന്നാണ് ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയുടെ  പിടിവാശി. എങ്ങിനെയും  വിമാനം മുടക്കുക എന്ന ഗൂഡോദ്ദേശമേ  ഇതിനു  പിന്നിലുള്ളൂ എന്ന്  ആരെങ്കിലും ആരോപിച്ചാല്‍  എന്ത് മറുപടിയാണ്   പറയാനുള്ളത്.  മുഖ്യമന്ത്രിക്ക് യാത്രചെയ്യാന്‍  മാസ വാടകയ്ക്ക്  എടുക്കുന്ന വിമാനത്തിന്  അമിത വാടക നല്‍കുന്നതിനെ  കണ്ണടച്ച്   ന്യായീകരിക്കുന്ന മുഖ്യമന്ത്രിയാണ്  ഗള്‍ഫ് മലയാളികള്‍ സ്വന്തം കീശയിലെ പണം  കൊടുത്ത് എടുക്കുന്ന ടിക്കറ്റിന് നിരക്ക് നിശ്ചയിക്കുന്നത്. ഇതെന്ത് വിരോധാഭാസം!

നോര്‍ക്കയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നോ വേണമെങ്കില്‍ ലോക കേരള സഭയെക്കൂടി ഉള്‍പ്പെടുത്തിയോ മലയാളികളുടെ ആവശ്യത്തിന് വിമാനങ്ങള്‍ തരപ്പെടുത്താന്‍  എന്തുകൊണ്ട്  സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ല.   ഇനി വരുന്നവര്‍  കൊവിഡ്   രോഗം  ഇല്ല എന്ന സര്‍ട്ടിഫിക്കറ്റ്  കയ്യിലുണ്ടെങ്കിലെ കേരളത്തിലെക്കു കടക്കാനാകൂ  എന്ന പുതിയ തീട്ടൂരം ഇറങ്ങിയത്.എന്താണ് ഇത് നല്‍കുന്ന സൂചന? പ്രവാസി മലയാളികളെ നിങ്ങള്‍ ഇങ്ങോട്ട് വരണ്ട എന്നുതന്നെയല്ലേ.

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികള്‍ 287 ആണ്.രോഗികള്‍   41499. പ്രവാസികള്‍ മടങ്ങിവന്നാല്‍ അവരെ സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ കേരളത്തില്‍ ഇതുവരെ സജ്ജീകരിച്ചിട്ടില്ല എന്ന് തുറന്നു പറഞ്ഞാല്‍ ഏതു മലയാളിക്കും അത് മനസ്സിലാകും. അതിനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍  സ്വീകരിക്കാതെ തരികിട വര്‍ത്തമാനം പറഞ്ഞാല്‍ എന്താകാര്യം.മടങ്ങിവരുന്നവരെ സംരക്ഷിക്കാന്‍ എന്തെന്ത് കണ്ണഞ്ചിപ്പിക്കുന്ന മോഹന വാഗ്ദാനങ്ങള്‍ ആണ് ഔദ്യോഗികമായി നല്‍കിയിരുന്നത്. ഇന്നത്തെ അവസ്ഥയില്‍  ആ പ്രഖ്യാപനങ്ങള്‍ ഒന്നുകൂടി കേട്ട് നോക്കിയാല്‍ ആര്‍ക്കും പുച്ഛം തോന്നും. ചുളുവില്‍ ഖ്യാതി നേടാന്‍ ഇത്തരം പൊടിക്കൈകള്‍ മതി. അതാണ് ഇവിടെയും ഭരണാധികാരികള്‍ പ്രയോഗിച്ചത്.

സത്യം ലോകത്തോട് വിളിച്ചുപറയാന്‍ എന്നെങ്കിലും  ഒരു രാമചന്ദ്രന്‍നായര്‍ ഉയര്‍ത്തെഴുന്നേറ്റു കൂടെന്നില്ല.എല്ലാ കടുംകയ്യും കാട്ടിയിട്ടും ഒന്നുമറിയാത്തപോലെ ഉറക്കം നടിക്കുന്ന  ലക്ഷ്മണമാര്‍ക്ക്   അപ്പോഴാവും പിടിവീണത് തിരിച്ചറിയുന്നത്. 

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *