വൻനഗരങ്ങളിൽ പ്രക്ഷോഭം പടരുന്നു; കൊറോണയുടെ ഇരകൾ തെരുവിലേക്ക്

ന്യൂദൽഹി: കൊറോണാ ഭീതിയെ തൃണവൽഗണിച്ചു ലോകത്തെ വൻനഗരങ്ങളിൽ  ആയിരങ്ങൾ പ്രക്ഷോഭ രംഗത്തിറങ്ങി. അമേരിക്ക മുതൽ ആസ്‌ത്രേലിയ വരെ വിവിധ ഭൂഖണ്ഡങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വമ്പിച്ച സമരങ്ങൾ  ആളിപ്പടർന്നു.

അമേരിക്കയിൽ പത്തുദിവസമായി തുടരുന്ന പ്രക്ഷോഭം ഇന്നലെയും  യാതൊരു അയവുമില്ലാതെ തുടർന്നു.  മിന്നസോട്ടയിലെ മിന്നിയപോളിസ് നഗരത്തിൽ ജോർജ്‌ ഫ്ലോയ്ഡ് എന്ന കറുത്ത വർഗക്കാരനെ പോലീസ് കഴുത്തിൽ മുട്ട് അമർത്തിപ്പിടിച്ചു കൊന്നതിൽ പ്രതിഷേധിച്ചാണ്‌ അവിടെ പ്രക്ഷോഭം കത്തിപ്പടർന്നത്. കഴിഞ്ഞ ദിവസം മിന്നിയപോളിസിൽ നടന്ന  അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിച്ച അമേരിക്കൻ മനുഷ്യാവകാശ  പ്രവർത്തകൻ അൽ ഷാർപ്റ്റൻ നടത്തിയ ഉജ്വല പ്രസംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. “നിങ്ങൾ ഞങ്ങളുടെ കഴുത്തിൽ നിന്നും കാൽമുട്ട് മാറ്റുക, ഞങ്ങളെ ശ്വസിക്കാൻ അനുവദിക്കുക “എന്നാണ് കറുത്തവരുടെ നേതാവായ ഷാർപ്റ്റൻ തന്റെ പ്രസംഗത്തിൽ അമേരിക്കൻ ഭരണകൂടത്തോട് പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളിൽ വിവിധ നഗരങ്ങളിലായി പതിനായിരക്കണക്കിനു ആളുകളാണ്  പങ്കെടുത്തതെന്നു വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വാഷിംഗ്‌ടൺ ഡിസിയിൽ വൈറ്റ് ഹൗസിനു മുന്നിൽ തടിച്ചു കൂടിയ സമരക്കാരെ നേരിടാൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് സൈന്യത്തെ വിളിച്ചത് വലിയ രാഷ്ട്രീയ വിവാദമായിരിക്കുകയാണ്. സിവിലിയൻ സമരങ്ങളെ നേരിടുന്ന പണിയല്ല സൈന്യത്തിന്റേതെന്നും സർവ്വസൈന്യാധിപൻ ഭരണഘടനയുടെ തത്വങ്ങൾ പാലിക്കണമെന്നും മുൻ ജനറൽമാർ പലരും പരസ്യപ്രസ്താവനയിറക്കി. സേനാ വിഭാഗങ്ങളുടെ ആസ്ഥാനമായ പെന്റഗണിൽ നിന്നും കടുത്ത എതിർപ്പ് ഉയർന്നതോടെ സേനകളെ പിൻവലിക്കാൻ ട്രംപ് സമ്മതിക്കുകയായിരുന്നു.

അമേരിക്കയിൽ മാത്രമല്ല സമരങ്ങൾ ശക്തമായിരിക്കുന്നത്. ബ്രിട്ടൻ, ആസ്‌ട്രേലിയ, ഹോങ്കോങ് തുടങ്ങി വിവിധപ്രദേശങ്ങളിൽ പല കാരണങ്ങളാൽ ജനങ്ങൾ സമര രംഗത്താണ്. ആസ്‌ട്രേലിയയിൽ ആദിവാസി സമൂഹങ്ങളുടെ നേരെ നടക്കുന്ന കയ്യേറ്റങ്ങൾക്കെതിരെയും ജനങ്ങൾ പ്രതിഷേധിക്കുന്നു.  ദക്ഷിണ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ മറ്റു  പ്രദേശങ്ങളിലുംജനകീയപ്രതിഷേധം കത്തുകയാണ്.

       കൊറോണവൈറസ് ഭീതിയിലും ജനങ്ങൾ സമരത്തിന്ഇറങ്ങാൻ കാരണം വൈറസ് ബാധയും അതിനോടുള്ള പ്രതികരണങ്ങളും സമൂഹത്തിലെ ആഴത്തിലുള്ള  വർഗഭിന്നതകളും അസമത്വവും തുറന്നുകാട്ടിയതാണെന്നു ജർമൻ പ്രസിദ്ധീകരണമായ ദേർ സ്പീഗൽ കഴിഞ്ഞദിവസം എഴുതിയ സമഗ്രമായ ഒരു പഠനത്തിൽ പറയുന്നു. ഏറ്റവും കൂടുതൽ അസമത്വം നിലനിൽക്കുന്ന രാജ്യങ്ങളിലാണ്  വൈറസ് അതിന്റെ തേർവാഴ്ച നടത്തിയിരിക്കുന്നത്.  ഏറ്റവും കൂടുതൽ മരണം സംഭവിച്ചതും ഏറ്റവും കടുത്ത  നഷ്ടങ്ങൾ നേരിട്ടതും സമൂഹത്തിലെ ഏറ്റവും പാവപ്പെട്ട ജനങ്ങളാണ്. ലോകത്തു അസമത്വത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യങ്ങളായ ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും രോഗതിന്റെ തോത് കൂടുതലാണ്. ഇന്ത്യയിൽ ഏറ്റവും പാവപ്പെട്ട ജനങ്ങളാണ്  ദുരിതം  മുഴുവൻ ഏറ്റുവാങ്ങിയത്.  യൂറോപ്പിൽ അസമത്വം ഏറ്റവുംകൂടുതലുള്ള രാജ്യങ്ങളായ യുകെ, സ്പെയിൻ ,ഇറ്റലി എന്നിവിടങ്ങളിലാണ് രോഗബാധയും മരണ നിരക്കും ഏറ്റവും കൂടുതൽ. ഇതെല്ലം ചൂണ്ടിക്കാണിക്കുന്നത്  സാമൂഹിക   അസമത്വവും രോഗാതുരതയും തമ്മിലുള്ള  ബന്ധമാണെന്ന്  ദേർ സ്പീഗൽ പഠനത്തിൽ  പറയുന്നു. അതാണ് ജനങ്ങളെ തെരുവിലേക്കു വലിച്ചിഴക്കുന്നത്. വരും ദിവസങ്ങളിൽ ജനകീയ പക്ഷോഭങ്ങൾ  കൂടുതൽ സംഘടിതവും ശക്തവുമായി മാറുമെന്നും പത്രം പ്രവചിക്കുന്നു.

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply