കൊറോണ വൈറസ്: 200കോടി യൂണിറ്റ് വാക്സിൻ നിർമാണം തുടങ്ങി

ലണ്ടൻ: ബ്രിട്ടീഷ് ഔഷധനിർമാണ കമ്പനി അസ്ത്ര സെനെക കൊറോണവൈറസ്‌   ചികിത്സക്കുള്ള വാക്‌സിൻ നിർമാണം തുടങ്ങി. ഓക്സ്ഫോഡ് സർവകലാശാല  വികസിപ്പിച്ചെടുത്ത വാക്‌സിനാണ് കമ്പനിയുടെ ഫാക്ടറികളിൽ നിർമിക്കാൻ ആരംഭിച്ചതെന്നു ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ പാസ്‌ക്കൽ സോറിയോട്ട് ഇന്നലെ ബിബിസിയുടെ ടുനൈറ്റ് പരിപാടിയിൽ വെളിപ്പെടുത്തി

മരുന്ന് ഇപ്പോഴും പരീക്ഷണദശയിലാണ്. ആഗസ്റ്റ്മാസത്തിൽ പരീക്ഷണങ്ങൾ അവസാനിക്കുകയും മരുന്നിന്റെ ഫലപ്രാപ്തി സംബന്ധിച്ച പൂർണവിവരങ്ങൾ ലഭ്യമാകുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ അന്തിമഫലത്തിനു കാത്തിരിക്കാതെ ഔഷധനിർമാണം ആരംഭിക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു എന്ന്  അദ്ദേഹം വെളിപ്പെടുത്തി. തുടക്കത്തിൽ 200 കോടി യൂണിറ്റുകളാണ് ലഭ്യ മാകുക.

മരുന്നിന്റെ അടിയന്തിരമായ ആവശ്യം കണക്കിലെടുത്താണ്  നിർമാണം   ഇപ്പോൾ തന്നെ തുടങ്ങാൻ തീരുമാനിച്ചതെന്നും ഏതെങ്കിലും കാരണത്താൽ വാക്‌സിൻ ഉപയോഗയോഗ്യമല്ലെന്നുവന്നാൽ അതുണ്ടാക്കുന്ന നഷ്ടം കണക്കിലെടുത്തു തന്നെയാണ് ഇതിനു മുതിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

 ലോകത്തു  നിലനിൽക്കുന്ന  മഹാമാരിയുടെ അവസരത്തിൽ വാക്‌സിൻ വിൽപ്പനയിൽനിന്ന് ലാഭമെടുക്കാൻ കമ്പനി  താല്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും വേഗത്തിൽ എല്ലാരാജ്യങ്ങളിലെയും ജനങ്ങൾക്ക് അത് ലഭ്യമാക്കുക യാണ്  ലക്‌ഷ്യം. അതിനായി ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്ന പ്രമുഖ ഔഷധനിർമാണ സ്ഥാപനവുമായി കമ്പനി കരാറിൽ എത്തിയിട്ടുണ്ട്. വികസ്വര രാജ്യങ്ങളിലെ ആവശ്യങ്ങൾക്ക് മരുന്ന് എത്തിക്കാനാണിത്. ബില്‍ &  മെലിൻഡാ ഗേറ്റ്സ് ഫൗണ്ടേഷനുമായും മരുന്ന് നിർമാണത്തിൽ കരാറുണ്ട്. ഈ രണ്ടു  മാർഗങ്ങളിലൂടെ  ദരിദ്ര, വികസ്വര രാജ്യങ്ങൾക്കു ആവശ്യമായ മരുന്ന് എത്തിക്കാൻ കഴിയും.

ഇന്ത്യയിൽ നിർമിക്കുന്ന മരുന്നു  ഈ വര്‍ഷം തന്നെ പിന്നാക്ക രാജ്യങ്ങളിലെ 40 കോടി ജനങ്ങൾക്ക് ലഭ്യമാകും. അമേരിക്കയ്ക്ക് 30 കോടി യൂണിറ്റ് മരുന്നും ബ്രിട്ടന് 10 കോടി യൂണിറ്റ് മരുന്നും ഈ വർഷം നൽകാമെന്ന് കമ്പനി ഏറ്റിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും വാക്‌സിൻ പൂർണമായും ഫലപ്രാപ്തിയിൽ എത്തുമോ എന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ലെന്നു മരുന്നു വികസിപ്പിക്കുന്നതിലും വിതരണത്തിലും പങ്കാളികളായ ഗവി എന്ന ആഗോള സംഘടനയുടെ ഉന്നത നേതാക്കൾ മുന്നറിയിപ്പ് നൽകി. 

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply