ആപ്പ് ബഹിഷ്കരണം: അമേരിക്കൻ ഇടപെടലെന്നു ചൈനീസ് അധികൃതർ

ന്യൂഡൽഹി: പബ്‌ജി ഗെയിം അടക്കം പ്രമുഖമായ 118 ചൈനീസ് ആപ്പുകൾ

ഇന്ത്യൻ സർക്കാർ നിരോധിച്ച നടപടിക്കെതിരെ ചൈന. ഇന്ത്യയുടെ തീരുമാനം ദേശീയ  സുരക്ഷയെന്ന സങ്കല്പത്തെ വലിച്ചുനീട്ടി വ്യാപാര സമ്മർദ്ദത്തിന്റെ സ്വഭാവമുള്ളതും അതിനാൽലോക വ്യാപാര സംഘടനയുടെ നിയമങ്ങളെ ലംഘിക്കുന്നതുമാണെന്നു ചൈനീസ് വ്യാപാര മന്ത്രാലയം ഇന്നലെ ബീജിങ്ങിൽ  പ്രതികരിച്ചു.

അതേസമയം ഇന്ത്യയുടെ തീരുമാനങ്ങളിൽ അമേരിക്കൻ ഇടപെടലുണ്ടെന്നു ചൈനീസ് വിദേശകാര്യ വക്താവ് ബീജിങ്ങിൽ പറഞ്ഞു. ചൈനക്കെതിരെ  അമേരിക്കയുടെ   വ്യാപാരയുദ്ധ നീക്കങ്ങളുടെ ഭാഗമായി ഇന്ത്യ മാറരുതെന്നും രാജ്യത്തിൻറെ താല്പര്യങ്ങളും ദേശീയ സ്വാതന്ത്ര്യവും പരിരക്ഷിക്കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യം ബന്ധപ്പെട്ട രാജ്യങ്ങളിലെ ജനങ്ങളുടെ സാമ്പത്തിക വളർച്ചക്കും വികസനത്തിനും അനുഗുണമാണ്. അതിൽ നിന്ന് ഇന്ത്യ  പിന്നാക്കം പോകുന്നതു ദീർഘകാലടിസ്ഥാനത്തിൽ വലിയ ദോഷം ചെയ്യും. താല്കാലികമായ പ്രശ്നങ്ങളുടെ പേരിൽ ഇന്ത്യ അതിന്റെ നയങ്ങളിൽ മാറ്റം  വരുത്തുന്നത്‌ ദോഷമാവുമെന്നും ചൈനീസ് വക്താവ്  പറഞ്ഞു.

 ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിൽ മെയ് മാസം മുതൽ സംഘർഷം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ലഡാക്ക് പ്രദേശത്തു അതു ഗുരുതരമായി വീണ്ടും  പൊട്ടിപ്പുറപ്പെട്ടു. അതേത്തുടർന്നാണ് വീണ്ടും ചൈനീസ് ആപ്പുകൾ നിരോധിക്കാൻ ഇന്ത്യ തയ്യാറായത്. ടിക്‌ടോക് അടക്കം  പ്രധാനപ്പെട്ട 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നേരത്തെ നിരോധിച്ചിരുന്നു. ദേശീയ സുരക്ഷക്ക് അവ വിഘാതമുണ്ടാക്കുന്നു  എന്നാണ് ഇന്ത്യ തീരുമാനത്തിനു കാരണമായി പറഞ്ഞത്.

എന്നാൽ  ഒരു വർഷത്തിലേറെയായി നടക്കുന്ന അമേരിക്കാ-ചൈനാ വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചൈന വിഷയത്തെ കാണുന്നത്. ചൈനയുമായുള്ള വാണിജ്യ ബന്ധങ്ങൾ  അവസാനിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യണമെന്ന് അമേരിക്ക വിവിധ രാജ്യങ്ങളിൽ സമമർദ്ദം ചെലുത്തുന്നുണ്ട്.  ചൈനീസ് ആപ്പുകൾക്കെതിരെയുള്ള ഇന്ത്യൻ നീക്കം അതിന്റെ ഭാഗമാണെന്നും അതിനാൽ ലോകവ്യാപാരസംഘടനയിൽ അതു സംബന്ധിച്ച പരാതികൾ ഉയർത്താൻ ചൈന തയ്യാറാവുമെന്നുമാണ് ചൈനയുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. 

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply