മാമല്ലപുരത്തുനിന്നു ലഡാക്കിലേക്ക്: മോദി താണ്ടിയത് ദീർഘദൂരം

നരേന്ദ്രമോദി അധികാരത്തിൽ വന്ന ശേഷം ‘കിഴക്കുനോക്കി’ നയതന്ത്രത്തിനാണ് അദ്ദേഹം പ്രാധാന്യം നൽകിയത്. അതിനായി  അദ്ദേഹം വുഹാനിലെത്തി. പിന്നീട് മാമല്ലപുരത്തു ‘ചായ് പെ ചർച്ച’യുണ്ടായി. ഇന്ത്യയും ചൈനയും ഭായി ഭായി ബന്ധത്തിലായി. ലോകരംഗത്തു ഇത് ഏഷ്യയുടെയും ചൈനയുടെയും   നൂറ്റാണ്ടാണെന്ന വിലയിരുത്തൽ മോദിയുടെത് മാത്രമായിരുന്നില്ല. സംസ്കാരങ്ങളുടെ സംഘർഷത്തെക്കുറിച്ചു ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം മുന്നറിയിപ്പു നൽകിയ അമേരിക്കൻ വലതുപക്ഷ ചിന്തകൻ സാമുവൽ ഹണ്ടിങ്ങ്ടൺ പോലും കിഴക്കിന്റെ രണ്ടാംവരവ് പാശ്ചാത്യ ലോക നേതൃത്വത്തിന് വെല്ലുവിളിയാകുമെന്നു ചൂണ്ടിക്കാട്ടിയിരുന്നു.

 കിഴക്കിന്റെ രണ്ടാംവരവിന്റെ നൂറ്റാണ്ടു എന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിനെ വിശേഷിപ്പിക്കുന്നത് ആലങ്കാരികമായ രീതിയിലല്ല.  പ്രമുഖ ബ്രിട്ടീഷ് സാമ്പത്തിക ചരിത്രകാരൻ ആൻഗസ് മാഡിസൺ കഴിഞ്ഞ അഞ്ഞൂറു കൊല്ലത്തെ  ലോക സാമ്പത്തിക നില പഠിച്ചതിൽ കണ്ടത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യം വരെ ആഗോള ഉല്പാദനത്തിൽ മുന്നിട്ടുനിന്നതു ഏഷ്യയും അതിൽ മികച്ച മുന്നേറ്റം നടത്തിയത് ചൈനയുമാണെന്നാണ്.  1870കൾക്കു ശേഷം അമേരിക്ക നടത്തിയ മുന്നേറ്റം ഒന്നര നൂറ്റാണ്ടു പിന്നിട്ട് ഇപ്പോൾ പ്രതിസന്ധികളിലേക്കു നീങ്ങുകയാണ്. ട്രംപിന്റെ വരവും അദ്ദേഹം ആരംഭിച്ച വിനാശകരമായ വാണിജ്യയുദ്ധങ്ങളും പാശ്ചാത്യ മുതലാളിത്ത ലോകത്തിന്റെ ശക്തിയെയല്ല, മറിച്ചു അതു നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയെയാണ് ചൂണ്ടിക്കാണിക്കുന്നതെന്നു പല നിരീക്ഷകരും വിശ്വസിക്കുന്നു.

ആഗോളവൽക്കരണ നയങ്ങളുടെ ആത്യന്തികമായ പ്രത്യാഘാതങ്ങൾ സംബന്ധിച്ച യൂറോപ്പിലും അമേരിക്കയിലും അക്കാദമിക തലങ്ങളിൽ പോലും ഉയരുന്ന സമകാല വിമർശനങ്ങളിലും പാശ്ചാത്യ മുതലാളിത്തം നേരിടുന്ന സ്വത്വ പ്രതിസന്ധി പ്രധാന വിഷയമാണ്. ആഗോളവൽക്കരണം എല്ലാ തോണികളെയും ഒരേപോലെ ഉയർത്തുന്ന വെള്ളപ്പൊക്കം പോലെയാണെന്ന സാമ്പത്തിക ചിന്തകൻ കുസ്‌നെറ്റ്സിന്റെ സിദ്ധാന്തം പ്രസിദ്ധമാണ്.പക്ഷേ അനുഭവത്തിൽ അങ്ങനെയല്ല ഉണ്ടായത്. വൻശക്തികളുടെ  കൂറ്റൻ കപ്പലുകൾ  ലോകസാമ്പത്തിക സമുദ്രത്തിൽ അലമാലകളുയർത്തിയപ്പോൾ ദരിദ്ര -വികസ്വര രാജ്യങ്ങളുടെ ചെറുതോണികൾ അതിൽപ്പെട്ടു മുങ്ങിപ്പോയി. കടലിൽ വീണുപോയ കൂട്ടരെ രക്ഷിക്കാൻ വന്നത് അന്താരാഷ്ട്ര നാണയനിധിയാണ്. പക്ഷേ  ലൈഫ് ബോട്ടുകൾ ഇറക്കിക്കൊടുക്കും മുമ്പ് തങ്ങൾക്കു കിട്ടേണ്ട പലിശയുടെ കാര്യമാണ് അവർ ആദ്യം പറഞ്ഞത്. ഷൈലോക്കു പോലും തോറ്റുപോകുന്ന കൊള്ളപ്പലിശയും മുണ്ടുമുറുക്കൽ സാമ്പത്തികശാസ്ത്രവുമാണ് അവർ നടപ്പിലാക്കിയത്.

2008ലെ ആഗോള പ്രതിസന്ധിയുടെ കാലം മുതൽ പല ഏഷ്യൻ രാജ്യങ്ങളും ലോകബാങ്ക്-ഐഎംഎഫ് വികസന നയങ്ങളുടെ ദുരിതങ്ങൾ അനുഭവിച്ചിട്ടുണ്ട്. അതിനാൽ കഴിഞ്ഞ ഒരു ദശകത്തിൽ ചൈനയുടെ വളർച്ചയും മുന്നേറ്റവും പല രാജ്യങ്ങളും പ്രതീക്ഷയോടെയാണ് കണ്ടത്. ഷി ജിൻ പിങ് നേതൃത്വം ഏറ്റെടുത്ത ശേഷം ലോകരംഗത്തു സ്വന്തം ശക്തിയും സ്വാധീനവും പ്രകടിപ്പിക്കാൻ ചൈന മടിച്ചിട്ടുമില്ല. ഡെങ് സിയാവോ പിങ്ങിന്റെ കരുതലോടെയുള്ള ഇടപെടൽ നയത്തിൽ നിന്ന് ജിൻപിങ്ങിന്റെ കാലത്തേക്കുള്ള മാറ്റത്തിലെ പ്രധാന ഘടകവും ഇതുതന്നെയാണ്. ഈ കാലത്താണ് ചൈനയുടെ ആഗോള വികസന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് മുന്നേറ്റവും  ഷാങ്ഹായ് സഹകരണ സംഘടനയും ഐഎംഎഫിനു ബദലായി പുതിയ ആഗോള വായ്പാ സംവിധാനവും ഉയർന്നുവന്നത്. ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിൽ പോലും ചൈന ഒരു ബദൽ സാമ്പത്തിക ശക്തിയായി രംഗപ്രവേശം ചെയ്തു. ഇന്ത്യയും ചൈനയും തമ്മിൽ ഏഷ്യൻ രാജ്യങ്ങളിൽ സ്വാധീനം വികസിപ്പിക്കുന്നതിൽ ഒരു മത്സരം തന്നെ നടക്കുന്നുണ്ടായിരുന്നു. അതൊരു സൗഹൃദ മത്സരമായാണ് കരുതപ്പെട്ടിരുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധങ്ങൾ ഇക്കാലത്തു നിരവധി മടങ്ങു വർധിച്ചു. ഇന്ത്യൻ കമ്പനികളിൽ  ചൈനീസ് നിക്ഷേപം വിപുലമായി. ഇന്ത്യൻ കമ്പനികൾ യന്ത്രങ്ങൾക്കും അടിസ്ഥാന ഉല്പാദന ഘടകങ്ങൾക്കുമായി ചൈനയെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങി. ഇന്ന്    ദശലക്ഷക്കണക്കിനു തൊഴിലാളികളാണ് ചൈനയുമായി ബന്ധപ്പെട്ട തൊഴിൽ മേഖലകളിൽ ഇവിടെ പ്രവർത്തിക്കുന്നത്. 

എന്നാൽ ചുരുങ്ങിയ സമയം കൊണ്ടാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ജൂൺ 15നു ഗൾവാൻ താഴ്‌വരയിൽ ഉണ്ടായ ഏറ്റുമുട്ടൽ പ്രാദേശിക കമാണ്ടർ തലത്തിൽ നടക്കുന്ന ചർച്ചകളിലൂടെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷ കഴിഞ്ഞ ദിവസം വരെ നിലനിൽക്കുന്നുണ്ടായിരുന്നു. ചർച്ചയിൽ പുരോഗതിയുണ്ടെന്നു ഇരു രാജ്യങ്ങളും   അവകാശപ്പെടുകയും ചെയ്തിരുന്നു.  അതിനാൽ ലഡാക്കിൽ ചൈനാ അതിർത്തിയിൽ കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെ പ്രധാനമന്ത്രി എത്തിയതും അദ്ദേഹം നടത്തിയ പ്രസംഗവും ഒരു നയവ്യതിയാനത്തെയാണ് സൂചിപിപ്പിക്കുന്നത്. ചൈനയുമായി ഏറ്റുമുട്ടൽ നയത്തിലേക്കു നീങ്ങാൻ ഇന്ത്യക്കു മടിയില്ല എന്നാണ് പ്രധാനമന്ത്രി വളച്ചുകെട്ടില്ലാതെ വ്യക്തമാക്കിയത്. പാക്കിസ്താനുമായി ഇടപെടുമ്പോൾ  ഉപയോഗിക്കുന്ന അതേതരം ഭാഷയാണ് ചൈനയുടെ കാര്യത്തിലും മോദി ഉപയോഗിച്ചത്.

എന്തുകൊണ്ട് ഇങ്ങനെയൊരു  നയംമാറ്റം എന്നു പരിശോധിക്കേണ്ടതാണ്. എല്ലാ അതിർത്തികളിലും അയൽരാജ്യങ്ങളുമായി സംഘർഷത്തിൽ ഏർപ്പെട്ടുകൊണ്ടു ഒരു രാജ്യത്തിനും മുന്നോട്ടു പോകാനാവില്ല. അതിനാൽ മോദിയുടെ പ്രസംഗം നൽകുന്ന സൂചന ഇന്ത്യയുടെ പരമ്പരാഗത നയങ്ങളിലുള്ള മാറ്റമാണ്. ഇന്ത്യ ഇനി കിഴക്കോട്ടല്ല, പടിഞ്ഞാറോട്ടാണ് നോക്കുക എന്ന സൂചനയാണിത് നൽകുന്നത്. ഇന്ത്യ പാശ്ചാത്യ വൻശക്തി രാജ്യങ്ങളുടെ കണക്കെടുപ്പിൽ ചൈനക്കെതിരെ ഏഷ്യയിലെ മുഖ്യപ്രതിരോധം എന്ന നിലയിൽ പരിഗണിക്കപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായി. പക്ഷേ  പൊതുവിൽ അത്തരം ആഗോള വൻശക്തി മത്സരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി നിന്നതാണ് ഇന്ത്യയുടെ പാരമ്പര്യം. 1962ലെ  യുദ്ധത്തിനുശേഷം പോലും ഇന്ത്യ സോവിയറ്റ് യൂണിയനെയാണ്,  അമേരിക്കയെയല്ല തങ്ങളുടെ ഏറ്റവുമടുത്ത സുഹൃത്തായി കണ്ടത്.  ബംഗ്ലാദേശ് യുദ്ധകാലത്തു ഇന്ത്യയെ ഭീഷണിപ്പെടുത്താൻ അമേരിക്ക ഏഴാം കപ്പൽപ്പടയെ അയച്ചപ്പോൾ സോവിയറ്റ് യൂണിയനാണ് അവരുടെ നാവികപ്പടയെ ഇന്ത്യൻ സമുദ്രത്തിലേക്കു അയച്ചത്. ഇപ്പോൾ  സോവിയറ്റ് യൂണിയൻ ചരിത്രത്തിലേക്കു ഒതുങ്ങിപ്പോയി. അമേരിക്ക  ഇന്ത്യയുടെ മുഖ്യ രക്ഷകനായി മാറുന്ന സ്ഥിതിവിശേഷമാണ്. ആപൽക്കരമായ  ഈ നയംമാറ്റത്തിന് ജനകീയ പിന്തുണ നേടിയെടുക്കാനാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ അരികിലേക്കു തള്ളിമാറ്റി മോദി തന്നെ ലഡാക്കിലെത്തിയത് എന്നു സംശയിക്കണം. വരും ദിനങ്ങളിൽ  ഇന്ത്യയും ഇസ്രയേലും അമേരിക്കയുടെ ഇടത്തും വലത്തും ഇരിക്കുന്ന കാഴ്ച കാണേണ്ടിവരും എന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. സംഘപരിവാരംഎല്ലാകാലത്തും ആഗ്രഹിച്ചതും ഇത്തരമൊരു നയംമാറ്റമാണ്. എഴുപതിറ്റാണ്ടിനുശേഷം നെഹ്രുവിന്റെ ഇന്ത്യയെ യാങ്കികളുടെ ഇന്ത്യയാക്കി മാറ്റുന്ന പ്രക്രിയയാണ് ഇപ്പോൾ അരങ്ങേറുന്നത്. ഇന്ത്യയുടെ  വിദേശനയം ഇപ്പോൾ തീരുമാനിക്കുന്നതു സൗത്ത് ബ്ലോക്കിലല്ല,    നാഗ്പൂരിലാണ് എന്നും തിരിച്ചറിയുക

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *