സ്കൂൾ പഠനം ഓൺലൈനായി; ഉച്ചഭക്ഷണം ‘വെർച്വലായി’

കോഴിക്കോട്: ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ്  വരെയുള്ള സ്കൂൾ പഠനം ഓൺലൈനിലേക്കു മാറിയതോടെ എൽപി,യുപി  ക്‌ളാസ്സുകളിലെ കുട്ടികൾക്ക് ലഭിച്ചുവന്ന ഉച്ചഭക്ഷണ വിതരണവും അസാധ്യമായി.

കേരളത്തിൽ എല്ലാ വിദ്യാലയങ്ങളിലും പോഷകമൂല്യമുള്ള ഉച്ചഭക്ഷണം കുട്ടികൾക്ക് ലഭിക്കുന്നത് ഏറ്റവും പാവപ്പെട്ട വീടുകളിൽ നിന്നുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമായിരുന്നു. സംസ്ഥാനത്തെ മൊത്തം 12,500 ഓളം സ്കൂളുകളിലെ 27 ലക്ഷത്തോളം വിദ്യാർഥികൾ പദ്ധതിയുടെ ഗുണഭോക്താക്കളായിരുന്നു. സ്കൂളിൽ ക്ലാസ്സുകളുള്ള സമയങ്ങളിൽ അവർക്കു അവിടെത്തന്നെ ഭക്ഷണം പാകം ചെയ്തു നൽകാനുള്ള സംവിധാനമാണ് ഏർപ്പെടുത്തിയിരുന്നത്. ഓരോ കുട്ടിക്കും നിശ്ചിത അളവിൽ ഭക്ഷ്യവിഭവങ്ങളും പച്ചക്കറിയും മറ്റു ഭക്ഷ്യഇനങ്ങളും എണ്ണയും മാത്രമല്ല, പാകം ചെയ്യാനുള്ള ചെലവിലേക്കായി പ്രത്യേക ഫണ്ടും ലഭ്യമായിരുന്നു. സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുന്നതിലും കൊഴിഞ്ഞുപോകാതെ അവരെ അവിടെ പിടിച്ചു നിർത്തുന്നതിലും പദ്ധതി സുപ്രധാന പങ്കു വഹിച്ചിരുന്നു.

പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്തു സ്കൂൾ അടച്ചിടുന്നു കാലത്തും കുട്ടികൾക്ക് തുല്യ അളവിൽ വിഭവങ്ങൾ നല്കാൻ ഭക്ഷ്യ സുരക്ഷാ നിയമം ആവശ്യപ്പെടുന്നു. കേരളത്തിൽ നിലനിൽക്കുന്ന കോവിഡ് വ്യാപനത്തിന്റെ അന്തരീക്ഷത്തിൽ അതിനുള്ള നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. സ്കൂൾ തുറക്കുന്നത് ജൂലൈ വരെയെങ്കിലും മാറ്റിവെച്ച സാഹചര്യത്തിൽ ലക്ഷക്കണക്കിന് സ്കൂൾ കുട്ടികളുടെ ഭക്ഷ്യ സുരക്ഷയും അവതാളത്തിലാകുമെന്നു രക്ഷിതാക്കളും അധ്യാപകരും ഭയപ്പെടുന്നു. ജൂൺ ഒന്ന് മുതൽ ആരംഭിച്ച ഓൺലൈൻ പാഠപദ്ധതി സംബന്ധിച്ചും പരാതികൾ കൂടിവരികയാണ്. മലബാറിൽ പല പ്രദേശങ്ങളിലും മൊബൈൽ നെറ്റ്‌വർക്ക്  വേണ്ടവിധം പ്രവർത്തിക്കുന്നില്ല. ഗ്രാമപ്രദേശങ്ങളിൽ  ഇത് ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പല രക്ഷിതാക്കളും ഒന്നിലേറെ മൊബൈൽ കമ്പനികളുടെ സേവനം ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നു. മലപ്പുറം കോട്ടക്കൽ പ്രദേശത്തു സിഗ്നൽ കിട്ടാനായി രണ്ടുനില വീടിന്റെ മുകളിൽ ഇരുന്നു  പഠിക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം ദി ഹിന്ദു പത്രം ബുധനാഴ്‌ച പ്രസിദ്ധീകരിച്ചത്  മലബാറിലെങ്ങും കുട്ടികൾ നേരിടുന്ന പ്രതിസന്ധിയുടെ നേർചിത്രമാണ് പ്രതിഫലിപ്പിക്കുന്നത്

(ചിത്രം കടപ്പാട് ദ ഹിന്ദു)

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply