അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍(55 ) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് തലസ്ഥാനത്ത് സ്വകാര്യ ആശുപത്രിയില്‍ രാത്രി എട്ടുമണിയോടെയായിരുന്നു അന്ത്യം.രാവിലെ തലചുറ്റലുണ്ടായി. കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. കിംസ് ആശുപത്രിയിലെത്തി അരമണിക്കൂറിനുള്ളിൽ മരിച്ചു. ശവസംസ്കാരം ഇന്ന് കായംകുളത്ത് നടക്കും. ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ പനച്ചൂരാനെ പ്രശസ്തിയിലേക്കുയർത്തി 1965 നവംബര്‍ 20-ന് കായങ്കുളത്തിനടുത്ത് ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ ജനിച്ചു. അച്ഛന്‍: ഉദയഭാനു; അമ്മ: ദ്രൗപദി. ബാല്യകാലം മുംബൈയിലായിരുന്നു. ടി.കെ.എം.എം. കോളജ്, നങ്ങ്യാര്‍ കുളങ്ങര, തിരുവനന്തപുരം ലോ അക്കാദമി, വാറംഗല്‍ കാകതീയ സര്‍വ്വകലാശാല എന്നിവിടങ്ങളിലായിരുന്നു  പഠനം. എം.എ. (പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍), എല്‍.എല്‍.ബി. ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. കുറെക്കാലത്തെ അലച്ചിലിനും സന്ന്യാസജീവിതത്തിനും ശേഷം അഭിഭാഷകവൃത്തി, ചലച്ചിത്ര സംഗീതരചന എന്നീ മേഖലകളില്‍ വ്യാപൃതനായിരിക്കുന്നു. ചലച്ചിത്രഗാനരചനയ്ക്ക് ധാരാളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അക്ഷേത്രിയുടെ ആത്മഗീതം, വലയില്‍ വീണ കിളികള്‍ എന്നിവയാണ് പുറത്തിറക്കിയ മറ്റു കവിതാസമാഹാരങ്ങള്‍.

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *