അമേരിക്കയിൽ വോട്ടെടുപ്പ് തുടങ്ങി; പത്തുകോടി വോട്ടർമാർ വോട്ടുചെയ്തു

ന്യൂയോർക്ക്: അമേരിക്കയിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന വോട്ടെടുപ്പിൽ മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ശക്തമായ ജനമുന്നേറ്റം കാണുന്നതായി  ന്യൂയോർക്ക് ടൈംസും വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തു.  ബൂത്തുകളിൽ വളരെ നേരത്തെ തന്നെ വോട്ടർമാർ എത്തുന്നുണ്ട്. പലേടത്തും ഇന്നലെ രാത്രിതന്നെ  പോളിങ് ആരംഭിച്ചതായും വാർത്തയുണ്ട്.  രാജ്യത്തു പ്രസിഡണ്ട് തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഔദ്യോഗികമായി നവംബർ 3നു  ആണെങ്കിലും വിവിധ സംസ്ഥാനങ്ങളിൽ നേരത്തെതന്നെ പൗരന്മാർക്കു  വോട്ടവകാശം വിനിയോഗിക്കാനുള്ള അവസരം അധികൃതർ ഒരുക്കിയിരുന്നു. അങ്ങനെ നേരിട്ടും  തപാൽ വഴിയുമായി ഇതിനകം 9.7 കോടി വോട്ടർമാർ വോട്ടു രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥർ വ്യക്തമാക്കി. മിക്ക  സംസ്ഥാനങ്ങളിലും ചൊവ്വാഴ്ച രാത്രിയോടെ ഫലങ്ങൾ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും വിദൂരസ്ഥമായ പല പ്രദേശങ്ങളിലെയും വോട്ടുകൾ പൂർണമായും എണ്ണിത്തീർക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.

ഇത്തവണ അമേരിക്കൻ പ്രസിഡണ്ടിനു  പുറമെ സെനറ്റിലെ 35 അംഗങ്ങളുടെയും ജനപ്രതിനിധിസഭയിലെ 435 അംഗങ്ങളുടെയും തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും നടക്കുന്നുണ്ട്. അതിനു പുറമെ വിവിധ  സംസ്ഥാനങ്ങളിലെ ഗവർണർമാർ അടക്കം പ്രധാന പദവികളിലേക്കുള്ള തിരഞ്ഞെടുപ്പും ഇക്കൂട്ടത്തിൽ നടക്കുന്നുണ്ട്.

പ്രസിഡണ്ട്  തിരഞ്ഞെടുപ്പിൽ മുഖ്യ എതിരാളികളായ നിലവിലെ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ജോ ബൈഡനും ഇന്നലെ രാത്രിയും വിവിധ സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തി. പൊതുവിൽ അഭിപ്രായസർവേകളിൽ ബൈഡൻ 12  പോയന്റ് വരെ മുന്നിട്ടു നിൽക്കുന്നതായാണ് കാണുന്നത്. അതേസമയം, പ്രധാന  സംസ്ഥാനങ്ങളിൽ ട്രംപിന് വിജയസാധ്യത നിലനിൽക്കു ന്നതായും വാർത്തയുണ്ട്. 

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *