ജനശക്തി പതിനഞ്ചാം വയസ്സിലേക്ക്

എന്‍ സുഗതന്‍ , ജി ശക്തിധരന്‍.

ജനശക്തിയുടെ പ്രഥമ ലക്കത്തിലെ മുഖപ്രസംഗവും ജനശക്തിയുടെ പൂര്‍വകാലം വിശദീകരിക്കുന്ന കുറിപ്പും

വാക്കുകളെയും ആശയാദര്‍ശങ്ങളെയും വഞ്ചിക്കുകയില്ല എന്ന പ്രതിജ്ഞയോടെ പുരോഗമന ജനകീയാഭിലാഷങ്ങളുടെയും അവസാനം വരെ പൊരുതുന്ന അപ്രതിരോധ്യമായ ഇച്ഛാശക്തിയുടെയും വാങ്മയ സമരായുധമായി പുതിയ ജനശക്തി പ്രസിദ്ധീകൃതമായിട്ട് ഒന്നര ദശാബ്ദത്തിലേക്ക് കടക്കുകയാണ്. ആദ്യലക്കം പുറത്തിറങ്ങിയത് 2006 സെപ്റ്റംബര്‍ 2 നാണ്.ജനശക്തി ഒരു പേര് മാത്രമല്ല,അവസാനം വരെ പൊരുതുന്ന ഇച്ഛാശക്തിയുടെ പര്യായമാണ് എന്ന വസ്തുത ആദ്യലക്കത്തിലെ മുഖപ്രസംഗത്തില്‍ ഞങ്ങള്‍ അടിവരയിട്ടിരുന്നു. പ്രതിസന്ധികളും പ്രതിലോമാധികാര ശക്തികളുടെ അപവാദാക്രമണങ്ങളും നിരവധി നേരിടേണ്ടിവന്ന അതിജീവനത്തിന്റെ ഈ വര്‍ഷങ്ങളിലുടനീളം പ്രഖ്യാപിത ലക്ഷ്യങ്ങളിലും പ്രതിജ്ഞകളിലും ഉറച്ചുനില്‍ക്കാന്‍ സാധിച്ചു എന്ന ബോധ്യവും സമ്മതിയുമാണ് ജനശക്തിയുടെ സമ്പാദ്യം. ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ആശയങ്ങളെയും ഭരണ നടപടികളെയും അത് ആരില്‍ നിന്നും ഏതുപക്ഷത്തുനിന്നുമുണ്ടായതായാലും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുക എന്ന ജനപക്ഷ മാധ്യമദൗത്യം നിറവേറ്റുന്നതില്‍ പ്രബുദ്ധമായ ഒരു വായനാ സമൂഹത്തിന്റെയും ചിന്താമണ്ഡലത്തിന്റെയും അകമഴിഞ്ഞ പിന്‍തുണ ലഭിച്ചു എന്ന ചാരിതാര്‍ത്ഥ്യവും ഞങ്ങള്‍ക്കുണ്ട്. ജനശക്തി പ്രതിനിധാനം ചെയ്യുന്ന ആശയസഖ്യവും പ്രതിരോധ സമരങ്ങളും കൂടുതല്‍ വിപുലവും കര്‍മനിരതവുമാകേണ്ട ഒരു ചരിത്രസന്ധിയിലാണ് നാടും ജനങ്ങളുമാകെ അകപ്പെട്ടിരിക്കുന്നത്. ഭയവും കൗടില്യവും ലോഭവും എല്ലാ സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയും അടിക്കടി അധികമധികം ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാക്കിക്കൊണ്ടിരിക്കുമ്പോള്‍ മനുഷ്യത്വത്തിന്റെ വീണ്ടെടുപ്പിനായി ഒരുമിക്കുകയും പൊരുതുകയുമല്ലാതെ വഴിയില്ലാതായിരിക്കുന്നു. ഈ നിയോഗം ഏറ്റെടുക്കുന്നതിനുള്ള ബഹുമുഖമായ ഉദ്യമങ്ങള്‍ക്ക് ജനശക്തി മുന്നോട്ടു വരികയാണ്. വിപുലമായ ഒരു ജനാഭിലാഷത്തിന്റെ പിന്‍ബലമുള്ള ഈ ദൗത്യത്തിന് ഈ ഇരുണ്ട നാളുകളില്‍ വെളിച്ചം തിരയുന്ന എല്ലാ സുമനസ്സുകളുടെയും സഹകരണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

SHARE
 •  
 •  
 •  
 •  
 •  
 •  

3 thoughts on “ജനശക്തി പതിനഞ്ചാം വയസ്സിലേക്ക്

 1. A great moment in the history of our tradition of fearless journalism. Hope Janashakthi will continue its march, undaunted by any obstacles.

 2. ഇനിയും മുന്നോട്ട്‌ .
  ജനശക്തിക്ക് സ്നേഹാശംസകൾ.

 3. എന്നെ പോലുള്ള പുതിയ എഴുത്തുകാർക്ക് ജനശക്തി നൽകുന്ന പരിഗണന എടുത്തു പറയേണ്ടതാണ്. എനിക്ക് ആദ്യമായ് പ്രതിഫലം ലഭിച്ചത് ജനശക്തിയിൽ നിന്നാണ്. ഇനിയും ഒത്തിരി മുന്നോട്ട് പോകാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *