മാവോയിസ്റ്റ് നേതാവ് ഗണപതി കീഴടങ്ങുന്നു ?

ഹൈദരാബാദ്: പ്രമുഖ മാവോയിസ്റ്റ് നേതാവ് ഗണപതി കീഴടങ്ങാനായി പോലീസ്  അധികൃതരുമായി ബന്ധപ്പെട്ടതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അനാരോഗ്യമാണ് അദ്ദേഹത്തിന്റെ നീക്കത്തിന് കാരണമെന്നും പറയപ്പെടുന്നു.

73  വയസ്സുള്ള മുപ്പാല ലക്ഷ്മണ റാവു (ഗണപതി ) കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ് ) ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ പല ഭാഗങ്ങളിലും മാവോയിസ്റ്റ് പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ട്.

2018 നവംബറിലാണ്  അദ്ദേഹം ജനറൽ സെക്രട്ടറി പദത്തിൽ നിന്നു ഒഴിഞ്ഞത്. അതിനുശേഷം മാവോയിസ്റ്റ് പാർട്ടി കേന്ദ്രക്കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നത് 63കാരനായ നമ്പാല കേശവ റാവുവാണ്.

അനാരോഗ്യം കാരണം കീഴടങ്ങാനുള്ള  ഗണപതിയുടെ താല്പര്യം പാർട്ടി കേന്ദ്രകമ്മിറ്റിയുടെ ദീർഘമായ ചർച്ചകൾക്കു ശേഷമാണ് അംഗീകരിക്കപ്പെട്ടതെന്നു വിശാഖപട്ടണത്തിൽ നിന്നുള്ള ചില മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.  തെലുങ്കാനയിലെ ഉന്നത പോലീസധികൃതരുമായി ഇക്കാര്യത്തിൽ അദ്ദേഹം ബന്ധം പുലർത്തിയതായും റിപ്പോർട്ടുണ്ട്. എന്നാൽ അനാരോഗ്യം മാത്രമല്ല, മറ്റു രാഷ്ട്രീയ പ്രശ്നങ്ങൾ കൂടി ഗണപതിയുടെ കീഴടങ്ങാനുള്ള തീരുമാനത്തിനു പിന്നിലുണ്ട് എന്നാണ് ചില പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലെ ഗുരുതരമായ ഭിന്നതകളിലേക്കാണ് അവർ  വിരൽ ചൂണ്ടുന്നത്.

ഗണപതി കീഴടങ്ങുകയാണെങ്കിൽ  നേരത്തെ പീപ്പിൾസ് വാർ ഗ്രൂപ്പ് നേതാവ് കൊണ്ടപ്പള്ളി സീതാരാമയ്യയുടെ കീഴടങ്ങലിനു ശേഷം അതേ പാത പിന്തുടരുന്ന ഏറ്റവും പ്രമുഖനായ മാവോവാദി നേതാവായിരിക്കും അദ്ദേഹമെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. 

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *