കെ-ഫോൺ പദ്ധതി ഡിസംബറിൽ; കേരളത്തിന് വൻനേട്ടമാകും

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഇന്റർനെറ് വിതരണ പദ്ധതി കെ-ഫോൺ ഡിസംബറിൽ നടപ്പിലാവുന്നതോടെ സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിൽ അത് സുപ്രധാനമായ പങ്കു വഹിക്കും.

സംസ്ഥാനത്തെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും സൗജന്യമായോ മിതമായ നിരക്കിലോ ഹൈ സ്പീഡ് ഇന്റർനെറ്റ്  ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴി ലഭ്യമാക്കാനുള്ള പദ്ധതിയാണ് കെ-ഫോൺ. മൊത്തം 1500 കോടി രൂപ നിക്ഷേപത്തിൽ ആരംഭിക്കുന്ന പദ്ധതി പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും കമ്പനികളുടെ ഒരു കൺസോർഷ്യമാണ് നടപ്പിലാക്കുന്നത്. കേരളാ ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് എന്ന പേരിലുള്ള  പദ്ധതിയുടെ പ്രധാന നടത്തിപ്പുകാർ പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത്  ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയിൽ ടെൽ  എന്നിവരാണ്. സ്വകാര്യമേഖലയിലെ എസ്ആർ ഐ ടി,  എൽ എസ് കേബ്ൾസ് തുടങ്ങിയ സ്ഥാപനങ്ങളും പദ്ധതിയിൽ പങ്കാളികളാണ്. കേരള സംസ്ഥാന വൈദുതി ബോർഡിന്റെ വിപുലമായ സംവിധാനം ഉപയോഗിച്ച് ഒപ്റ്റിക്കൽ  ഫൈബർ  കേബിൾ വഴി ഇന്റർനെറ് സേവനം എല്ലായിടത്തും എത്തിക്കുക എന്നതാണ് ലക്‌ഷ്യം. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് സേവനം സൗജന്യമായും മറ്റുള്ളവർക്കു കുറഞ്ഞ ചിലവിലും അടുത്തവർഷം തുടക്കം മുതൽ സേവനം ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

തടസ്സമില്ലാത്ത ഇന്റർനെറ് ലഭ്യത പൗരന്മാരുടെ അവകാശമായി കേരളസർക്കാർ നേരത്തെ പ്രഖ്യാപിക്കുകയുണ്ടായി. അതിന്റെ ഭാഗമായാണ് ഇടതുപക്ഷജനാധിപത്യ മുന്നണി സർക്കാർ കെ-ഫോൺ പദ്ധതിക്ക് തുടക്കമിട്ടത്.

കോവിഡ് അടച്ചിടൽ കാരണം ഇത്തവണ ജൂൺ ഒന്ന് മുതൽ സ്കൂൾ വിദ്യാഭ്യാസം ഓൺലൈനിലാണ് സർക്കാർ ആരംഭിക്കുന്നത്. അതിനായി നേരത്തെ യുഡിഎഫ് സർക്കാർ ആരംഭിച്ച വിക്ടർസ് ചാനലാണ് പ്രധാനമായി ഉപയോഗിക്കുന്നത്. അന്ന്  അതിനെ എതിർത്ത ഇടതുപക്ഷം ഇന്ന് അത് ഉപയോഗിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രസ്താവനയിൽ പറഞ്ഞു. വിദ്യാഭ്യാസാവശ്യത്തിനു ഐഎസ്‌ആർഓ വിക്ഷേപിച്ച എഡ്യൂസാറ്റ് എന്ന ഉപഗഹത്തെ ഉപയോഗിച്ചു കൊണ്ടാണ് വിക്ടർസ് ചാനൽ പ്രവർത്തിക്കുന്നത്. എല്ലാ ക്ലാസ്സുകൾക്കുമുള്ള പാഠങ്ങൾ രാവിലെ 8.30 മുതൽ അതിലൂടെ ലഭ്യമാകും. വീടുകളിൽ ടീവി, ഇന്റർനെറ് സൗകര്യങ്ങൾ ഇല്ലെങ്കിൽ അത്തരം ക്ലാസുകൾ പ്രയോജനപ്പെടുത്താൻ കുട്ടികൾക്ക് പ്രയാസമുണ്ടാകും. കെ-ഫോൺ  പദ്ധതി പ്രായോഗികമാകുന്നതോടെ വിദ്യാഭ്യാസം, ഭരണനിർവഹണം, ആരോഗ്യം, ബാങ്കിങ്  തുടങ്ങിയ വിവിധ രംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply