സിപിഎം മുസ്ലിം തീവ്രവാദം ചർച്ചയാക്കുന്നു; ഇത്തവണ അതു ഗുണം ചെയ്യുമോ?

കോഴിക്കോട്:  ജമാഅത്തെ ഇസ്ലാമിയോട് അടുത്തുനിൽക്കുന്ന വെൽഫെയർ പാർട്ടിയുടെ പിന്തുണ  തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് തേടും  എന്ന വാർത്ത  വന്നതോടെ മുസ്ലിം തീവ്രവാദം കേരളരാഷ്ട്രീയത്തിൽ വീണ്ടും വിവാദവിഷയമാകുന്നു.

സിപിഎം  സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണനാണ് ജമാഅത്തിന്‍റെ തീവ്രവാദ  ഭീഷണിയെപ്പറ്റിയുള്ള ചർച്ച തുടങ്ങിവെച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിലെ എളമരം കരീമും എ വിജയരാഘവനും മന്ത്രി എ കെ ബാലനും കെ ടി ജലീലും വഴി പോലെ പ്രസ്താവനകളുമായി രംഗത്തു വന്നു. പിന്നാലെയാണ് ജമാഅത്തിന്‍റെ നിയന്ത്രണത്തിലുള്ള മാധ്യമത്തെ കുത്തിത്തിരിപ്പു പത്രപ്രവർത്തനത്തിന്‍റെ മാതൃകയായി മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ചത്. അതു പാർട്ടിയിലും സാമൂഹിക മാധ്യമങ്ങളിലും വൻതോതിൽ പ്രചരിപ്പിക്കുകയും ചെയ്തു. കേരളത്തിലെ ജനങ്ങൾ  ഇപ്പോൾ കൊറോണയെക്കാൾ പേടിക്കേണ്ടത് മുസ്ലിം തീവ്രവാദികളെയാണെന്നു വരെ ചില മന്ത്രിമാർ പറഞ്ഞു. 

 ഒക്ടോബറിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വികസനമോ ഭരണനേട്ടങ്ങളോ അല്ല, വർഗീയതയുടെ ഇളകിയാട്ടമാണ് കേരളം കാണാൻ പോകുന്നതു എന്ന് ഇപ്പോൾത്തന്നെ വ്യക്തമായിക്കഴിഞ്ഞു. കൊറോണയുടെ ഭീകരാവസ്ഥ അതിന്‍റെ പാരമ്യത്തിൽ എത്തുകയും കേരളത്തെ സംബന്ധിച്ച് മാധ്യമങ്ങളിലൂടെ കെട്ടിപ്പൊക്കിയ പ്രതിച്ഛായ തിരിച്ചടികളുടെ  മലവെളളപ്പാച്ചിലിൽ മുങ്ങിപ്പോകുകയും ചെയ്യാൻ സാധ്യതയുള്ള അവസരത്തിലാണ് ഇത്തവണ ജനങ്ങൾ വോട്ടു ചെയ്യാനായി ഇറങ്ങുക. അതിനാൽ ചർച്ച ഇത്തരം  വൈകാരിക  വിഷയങ്ങളിലേക്ക് തിരിച്ചുവിടുന്നത്  ഭരണകക്ഷികൾക്കു നേട്ടമുണ്ടാക്കും എന്ന കണക്കുകൂട്ടൽ അവർക്കിടയിലുണ്ട് എന്ന് ഇപ്പോഴത്തെ ഒരുക്കങ്ങൾ കാണിക്കുന്നു.

ഒരു വെടിക്ക്  രണ്ടു പക്ഷി എന്നതാണ് ഇതിലുള്ള രാഷ്ട്രീയകണക്കുകൂട്ടൽ. മുസ്ലിം സമുദായത്തിനകത്തു  ജമാഅത്തിനെതിരെ നിലനിൽക്കുന്ന വിയോജിപ്പുകൾ മുതലെടുക്കുക; ലീഗ് അവരോടു അടുക്കുന്നതിനെ എതിർക്കുന്ന സമുദായ വിഭാഗങ്ങളെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കാൻ ശ്രമിക്കുക എന്നതു ഒരുവശം. അതിന്‍റെ ഭാഗമായി സുന്നി, മുജാഹിദ് വിഭാഗങ്ങളിലെ നേതാക്കളുടെ പ്രസ്താവനകൾ ഭരണകക്ഷി മാധ്യമങ്ങളിൽ നിരന്തരമായി കൊടുക്കുന്നുണ്ട്. രണ്ടാമത്തെ  ലക്‌ഷ്യം, ഹിന്ദുസമുദായത്തിൽ നിലനിൽക്കുന്ന മുസ്ലിം ഭീതികളെ  ഊതിപ്പെരുപ്പിക്കുകയാണ്. സാധാരണനിലയിൽ അതു ബിജെപിയെപ്പോലുള്ള ഹിന്ദുത്വ കക്ഷികൾക്കു  ഗുണം ചെയ്യേണ്ടതാണ്; ദീർഘകാലാടിസ്ഥാനത്തിൽ അതു അങ്ങനെതന്നെ സംഭവിക്കുകയും ചെയ്യും. പക്ഷേ തത്കാലം ഹിന്ദുത്വശക്തികൾ ഇരുമുന്നണികൾക്കുമിടയിൽ ദുർബലമായ രാഷ്ട്രീയ സാന്നിധ്യമാണ്. അതിനാൽ ഹിന്ദുവോട്ടുകൾ എൽഡിഎഫിലേക്ക് ഒഴുകിയെത്തും എന്നതാണ്  രണ്ടാമത്തെ വിലയിരുത്തൽ. മുൻകാല അനുഭവങ്ങൾ അതു ശരിയുമാണെന്ന് തെളിയിക്കുന്നുമുണ്ട്.

എന്നാൽ എന്താണ് മുസ്ലിംലീഗിലും  മുസ്ലിംസമുദായത്തിലും ഇതുസംബന്ധിച്ച വിലയിരുത്തലുകൾ? “ഇത് താത്കാലികമായി സിപിഎമ്മിന് ഗുണം ചെയ്തേക്കാം. പക്ഷേ രണ്ടു പ്രത്യാഘാതങ്ങൾ അതുണ്ടാക്കും. ഒന്ന്, ഇന്നത്തെ  അതിഗുരുതരമായ ഹിന്ദുത്വ ഭീഷണിയുടെ കാലത്തും മുസ്ലിംകളെ വേട്ടയാടുന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നത് എന്ന ചിന്ത സമുദായത്തിൽ ശക്തിപ്പെടും. രണ്ടു,  ബഹുസ്വര സമുദായത്തിൽ അകാരണമായി മുസ്ലിംഭീതിയെ അഴിച്ചുവിടുന്നത് കേരളത്തിലെ സാമുദായിക അന്തരീക്ഷത്തെ കൂടുതൽ കലുഷിതമാക്കും,” ഇതാണ് ഒരു സാമൂഹിക  വിമർശകന്‍റെ വിലയിരുത്തൽ.

 സിപിഎം ഭാഗത്തുനിന്നുള്ള  തീവ്രവാദ ആരോപണങ്ങളെ ലീഗിൽ ഇതുവരെ ആരും കാര്യമായി എടുത്തതായി കാണുന്നില്ല. യൂത്ത് ലീഗിന്‍റെ ഒരു നേതാവു മാത്രമാണ് പരസ്യമായി അതിനെതിരെ പ്രതികരിച്ചത്. സാധാരണ നിലയിൽ, തിരഞ്ഞെടുപ്പുകാലത്തു വിവിധ  മുസ്ലിം സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും പിന്തുണ പാർട്ടി തേടാറുള്ളതാണ്. പ്രാദേശിക തലത്തിലാണ് ഇതു  പതിവായി നടക്കുന്നത്. ഇത്തവണയും ലീഗ് പ്രാദേശിക തലത്തിൽ സമുദായത്തിനകത്തു  പരമാവധി പിന്തുണ സംഭരിക്കാൻ പദ്ധതിയിടുന്നുണ്ട്. അതിനിടയിൽ വെൽഫയർ പാർട്ടിയുടെ സമീപനത്തിലുണ്ടായ മാറ്റം മുസ്‌ലിം സമുദായത്തിലെ വിദ്യാസമ്പന്നരായ വിഭാഗങ്ങളുടെ ചിന്തയിലുണ്ടായ മാറ്റത്തിന്‍റെ സൂചനയായാണ് ലീഗ് എടുക്കുന്നത്. ഒരു പതിറ്റാണ്ടിലേറെയായി  ജമാഅത്തെ ഇസ്ലാമി കേരളത്തിൽ ഇടതുപക്ഷത്തിനാണ് തിരഞ്ഞെടുപ്പുകളിൽ പ്രശ്നാധിഷ്ഠിത പിന്തുണ നൽകിവന്നത്. അവരുടെ മാധ്യമങ്ങളും അത്തരമൊരു നിലപാടാണ് പൊതുവിൽ സ്വീകരിച്ചത്. ഇതിനു മാറ്റം വന്നത് 2019 ലോക്സഭാ തെരഞ്ഞെടുപ്പിലാണ്. വെൽഫെയർ അടക്കം ഭൂരിപക്ഷം മുസ്‌ലിം പാർട്ടികളും പ്രസ്ഥാനങ്ങളും യുഎഡിഎഫിനും ലീഗിനും പിന്തുണ നൽകി. അതിനുശേഷം ഈ പാർട്ടികളോട് കടുത്ത ശത്രുതയുടെ നിലപാടാണ് സിപിഎമ്മും സിപിഐയും സ്വീകരിക്കുന്നത് എന്ന് അവയുടെ നേതാക്കളും  പ്രവർത്തകരും പറയുന്നു.   ലീഗിനോട് വിയോജിപ്പുകൾ നിലനിർത്തി ബന്ധം സ്ഥാപിക്കാനാണ് അതു അവരെ പ്രേരിപ്പിക്കുന്നത്. ഇപ്പോഴത്തെ ലീഗ്-വെൽഫയർ ചർച്ചകളുടെ കാരണവും അതുതന്നെ.

എന്നാൽ മുസ്‌ലിം ജനസാമാന്യം തങ്ങളുടെ  പ്രസ്ഥാനങ്ങളെയും പാർട്ടികളെയും ധിക്കരിച്ചു ഇടതുപക്ഷത്തേക്ക് നീങ്ങും എന്ന പ്രതീക്ഷയ്ക്കു വകയുണ്ടോ? അതു ഇന്നത്തെ നിലയിൽ അസാധ്യമാണ് എന്നാണ് പൊതുവിൽ മുസ്ലിം സമുദായ -രാഷ്ട്രീയ വൃത്തങ്ങളിലെ വിലയിരുത്തൽ. എൽഡിഎഫ് ഭരണത്തിൽ  മുസ്ലിംകൾ കൂടുതൽ വിവേചനം നേരിടുന്നതായാണ്  പരാതികൾ ഉയരുന്നത്. ഹിന്ദുത്വ ശക്തികളുടെ കടന്നാക്രമണങ്ങളെ പരോക്ഷമായി ന്യായീകരിക്കുന്ന സമീപപണമാണ് സിപിഎം സ്വീകരിക്കുന്നതു എന്നും അവർ പരാതിപ്പെടുന്നു. അതിനു ആധാരമായ നിരവധി ഉദാഹരണങ്ങളും മുസ്ലിം നേതാക്കളും സമുദായത്തിലെ  വിവിധ വിഭാഗങ്ങളും ഉന്നയിക്കുന്നുണ്ട്.

Leave a Reply