ബജറ്റ്‌ നാളെ; അമിതപ്രതീക്ഷകൾ നൽകി സർക്കാരും ധനമന്ത്രിയും

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ അവസാനത്തെ ബജറ്റ് വെള്ളിയാഴ്ച ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കും.  കോവിഡ് മഹാമാരിയുടെ അടച്ചിടലും സാമ്പത്തിക പ്രതിസന്ധിയും സർക്കാരിനു കടുത്ത ധനപ്രതിസന്ധി സൃഷ്ടിച്ച അവസരത്തിലാണ് തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള ബജറ്റ് വരുന്നത്.

മൂന്നുമാസത്തിനകം മുന്നണി നേരിടേണ്ട നിയമസഭാ തിരഞ്ഞെടുപ്പിൽ ജനപിന്തുണ ഉറപ്പുവരുത്താനാവശ്യമായ സൗജന്യങ്ങളും ജനക്ഷേമ പദ്ധതികളും ബജറ്റിൽ പ്രഖ്യാപിക്കാൻ ധനമന്ത്രി ബാധ്യസ്ഥനാണ്. ബജറ്റ്  ജനക്ഷേമകരമായ പുതിയ വാഗ്‌ദാനങ്ങളിലൂടെ ഇടതുമുന്നണിയുടെ സാധ്യതകൾ ശക്തിപ്പെടുത്തണം എന്ന നിലപാടാണ് സർക്കാരും മുന്നണിയും സ്വീകരിച്ചരിക്കുന്നത്.

അതിനാൽ  ക്ഷേമപെൻഷനുകളിൽ വീണ്ടും നൂറുരൂപ വർധന, റേഷൻ  ഷോപ്പുകൾ വഴി നൽകുന്ന കിറ്റുകൾ കൂടുതൽ മെച്ചമാക്കൽ, യുവജനങ്ങൾക്കും തൊഴിൽരഹിതർക്കും  അവശവിഭാഗങ്ങൾക്കും പ്രത്യേക സൗജന്യങ്ങൾ,  സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും പുതിയ ശമ്പള കമ്മീഷൻ ശുപാർശ പ്രകാരം ഉയർന്ന ആനുകൂല്യങ്ങളും ഡി എ തുടങ്ങിയ മറ്റു ആനുകൂല്യങ്ങളും, തൊഴിൽമേഖലയെ ശക്തിപ്പെടുത്താനുള്ള ആനുകൂല്യങ്ങൾ; പരമ്പരാഗത തൊഴിലുകളുടെ പ്രതിസന്ധി നീക്കൽ, നിരന്തരം വർധിച്ചുവരുന്ന വികസനാവശ്യങ്ങൾ സംബന്ധിച്ച മുറവിളികൾക്കു പരിഹാരം കാണൽ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങളാണ് ബജറ്റ് തയ്യാറാക്കുന്ന വേളയിൽ ധനമന്ത്രി അഭിമുഖീകരിക്കുന്നത്.

ഇത്തവണ ബജറ്റിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള കർമപരിപാടി പ്രഖ്യാപിക്കുമെന്നു ധനമന്ത്രി തന്നെ നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. ക്രമാതീതമായി വർധിക്കുന്ന വികസനപദ്ധതികൾ സംബന്ധിച്ച ആവശ്യങ്ങൾക്കായി സർക്കാർ ആവിഷ്‌കരിച്ച കിഫ്‌ബി മസാലാബോണ്ട് പദ്ധതിയിലൂടെ ഇതിനകം തന്നെ അയ്യായിരം കോടിയോളമുള്ള വായ്‌പ സർക്കാർ വിദേശവിപണിയിൽ നിന്നു എടുത്തുകഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ അതിന്റെ പലിശ നൽകാൻ റോഡ് നികുതിയും വാഹനനികുതിയും വഴിയുള്ള വരുമാനമാണ് നീക്കിവച്ചിരിക്കുന്നത്. കിഫ്ബിയിലൂടെയുള്ള വായ്‌പയുടെ വലുപ്പം കൂട്ടുന്നതനുസരിച്ചു മുതലും പലിശയും തിരിച്ചടക്കാനുള്ള വഴികളും കണ്ടെത്തണം. വായ്‌പ വാങ്ങി അഞ്ചുവർഷം കഴിയുമ്പോഴാണ് മുതൽ  തിരിച്ചടക്കേണ്ടത്.

അതിനാൽ ക്ഷേമപദ്ധതികൾക്കും വികസനപദ്ധതികൾക്കും പണം കണ്ടെത്തുന്ന പ്രക്രിയയുടെ കൂടെ വിപുലമായി വരുന്ന ധനക്കമ്മിയും പലിശഭാരവും നേരിടാനുള്ള വഴികളും ധനമന്ത്രി കണ്ടെത്തണം. സാധാരണനിലയിൽ ഇടതുസർക്കാരുകൾ ഇത്തരത്തിലുള്ള അമിതവ്യയം ഉണ്ടാക്കുന്ന കടക്കെണിയും അത്ന്റെ  പ്രത്യാഘാതങ്ങളും സംബന്ധിച്ചു ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാറുണ്ട്. കടക്കെണി വിദേശവായ്പാ ഏജൻസികളുടെ പൂർണനിയന്ത്രണത്തിൽ സർക്കാരിനെ കൊണ്ടുചെന്നെത്തിക്കുന്ന ഒരു വലിയ പ്രതിസന്ധിയാണ്‌ എന്നു ഇടതുകക്ഷികൾ എന്നും മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്.

എന്നാൽ ഡോ.തോമസ് ഐസക്കും നിലവിലെ എൽഡിഎഫ് സർക്കാരും വ്യത്യസ്തമായ ഒരു വാദമുഖമാണ് കാഴ്ച വെച്ചത്. കടംവാങ്ങി ചെലവിട്ടു അടിസ്ഥാനസൗകര്യ വികസനം വഴി സംസ്ഥാനത്തിനു  സാമ്പത്തികരംഗത്തു കുതിപ്പുണ്ടാക്കാൻ കഴിയുമെന്നും മെച്ചപ്പെട്ട വരുമാനം നികുതിവരുമാനത്തിൽ കുതിപ്പുണ്ടാക്കുമെന്നുമാണ് സർക്കാർവാദം. പക്ഷേ ഇത്തരം വികസനനയം നടപ്പിലാക്കിയ ഗ്രീസ് പോലുള്ള രാജ്യങ്ങൾ എത്തിപ്പെട്ട പ്രതിസന്ധിയും പിന്നീട് അത്തരം സർക്കാരുകൾ നടപ്പിലാക്കേണ്ടിവന്ന മുണ്ടുമുറുക്കൽ നടപടികളും സമീപകാല അനുഭവങ്ങളാണ്.

ഇത്തരം  പ്രതിസന്ധികളിലാണ് പുതിയ ബജറ്റ് വെള്ളിയാഴ്ച സഭയിൽ അവതരിപ്പിക്കുന്നത്. രാവിലെ 11 മണിക്കാണ് ബജറ്റവതരണം  തുടങ്ങുന്നത് .സർക്കാരിനു  ഏതാനും മാസങ്ങൾ മാത്രമേ കാലവധിയുള്ളുവെങ്കിലും പൂർണ വർഷത്തേക്കുള്ള ബജറ്റാണ്‌ അവതരിപ്പിക്കുക എന്ന് ധനമന്ത്രി അറിയിച്ചിട്ടുണ്ട്.

Leave a Reply