കണ്ണീരോടെ ലോകം; മറഡോണയ്ക്ക് വിട

ബ്യൂണസ് അയേഴ്സ്: ഫുട്ബോള്‍ ഇതിഹാസം ഡിയാഗോ മറഡോണ (60) ഇന്നലെ രാത്രി 10 ന് (ഇന്ത്യന്‍ സമയം) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിന് ചികിത്സ നടത്തിയിരുന്നു.രണ്ടാഴ്ച മുന്‍പാണ് ആശുപത്രി വിട്ടത്. ഫുട്ബോള്‍ ലോകത്തെ കിരീടം വെക്കാത്ത രാജാവായ മറഡോണയുടെ ആകസ്മിക അന്ത്യം ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികളെ ഞെട്ടിച്ചു. ലോകത്ത് പകരം വെക്കാനില്ലാത്ത ഒരു കളിക്കാരനാണ് മഡോണ. അനുശോചനസന്ദേശങ്ങള്‍ ലോകമെമ്പാടുനിന്നും പ്രവഹിക്കുകയാണ്. അര്‍ജന്റീനയില്‍ മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. അവിശ്വസനീയമായ ദു:ഖദിനം എന്നാണ് ഫിഫ വിശേഷിപ്പിച്ചത്‌. മറ്റൊരു ലോകത്ത് ഒന്നിച്ചു കളിക്കാമെന്ന് പെലെ പ്രതികരിച്ചു . മാധ്യമങ്ങളാണ് ഞെട്ടിക്കുന്ന ഈ വാര്‍ത്ത ആദ്യം ലോകത്തെ അറിയിച്ചത്.ഡീഗോ അർമാൻഡോ മറഡോണ 1960 ഒക്ടോബർ 30ന് ബ്യൂണസ് അയേഴ്‌സിൽ ജനിച്ചു. ആധുനിക ഫുട്ബോളിലെ ഏറ്റവും പ്രതിഭാധനനായ കളിക്കാരിലൊരാളാണ് മറഡോണ. അർജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതിൽ സുപ്രധാന പങ്കുവഹിച്ചു. ഒരു നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണയും പങ്കിടുന്നു.അന്താരാഷ്ട്രഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടി.

നാല് ലോകകപ്പുകളിൽ(1982 മുതൽ 1994 വരെ) അർജന്റീനക്കു വേണ്ടി മറഡോണ കളിച്ചു. അതിൽ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയം. . ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള കളിയിൽ മറഡോണ നേടിയ രണ്ടു ഗോളുകൾ ചരിത്രത്തിലിടംപിടിച്ചു. റഫറിയുടെ ശ്രദ്ധയിൽപ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോൾ ‘ദൈവത്തിന്റെ കൈ’ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി നേടിയ രണ്ടാം ഗോൾ നൂറ്റാണ്ടിന്റെ ഗോൾ ആയും വിശേഷിപ്പിക്കപ്പെടുന്നു.സാമ്രാജ്യത്വ വിരുദ്ധ നിലപാടുള്ള ആളായിരുന്നു മഡോണ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Leave a Reply