കെ ടി ജലീലിന്റെ രാജിയും സിപിഎം ആഭ്യന്തര രാഷ്ട്രീയവും

പ്രത്യേക ലേഖകൻ

കോഴിക്കോട്: പിണറായി വിജയൻ വീണ്ടും ഭരണത്തിൽ വരും എന്നതായിരുന്നു ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം പ്രചാരണത്തിന്റെ മുഖ്യ അവകാശവാദം. “വീണ്ടും  എൽഡിഎഫ്, വീണ്ടും പിണറായി” എന്നാണ് എല്ലാ മണ്ഡലങ്ങളിലും ഇടതുവേദികളിൽ നിന്ന് നിരന്തരം മുഴങ്ങിക്കേട്ടത്.  ഇത്രയേറെ അരാഷ്ട്രീയപരവും വ്യക്തിനിഷ്ഠവുമായ ഒരു തെരഞ്ഞെടുപ്പ് പ്രചാരണം സമീപകാലത്തു ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടികൾ നടത്തുകയുണ്ടായില്ല എന്ന് പതിറ്റാണ്ടുകളായി തെരഞ്ഞടുപ്പ് രംഗം വീക്ഷിക്കുന്ന നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

ഇത് സിപിഎം രാഷ്ട്രീയത്തിൽ അടിസ്ഥാനപരമായ പല മാറ്റങ്ങളുടെയും സൂചനയാണെന്നും പലരും അഭിപായപ്പെടുന്നുണ്ട്. വ്യക്തിപൂജയിൽ കേന്ദ്രീകരിച്ചുള്ള കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം സോവിയറ്റ് യൂണിയനിലും ചൈനയിലും ഉത്തര കൊറിയയിലും  ക്യൂബയിലും പ്രയോഗിക്കപ്പെടുകയുണ്ടായി. പിൽക്കാലത്തു വിവിധരാജ്യങ്ങളിൽ  ബന്ധപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടികൾ തന്നെ അതു സംബന്ധിച്ച സ്വയംവിമർശനവും നടത്തുകയുണ്ടായി. സ്റ്റാലിനും മാവോയും കിം ഇൽ സുങ്ങും കാസ്ട്രോയും ഇത്തരത്തിൽ സ്വയംവിമർശനപരമായ വിലയിരുത്തലുകൾക്ക് വിധേയരായി.

പിണറായി വിജയനെ സംബന്ധിച്ചു കേരളത്തിലെ സിപിഎമ്മിൽ അത്തരമൊരു പുനഃപരിശോധന അടുത്ത പാർട്ടി സമ്മേളന സമയത്തോ ഒരുപക്ഷേ അതിനു മുമ്പോ നടക്കാനിടയുണ്ടോ എന്നത് ഗൗരവമായ പരിചിന്തനം അർഹിക്കുന്ന വിഷയമാണ്. സാധാരണനിലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ അത്തരമൊരു വിമർശനവും സ്വയംവിമർശനവും ഒഴിവാക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ഭരണസൗകര്യങ്ങളും  അധികാരവും അത്തരം പരിശോധനകളെ താത്കാലികമായി മാറ്റിനിർത്താൻ സഹായകമാകാറുണ്ട്. എന്നാൽ ചരിത്രത്തിന്റെ നിർദാക്ഷിണ്യമായ പരിശോധനകളെ പൂർണമായും തടയാൻ ആർക്കും സാധ്യമല്ല.

പിണറായി വിജയൻറെ കാര്യത്തിൽ അദ്ദേഹം ഭരണത്തുടർച്ച നേടുകയാണെങ്കിൽ വിമർശനം താൽക്കാലികമായി തടഞ്ഞുനിർത്താൻ അദ്ദേഹത്തിനും അനുയായികൾക്കും സാധ്യമായേക്കും. പക്ഷേ അധികം വൈകാതെ 23മത് പാർട്ടി കോൺഗ്രസ്സ്  നടപടിക്രമങ്ങൾ ആരംഭിക്കണം. അതോടെ സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഗുരുതരമായ വിമർശനങ്ങളും പരിശോധനകളും അനിവാര്യമായി വരും.

അതിൽ പ്രധാനം ഇത്തവണ പരീക്ഷിച്ച തന്ത്രങ്ങൾ എത്രമാത്രം പാർട്ടിക്കു ഗുണകരമായി എന്നതായിരിക്കും. രണ്ടുതവണ  മത്സരിച്ചവരെ മാറ്റിനിർത്താനായുള്ള തീരുമാനം ഗുണമാണോ ദോഷമാണോ വരുത്തിയത്? എന്തുകൊണ്ട്  അനിവാര്യമായ ഘട്ടങ്ങളിൽ ഇത്തരം നിയമങ്ങളിൽ  അയവ് വരുത്തിയില്ല എന്ന ചോദ്യവും തെരഞ്ഞെടുപ്പുഫലം വരുമ്പോൾ ഉയരാവുന്നതാണ്. സംസ്ഥാനത്തെ പല മണ്ഡലങ്ങളും എൽഡിഎഫിനെ ഇത്തവണ കൈവിടുകയാണെങ്കിൽ സ്ഥാനാർഥി നിര്ണയത്തിലെ അപാകതകൾ അതിൽ പ്രധാന പങ്കുവഹിക്കും.  വളരെ പ്രമുഖനായ ഒരു ഇടതു സഹയാത്രികൻ സൂചിപ്പിച്ചതു പോലെ “പാർട്ടിയിൽ ഇത്തരം നിയമങ്ങളാവാം. അത് പാർട്ടിയുടെ  ആഭ്യന്തരകാര്യം. പക്ഷേ രണ്ടും മൂന്നും തവണ തെരഞ്ഞെടുപ്പിൽ ജയിക്കുന്നത് പാര്ലമെന്ററി സംവിധാനത്തിൽ എങ്ങനെ അയോഗ്യതയാകും? ജനപിന്തുണ എന്നത് ഒരു മോശം കാര്യമാണോ?” 

രണ്ടാമത്തെ പ്രശ്‍നം, ഏകപക്ഷീയമായ സീറ്റുനിഷേധവും തുടർന്ന് പലേടത്തും ഉയർന്നുവന്ന പ്രതിഷേധവുമാണ്.  വടക്കും തെക്കും മിക്ക ജില്ലകളിലും ഒളിഞ്ഞോ തെളിഞ്ഞോ പ്രതിഷേധമുണ്ടായി. അത് ചില ജില്ലകളിൽ എങ്കിലും എൽഡിഎഫ്  പ്രചാരണത്തെയും വിജയസാധ്യതകളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, ആലപ്പുഴ, എറണാകുളം തുടങ്ങിയ വിവിധ ജില്ലകളിൽ പാർട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങൾ  പ്രചാരണത്തെ ബാധിച്ചതായി വിലയിരുത്തലുണ്ട്. ആലപ്പുഴയിൽ ജി  സുധാകരൻ തനിക്കെതിരെ വരുന്ന മാധ്യമവാർത്തകളെ മുൻനിർത്തി ശക്തമായ പ്രതിരോധം തീർത്തത് വരാനിരിക്കുന്ന ആഭ്യന്തരയുദ്ധങ്ങളുടെ കേളികൊട്ടാണ്. നേരത്തെ പറഞ്ഞ മറ്റു ജില്ലകളിലും സമാനമായ പ്രചാരണങ്ങൾ ചില നേതാക്കളെ ലക്ഷ്യമിട്ടു ആരംഭിച്ചു കഴിഞ്ഞു. ഇനി ആരൊക്കെ സുധാകരന്റെ   മാതൃക പിന്തുടരും എന്നത് കാണാനിരിക്കുന്നതേയുള്ളു.

മൂന്നാമത്തെ വിഷയം,  സീറ്റുകിട്ടിയവരും ഭാവിയിൽ മന്ത്രിയാകാൻ കപ്പായമിട്ടു ഇരിക്കുന്നവരും ഉണ്ടാക്കുന്ന അസഹനീയമായ അന്തരീക്ഷമാണ്. മലപ്പുറത്തു സിപിഎം നിരയിലെ രണ്ടു  പ്രമുഖന്മാരായ കെ ടി ജലീലും ശ്രീരാമകൃഷ്ണനും കനത്ത ബാധ്യതയായി  മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയോടു അടുപ്പമുള്ളവർ അനർഹമായി സ്ഥാനമാനങ്ങൾ നേടുന്നതായും കഴിവും യോഗ്യതയുമുള്ള പലരും അത്തരം അമിതപ്രതാപികളുടെ വഴിയിൽ തടസ്സമായേക്കും എന്ന ഒറ്റക്കാരണത്താൽ തഴയപ്പെടുന്നതായും ആരോപണമുണ്ട്. യുവജനപ്രസ്ഥാനത്തിൽ അതിന്റെ പേരിൽ ചില പല്ലിറുമ്മലുകൾ ആരംഭിച്ചു കഴിഞ്ഞു. ഇതു എങ്ങനെയൊക്കെയാണ് വരും ദിവസങ്ങളിൽ സിപിഎം ആഭ്യന്തര രാഷ്ട്രീയത്തിലും പൊതുമണ്ഡലത്തിലും പ്രതിഫലിക്കുക എന്നു കണ്ടറിയണം.

അതിനിടയിൽ മുഖ്യമന്ത്രിയുടെ അടുപ്പക്കാരിൽ പ്രധാനിയായ കെ ടി ജലീലിന്റെ രാജി വാർത്ത വന്നിരിക്കുന്നു. ജലീലിനെ സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും നിയമമന്ത്രി എ കെ ബാലനും ന്യായീകരിക്കാൻ ശ്രമിക്കുകയുണ്ടായി. എന്നാൽ പാർട്ടിയിൽ നിന്നുതന്നെ പരസ്യമായി അതിനെതിരെ എതിർസ്വരവുമുയർന്നു. പോളിറ്റ് ബ്യുറോ അംഗം എംഎ ബേബി തന്നെ വ്യത്യസ്താഭിപ്രായം പരസ്യമാക്കി. അതോടെ ജലീലിനെ കൈവെടിയാൻ മുഖ്യമന്ത്രി നിർബന്ധിതനായി എന്നു വേണം അനുമാനിക്കാൻ. ഇനിയുള്ള ദിവസങ്ങളിൽ ഇത്തരം നിഴൽയുദ്ധങ്ങൾ കൂടുതൽ  ശക്തിപ്പെടും. എപ്പോൾ അത് തുറന്ന യുദ്ധമായി മാറും എന്ന കാര്യത്തിൽ മാത്രമേ സംശയമുള്ളൂ.