കാശ്മീർ കാര്യം ചർച്ച ചെയ്യാൻ നാളെ യോഗം; കേന്ദ്രനിലപാടിൽ മാറ്റമോ എന്ന് നേതാക്കൾ

ന്യൂദൽഹി: ജമ്മു കാശ്മീർ സംസ്ഥാനത്തു രണ്ടു വർഷമായി നിലനിൽക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തന്ന കാര്യം ചർച്ചചെയ്യാനായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യാഴാഴ്ച വിളിച്ചു ചേർത്ത യോഗം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ കൗതുകമാണ് ഉയർത്തിയിരിക്കുന്നത്.  കശ്മീരിലെ പ്രധാന രാഷ്ട്രീയകക്ഷികളെയും ദേശീയപാർട്ടികളായ കോൺഗ്രസ്സ് അടക്കമുള്ള മറ്റുകക്ഷികളെയും യോഗത്തിനു ക്ഷണിച്ചിട്ടുണ്ട്. നാഷണൽ  കോൺഫറൻസ് ഫറൂഖ് അബ്ദുള്ള,  പിഡിപി നേതാവ് മെഹ്ബൂബ മുഫ്‌തി, സിപിഎം നേതാവ് യൂസുഫ് തരിഗാമി,  കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 

രണ്ടുവർഷം മുമ്പ്  2019 ആഗസ്റ്റ് അഞ്ചിന് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി അതിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രലത്തിന്റെ ഉത്തരവ് വന്ന ശേഷം കാശ്മീരിൽ രാഷ്ട്രീയ പ്രക്രിയ സ്തംഭിച്ചിരിക്കുകയാണ്. മിക്ക നേതാക്കളും ജയിലിലോ വീട്ടുതടവിലോ ആണ് കഴിഞ്ഞുവന്നത്.   സമീപലകാലത്താണ് കേന്ദ്രം മെഹ്ബൂബാ മുഫ്‌തി അടക്കമുള്ള സീനിയർ നേതാക്കളെ തടവിൽ നിന്ന് വിട്ടയച്ചത്. അതിനുശേഷം സംസ്ഥാനത്തെ അഞ്ചു പ്രധാന കക്ഷികൾ ശ്രീനഗറിലെ ഗുപ്‌കാർ റോഡിലെ ഫറൂഖ് അബ്ദുള്ളയുടെ  വീട്ടിൽ യോഗം ചേർന്ന് ഒരു സഖ്യത്തിനു രൂപം കൊടുത്തിരുന്നു.  കാശ്മീരിൽ ജനാധിപത്യം പുനഃസ്ഥാപിക്കണം, അതിന്റെ പ്രത്യേക പദവി സംരക്ഷിക്കണം എന്നീ ആവശ്യങ്ങളാണ് സഖ്യം ഉയർത്തിയത്.  ആഗസ്റ്റ് അഞ്ചിന്ന് മുമ്പത്തെ സ്ഥിതിയിലേക്കു മടങ്ങുക മാത്രമാണ് സാധാരണ നില കൈവരിക്കാൻ ഒരേയൊരു മാർഗമെന്ന് ഈ കക്ഷികൾ നിലപാട് എടുത്തിരുന്നു.
 ഈ അവസരത്തിലാണ് സംസ്ഥാനത്തു നിയമസഭാ തെരഞ്ഞെടുപ്പ് വീണ്ടും നടത്താനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി കേന്ദ്രം നേതാക്കളുടെ യോഗം വിളിച്ചത്. യോഗത്തിനു കേന്ദ്രം നിശ്ചയിക്കുന്ന അജണ്ട സാധ്യമല്ല എന്ന നിലപാടാണ് പ്രതിപക്ഷ കക്ഷികൾ സ്വീകരിച്ചത്. അതേത്തുടർന്ന് ചർച്ചകൾ നിരുപാധികം ആയിരിക്കും എന്ന് പ്രധാമന്ത്രിയുടെ ഓഫീസ് ഉറപ്പു നൽകി. അതിനാൽ യോഗത്തിൽ പങ്കെടുക്കാൻ ഗുപ്‌കാർ സഖ്യത്തിലെ നേതാക്കൾ ഇന്നലെ തീരുമാനം എടുത്തു. കോൺഗ്രസ്സും യോഗത്തിൽ പങ്കെടുക്കും എന്ന് പാർട്ടി അധ്യക്ഷ സോണിയാഗാന്ധി ഇന്നലെ വ്യക്തമാക്കി.

പുതിയ ചർച്ചകൾക്ക് കേന്ദ്രം നീക്കം നടത്തിയത് രണ്ടു വർഷമായി കാശ്മീരിൽ പ്രയോഗിച്ച ഏകപക്ഷീയമായ നടപടികളുടെ പരാജയം കേന്ദ്രവും അംഗീകരിക്കുകയാണോ എന്ന ചോദ്യമാണ് കൗതുകം ഉയർത്തുന്നത്.  നരേന്ദ്ര മോദിയുടെ ആദ്യഭരണത്തിൽ കശ്‌മിരിൽ ഏകപക്ഷീയ നീക്കങ്ങൾ നടത്താൻ കേന്ദ്രം മടിച്ചിരുന്നു.  ആർഎസ്എസും ബിജെപിയും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാൻ നേരത്തെ മുതൽ നിർബന്ധം പിടിച്ചിരുന്നു. എന്നാൽ അമിത് ഷാ ആഭ്യന്തരമന്ത്രി ആയതിന്റെ തൊട്ടുപിന്നാലെയാണ് ഈ കടുത്ത നടപടികൾക്ക് കേന്ദ്രം തുനിഞ്ഞത്. അത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി മാറ്റും എന്നു പല നിരീക്ഷകരും അഭിപ്രായപ്പെട്ടിരുന്നു.