കശ്മീരിന്റെ പ്രത്യേക പദവി സംരക്ഷിക്കുമെന്ന് രാഷ്ട്രീയ കക്ഷികൾ

ന്യൂദൽഹി:ഒരു വർഷത്തിലേറെയായി സൈനിക നിയന്ത്രണത്തിലുള്ള ജമ്മു കാശ്മീരിൽ അതിന്റെ പ്രത്യേകപദവി സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഇന്നലെ ശ്രീനഗറിൽ ചേർന്ന വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളുടെ യോഗം പ്രഖ്യാപിച്ചു. നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഡോ.ഫറൂഖ് അബ്ദുല്ലയുടെ ഗുപ്‌കാർ റോഡിലെ വസതിയിൽ ചേർന്ന സമ്മേളനത്തിൽ കഴിഞ്ഞ ദിവസം തടവിൽ നിന്നു വിമോചിതയായ പിഡിപി അധ്യക്ഷയും മുൻമുഖ്യമന്ത്രിയുമായ മെഹ്ബൂബ  മുഫ്തിയടക്കം പ്രധാന കക്ഷിനേതാക്കൾ സംബന്ധിച്ചു.

കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനു ജമ്മുകാശ്മീരിന്റെ ഭരണഘടനാ പദവി എടുത്തുകളയുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത ഭേദഗതികൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ച ശേഷം സംസ്ഥാനത്തു രാഷ്ട്രീയപ്രവർത്തനം സ്തംഭനാവസ്ഥയിലാണ്. കോടതി ഇടപെടലിനെ തുർന്നാണ്  14 മാസത്തെ തടവുജീവിതത്തിനു ശേഷം മെഹ്ബൂബ ചൊവ്വാഴ്ച വിമോചിപ്പിക്കപ്പെട്ടത്. എന്നാൽ ഇന്നലെ നടന്ന യോഗത്തോടെ കാശ്മീരിൽ വീണ്ടും ജനാധിപത്യ രാഷ്ട്രീയപ്രക്രിയ പുനരാരംഭിക്കുന്നതായാണ് നിരീക്ഷകർ വിലയിരുത്തുന്നത്. കശ്മിരിൽ നേരത്തെ ഭിന്നിച്ചു നിന്ന വിവിധ കക്ഷികൾ കേന്ദ്ര ഇടപെടലിനെതിരെ ഒന്നിച്ചു നിൽക്കാനാണ് ഇന്നലെ നടന്ന യോഗത്തിൽ തീരുമാനിച്ചത്. റദ്ദാക്കിയ ഭരണഘടനാ വകുപ്പ് 370 പുനഃസ്ഥാപിക്കലാണ് തങ്ങളുടെ പ്രധാനലക്ഷ്യമെന്നു യോഗത്തിന്റെ  അധ്യക്ഷൻ ഫറൂഖ്  അബ്ദുല്ല പ്രസ്താവിച്ചു. 

യോഗത്തിൽ എൻ സി, പിഡിപി നേതാക്കൾക്കു പുറമെ സിപിഎം  നേതാവ് യൂസഫ് തരിഗാമി, പീപ്പിൾസ് കോൺഫറൻസ്  നേതാവ് സജ്ജാദ് ലോൺ തുടങ്ങിയവരും പ്രാദേശിക കക്ഷികളായ അവാമി നാഷണൽ കോൺഫറൻസ്, ജെ & കെ പീപ്പിൾസ് മൂവ്‌മെന്റ്, അവാമി ഇത്തിഹാദ് പാർട്ടി പ്രതിനിധികളും പങ്കെടുത്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും  യോഗത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ  കാരണമാണ് ഇന്നലത്തെ യോഗത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്നു കോൺഗ്രസ്സ് നേതാവ് ജി എ മീർ മാധ്യമങ്ങളോട് പറഞ്ഞു. 

Leave a Reply