ഒൻപതുകാരിയെ ഡൽഹിയിൽ ബലാൽസംഗം ചെയ്തു കൊന്നു ദഹിപ്പിച്ചു

ദി ല്ലി: ഒൻപതു വയസ്സു മാത്രം പ്രായമുള്ള ദളിത് പെൺകുട്ടിയെ ശ്‌മശാനത്തിലെ പൂജാരിയും കൂട്ടാളികളും ചേർന്ന് ബലാൽസംഗം ചെയ്ത് കൊന്ന ശേഷം, തെളിവ് നശിപ്പിക്കാനായി, ദഹിപ്പിച്ചതായി ആരോപണം. സംഭവം നടന്നതായി ആരോപിക്കപ്പെടുന്ന ആഗസ്റ്റ് ഒന്ന് ഞായറാഴ്‌ച്ച രാത്രി മുതൽ കുട്ടിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ സമരത്തിലാണെങ്കിലും ഭരണാധികാരികൾ വളരെ ലാഘവത്വത്തോടെയാണ് പ്രശ്നങ്ങളോട് പ്രതികരിക്കുന്നത്. 

തെക്ക് പടിഞ്ഞാറൻ ഡൽഹിയിലെ നംഗലിലെ ശ്മശാനത്തിലാണ് സംഭവം നടന്നതായി ആരോപിക്കപ്പെടുന്നത്. ശ്‌മശാനത്തിലെ കൂളറിൽ വെള്ളമെടുക്കാനായി വൈകുന്നേരമാണ് പെൺക്കുട്ടി പോയത്. ഏതാണ്ട് ഒരു മണിക്കൂറായിട്ടും തിരിച്ചു വരാതായപ്പോൾ അമ്മ നേരിട്ട് മകളെ അന്വേഷിച്ച് ശ്‌മശാനത്തിലേക്ക് ചെന്നു. അന്നേരം അവിടുത്തെ പൂജാരി മകൾ മരിച്ചു പോയതായി അമ്മയെ അറിയിച്ചു. കൂളറിൽ നിന്ന് വെള്ളമെടുക്കുമ്പോൾ ഷോക്കേറ്റാണ് മകൾ മരിച്ചതെന്നാണ് പൂജാരി രാധേശ്യാം പറഞ്ഞത്. പക്ഷെ മൃതദേഹം കാണിക്കാൻ അയാൾ തയ്യാറായില്ല. പോലീസിൽ അറിയിക്കേണ്ടെന്നും കേസ് നടത്താൻ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും പണം തരാമെന്നും രാധേശ്യാം അമ്മയോട് പറഞ്ഞു. മകളുടെ ശരീരം കണ്ടേ തീരുവെന്ന് അമ്മ വാശി പിടിച്ചപ്പോൾ പൂജാരിക്ക് വേറെ നിവൃത്തിയില്ലായിരുന്നു. ജീവനില്ലാത്ത മകളുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നു. വസ്ത്രങ്ങൾ കീറിയും നനഞ്ഞുമിരുന്നു. ഇതിനിടെ പൂജാരിയുടെ കൂടെയുണ്ടായിരുന്നവർ ശ്മശാനത്തിൻെറ ഗേറ്റുകൾ അടക്കുകയും, തുടർന്ന് അമ്മയുടെ എതിർപ്പിനെ അവഗണിച്ച് പെൺകുട്ടിയുടെ ശരീരം ദഹിപ്പിക്കുകയും ചെയ്തു. പെൺകുട്ടിയുടെ അച്ഛനും നാട്ടുക്കാരും സംഘടിച്ച് ചോദ്യം ചെയ്തപ്പോൾ അവളെ ബലാൽസംഗം ചെയ്തതായി പൂജാരിയും കൂട്ടാളികളും സമ്മതിച്ചിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധിയും അരവിന്ദ് കെജ്രിവാളും ചന്ദ്രശേഖർ ആസാദുമുൾപ്പെടെ നിരവധി പ്രമുഖർ സമരവേദിയിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ദളിതുകൾ ഉൾപ്പെടെ എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുകയാണ്. സ്ത്രീകൾക്ക് ജീവിക്കാൻ ഏറ്റവും അപകടകരമായ രാജ്യമായാണ് ഇന്ത്യ കണക്കാക്കപ്പെടുന്നത്. ഓരോ പതിനഞ്ചു മിനിട്ടിലും ഒരു സ്ത്രീയെങ്കിലും ഇന്ത്യയിൽ ബലാൽസംഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിൻെറ കണക്കുകൾ സൂചിപ്പിക്കുന്നത്.