ഐഷയെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: രാജ്യദ്രോഹക്കേസില്‍ സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ നാളെ വീണ്ടും പോലീസ് ചോദ്യം ചെയ്യും. രാവിലെ കവരത്തി പൊലീസ് ഹെഡ് ക്വോർട്ടേഴ്‌സിലാണ് ചോദ്യം ചെയ്യൽ. ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചശേഷമാണ് വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കിയത് . ഹൈക്കോടതി നിര്‍ദേശമനുസരിച്ച്പോലീസിന്റെ ചോദ്യം ചെയ്യലിന് കഴിഞ്ഞ ആഴ്ച ഹാജരായെങ്കിലും അറസ്റ്റ് ഉണ്ടായില്ല. മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. .കവരത്തി പോലീസ് ആസ്ഥാനത്ത് വൈകിട്ട് നാലിന് അഭിഭാഷകനൊപ്പമാണ് ഐഷ അന്ന്ഹാജരായത്. .ഐഷ മൂന്നുദിവസം കൂടി ലക്ഷദ്വീപില്‍ തുടരണമെന്ന് പോലീസ് നിര്‍ദേശിച്ചു.  ഈ കാലാവധി ഇന്ന്  അവസാനിക്കുകയാണ്. 
കേസില്‍ അറസ്റ്റ് ചെയ്താല്‍ ഐഷയ്ക്ക് ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിട്ടുണ്ട്.
ലക്ഷദ്വീപ് ബി.ജെ.പി അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് നടപടി. രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന 12 എ,153 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒന്നാം കോവിഡ് തരംഗത്തില്‍ ഒരു കേസുപോലും റിപ്പോര്‍ട്ടു ചെയ്യാതിരുന്ന ലക്ഷദ്വീപില്‍ അഡ്മിനസ്‌ട്രേറ്ററുടെ പ്രത്യേക നിര്‍ദ്ദേശത്തേത്തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയത് കോവിഡ് വ്യാപനത്തിന് കാരണമായിരുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങള്‍ ജൈവായുധം (‘ബയോവെപ്പണ്‍’ ) പോലെ തനിക്കു തോന്നുന്നുവെന്നായിരുന്നു ചാനല്‍ അഭിമുഖത്തില്‍ ഐഷയുടെ പരമാര്‍ശങ്ങള്‍..രാജ്യത്തിന്‍റെ അഖണ്ഡതയും പരമാധികാരവും അംഗീകരിക്കുന്നതില്‍ നിന്നും ജനങ്ങളെ തടയാനും കേന്ദ്ര സർക്കാരിനെതിരായ വികാരം ലക്ഷദ്വീപിലെ പ്രാദേശിക ജനസമൂഹത്തിലെ ജനങ്ങള്‍ക്കിടയില്‍ ഇളക്കിവിട്ടു. കൊറോണ വൈറസിനെ ബയോ വെപ്പണായി ഉപയോഗിച്ചു എന്ന് വ്യാജമായി പറഞ്ഞതിലൂടെ ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് രാജ്യത്തെ മറ്റിടങ്ങളിലെ ജനങ്ങളോട് അസഹിഷ്ണുതയും ശത്രുതാമനോഭാവവും ഉടലെടുക്കാന്‍ കാരണമായി എന്നാണ് എഫ്.ഐ.ആറില്‍ ആരോപിക്കുന്നത്.
ഭരണകൂടത്തിന് എതിരായ വിമര്‍ശനം ദേശദ്രോഹക്കുറ്റമായി കണക്കാക്കാനാവില്ലെന്ന സുപ്രീംകോടതി അടുത്തിടെ സ്വീകരിച്ച നിലപാടു ഐഷ ചൂണ്ടിക്കാട്ടി. ചാനല്‍ ചര്‍ച്ചയ്ക്കിടെ ആശയവിനിമയം തകരാറിലായതിനാല്‍ ചില തകരാറുകള്‍ ഉണ്ടായെന്നും ഐഷ പറഞ്ഞു.

ഫൈസ് ബുക്ക്‌ പ്രതികരണത്തില്‍ ഐഷ പറഞ്ഞത് ഇപ്രകാരം: “എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. രാജ്യദ്രോഹ കുറ്റം. പക്ഷെ സത്യമേ ജയിക്കൂ. കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപ് സ്വദേശിയാണ്. അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റിക്കൊടുക്കുമ്പോള്‍ ഞാന്‍ ജനിച്ച മണ്ണിനു വേണ്ടി പൊരുതിക്കൊണ്ടിരിക്കും. നാളെ ഒറ്റപ്പെടാൻ പോകുന്നത് ദ്വീപിനെ ഒറ്റിക്കൊടുത്ത ഒറ്റുകാര്‍ ആയിരിക്കും,”